This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലാവുദ്ദീന്‍, സുല്‍ത്താന്‍ (ഭ.കാ. 1443-76)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലാവുദ്ദീന്‍, സുല്‍ത്താന്‍ (ഭ.കാ. 1443-76)

ഡല്‍ഹി ആസ്ഥാനമാക്കി ഇന്ത്യ ഭരിച്ച സെയ്യിദ് വംശത്തിലെ അവസാനത്തെ സുല്‍ത്താന്‍. 1443-ല്‍ പിതാവായ മുഹമ്മദ്ഷാ നിര്യാതനായതിനെത്തുടര്‍ന്ന് അലാവുദ്ദീന്‍ സുല്‍ത്താനായി. 'ആലംഷാ' എന്ന സ്ഥാനപ്പേരു സ്വീകരിച്ചു ഭരണം ആരംഭിച്ചു. ഡല്‍ഹിനഗരവും സമീപഗ്രാമങ്ങളും മാത്രമായിരുന്നു ദുര്‍ബലനായ അലാവുദ്ദീനു ഭരിക്കാന്‍ കിട്ടിയ പ്രദേശം. മാലിക്ക് ബഹലുല്‍ ലോദി തുടങ്ങിയ പ്രഭുക്കന്മാര്‍ സുല്‍ത്താനെ അംഗീകരിച്ചു. 1445-ല്‍ അലാവുദ്ദീന്‍ സമാന ആക്രമിക്കാന്‍ പുറപ്പെട്ടു. ജാന്‍പൂരിലെ മഹമൂദ്ഷാ ആക്രമിക്കാന്‍ വരുന്നുവെന്ന വാര്‍ത്ത കേട്ട് അലാവുദ്ദീന്‍ തലസ്ഥാനനഗരിയില്‍ തിരിച്ചെത്തി. സുല്‍ത്താന്റെ ഈ നടപടിയില്‍ മന്ത്രിയായ (വസീര്‍) ഹുസന്‍ഖാന്‍ (ഹിസാംഖാന്‍) അമര്‍ഷം പ്രകടിപ്പിച്ചു. ബദായുനില്‍ മുന്‍പു ഗവര്‍ണറായിരുന്ന അലാവുദ്ദീന്‍ 1447-ല്‍ അവിടം സന്ദര്‍ശിച്ചപ്പോള്‍ തദ്ദേശവാസികള്‍ അദ്ദേഹത്തെ ഹാര്‍ദമായി സ്വീകരിച്ചു. ഡല്‍ഹിയെക്കാള്‍ കൂടുതല്‍ ബദായൂന്‍ ഇഷ്ടപ്പെട്ട സുല്‍ത്താന്‍ അവിടെ സ്ഥിരമായി താമസിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഇതും വസീറായ ഹുസന്‍ഖാന്റെ എതിര്‍പ്പിനു കാരണമായി. എന്നാല്‍ ഇത് അഗവണിച്ച് 1448-ല്‍ സുല്‍ത്താന്‍ ബദായൂനില്‍ താമസമാക്കി; തന്റെ രണ്ടു സ്യാലന്മാരെ ഡല്‍ഹിയിലെ ഭരണഭാരം ഏല്പിച്ചു. അല്പകാലത്തിനുള്ളില്‍ അവര്‍ തമ്മില്‍ കലഹത്തിലാവുകയും അതിലൊരാള്‍ വധിക്കപ്പെടുകയും ചെയ്തു. അടുത്ത ദിവസം ഡല്‍ഹി നഗരവാസികള്‍ ഹുസന്‍ഖാന്റെ നിര്‍ദേശാനുസരണം മറ്റേയാളെയും വധിച്ചു; ഡല്‍ഹിയിലെ ഭരണനിയന്ത്രണം ഹുസന്‍ഖാന്‍, ഹമീദ്ഖാന്‍ എന്നിവരുടെ കൈകളിലമര്‍ന്നു. അവര്‍ ഈ സന്ദര്‍ഭത്തില്‍ രാജ്യത്തിനു നേതൃത്വം നല്കാന്‍ സമര്‍ഥനായ ഒരു സുല്‍ത്താനെ ക്ഷണിക്കാന്‍ തീരുമാനിച്ചു. മുഹമ്മദ്ഷായുടെ കീഴില്‍ സേവനം അനുഷ്ഠിച്ച് പാനിപ്പത്ത് ആസ്ഥാനമാക്കി ഭരിച്ചിരുന്ന ബഹ് ലുല്‍ ലോദി ഡല്‍ഹി സിംഹാസനം പിടിച്ചടക്കാന്‍ സന്ദര്‍ഭം പാര്‍ത്തിരിക്കുകയായിരുന്നു. ജാന്‍പൂരിലെ മഹമൂദ്, മാള്‍വയിലെ മഹമൂദ് എന്നിവരും ഡല്‍ഹി സിംഹാസനത്തെ ആഗ്രഹിച്ചിരുന്നു. ബഹ് ലുല്‍ തന്ത്രപരമായി ഹമീദ്ഖാനെ വശത്താക്കി ഡല്‍ഹി സിംഹാസനം പിടിച്ചെടുത്തു. ഗംഗാനദിയുടെ കരയില്‍ ഖൈറാബാദ് മുതല്‍ ഹിമാലയന്‍ പ്രദേശം വരെയുള്ള ചെറിയ പ്രദേശത്തെ വരുമാനംകൊണ്ട് അലാവുദ്ദീന്‍ ജീവിച്ചു. 1451 ഏ. 19-ന് ബഹ് ലുല്‍ ലോദി ഡല്‍ഹി സുല്‍ത്താനായതോടുകൂടി സെയ്യിദ് വംശത്തിന്റെ 37 വര്‍ഷത്തെ ഭരണം അവസാനിച്ചു. 1476-ല്‍ അലാവുദ്ദീന്‍ അന്തരിച്ചു. നോ: സെയ്യിദ് വംശം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍