This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലന്‍, വുഡി (1935 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലന്‍, വുഡി (1935 - )

Allen,Woody


അമേരിക്കന്‍ സിനിമാസംവിധായകനും തിരക്കഥാകൃത്തും നടനും. ന്യൂയോര്‍ക്ക് നഗരത്തിലെ ഒരു ജൂതകുടുംബത്തില്‍ 1935 ഡി. 1-ന് ജനിച്ചു. ഓസ്ട്രിയന്‍ പാരമ്പര്യക്കാരായ മാര്‍ട്ടിന്‍ കോനിഗ്സ്ബര്‍ഗും നെറ്റി ചെറിയുമാണ് മാതാപിതാക്കള്‍. ഹിബ്രു സ്കൂളിലെ പഠനത്തിനുശേഷം പബ്ളിക് സ്കൂളിലും മിഡ്വുഡ് ഹൈസ്കൂളിലും പഠനം തുടര്‍ന്നു. വിദ്യാഭ്യാസകാലത്തുതന്നെ ധനസമ്പാദനത്തിനായി തമാശക്കുറിപ്പുകളെഴുതി പ്രസിദ്ധീകരണത്തിനു നല്കിയിരുന്നു. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ കമ്യൂണിക്കേഷനിലും ഫിലിമിലും പഠനം നടത്തി.

വുഡി അലന്‍

അലന്‍ ആദ്യമായി നിര്‍മിച്ച വാട്ട് ഈസ് ന്യൂ പുസ്സികാറ്റ്? 1965-ല്‍ പുറത്തുവന്നു. ഇതിന്റെ തിരക്കഥയും അല്ലന്റേതായിരുന്നു. അലന്റെ ആദ്യസംവിധാനത്തില്‍ രൂപംകൊണ്ട വാട്ട് ഈസ് അപ് ടൈഗര്‍ ലിലി? 1966-ല്‍ റിലീസായി. അലന്‍ അഭിനയിച്ച പ്ലേ ഇറ്റ് എഗയ് ന്‍, സാം 1972-ല്‍ പ്രദര്‍ശനമാരംഭിച്ചു. 1976-ല്‍ റിലീസായ ദ് ഫ്രണ്ട് എന്ന ചിത്രത്തിലും അലന്‍ മികച്ച അഭിനയം കാഴ്ചവച്ചു.

ആനീഹാള്‍, മന്‍ഹാട്ടണ്‍, ദ് പര്‍പ്പിള്‍ റോസ് ഒഫ് കയ്റോ, ഹന്നാ ആന്‍ഡ് ഹെര്‍ സിസ്റ്റേഴ്സ് മുതലായ ചിത്രങ്ങളുടെ വിജയത്തോടെ വുഡി അലന്‍ ഏറെ പ്രശസ്തനായി. ആധുനിക ക്ലാസ്സിക് ചിത്രമായി കരുതപ്പെടുന്ന ആനിഹാളിന് നാല് അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചു.

1980-കളില്‍ റിലീസായ സെപ്റ്റംബര്‍, സ്റ്റാര്‍ഡസ്റ്റ് മെമ്മറിസ് എന്നീ ചിത്രങ്ങളില്‍ ബെര്‍ഗ്മാന്റെയും ഫെല്ലിനിയുടെയും സ്വാധീനം പ്രകടമാണ്. 1992-ല്‍ റിലീസായ ഷാഡോസ് ആന്‍ഡ് ഫോഗ് എന്ന ചിത്രം ജര്‍മന്‍ എക്സ്പ്രഷനിസ്റ്റുകള്‍ക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. 1993-ല്‍ പൂര്‍ത്തിയാക്കിയ മന്‍ഹാട്ടണ്‍ മര്‍ഡര്‍ മിസ്റ്ററി ആകാംക്ഷാനിര്‍ഭരമായ ഒരു ഇരുണ്ട കോമഡിയാണ്. തുടര്‍ന്ന് എവ്റി വണ്‍ സേയ്സ് ഐ ലൗ യു (1966), മൈറ്റി അഫ്രോഡൈറ്റ്, സ്വീറ്റ് ആന്‍ഡ് ലോഡൗണ്‍ (1999) എന്നീ ചിത്രങ്ങളും പുറത്തുവന്നു.

2000-ത്തില്‍ റിലീസായ സ്മാള്‍ടൈം ക്രൂക്സ് എന്ന ചിത്രം അലന്റെ സംവിധാനശൈലിയില്‍ ഒരു മാറ്റം കുറിക്കുന്നു. ഈ ചിത്രം വമ്പിച്ച വിജയം നേടിയെങ്കിലും തുടര്‍ന്നുവന്ന ദ് കഴ്സ് ഒഫ് ദ ജെയ്ഡ് സ്കോര്‍പിയണ്‍, ഹോളിവുഡ് എന്‍ഡിങ്, എനിതിങ് എല്‍സ്, മെലിന്റ ആന്‍ഡ് മെലിന്റ എന്നീ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ പരാജയപ്പെടുകയാണുണ്ടായത്. 2005-ല്‍ റിലീസായ മാച്ച് പോയിന്റ് അലനെ വീണ്ടും പ്രശസ്തനാക്കി. അക്കാദമി അവാര്‍ഡിനുള്ള നോമിനേഷന്‍ ഈ ചിത്രത്തിനു ലഭിച്ചു. 2006-ല്‍ റിലീസ് ചെയ്ത സ്കൂപ്പ് എന്ന ചിത്രത്തിനു സമ്മിശ്രപ്രതികരണമാണു ലഭിച്ചത്.

ഏറ്റവും നല്ല സംവിധായകനും തിരക്കഥാകൃത്തിനുമുള്ള അനേകം അവാര്‍ഡുകള്‍ അലനു ലഭിച്ചിട്ടുണ്ട്. തിരക്കഥയ്ക്ക് പതിനാല് അക്കാദമി അവാര്‍ഡ് നോമിനേഷനുകളാണ് ലഭിച്ചത്. സംവിധായകനുള്ള അരഡസനോളം നോമിനേഷനുകളും ലഭിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍