This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലന്‍ദേ, സാല്‍വദോര്‍ (1908 - 73)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലന്‍ദേ, സാല്‍വദോര്‍ (1908 - 73)

Allende,Salvador

ചിലിയിലെ ആദ്യത്തെ സോഷ്യലിസ്റ്റ് പ്രസിഡന്റ്.1970-ല്‍ ചിലിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സാല്‍വദോര്‍ അലന്‍ദേ(സ്പാനിഷില്‍ അയന്‍ദേ) അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ.യുടെ പിന്തുണയോടെ സൈന്യത്തിലെ വലതുപക്ഷ വിഭാഗം 1973-ല്‍ നടത്തിയ പ്രതിവിപ്ലവത്തില്‍ കൊല്ലപ്പെടുകയാണുണ്ടായത്.

സാല്‍വദോര്‍ അലന്‍ദേ കാസ്റ്റ്രോയുടെയും ലോറഗോസന്‍സിന്റെയും മകനായി 1908 ജൂല. 26-ന് ചിലിയിലെ വല്‍പറൈസോയില്‍ ജനിച്ചു. സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം 16-ാം വയസ്സില്‍ സൈനിക സേവനത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് ചിലി സര്‍വകലാശാലയില്‍നിന്ന് 1933-ല്‍ വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടി. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ സജീവമായി പങ്കെടുത്ത അലന്‍ദേ, മെഡിക്കല്‍ സെന്ററിലെ സ്റ്റുഡന്റ് ഫെഡറേഷന്റെ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. വിദ്യാര്‍ഥി പ്രക്ഷോ ഭങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ 1932-ല്‍ അലന്‍ദേ അറസ്റ്റ് ചെയ്യപ്പെട്ടു.

സാല്‍വദോര്‍ അലന്‍ദേ

ജയില്‍ മോചിതനായ അലന്‍ദേ യൂജിനിയോമെറ്റൊ, മര്‍മഡ്യൂക്ക് ഗ്രോവ്, ഓസ്കാര്‍-ഷ്നേക് എന്നിവരുമായി ചേര്‍ന്ന് 'സോഷ്യലിസ്റ്റു പാര്‍ട്ടി ഒഫ് ചിലി'ക്കു രൂപംനല്‍കി. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായും ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1937-ല്‍ ജനപ്രതിനിധിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അലന്‍ദേയെ 'പോപ്പുലര്‍ ഫ്രണ്ട്' മന്ത്രിസഭയില്‍ ആരോഗ്യവകുപ്പുമന്ത്രിയായി നിയമിച്ചു. ഈ കാലയളവില്‍ ഇദ്ദേഹം രചിച്ചതാണ് ദ് സോഷ്യല്‍ ആന്‍ഡ് മെഡിക്കല്‍ റിയാലിറ്റി ഒഫ് ചിലി എന്ന കൃതി. 1945, 1953, 1961, 1969 വര്‍ഷങ്ങളില്‍ ചിലിയന്‍ സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1968-ലും 1969-ലും സെനറ്റ് അധ്യക്ഷനായിരുന്നു. 1952, 1958, 1964 വര്‍ഷങ്ങളില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും വിജയിക്കുകയുണ്ടായില്ല. അലന്‍ദേയുടെ പ്രഖ്യാപിത സോഷ്യലിസ്റ്റാശയങ്ങളും ക്യൂബന്‍ പ്രസിഡന്റായ ഫിഡല്‍ കാസ്ട്രോയുമായുള്ള ഗാഢസൗഹൃദവും, ഇദ്ദേഹത്തെ യു.എസ്സിനു അനഭിമതനാക്കിയിരുന്നു. ചിലി ഒരു കമ്യൂണിസ്റ്റ് രാജ്യമാക്കുകയും സോവിയറ്റ് ചേരിയില്‍ ചേരുകയും ചെയ്യുമോ എന്ന ആശങ്ക അമേരിക്കന്‍ ഭരണാധികാരികള്‍ക്കുണ്ടായിരുന്നു. എന്നാല്‍ 1956-ല്‍ ഹംഗറിയിലെയും 1968-ല്‍ ചെക്കോസ്ലോവാക്യയിലെയും ജനാധിപത്യപ്രക്ഷോഭങ്ങള്‍ക്കു നേരെ മുന്‍ സോവിയറ്റ് യൂണിയന്‍ നടത്തിയ സൈനിക അധിനിവേശത്തെ പരസ്യമായി അപലപിക്കാന്‍ അലന്‍ദേ മടിച്ചില്ല. ഇത് സോവിയറ്റ് യൂണിയന്റെ അപ്രീതിയ്ക്കിടയാക്കി. അതേസമയം, അലന്‍ദേ അധികാരത്തിലെത്തിയാല്‍ അത് ചിലിയില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ടി., അനക്കോണ്ട, കെന്നിക്കോട്ട് തുടങ്ങിയ വന്‍കിട അമേരിക്കന്‍ കോര്‍പ്പറേഷനുകളുടെ താത്പര്യങ്ങള്‍ക്ക് ഹാനികരമായിരിക്കുമെന്ന് മനസ്സിലാക്കിയ പ്രസിഡന്റ് നിക്സന്‍ അദ്ദേഹത്തെ പരാജയപ്പെടുത്താനുള്ള പദ്ധതികളും ആവിഷ്കരിച്ചു. പക്ഷേ, യു.എസ്സിന്റെയും ചിലിയിലെ വലതുപക്ഷത്തിന്റെയും കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ട് 1970 സെപ്. 4-ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അലന്‍ദേ വിജയിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് ചിലിയന്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥി നൊബേല്‍ ജേതാവായ കവി പാബ്ലോനെരൂദയായിരുന്നു. നെരൂദയുടെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചുകൊണ്ട്, കമ്യൂണിസ്റ്റുപാര്‍ട്ടി അലന്‍ദേയുടെ നേതൃത്വത്തിലുള്ള "പോപ്പുലര്‍ യൂണിറ്റി എന്ന ഇടതു-ജനാധിപത്യ സഖ്യത്തിന് പിന്തുണ നല്‍കി. ചിലിയന്‍ കോണ്‍ഗ്രസ്സില്‍ ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളും അലന്‍ദേയെ പിന്തുണയ്ക്കുകയുണ്ടായി. പ്രത്യുപകാരമെന്നോണം ചിലിയുടെ നിലവിലുള്ള ഭരണഘടന സംരക്ഷിക്കുമെന്ന ഒരു കരാറില്‍ ഒപ്പുവയ്ക്കാന്‍ അലന്‍ദേ തയ്യാറായി. 1970 ന. 3-ന് അലന്‍ദേ ഔദ്യോഗികമായി ചിലിയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു.

അധികാരമേറ്റെടുത്തതിനുശേഷം അലന്‍ദേ, 'സോഷ്യലിസത്തിലേക്കുള്ള ചിലിയന്‍ പാത' എന്ന നവീനാശയത്തിന് രൂപം നല്‍കി. സോവിയറ്റ് യൂണിയനിലെയും ചൈനയിലെയും പൂര്‍വയൂറോപ്യന്‍ രാജ്യങ്ങളിലെയും സോഷ്യലിസ്റ്റ് പരീക്ഷണങ്ങളുടെ ജയ-പരാജയങ്ങള്‍ സൂക്ഷ്മമായി അപഗ്രഥനം ചെയ്ത അലന്‍ദേ, പാര്‍ലമെന്ററി ജനാധിപത്യ സംവിധാനം ഉപയോഗിച്ചുകൊണ്ട് എങ്ങനെ സോഷ്യലിസ്റ്റു നയങ്ങള്‍ നടപ്പാക്കാമെന്ന പരീക്ഷണത്തിലാണ് ഏര്‍പ്പെട്ടത്. അലന്‍ദേ പ്രസിഡന്റാവുമ്പോള്‍, ചിലിയന്‍ സമ്പദ്ഘടനയുടെ നിര്‍ണായകമേഖലകളായ ചെമ്പു ഖനികളും ബാങ്കുകളും നിയന്ത്രിച്ചിരുന്നത് യു.എസ്. ബഹുരാഷ്ട്ര കമ്പനികളായിരുന്നു. കാര്‍ഷികമേഖലയില്‍ നിലനിന്നത് ഫ്യൂഡല്‍ ബന്ധങ്ങളും.

ഖനികളും ബാങ്കിങ് വ്യവസായവും ദേശസാത്കരിച്ച അലന്‍ദേ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വിപ്ളവകരമായ ഭൂപരിഷ്കരണ നയങ്ങള്‍ ആവിഷ്കരിച്ചുകൊണ്ട് വന്‍കിട ഭൂവുടമകളുടെ ഭൂമി പിടിച്ചെടുക്കുകയും ഭൂരഹിത കര്‍ഷകര്‍ക്ക് പുനര്‍വിതരണം നടത്തുകയും ചെയ്തു. ഭരണത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ സമ്പദ്ഘടനയില്‍ ഗണ്യമായ പുരോഗതി ഉണ്ടായെങ്കിലും അത് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല.

സമ്പദ്ഘടനയില്‍ വന്‍തോതിലുള്ള വിലക്കയറ്റവും അവശ്യസാധനങ്ങളുടെ ദൌര്‍ലഭ്യവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്, അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വിദേശ ഗവണ്‍മെന്റുകളില്‍ നിന്നും വാങ്ങിയ കടങ്ങള്‍ തിരിച്ചടയ്ക്കില്ലെന്ന്, അലന്‍ദേയ്ക്ക് പ്രഖ്യാപിക്കേണ്ടിവന്നു. തുടര്‍ന്ന് സാധനവില മരവിപ്പിക്കുകയും ശമ്പളം ഉയര്‍ത്തുകയും ചെയ്തു.

1971-ല്‍ ക്യൂബയുമായുള്ള നയതന്ത്രബന്ധങ്ങള്‍ പുനഃസ്ഥാപിച്ചു. ചിലി നേരത്തെ അംഗമായിരുന്ന 'ഓര്‍ഗനൈസേഷന്‍ ഒഫ് അമേരിക്കന്‍ സ്റ്റേറ്റ്സ് കണ്‍വന്‍ഷ'ന്റെ തീരുമാനത്തിനു വിരുദ്ധമായിരുന്നു ഇത്. അംഗരാജ്യങ്ങള്‍ ക്യൂബയുമായി നയതന്ത്രബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതിനെ ഈ കരാര്‍ വിലക്കിയിരുന്നു. തുടര്‍ന്ന് ക്യൂബന്‍ പ്രസിഡന്റായ ഫിഡല്‍ കാസ്ട്രോ ഒരു മാസം നീണ്ടുനിന്ന ചിലിയന്‍ സന്ദര്‍ശനം നടത്തി.

1972 ഒക്ടോബറില്‍ ട്രക്കുടമകളുടെ പണിമുടക്കിനെത്തുടര്‍ന്ന് സൈനികത്തലവനായ ജനറല്‍ കാര്‍ലോസ് പ്രാറ്റ്സിനെ ആഭ്യന്തരമന്ത്രിയായി നിയമിക്കാന്‍ അലന്‍ദേ നിര്‍ബന്ധിതനായി. 1973 ജൂണ്‍ 9-ന് ഒരു 'ടാങ്ക് റെജിമെന്റ്' അലന്‍ദേയ്ക്കെതിരെ നടത്തിയ സൈനിക അട്ടിമറി പരാജയപ്പെട്ടു. തുടര്‍ന്ന് ജനറല്‍ കാര്‍ലോസ് പ്രാറ്റ്സിനെ പ്രതിരോധമന്ത്രിയായി നിയമിച്ചു. ഇത് സൈന്യത്തില്‍ വമ്പിച്ച പ്രതിഷേധത്തിനിടയാക്കുകയും പ്രാറ്റ്സിനു മന്ത്രിസ്ഥാനവും കമാന്‍ഡന്‍-ഇന്‍-ചീഫ് പദവിയും രാജിവയ്ക്കേണ്ടി വരുകയും ചെയ്തു. തുടര്‍ന്ന് ജനറല്‍ അഗസ്റ്റോ പിനോഷെയെ കമാന്‍ഡര്‍-ഇന്‍-ചീഫ് ആയി നിയമിച്ചു.

1973 ആഗ.-ല്‍ ചിലിയന്‍ സുപ്രീം കോടതി അലന്‍ദേ ഗവണ്‍മെന്റിനെ പരസ്യമായി വിമര്‍ശിക്കുകയും ഭരണഘടനാപരമായ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സൈനിക മന്ത്രിമാരോട് ആഹ്വാനം ചെയ്യുകയും ചെയ്തു. നിയമവാഴ്ചയെ ധിക്കരിക്കുന്നു. അഭിപ്രായസ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നു, സ്വകാര്യ സ്വത്ത് ദേശവത്കരിക്കുന്നു തുടങ്ങിയ വിമര്‍ശനങ്ങള്‍ അലന്‍ദേയ്ക്കെതിരെ ഉന്നയിക്കപ്പെട്ടു. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനുവേണ്ടി ജനഹിത പരിശോധന നടത്തുമെന്നു അലന്‍ദേ പ്രഖ്യാപിക്കുകയും ഇത് ജനങ്ങളെ അറിയിക്കാന്‍ 1973 സെപ്. 12-ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ സെപ്. 11-ന് ജനറല്‍ അഗസ്റ്റോപിനോഷെയുടെ നേതൃത്വത്തില്‍ നടത്തിയ സൈനിക അട്ടിമറിയില്‍ അലന്‍ദേ വധിക്കപ്പെട്ടു.

അലന്‍ദേയുടെ വധത്തില്‍ അമേരിക്കന്‍ ഗവണ്‍മെന്റിനും സി.ഐ.എയ്ക്കുമുള്ള പങ്ക് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തു വന്നിട്ടുണ്ട്. 1973 ആഗ. 22-ന് ചേര്‍ന്ന അമേരിക്കന്‍ കോണ്‍ഗ്രസ് അലന്‍ദേയെ സ്ഥാനഭ്രഷ്ടനാക്കാന്‍ ചിലിയന്‍ പട്ടാളത്തോട് ആഹ്വാനം ചെയ്യുന്ന പ്രമേയം പാസ്സാക്കിയിരുന്നു. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹെന്‍റി കിസ്സിഞ്ജര്‍ തന്നെ, സൈനിക അട്ടിമറിയെ 'സഹായിച്ചു' എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍