This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലാവുദ്ദീന്‍ കില്‍ജി (1266 - 1316)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

അലാവുദ്ദീന്‍ കില്‍ജി (1266 - 1316)

ഇന്ത്യയിലെ രണ്ടാമത്തെ കില്‍ജി ചക്രവര്‍ത്തി. കില്‍ജി (ഖല്‍ജി) ഗോത്രത്തില്‍പ്പെട്ട ജലാവുദ്ദീന്‍ ഫിറൂസ് കില്‍ജി (മാലിക്ക് ഫിറൂസ് ഭ.കാ. 1290-96) സ്ഥാപിച്ച കില്‍ജിവംശത്തിലെ ഏറ്റവും പ്രസിദ്ധനായ ചക്രവര്‍ത്തിയാണ് അലാവുദ്ദീന്‍.


അധികാരത്തിലേക്ക്

ജലാലുദ്ദീന്‍ ഫിറൂസ് കില്‍ജിയുടെ ജ്യേഷ്ഠസഹോദരനായ ഷിഹാബുദ്ദീന്‍ മസൂദിന്റെ പുത്രനായ അലിഗുര്‍ഷാസ്പ് (പിന്നീട് അലാവുദ്ദീന്‍ കില്‍ജി) ജലാലുദ്ദീന്‍ ഫിറൂസ് കില്‍ജിയുടെ ജാമാതാവുമായി. കാറയിലെ ഗവര്‍ണറായി നിയമിക്കപ്പെട്ടിരുന്ന അലിഗുര്‍ഷാസ്പ് 1296 ജൂല. 19-ന് അവിടെവച്ച് തന്റെ ശ്വശുരനും പിതൃസഹോദരനും സുല്‍ത്താനുമായിരുന്ന ജലാലുദ്ദീന്‍ ഫിറൂസ് കില്‍ജിയെ ചതിവില്‍ വധിച്ചശേഷം സ്വയം രാജാവായി പ്രഖ്യാപിച്ചു. 'അലാഉദ്-ദുന്‍യാ-വദ്ദീന്‍ മുഹമ്മദുഷാ സുല്‍ത്താന്‍' എന്ന ഔദ്യോഗിക നാമമാണ് അലാവുദ്ദീന്‍ കില്‍ജി സ്വീകരിച്ചത്. കാറയില്‍ വച്ച് സുല്‍ത്താനായി പ്രഖ്യാപിച്ച അലാവുദ്ദീന്റെ സേന രണ്ടു മാര്‍ഗങ്ങളില്‍ക്കൂടി ഡല്‍ഹിയിലേക്കു തിരിച്ചു. 1296 ഒ. രണ്ടാം വാരത്തില്‍ ഡല്‍ഹിയുടെ പ്രാന്തപ്രദേശമായ സിറിയില്‍ എത്തി. ഒരു വലിയവിഭാഗം പട്ടാളക്കാരും പ്രഭുക്കന്മാരും അലാവുദ്ദീന്റെ പക്ഷത്തു ചേര്‍ന്നതോടുകൂടി അദ്ദേഹത്തിനെതിരായ നീക്കം ഫലവത്തായില്ല. ഡല്‍ഹിയില്‍ അവശേഷിച്ച എല്ലാ ഉദ്യോഗസ്ഥന്മാരും അലാവുദ്ദീന്റെ പക്ഷം ചേര്‍ന്നു. 1296 ഒ. 21-ന് അലാവുദ്ദീന്‍ ഡല്‍ഹി സുല്‍ത്താനായി സ്ഥാനാരോഹണം ചെയ്തു. പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥന്മാരെയും യോജിപ്പിച്ച് ഇദ്ദേഹം രാജ്യക്ഷേമത്തിനുവേണ്ടി ഭരണത്തില്‍ പങ്കാളികളാക്കി.

അലാവുദ്ദീന്റെ സാമ്രാജ്യം ചുറ്റും ശത്രുക്കളെക്കൊണ്ടു നിറഞ്ഞിരുന്നു. അവരെ നേരിടാനുള്ള മാര്‍ഗങ്ങളെപ്പറ്റി ആലോചിക്കാനായിരുന്നു ഇദ്ദേഹത്തിന്റെ ഭരണത്തിന്റെ ആദ്യത്തെ രണ്ടുവര്‍ഷം ചെലവഴിച്ചത്. അന്തരിച്ച സുല്‍ത്താന്റെ കുടുംബാംഗങ്ങളില്‍ ശേഷിച്ചവരെ വകവരുത്താനായി ഉലുഗ്ഖാന്‍, സഫര്‍ഖാന്‍ എന്നിവരെ വമ്പിച്ച സൈന്യവുമായി മുള്‍ത്താനിലേക്ക് അയച്ചു. അവര്‍ രാജകുടുംബാംഗങ്ങളെ മുഴുവന്‍ വളയുകയും വകവരുത്തുകയും ചെയ്തു.

ആദ്യകാല ആക്രമണങ്ങള്‍

സുലൈമാന്‍ പര്‍വതനിരകടന്ന് ഇന്ത്യയിലെത്തിയ മംഗോള്‍സൈന്യം, ഖോക്കാര്‍ ഗ്രാമങ്ങള്‍ അഗ്നിക്കിരയാക്കി. ഉലുഗ്ഖാന്‍ വമ്പിച്ചൊരു സൈന്യവുമായി 1298 ഫെ. അഞ്ചിനു സത്‍ലജ് കരയിലെ ജറന്‍മന്‍ജൂറിലെത്തി. 20,000 വരുന്ന മംഗോള്‍ പടയെ നശിപ്പിക്കാന്‍ കദറില്‍ വച്ച് ഇന്ത്യന്‍സൈന്യത്തിനു കഴിഞ്ഞു.

ഖ്വാജാഖാദിറിനെ തുടര്‍ന്ന് നുസ്രത്ത്ഖാനെ വസീര്‍ ആക്കി. കരായില്‍ അലാവുദ്ദീന്‍ പാര്‍പ്പിച്ചിരുന്ന അലാഉല്‍ മുല്‍ക്ക് വമ്പിച്ച സൈന്യങ്ങളും സ്വത്തുമായി ഡല്‍ഹിയില്‍ എത്തി. ഇദ്ദേഹം ഡല്‍ഹിയിലെ കൊത്ത്വാളായി നിയമിക്കപ്പെട്ടു. സുല്‍ത്താനും മംലൂക്ക് പ്രഭുക്കന്മാരുമായി നിരന്തരം ഉണ്ടായിക്കൊണ്ടിരുന്ന കലഹമാണ് മംലൂക്ക് ഭരണത്തിന്റെ പതനത്തിനു കാരണമെന്ന് മനസ്സിലാക്കിയിരുന്ന അലാവുദ്ദീന്‍ അത്തരം കലഹപ്രിയരെ ഉന്‍മൂലനം ചെയ്യാന്‍ മുന്‍കൈയെടുത്തു. തന്റെ സ്ഥാനം സുരക്ഷിതമാക്കിയ സുല്‍ത്താന്‍, ജലാലിപ്രഭുക്കന്മാരെയെല്ലാം ഭരണത്തില്‍ നിന്ന് ഒഴിവാക്കി.

അലാവുദ്ദീന്‍ കില്‍ജി

രാജ്യം വിസ്തൃതമാക്കുന്നതിലായിരുന്നു അലാവുദ്ദീന്റെ അടുത്ത ശ്രദ്ധ പതിഞ്ഞത്. ഗുജറാത്ത് ആദ്യമായി ആക്രമിക്കാന്‍ തുനിഞ്ഞതിന്റെ കാരണം ചരിത്രകാരന്മാരുടെയിടയില്‍ അഭിപ്രായവ്യത്യാസം ഉണ്ടാക്കിയിട്ടുണ്ട്. ചില രജപുത്രനാടോടിക്കഥകളെ ഇതിന് ഉപോദ്ബലകമായി ചിലര്‍ ഉദ്ധരിക്കുന്നു. കരന്‍വഘേല എന്ന രാജാവ് മാധവന്‍ എന്നു പറയുന്ന വ്യക്തിയുടെ അസാന്നിധ്യത്തില്‍ അയാളുടെ ഭാര്യയെ തട്ടിക്കൊണ്ടുപോയതിനാല്‍ മാധവന്‍ സുല്‍ത്താന്റെ സഹായം അഭ്യര്‍ഥിച്ചു എന്നാണ് കഥ. രാസ്മേലയില്‍ വിവരിച്ചിരിക്കുന്നത് ഇതിന് അടിസ്ഥാനമായി ചിലര്‍ കണക്കാക്കുന്നു.

ഉലൂഗ്ഖാന്‍, നുസ്രത്ത്ഖാന്‍ എന്നിവരുടെ സംയുക്ത നേതൃത്വത്തിലുള്ള സൈന്യം 1299 ഫെ.-ല്‍ ഗുജറാത്ത് ആക്രമിച്ചു. സൈന്യം കരന്‍വഘേലയെ തോല്പിച്ച് അദ്ദേഹത്തിന്റെ സ്വത്തും പട്ടമഹിഷിയായ കമലാദേവിയെയും തടവുകാരായി ഡല്‍ഹിയിലേക്കു കൊണ്ടുവന്നു. പുതുക്കിപ്പണിത സോമനാഥക്ഷേത്രവും പല നഗരങ്ങളും ആക്രമണത്തിനു വിധേയമായി. സുല്‍ത്താന്റെ സ്യാലനായ ആല്‍പ്ഖാന്‍ ഗുജറാത്ത് ഗവര്‍ണറായി നിയമിക്കപ്പെട്ടു.

1299-ല്‍ തന്നെ മറ്റൊരു മംഗോള്‍ ആക്രമണം സിവിസ്താന് (സിബി) എതിരായി നടന്നു. സാല്‍ഡി എന്ന മംഗോള്‍ നേതാവ് അവിടത്തെ കോട്ട കീഴടക്കി. ഇവരെ എതിര്‍ക്കാനായി അലാവുദ്ദീന്‍ സഫര്‍ഖാനെ അയച്ചു. സമാനാ ഗവര്‍ണറായിരുന്ന സഫര്‍ഖാന്‍ മംഗോള്‍ സൈന്യത്തെ തോല്പിച്ച്, സാല്‍ഡിയെയും അയാളുടെ സഹോദരനെയും തടവുകാരാക്കി.

സഫര്‍ഖാന്‍, ഉലുഗ്, നുസ്രത്ത്, ആല്‍പ് എന്നിവര്‍ അലാവുദ്ദീന്റെ പ്രശസ്ത സൈനികമേധാവികളായിരുന്നു. ഇസ്ലാംമതപ്രവാചകനായ മുഹമ്മദുനബി, തന്റെ ആദ്യത്തെ നാലു ഖലീഫമാരെക്കൊണ്ട് ഇസ്ലാം പടുത്തുയര്‍ത്തിയതു പോലെ, അലാവുദ്ദീനും തന്റെ നാലു 'ഖാന്‍'മാരുടെ സഹായത്തോടെ പുതിയൊരു മതം സ്ഥാപിക്കുകയും 'പ്രവാചകനാ'യിത്തീരുകയും ചെയ്യാന്‍ ശ്രമിച്ചുവെന്ന് ബറനി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കാലത്തുതന്നെ അദ്ദേഹം രണ്ടാം അലക്സാണ്ടര്‍ (സിക്കന്ദര്‍-ഇ-സ്സാനി) എന്ന സ്ഥാനപ്പേരു സ്വീകരിക്കുകയും അത് നാണയങ്ങളില്‍ അച്ചടിപ്പിക്കുകയും വെള്ളിയാഴ്ചകളിലെ ഖുത്തുബായില്‍ പരാമര്‍ശിക്കുകയും ചെയ്തു.

1299 അവസാനം ട്രാന്‍സ്-ഓഷ്യാനയിലെ ഖാന്‍, തന്റെ പുത്രനായ ഖുത്ത്‍ലുഗ്ഖ്വാജയെ ഡല്‍ഹി ആക്രമിക്കാന്‍ അയച്ചു. ഇന്ത്യയെ കീഴടക്കി ഭരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. സിന്ധുനദി കടന്നുവന്ന മംഗോള്‍ സൈന്യത്തെക്കണ്ട് മുള്‍ത്താന്‍ പട്ടാളം കോട്ടയ്ക്കുള്ളില്‍ അഭയം പ്രാപിച്ചു. സഫര്‍ഖാന്‍ ഖുത്ത്‍ലുഗിനെ ഒരു ദൂതന്‍ മുഖാന്തരം ദ്വന്ദ്വയുദ്ധത്തിനു വെല്ലുവിളിച്ചെങ്കിലും ഖുത്ത്‍ലുഗ് അതു സ്വീകരിച്ചില്ല. അവസാനം മംഗോള്‍ സൈന്യം ഡല്‍ഹിക്ക് 10 കി.മീ. അകലെ കിലിയില്‍ താവളമടിച്ചു. സിന്ധുനദി കടന്നതിനുശേഷമേ അലാവുദ്ദീന്‍ മംഗോള്‍ ആക്രമണത്തെക്കുറിച്ച് അറിഞ്ഞുള്ളു. അലാവുദ്ദീന്റെ സൈന്യം സിറിയില്‍ യമുനാനദീതീരത്തും താവളമടിച്ചു. ഭക്ഷ്യദൌര്‍ലഭ്യവും, സ്വന്തം നാട്ടില്‍നിന്നുള്ള വിദൂരതയും മൂലം, മംഗോള്‍ സൈന്യം പിന്‍മാറാന്‍ നിര്‍ബന്ധിതമായി.

മംഗോള്‍ ആക്രമണകാരികളില്‍ ചിലര്‍ രന്തംഭോറിലെ ഹാമിര്‍ദേവനെ അഭയം പ്രാപിച്ചിരുന്നു. തന്നിമിത്തം ഉലുഗ്, സൈന്യസമേതം രന്തംഭോറിലേക്ക് തിരിച്ചു. വിവരങ്ങളെല്ലാം മനസ്സിലാക്കിയിരുന്ന അലാവുദ്ദീന്‍ അവധിലെ ഗവര്‍ണറായിരുന്നനുസ്രത്ത് ഖാനോട് ഉലുഗിനെ സഹായിക്കുവാന്‍ നിര്‍ദേശം നല്കി. അവര്‍ രണ്ടു പേരും ചേര്‍ന്നു ഝയിന്‍ പിടിച്ചടക്കുകയും രന്തംഭോര്‍ ഉപരോധിക്കുകയും ചെയ്തു. യുദ്ധത്തില്‍ നുസ്രത്ത് വധിക്കപ്പെട്ടു. ഈ അവസരത്തില്‍ ഹാമിര്‍ദേവന്‍ കില്‍ജികളെ എതിര്‍ത്തു; ഉലുഗ്ഖാനെ തോല്പിച്ച് ഝയിനിലേക്ക് ഓടിച്ചു.

കലാപങ്ങള്‍

ഉദ്യോഗസ്ഥന്‍മാരെല്ലാം തില്‍പ്പത്തില്‍ വച്ച് തന്നെ സന്ധിക്കണമെന്ന് അലാവുദ്ദീന്‍ ആവശ്യപ്പെട്ടു. ഈ സമയം അലാവുദ്ദീന്‍ വേട്ടയാടാനും ചെലവഴിച്ചു. സഫര്‍ഖാന്റെ നിര്യാണത്തെത്തുടര്‍ന്നു കിലിയിലെ സൈന്യച്ചുമതല ആക്കത്ത്ഖാനായിരുന്നു. സുല്‍ത്താനും അനുചരന്മാരും കൂടി വിശ്രമിച്ചുകൊണ്ടിരിക്കവേ ആക്കത്ത്ഖാനും മംഗോള്‍ മുസ്ലിങ്ങളില്‍പെട്ട ചില പട്ടാളക്കാരുംകൂടി അവരെ വളഞ്ഞു. തുടര്‍ന്നുണ്ടായ കലാപത്തില്‍ മുറിവേറ്റ അലാവുദ്ദീന്‍ വധിക്കപ്പെട്ടുവെന്നു വിശ്വസിച്ച ആക്കത്ത്ഖാന്‍ പട്ടാളക്യാമ്പില്‍ ചെന്നു സുല്‍ത്താനെ താന്‍ വധിച്ചുവെന്നും താന്‍ പുതിയ സുല്‍ത്താനായിത്തീര്‍ന്നുവെന്നും പ്രഖ്യാപിച്ചു. എന്നാല്‍ അലാവുദ്ദീന്‍ കൊട്ടാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ ആക്കത്ത്ഖാന്‍ പ്രാണരക്ഷാര്‍ഥം പലായനം ചെയ്തു. രണ്ട് ഉദ്യോഗസ്ഥന്മാര്‍ അയാളെ പിന്തുടര്‍ന്നു വധിച്ചു. ഉലുഗ്ഖാനെ സഹായിക്കാന്‍ വമ്പിച്ച സൈന്യവുമായി അലാവുദ്ദീന്‍ രന്തംഭോറിലേക്കു തിരിച്ചു. ഈ അവസരത്തില്‍ അലാവുദ്ദീന്റെ സഹോദരീപുത്രന്മാരായ മാലിക്ക് ഉമറും (ബദായുന്‍ ഗവര്‍ണര്‍) മങ്കുഖാനും (അവധ് ഗവര്‍ണര്‍) പട്ടാളത്തെ സജ്ജീകരിക്കാനും ഭരണം പിടിച്ചെടുക്കാനും ശ്രമമാരംഭിച്ചു. വിവരമറിഞ്ഞ അലാവുദ്ദീന്‍ അനുയായികളെ അയച്ച് അവരെ വധിച്ചു.

ഡല്‍ഹിയിലെ കൊത്ത്വാളായ അലാഉല്‍മുല്‍ക്ക് കിലിയുദ്ധത്തിനുശേഷം അന്തരിച്ചതിനാല്‍ ആ പദവി ബെയസീദ് തിര്‍മിസിക്കു നല്കിയിരുന്നു. സിറിയില്‍ നിര്‍മിച്ചുവന്ന കോട്ടയുടെ കൊത്ത്വാളായി അലാവുദ്ദീന്‍ ആയാസിനെയും നിയമിച്ചു. ബെയസീദ്, ജനങ്ങള്‍ക്ക് അസ്വീകാര്യനായിരുന്നു. അതിനാല്‍ ഹാജിമൗല ചില ഉദ്യോഗസ്ഥന്മാരുടെ കൂട്ടുപിടിച്ചു ഡല്‍ഹിയില്‍ കലാപം സൃഷ്ടിച്ചു. സുല്‍ത്താന്‍ രന്തംഭോറിലായിരുന്ന തക്കംനോക്കിയാണിതു സംഭവിച്ചത്. ബെയസീദിനെ വധിച്ച് കോട്ടയും ചുമപ്പുകൊട്ടാരവും മൗല കീഴടക്കി. സുല്‍ത്താന്‍ ഇല്‍ത്തമിഷി (ഇല്‍തുത്മിഷ്)ന്റെ പരമ്പരയില്‍പ്പെട്ട അലവിയെ ഡല്‍ഹി സിംഹാസനത്തില്‍ ഉപവിഷ്ഠനാക്കി. നാലുദിവസം ഹാജിമൗല ഡല്‍ഹി ഭരിച്ചു. കലാപം കഴിഞ്ഞു നാലാം ദിവസം മാലിക്ക് ഹമീദുദ്ദീനും സൈന്യവും ഡല്‍ഹിയിലെത്തി, മൗലയെയും അലവിയെയും വധിച്ച് ഡല്‍ഹി തിരിച്ചുപിടിച്ചു. ഈ വിവരം അലാവുദ്ദീന്‍ പിന്നീടാണ് അറിഞ്ഞത്. 1301 ജൂല. 10-ന് രന്തംഭോര്‍ കോട്ടയും രാജ്യവും അലാവുദ്ദീനു കീഴടങ്ങി.

അലാവുദ്ദീന്റെ സ്ഥാനാരോഹണത്തിനുശേഷം ഒട്ടാകെ മൂന്നു കലാപങ്ങള്‍ രാജ്യത്തുണ്ടായി. കാരണങ്ങളാരായാനായി രഹസ്യസമിതി (മജ്‍ലിസ്-ഇ-ഖാസ്) വിളിച്ചുകൂട്ടി. അതില്‍നിന്നും നാലു കാരണങ്ങളാണ് വിപ്ലവങ്ങള്‍ക്കുള്ളതെന്നു തെളിഞ്ഞു. ജനങ്ങളുടെ പ്രവൃത്തികളെക്കുറിച്ച് രാജാവിനുള്ള അജ്ഞതയായിരുന്നു ഇവയിലാദ്യത്തേത്. ജനങ്ങളുടെ മദ്യപാനം രണ്ടാമത്തെ കാരണമായിരുന്നു. മാലിക്കുകളുടെയും അമീര്‍മാരുടെയും യോജിപ്പും ബന്ധുത്വവും അവരെ ശക്തരാക്കുന്നുവെന്നും സുല്‍ത്താന്‍ മനസ്സിലാക്കി. പണക്കൊഴുപ്പായിരുന്നു അവസാനത്തെ കാരണമായി കണ്ടുപിടിച്ചത്.

മധ്യകാലനിയമപ്രകാരം പ്രഭുക്കന്മാരുടെ അധികസമ്പത്തു കണ്ടുകെട്ടി, രാജ്യത്തങ്ങോളമിങ്ങോളമുള്ള പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാന്‍ ശക്തമായൊരു ചാരസംഘത്തെ അലാവുദ്ദീന്‍ രൂപവത്കരിച്ചു. പൊതുവിപണികളിലും പ്രഭുഗൃഹങ്ങളിലും ഈ ചാരസംഘം പ്രവര്‍ത്തിച്ചു. മദ്യം വില്ക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നതു നിരോധിക്കുകയും ചെയ്തു.

മാലിക്കുകള്‍, അമീര്‍മാര്‍, കൊട്ടാരം ഉദ്യോഗസ്ഥന്മാര്‍ ആദിയായവര്‍ പൊതുസത്കാരങ്ങളില്‍ പങ്കുകൊള്ളുന്നതു നിരോധിച്ചു. തന്‍മൂലം പ്രഭുക്കന്മാര്‍ക്ക് സംഘടിക്കാന്‍ കഴിയാതായി.

ഹിന്ദുസമുദായത്തില്‍പ്പെട്ടവരെ ഉയര്‍ന്ന ഉദ്യോഗങ്ങളില്‍ നിയമിച്ചു. ഹിന്ദുക്കളുടെ ഇടയില്‍ റായികള്‍ (വലിയ ഭരണാധികാരികള്‍), റാണകള്‍ (ചെറിയ ഭരണാധിപര്‍), താക്കൂര്‍മാര്‍ (യോദ്ധാക്കള്‍), സഹാഡ് (ബാങ്കുടമകള്‍), മേഹ്ത്തമാര്‍ (ഭരണാധിപര്‍), പണ്ഡിറ്റുമാര്‍ (പുരോഹിതര്‍) എന്നിവര്‍ പ്രബലരായ വര്‍ഗക്കാരായിത്തീര്‍ന്നു.

ഭൂനികുതിവ്യവസ്ഥകള്‍

ഭരണാധികാരി വര്‍ഗമായ 'റായികള്‍'ക്കു പ്രജകളില്‍നിന്നും കരം ഇഷ്ടം പോലെ ഈടാക്കാനുള്ള വ്യവസ്ഥ നിലനിന്നിരുന്നു. കേന്ദ്ര ഭരണാധികാരികളെ ദുര്‍ഘടഘട്ടം വരുമ്പോള്‍ ഇവര്‍ എതിര്‍ത്തിരുന്നു. രാജ്യത്തിനകത്ത് അവര്‍ സര്‍വതന്ത്രസ്വതന്ത്രരായി പ്രവര്‍ത്തിച്ചു. ഇതിനെതിരായി ഇന്ത്യയിലാദ്യമായി ഒരു ഭൂവ്യവസ്ഥ സംഘടിപ്പിച്ചത് അലാവുദ്ദീനായിരുന്നു. അതിനു രണ്ടു നിയമങ്ങള്‍ അദ്ദേഹം ആവിഷ്കരിച്ചു. കൃഷിക്കാര്‍ ഉത്പാദനത്തിന്റെ പകുതി രാജഭണ്ഡാരത്തില്‍ ഏല്പിക്കാന്‍ നിര്‍ബന്ധിതരായി. പ്രത്യേക മേച്ചില്‍ സ്ഥലം മാറ്റിവയ്ക്കപ്പെട്ടു. ഇതിന്റെ കരം വ്യക്തികളില്‍ നിന്നു ഈടാക്കിവന്നു. കര്‍ഷകരുടെ തരമനുസരിച്ചു സൂക്ഷിക്കേണ്ട കന്നുകാലികളുടെ എണ്ണംപോലും തിട്ടപ്പെടുത്തിയിരുന്നു. ഈ നിയമങ്ങള്‍മൂലം രാജാവും ജനങ്ങളും തമ്മില്‍ ആദ്യമായി ബന്ധപ്പെടാന്‍ ഇടയായി.

വാറങ്കല്‍-ചിത്തോര്‍ ആക്രമണങ്ങള്‍

കാകതീയ രാജാവായിരുന്ന പ്രതാപരുദ്രദേവനായിരുന്നു വാറങ്കല്‍ ഭരിച്ചിരുന്നത്. ഉലുഗ്ഖാന് വാറങ്കല്‍ ആക്രമിക്കാന്‍ സാധിച്ചിരുന്നില്ല. അലാവുദ്ദീന്‍ ചിത്തോറിലേക്കു യാത്ര തിരിച്ചു; സൈന്യത്തിന്റെ ഒരു വിഭാഗത്തെ വാറങ്കല്‍ ആക്രമിക്കാനും നിയോഗിച്ചു. ബംഗാളിലൂടെയായിരിക്കണം ഈ സൈന്യം മുന്നേറിയതെന്നു വിശ്വസിക്കപ്പെടുന്നു (അന്ന് മാള്‍വ അലാവുദ്ദീന്റെ കീഴിലായിരുന്നില്ല). കാലവര്‍ഷത്തിന്റെ കെടുതികളില്‍പ്പെട്ട് അലാവുദ്ദീന്റെ സൈന്യം വലഞ്ഞു. സുല്‍ത്താന്‍ അവരെ മടക്കിവിളിച്ചു. വളരെയധികം സൈനികര്‍ സുല്‍ത്താനു നഷ്ടപ്പെട്ടു. രന്തംഭോര്‍ ഒഴിച്ചാല്‍ ഇന്ത്യയിലെ ഏറ്റവും പ്രബല രജപുത്ര രാജ്യമായിരുന്നു ചിത്തോര്‍. ചിത്തോര്‍, കോട്ടകൊത്തളങ്ങളാല്‍ സുരക്ഷിതമായിരുന്നു. അലാവുദ്ദീനും സൈന്യങ്ങളും 1303 ജനു. 23-ന് കോട്ടയ്ക്കു സമീപം താവളമടിച്ചു. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ റായി കീഴടങ്ങി. 1303 ആഗ. 25-ന് സുല്‍ത്താന്‍ കോട്ടയ്ക്കകത്തു പ്രവേശിച്ചു. അവിടത്തെ ഭരണം മാലിക്ക്ഷാഹിനെ ഏല്പിച്ചശേഷം സുല്‍ത്താന്‍ തലസ്ഥാനത്ത് തിരിച്ചെത്തി.

അലാവുദ്ദീന്‍ ആക്രമണങ്ങള്‍ക്കു പുറപ്പെട്ടപ്പോള്‍ അതിര്‍ത്തിക്കോട്ടകളിലെ സൈന്യങ്ങളില്‍ ഒരു വിഭാഗത്തെ പിന്‍വലിച്ചിരുന്നു. ഈ തക്കംനോക്കി മംഗോള്‍ നേതാവായ തര്‍ഘി ഡല്‍ഹിക്കെതിരെ വമ്പിച്ചൊരു സൈന്യവുമായി നീങ്ങി. മുള്‍ത്താന്‍, ദീപാല്‍പൂര്‍, സമാന എന്നീവിടങ്ങളില്‍ മംഗോള്‍ സൈന്യത്തെ ചെറുക്കാന്‍ ഇന്ത്യന്‍ സൈന്യത്തിനു കഴിഞ്ഞിരുന്നില്ല. അലാവുദ്ദീന്‍ ഡല്‍ഹിയില്‍ തിരിച്ചെത്തിയിട്ട് ഒരു മാസമേ ആയിരുന്നുള്ളു. സിറിയില്‍ സുല്‍ത്താനും സൈന്യവും താവളമടിച്ചു. നേരിട്ടൊരു യുദ്ധത്തിന് ഈ പ്രാവശ്യവും അലാവുദ്ദീന്‍ തയ്യാറായില്ല. മംഗോള്‍സൈന്യം രണ്ടുമാസം ഡല്‍ഹി ഉപരോധിച്ചശേഷം തിരിച്ചുപോകാന്‍ നിര്‍ബന്ധിതമായി.

സാമ്പത്തികവ്യവസ്ഥകള്‍

സാമ്രാജ്യവിസ്തൃതിക്കുള്ള ശ്രമങ്ങള്‍ താത്കാലികമായി അലാവുദ്ദീന്‍ ഉപേക്ഷിച്ചു. സിറിയില്‍ കോട്ടകെട്ടി അവിടെ തലസ്ഥാനനഗരി നിര്‍മിച്ചു. സമാനയിലും ദീപാല്‍പൂരിലും ശക്തമായ സൈന്യത്തെ കാവല്‍ നിര്‍ത്തി. സാമ്പത്തികഭദ്രത കൈവരുത്താനായി നിരവധി നിയമങ്ങള്‍ സുല്‍ത്താന്‍ നടപ്പിലാക്കി. എല്ലാ ധാന്യങ്ങളുടെയും വില ക്രമീകരിക്കാന്‍ ഇദ്ദേഹം ആവിഷ്കരിച്ച നിയമമാണ് ഇതില്‍ പ്രാധാന്യമുള്ളത്. വിപണികളിലെ വില നിയന്ത്രിക്കാന്‍ ഒരു ഉദ്യോഗസ്ഥനെ ഇദ്ദേഹം നിയമിച്ചു. ആവശ്യത്തിലധികംവരുന്ന ധാന്യം കൊട്ടാരത്തിലെ അറകളില്‍ സൂക്ഷിച്ചു. പൂഴ്ത്തിവെപ്പുകാരെ സുല്‍ത്താന്‍ കഠിനമായി ശിക്ഷിച്ചു. കരംപിരിവ് കൃത്യമായി നടത്തി. ഇത്തരം ചില കര്‍ശനനിയമങ്ങള്‍ കാരണം അലാവുദ്ദീന്റെ ഭരണകാലത്ത് രാജ്യത്ത് ക്ഷാമമുണ്ടായില്ല.

അന്ത്യകാലത്തെ ആക്രമണങ്ങള്‍

1305-ല്‍ മംഗോളിയര്‍ ഇന്ത്യ ആക്രമിച്ചു. ഡല്‍ഹിസൈന്യം 1305 ഡി. 20-ന് അമ്രോഹജില്ലയിലെ ഒരു സ്ഥലത്തുവച്ച് മംഗോള്‍ സൈന്യത്തോടേറ്റുമുട്ടി. മംഗോള്‍ നേതാക്കന്മാര്‍ കീഴടങ്ങി. അവരെയെല്ലാം ഡല്‍ഹിയില്‍ കൊണ്ടുവന്നു. അവരെ സുല്‍ത്താന്‍ ഒരു ഡര്‍ബാറില്‍വച്ചു സ്വീകരിച്ചു.

അടുത്തവര്‍ഷം മംഗോള്‍സൈന്യം വീണ്ടും ഇന്ത്യയിലെത്തി. അലാവുദ്ദീന്‍ തന്റെ സൈന്യത്തെ മാലിക്ക് കാഫൂര്‍ സുല്‍ത്താനിയുടെ കീഴില്‍ അണിനിരത്തി. ഡല്‍ഹിപട്ടാളം മംഗോള്‍ സൈന്യത്തെ പരാജയപ്പെടുത്തി. അവരെയെല്ലാം തടവുകാരാക്കി പിടിച്ചു.

ഉത്തരേന്ത്യയിലെ റായികളെല്ലാം അലാവുദ്ദീനു കീഴടങ്ങി. മാള്‍വമാത്രം കീഴടങ്ങിയിരുന്നില്ല. ഒരു ഡല്‍ഹിസൈന്യം മാള്‍വ ആക്രമിച്ചു കീഴടക്കി, മാള്‍വയിലെ മാണ്ഡുകോട്ട, 1305 ഡി. 24-ന് കീഴടക്കി. സിവാന, ജാലോര്‍ രാജ്യങ്ങളും അലാവുദ്ദീന് അധീനമായി.

1306-07 കാലത്ത് ദക്ഷിണേന്ത്യ ആക്രമിക്കാനുള്ള സജ്ജീകരണങ്ങള്‍ അലാവുദ്ദീന്‍ പൂര്‍ത്തിയാക്കി. ബഗ്ളാനകുന്നുകള്‍ ഭരിച്ചിരുന്ന റായികരനെ ബഹിഷ്കരിക്കാന്‍ ആല്‍പ്ഖാന്‍ നിയുക്തനായി. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ പരാജയപ്പെട്ട റായികരന്‍ വാറങ്കലില്‍ അഭയം പ്രാപിച്ചു. മൂന്നുനാലു വര്‍ഷമായി കപ്പം മുടക്കിയിരുന്ന ദേവഗിരിയിലെ റായി രാമചന്ദ്രദേവനോടു കപ്പം ഈടാക്കാന്‍ ഒരു സൈന്യത്തെ അലാവുദ്ദീന്‍ അയച്ചു. മാലിക്ക് കാഫൂറിനെയാണ് അതിന്റെ നേതാവായി തിരഞ്ഞെടുത്തത്. കാഫൂറിന്റെ സൈന്യം ദേവഗിരിയിലെത്തി, യുദ്ധത്തില്‍ കീഴടങ്ങിയ രാമചന്ദ്രദേവനെ ഡല്‍ഹിയിലേക്കു കൊണ്ടുവന്നു, രാജോചിതമായി സുല്‍ത്താന്‍ അദ്ദേഹത്തെ സ്വീകരിച്ചു.

ദേവഗിരിയുദ്ധംമൂലം പ്രശസ്തനായിത്തീര്‍ന്ന മാലിക്ക് കാഫൂറിനെ വാറങ്കല്‍ ആക്രമിക്കാന്‍ സുല്‍ത്താന്‍ നിയോഗിച്ചു. 1310 ജനു.-ല്‍ അലാവുദ്ദീന്റെ സൈന്യം വാറങ്കലിലെത്തി. റായിയുമായി യുദ്ധം ചെയ്യേണ്ടിവന്നില്ല; തന്റെ വിലപിടിച്ച എല്ലാ സമ്പത്തും റായി കാഫൂറിനു കാഴ്ചവച്ചു.

മാലിക്ക് കാഫൂറിന്റെ നേതൃത്വത്തില്‍ ദക്ഷിണേന്ത്യന്‍ പ്രദേശങ്ങള്‍ കീഴടക്കാനായി വമ്പിച്ചൊരു സേന സജ്ജമാക്കി. 1310 ന.-ല്‍ ഈ സൈന്യം ഡല്‍ഹിയില്‍നിന്നു യാത്ര തിരിച്ചു. 1311 ഫെ. 7-ന് ദേവഗിരിയും കടന്നു ഡല്‍ഹി സൈന്യം മഅ്ബറിലെത്തി. അവിടെ വീരപാണ്ഡ്യനും സഹോദരനായ സുന്ദരപാണ്ഡ്യനും തമ്മില്‍ കലഹിച്ചു കഴിയുന്ന കാലമായിരുന്നു. അവിടെ ഡല്‍ഹിസൈന്യമെത്തിയപ്പോള്‍ വീരപാണ്ഡ്യന്‍ സുല്‍ത്താന്റെ സഹായം ആവശ്യപ്പെട്ടുവെന്നും കാഫൂര്‍ സുന്ദരപാണ്ഡ്യനെ തോല്പിച്ചു രാജ്യം കൈവശപ്പെടുത്തിയെന്നും പറയപ്പെടുന്നു.

1311 ഒ.-ല്‍ തിരിച്ചെത്തിയ കാഫൂറിനെ സത്കരിക്കാന്‍ അലാവുദ്ദീന്‍ വലിയൊരു വിരുന്നൊരുക്കി. 1315 ഒ. വരെ അലാവുദ്ദീന്‍ രാജ്യകാര്യങ്ങളില്‍ ബദ്ധശ്രദ്ധനായിരുന്നു. ഈ കാലത്ത് മാലിക്ക് കാഫൂറിനെ രാജ്യത്തെ പ്രധാന ഉദ്യോഗസ്ഥനായി സുല്‍ത്താന്‍ നിയമിച്ചിരുന്നു. സുല്‍ത്താന്റെ അന്ത്യകാലത്ത് രാമരായരുടെ പുത്രിയായ ജാത്യപാലിയില്‍ അലാവുദ്ദീനു ജനിച്ച ഷിഹാബുദ്ദീന്‍ ഉമറിനെ രാജ്യാവകാശിയാക്കാന്‍ മാലിക്ക് കാഫൂര്‍ തീരുമാനിച്ചു. കാഫൂര്‍ റീജന്റായിത്തീരുകയും ചെയ്തു. 1316 ജനു. 4-ന് അലാവുദ്ദീന്‍ കില്‍ജി അന്തരിച്ചു. മാലിക്ക് കാഫൂര്‍ വിഷംകൊടുത്ത് കൊന്നതാണെന്നും ഒരഭിപ്രായം നിലവിലുണ്ട്. ഡല്‍ഹിയിലെ ജൂമാമസ്ജിദിനു മുന്നില്‍ ഇദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. നോ: കില്‍ജിവംശം; മാലിക്ക് കാഫൂര്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍