This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലാറിക്ക് I (370 - 410)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലാറിക്ക് I (370 - 410)

Alaric I

വിസിഗോത്തു വര്‍ഗക്കാരുടെ നേതാവും രാജാവും. യൂറോപ്പിലെ ഡാന്യൂബ് നദീമുഖത്തുള്ള ഒരു സമ്പന്നകുടുംബത്തില്‍ എ.ഡി. 370-ല്‍ ജനിച്ചു. അലാറിക്കിന്റെ ഗോത്രക്കാര്‍ ബാള്‍ക്കന്‍ പര്‍വതങ്ങള്‍ക്കും ഡാന്യൂബ് നദിക്കും ഇടയ്ക്കുള്ള മൊയ്സിയായില്‍ സ്ഥിരവാസമുറപ്പിച്ചു (382); വിസിഗോത്തുവര്‍ഗത്തിന്റെ തലവനായി തിരഞ്ഞെടുക്കപ്പെട്ട അലാറിക്ക് കോണ്‍സ്റ്റാന്റിനോപ്പിള്‍ ആക്രമിച്ചു. അന്ന് പശ്ചിമ റോമാസാമ്രാജ്യത്തിലെ ചക്രവര്‍ത്തി ഹൊണോറിയസും (ഭ.കാ. 395-408) പൗരസ്ത്യ റോമാസാമ്രാജ്യത്തിലെ ചക്രവര്‍ത്തി ആര്‍കേഡിയസും (ഭ. കാ. 395-408) ആയിരുന്നു. കോണ്‍സ്റ്റാന്റിനോപ്പിളില്‍ നിന്നും പിന്തിരിപ്പിക്കപ്പെട്ട അലാറിക്ക് മാസിഡോണിയയിലേക്കും ത്രെയ്യസിലേക്കും തിരിഞ്ഞു. പിന്നീട് ദക്ഷിണ ഗ്രീസില്‍ എത്തി. അവിടെയുള്ള പല നഗരങ്ങളും അലാറിക്ക് കൊള്ളയടിച്ചു നശിപ്പിച്ചു. ഫ്ളേവിയസ് സ്റ്റിലിക്കോയുടെ നേതൃത്വത്തിലുളള റോമന്‍സൈന്യവുമായി അലാറിക്കിനു യുദ്ധംചെയ്യേണ്ടിവന്നു. അവിടെനിന്നും എപ്പിറസില്‍ എത്തി ആ പ്രദേശം മുഴുവന്‍ ഇദ്ദേഹം കൊള്ളയടിച്ചു. പൗരസ്ത്യ റോമാചക്രവര്‍ത്തിയായിരുന്ന ആര്‍കേഡിയസ് അലാറിക്കിനെ ഇല്ലീറിയത്തിലെ (ആധുനിക യുഗോസ്ലാവിയ) 'മജിസ്റ്റര്‍ മിലിറ്റം' (സൈന്യാധിപന്‍) ആയി നിയമിച്ചു.

402-ല്‍ വിസിഗോത്തുകളെ സ്റ്റിലിക്കോയുടെ നേതൃത്വത്തിലുള്ള റോമന്‍സേന പരാജയപ്പെടുത്തി. യുദ്ധത്തില്‍ പരാജയപ്പെട്ട അലാറിക്കിനെ ഇറ്റലിയില്‍നിന്നു പുറത്തു കടക്കാന്‍ സ്റ്റിലിക്കോ അനുവദിച്ചു. അടുത്തവര്‍ഷം റോമന്‍സൈന്യത്തെ ആക്രമിച്ച അലാറിക്ക് വീണ്ടും പരാജിതനായി. വീണ്ടും ഇറ്റലിയില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ അലാറിക്കിനെ അനുവദിച്ചു. പശ്ചിമ റോമാസാമ്രാജ്യത്തിന്റെ സൈന്യാധിപനായിരുന്ന സ്റ്റിലിക്കോയും അലാറിക്കും പൌരസ്ത്യ റോമാസാമ്രാജ്യത്തിനെതിരായി പ്രവര്‍ത്തിച്ചു. റോമന്‍ സെനറ്റിനെക്കൊണ്ട് 8,500 കി. ഗ്രാം സ്വര്‍ണം അലാറിക്കിനു കൊടുപ്പിക്കുവാനുള്ള തീരുമാനവും എടുത്തു.

408-ല്‍ സ്റ്റിലിക്കോ വധിക്കപ്പെട്ടതോടെ ബാര്‍ബേറിയന്‍ വര്‍ഗക്കാര്‍ക്കെതിരായ ശക്തി റോമില്‍ അധികാരത്തിലെത്തി. ഒരു നല്ല വിഭാഗം റോമന്‍സേന അലാറിക്കിന്റെ പക്ഷത്തു ചേര്‍ന്നതോടെ അലാറിക്കിന്റെ സൈനികശക്തി ഗണ്യമായി വര്‍ധിച്ചു. അലാറിക്ക് റോമിനെതിരായി തിരിഞ്ഞു. റോമാനഗരം വളഞ്ഞ അലാറിക്കിന്റെ സേന ചില വ്യവസ്ഥകളില്‍ ഉപരോധം നീക്കി. എന്നാല്‍ വീണ്ടും അലാറിക്ക് റോമാനഗരം വളയുകയുണ്ടായി (എ. ഡി. 409). റോമന്‍ പൗരന്മാര്‍ കഠിനമായ ക്ഷാമത്തിനിരയായി. റോമില്‍ പ്രിസ്കസ് അത്താലസ് എന്ന ചക്രവര്‍ത്തി അധികാരത്തില്‍ വന്നു. ഇദ്ദേഹം അലാറിക്കിന് 'മജിസ്റ്റര്‍ യൂട്ര്യാസ്ക് മിലിഷ്യേ' (രണ്ടു സേനാവിഭാഗങ്ങളുടെയും അധിപന്‍) എന്ന പദവി നല്കി ബഹുമാനിച്ചു; എന്നാല്‍ ആഫ്രിക്ക കൈയടക്കാനുള്ള ശ്രമത്തില്‍നിന്നും പിന്തിരിപ്പിച്ചു. പിന്നീടുണ്ടായ സംഭവങ്ങളുടെ പരിണതഫലമായി അലാറിക്ക് മൂന്നാം പ്രാവശ്യം റോം ആക്രമിച്ചു (410). റോമാനഗരത്തിനുള്ളില്‍ കടന്ന അലാറിക്കിന്റെ സേന നഗരത്തിനു വളരെ നാശനഷ്ടങ്ങളുണ്ടാക്കി. അലാറിക്ക് റോമാചക്രവര്‍ത്തിയുടെ സഹോദരിയായ പ്ളാസിഡിയയെ തടവുകാരിയാക്കി കൊണ്ടുപോയി. അനന്തരം ആഫ്രിക്ക കീഴടക്കാനുള്ള ശ്രമത്തില്‍ അലാറിക്ക് ഏര്‍പ്പെട്ടു. അദ്ദേഹത്തിന്റെ കപ്പലുകള്‍ നശിച്ചതുകൊണ്ട് ആ ശ്രമം ഫലിച്ചില്ല. അനന്തരം അലാറിക്കും സേനയും ഉത്തരഭാഗത്തേക്കു യാത്രതിരിച്ചു. അലാറിക്ക് കോസന്‍സയില്‍ വച്ചു 410-ല്‍ നിര്യാതനായി. അവിടെയുള്ള നദീതീരത്ത് അലാറിക്കിനെ സംസ്കരിച്ചു; ശവശരീരത്തോടുകൂടി വളരെ അധികം ധനവും അടക്കംചെയ്തു. അനന്തരം സ്യാലനായ അറ്റോള്‍ഫസ് വിസിഗോത്തുകളുടെ നേതാവായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍