This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലന്‍ബി, എഡ്മന്‍ഡ് ഹെന്‍റി ഹിന്‍മാന്‍ (1861 - 1936)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലന്‍ബി, എഡ്മന്‍ഡ് ഹെന്‍റി ഹിന്‍മാന്‍ (1861 - 1936)

Allenby,Edmund Henry Hynman

​എഡ്മന്‍ഡ് ഹെന്‍റി ഹിന്‍മാന്‍ അലന്‍ബി

ബ്രിട്ടീഷ് സൈനിക മേധാവി. 1861 ഏ. 23-ന് നോട്ടിങാംഷയറിലെ സൗത്ത് വെല്ലിനടുത്തുള്ള ബ്രാക്കന്‍ഹേഴ്സ്റ്റില്‍ ജനിച്ചു. ഹെയിലിബറിയിലും സാന്‍ഡ് ഹേഴ്സ്റ്റിലെ റോയല്‍ മിലിട്ടറി കോളജിലും വിദ്യാഭ്യാസം നടത്തി. തുടര്‍ന്ന് സൈനികസേവനത്തിനായി ഇന്നിസ്കില്ലിങ് ഡ്രാഗൂണ്‍സില്‍ 1882-ല്‍ ചേര്‍ന്നു. ബച്വാനലാന്‍ഡ് (1884-85), സുലുലാന്‍ഡ് (1888) യുദ്ധങ്ങളിലും, സൗത്ത് ആഫ്രിക്കന്‍യുദ്ധ(1899-1902)ത്തിലും സജീവമായി പങ്കുവഹിച്ചു. 1902 മുതല്‍ 1905 വരെ അഞ്ചാം റോയല്‍ ഐറിഷ് ലാന്‍സേഴ്സിന്റെ കമാണ്ടറായിരുന്നു. 1910-ല്‍ നാലാം അശ്വാരൂഢ (Cavalry) ബ്രിഗേഡിന്റെ ഇന്‍സ്പെക്ടായ അലന്‍ബി 1914 വരെ ആ സ്ഥാനം വഹിച്ചു. ഒരു അശ്വസൈന്യവിഭാഗത്തിന്റെ കമാന്‍ഡറായി ഒന്നാം ലോകയുദ്ധത്തില്‍ പങ്കെടുത്തു. മൂന്നാം സൈന്യവിഭാഗത്തിന്റെ കമാന്‍ഡ് എന്ന നിലയില്‍ 1915 ഒ. മുതല്‍ 1917 ജൂണ്‍ വരെ നടന്ന സോം-ആറാസ് യുദ്ധങ്ങളില്‍ പങ്കെടുത്ത് വിശ്വപ്രശസ്തി നേടി. പലസ്തീനില്‍നിന്നും തുര്‍ക്കികളെ ബഹിഷ്കരിക്കാന്‍ ഈജിപ്ഷ്യന്‍ സൈന്യത്തിന്റെ തലവനായി 1917-ല്‍ നിയമിതനായി. അതിശക്തമായ എതിര്‍പ്പിനെ അതിജീവിച്ച്, തന്ത്രപരമായ നീക്കംമൂലം ജാഫ പിടിച്ചെടുക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. 1917 ഡി. 12-ന് ഇദ്ദേഹം ജറുസലേം കീഴടക്കുകയും മെഡിറ്ററേനിയന്‍ തീരത്തുനിന്നു തുര്‍ക്കികളെ പിന്നോട്ടു തുരത്തുകയും ചെയ്തു. 1918 സെപ്. 19 മുതല്‍ 22 വരെ നടന്ന മെഗിഡോ യുദ്ധത്തില്‍ ഇദ്ദേഹം തുര്‍ക്കികളെ നിശ്ശേഷം പരാജയപ്പെടുത്തി; ഒ. 1-നു ദമാസ്കസും 4-നു അലെപ്പോയും കീഴടക്കി. ഈ യുദ്ധങ്ങള്‍മൂലം തുര്‍ക്കിയില്‍നിന്നും സിറിയയും പലസ്തീനും സ്വതന്ത്രമായി. ആ വിജയങ്ങളെത്തുടര്‍ന്ന് അലന്‍ബിയെ ഫീല്‍ഡുമാര്‍ഷല്‍ പദവിയിലേക്ക് ഉയര്‍ത്തി. 1919-ല്‍ ഇദ്ദേഹം ഈജിപ്തിലെ ഹൈക്കമ്മിഷണറായി നിയമിതനായി. 1925 വരെ ആ പദവിയിലിരുന്നശേഷം പൊതുജീവിതത്തില്‍നിന്നു വിരമിച്ചു. 1936 മേയ് 14-നു ലണ്ടനില്‍വച്ച് അലന്‍ബി അന്തരിച്ചു. ഇദ്ദേഹത്തിന്റെ കീഴില്‍ സേവനം നടത്തിയിരുന്ന ജനറല്‍ ആര്‍ച്ചിബാള്‍ഡ് പി. വേവല്‍ അലന്‍ബിയുടെ സൈനികജീവിതത്തെ ആസ്പദമാക്കി രണ്ടു ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍