This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലാവുദ്ദീന്‍ ഖാന്‍ (1862 - 1972)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലാവുദ്ദീന്‍ ഖാന്‍ (1862 - 1972)

പ്രസിദ്ധ സരോദ്‍വാദകന്‍. 1862 ഒ. 8-നു ത്രിപുരയിലുള്ള ശിവപുരിയില്‍ ജനിച്ചു. ഒരു സിതാര്‍വാദകനായ സാധുഖാന്‍ ആണ് പിതാവ്; മാതാവിന്റെ പേര് ഹര്‍സുന്ദരി. അലാവുദ്ദീന്റെ ആദ്യത്തെ പേര് ആലം എന്നായിരുന്നു.

ചെറുപ്പംമുതല്‍ ആലം ഭക്തിഗാനങ്ങള്‍ ആലപിക്കുന്നതില്‍ തത്പരനായിരുന്നു. സ്കൂള്‍ വിദ്യാഭ്യാസത്തില്‍ ഒട്ടും ശ്രദ്ധിച്ചിരുന്നില്ല. മാതാപിതാക്കള്‍ ആലത്തിനെക്കൊണ്ട് എട്ടു വയസ്സുള്ള മെദീനയെ വിവാഹം കഴിപ്പിച്ചു. വിവാഹരാത്രിയില്‍ത്തന്നെ ആലം കൊല്‍ക്കത്തയിലേക്ക് ഒളിച്ചോടി. നിരാശ്രയനായ ആ ബാലനെ പണ്ഡിറ്റ് ഗദാധര്‍ഭട്ടും (പില്ക്കാലത്തെ രാമകൃഷ്ണ പരമഹംസന്‍) പത്നിയും ഒരു ക്ഷേത്രത്തില്‍വച്ചു കണ്ടുമുട്ടി ഭക്ഷണം നല്കി. ധ്രൂപദ് സംഗീതത്തില്‍ ആകൃഷ്ടനായ നരേന്ദ്രദത്ത (വിവേകാനന്ദന്‍)നുമായി പിന്നീട് ആലം പരിചയപ്പെട്ടു. നരേന്ദ്രന്റെ സഹോദരന്‍ ഹബുദത്തനില്‍നിന്നും ആലം വയലിന്‍വായന അഭ്യസിച്ചു; ഏദന്‍ഗാര്‍ഡനിലെ ഒരു നീഗ്രോ ബാന്‍ഡ്‍മാസ്റ്റര്‍ ആലത്തിനെ ക്ലാറിനറ്റും പഠിപ്പിച്ചു. മന്‍മോഹന്‍ ഡേ എന്ന പേരിലാണ് ആലം അന്ന് അറിയപ്പെട്ടത്. ഹബുദത്തന്‍ ആലത്തിനെ പ്രസിദ്ധ നാടകക്കാരനായ ഗിരീഷ്ഘോഷിനു പരിചയപ്പെടുത്തി. അങ്ങനെ മാസം 32 രൂപ ശമ്പളത്തില്‍ മിനര്‍വാ തീയെറ്ററിലെ മേളക്കാരനായി ആലം നിയമിതനായി. പ്രസന്നകുമാര്‍ ബിശ്വാസ് എന്ന പേരിലാണ് ആലം ജോലി നോക്കിയത്. ഒരിക്കല്‍ അഹമ്മദ് ആലിഖാന്റെ സരോദ്‍വായന കേള്‍ക്കാനിടയായ ആലം തീയെറ്ററിലെ ജോലി ഉപേക്ഷിച്ച് അദ്ദേഹത്തിന്റെ ശിഷ്യനായിത്തീര്‍ന്നു. ആലിഖാന്‍ തനിക്കുള്ള അറിവു മുഴുവന്‍ ആലത്തിനു പകര്‍ന്നുകൊടുക്കുകയും റാംപൂരിലെ ഉസ്താദ് വാസിര്‍ഖാനെ ഉപരിപഠനത്തിനായി സമീപിക്കുന്നതിന് ഉപദേശിക്കുകയും ചെയ്തു. വാസിര്‍ഖാനെ ഗുരുവായി ലഭിക്കുന്നതിന് എത്രതന്നെ ശ്രമിച്ചിട്ടും സാധ്യമാകാതിരുന്ന ആലം ആത്മഹത്യയ്ക്ക് ഒരുമ്പെട്ടു. റാംപൂരിലെ നവാബിന്റെ കാറിനുമുന്‍പില്‍ കൈയില്‍ വിഷവുമായി ആലം കമിഴ്ന്നുകിടന്നു. വിവരം അറിഞ്ഞ നവാബ് ആലത്തിനെ ശിഷ്യനായി സ്വീകരിക്കാന്‍ വാസിര്‍ഖാനോട് ആവശ്യപ്പെട്ടു. രാപ്പകലില്ലാതെ പരിശ്രമിച്ചതിന്റെ ഫലമായി സരോദ്‍വായനയില്‍ ആലം പ്രഗല്ഭനായിത്തീര്‍ന്നു. പഠനം പൂര്‍ത്തിയാക്കിയതോടെ അലാവുദ്ദീന്‍ ഖാന്‍ എന്ന പേര് ഇദ്ദേഹം സ്വീകരിച്ചു.

മയ്ഹാറിലെ രാജാവായിരുന്ന ബ്രിജ്നാഥ്സിങ് അലാവുദ്ദീന്‍ ഖാനെ ഗുരുവായി സ്വീകരിച്ചു. 'മയ്ഹാര്‍ ബാന്‍ഡ്' എന്നൊരു സംഗീതസംഘത്തെ ഇദ്ദേഹം സംഘടിപ്പിച്ചു. രണ്ടാം ലോകയുദ്ധത്തിനുശേഷം ഉണ്ടായ പകര്‍ച്ചവ്യാധിയില്‍ രക്ഷാകര്‍ത്താക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ സംരക്ഷിച്ച് സംഗീതജ്ഞരാക്കി ഈ സംഘത്തെ അലാവുദ്ദീന്‍ പോഷിപ്പിച്ചു.

പക്ഷിമൃഗാദികളെയും വൃക്ഷലതാദികളെയും ഇദ്ദേഹം അളവറ്റു സ്നേഹിച്ചിരുന്നു. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ചെടികള്‍ക്കും ആസ്വദിക്കാനായി ഇദ്ദേഹം സംഗീതം ഉതിര്‍ത്തിരുന്നു. പത്തിവിടര്‍ത്തി നില്ക്കുന്ന മൂര്‍ഖന്‍ പാമ്പിന്റെ മുന്നിലിരുന്ന് അലാവുദ്ദീന്‍ഖാന്‍ സരോദ്‍വായിക്കുന്ന രംഗം മദീനാഭവനില്‍ മിക്ക ദിവസവും ആവര്‍ത്തിക്കപ്പെട്ടിരുന്നു. സരോദ്, സിത്താര്‍, വീണ, സ്വരസിംഗാര്‍, ഷെഹനായ്, റബബ്, മൃദംഗം, തബല, വയലിന്‍, കോര്‍നെറ്റ്, ക്ലാറിനെറ്റ് എന്നീ വാദ്യോപകരണങ്ങള്‍ പ്രയോഗിക്കുന്നതില്‍ ഇദ്ദേഹം ഒരുപോലെ പ്രഗല്ഭനായിരുന്നു. ഗ്രീസ്, ആസ്റ്റ്രിയ, സ്വിറ്റ്സര്‍ലന്‍ഡ്, ഇറ്റലി, ജര്‍മനി, ബല്‍ജിയം, ഫ്രാന്‍സ്, ഇംഗ്ലണ്ട്, അമേരിക്ക എന്നീ രാജ്യങ്ങളില്‍ ഉദയശങ്കറിന്റെ നൃത്തസംഘത്തോടൊപ്പം ഉപകരണസംഗീതസംവിധായകന്‍ എന്ന നിലയില്‍ ഇദ്ദേഹം പര്യടനം നടത്തിയിട്ടുണ്ട്.

പല സാംസ്കാരികസംഘടനകളും വിവിധ ബഹുമതികള്‍ നല്കി അലാവുദ്ദീന്‍ ഖാനെ ബഹുമാനിച്ചിട്ടുണ്ട്. പദ്മഭൂഷണ്‍ ബഹുമതി കൂടാതെ മയ്ഹാര്‍ മഹാരാജാവില്‍ നിന്ന് 'സംഗീതനായക', ശാന്തിനികേതനത്തില്‍നിന്ന് 'ദേശികോത്തമന്‍', ടാന്‍സന്‍ സംഗീതസമിതിയില്‍നിന്ന് 'അഫിതാബ്-ഇ-ഹിന്ദ്', ലക്നൗവിലെ ബട്ഖണ്ഡെ സംഗീത സര്‍വകലാശാലയില്‍ നിന്നു 'സംഗീതാചാര്യ' എന്നീ ബഹുമതികള്‍ അലാവുദ്ദീന് ലഭിച്ചിട്ടുണ്ട്.

ഉസ്താദ് അലാവുദ്ദീന്‍ ഖാന്‍ എന്ന് അറിയപ്പെടുന്ന ഇദ്ദേഹത്തിന് 700 ലധികം ശിഷ്യന്മാരുണ്ട്. പണ്ഡിറ്റ് രവിശങ്കര്‍, ഷരന്‍ റാണിമാഥുര്‍, പന്നലാല്‍ഘോഷ്, തിമിര്‍ബാരന്‍, ഷീലാരത്ന, ആര്‍.എന്‍. ഘോഷ് മുതലായവര്‍ ഇവരില്‍പ്പെടുന്നു. ഇദ്ദേഹത്തിന്റെ മകന്‍ അലി അക്ബര്‍ ഖാനും മകള്‍ അന്നപൂര്‍ണയും സംഗീതലോകത്തു പ്രസിദ്ധരാണ്. പണ്ഡിറ്റ് രവിശങ്കര്‍ ഇദ്ദേഹത്തിന്റെ ജാമാതാവാണ്. സ്വരസിതാര്‍, ചന്ദ്രസാരംഗ്, നളതരംഗ് എന്നീ വാദ്യോപകരണങ്ങള്‍ ഇദ്ദേഹം പുതുതായി രൂപപ്പെടുത്തിയിട്ടുണ്ട്. പുതിയ രാഗങ്ങളും രാഗിണികളും ഇദ്ദേഹം കണ്ടെത്തി; തിലക്മനജ്, ഹെമ്ബിഹാഗ്, മഞ്ജ്ഖമഞ്ജ്, മദന്‍മന്‍ജാരി, ചന്ദ്രാനന്ദന്‍ എന്നിവ ഇവയില്‍പ്പെടുന്നു.

സങ്കുചിത ജാതിചിന്തകളില്‍ വിശ്വാസമില്ലാത്ത ഇദ്ദേഹം ബദരീനാഥ്, രാമേശ്വരം, ദ്വാരക, ജഗന്നാഥം എന്നീ പുണ്യസ്ഥലങ്ങളില്‍ തീര്‍ഥയാത്ര നടത്തിയിട്ടുണ്ട്; മക്കയും മദീനയും ഇദ്ദേഹം സന്ദര്‍ശിച്ചു. അലാവുദ്ദീന്‍ ഖാന്‍ ശാരദാദേവിയെ ദുര്‍ഗയുടെ അവതാരമായി കണക്കാക്കി ആരാധിച്ചിരുന്നു. 'മദീനാഭവന്‍' എന്ന ഇദ്ദേഹത്തിന്റെ വസതിക്കു സമീപമുള്ള ഒരു കുന്നില്‍ ശാരദാദേവിക്കായി ഒരു ക്ഷേത്രം ഇദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്; ത്രിപുരയില്‍ ഒരു മുസ്ലിംപള്ളിയും.

110-ാമത്തെ വയസ്സില്‍ അലാവുദ്ദീന്‍ഖാന്‍ നിര്യാതനായി (1972).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍