This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലക്സിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലക്സിസ്

Alexis

1. റഷ്യന്‍ ചക്രവര്‍ത്തി. ആദ്യത്തെ റൊമാനോഫ് ചക്രവര്‍ത്തിയായ മിഖയേല്‍ ഫിയോഡൊറോവിച്ചി (1596-1645) ന്റെയും യുഡോക്സിയയുടെയും പുത്രനായി അലക്സിസ് മിഖയിലോവിച്ച് 1629 മാ. 20-ന് മോസ്കോയില്‍ ജനിച്ചു. ബോറിസ് ഇവാനോവിച്ച് മൊറോസോഫിന്റെ ശിക്ഷണത്തില്‍ വിദ്യാഭ്യാസം നേടി; 16-ാമത്തെ വയസ്സില്‍ റഷ്യന്‍ ചക്രവര്‍ത്തിയായി. അപ്പോഴേക്കും സാര്‍ ചക്രവര്‍ത്തിയുടെ സഹോദരി അന്നയുടെ ഭര്‍ത്താവും കൂടിയായിത്തീര്‍ന്ന മൊറോസോഫായിരുന്നു യഥാര്‍ഥ ഭരണം നടത്തിയിരുന്നത്. വിദേശവണിക്കുകളുമായുള്ള മമത, ഉപ്പുനികുതി വര്‍ധിപ്പിക്കാനുള്ള നീക്കം എന്നിവമൂലം മൊറോസോഫിനെതിരായി 1648-ല്‍ മോസ്കോയില്‍ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. കലാപകാരികളുടെ പല ആവശ്യങ്ങളും അലക്സിസിന് അംഗീകരിച്ചുകൊടുക്കേണ്ടിവന്നു. മൊറോസോഫിനെ നാടുകടത്തേണ്ടതായും വന്നു. ഒരു ഭൂസമിതി ('Zemski sobor') വിളിച്ചുകൂട്ടി (1649). അലക്സിസ് പുതിയ ഒരു നിയമസംഹിത ('Ulozhenie') റഷ്യയില്‍ നടപ്പിലാക്കി. അക്കാലത്ത് ഭരണസാരഥ്യം വഹിച്ചത് എസ്. ഒഡോവ്സ്കി, നിക്കോണ്‍, എ.എല്‍. ഓര്‍ഡിന്‍-നഷ്ചോക്കിന്‍, എ.എസ്. മത്വിഫ് എന്നിവരാണ്. 1654 മേയില്‍ റഷ്യ പോളണ്ടുമായി യുദ്ധത്തിലേര്‍പ്പെട്ടു. അന്‍ഡ്രുസ്സോവൊ സന്ധിയനുസരിച്ച് (1667 ജനു.) ഈ യുദ്ധം അവസാനിക്കുകയും, സ്മോളന്‍സ്ക്, കീവ്, നീപ്പര്‍ നദിയുടെ പൂര്‍വഭാഗം എന്നിവ റഷ്യക്കു ലഭിക്കുകയും ചെയ്തു.

അലക്സിസ്

മതഗ്രന്ഥങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും നവീകരിക്കാന്‍ മുന്‍കൈയെടുത്തതാണ് അലക്സിസിന്റെ നേട്ടം. നിയമനിര്‍മാണപരമായ പല പ്രവര്‍ത്തനങ്ങളിലും ഇദ്ദേഹം ശ്രദ്ധപതിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ചില കലാപങ്ങള്‍ കിഴക്കന്‍ അതിര്‍ത്തിയിലുണ്ടായി. ഉദാരശീലനും ജനപ്രിയനുമായിരുന്നു അലക്സിസ് എന്ന് അക്കാലത്തെ രേഖകള്‍ സൂചിപ്പിക്കുന്നു. മതാനുഷ്ഠാനങ്ങളില്‍ അതീവ ശ്രദ്ധാലുവായിരുന്നതിനാല്‍ ഇദ്ദേഹത്തെ ചില സമകാലികര്‍ 'കൊച്ചുസന്ന്യാസി' (Little monk) എന്നു വിളിച്ചിരുന്നു. മരിയ ഇലി നിഷ്നമിലൊസ്ളവസ്കയയായിരുന്നു അലക്സിസിന്റെ പ്രഥമ പത്നി. രണ്ടാമത്തെ പത്നിയായ നതാലിയ കിരില്ലോവ്ന നരിഷ്കിനയില്‍ ജനിച്ച പുത്രനാണ് മഹാനായ പീറ്റര്‍ ചക്രവര്‍ത്തി (അന്യത്ര). 31 വര്‍ഷം റഷ്യ ഭരിച്ച അലക്സിസ് ചക്രവര്‍ത്തി 1676 ഫെ. 8-ന് മോസ്കോയില്‍ അന്തരിച്ചു. വിദ്യാസമ്പന്നനായിരുന്ന ചക്രവര്‍ത്തി കവിതകള്‍ രചിക്കുകയും തന്റെ കാലത്തെക്കുറിച്ചുള്ള ചരിത്രം രചിക്കാന്‍ ആരംഭിക്കുകയും ചെയ്തിരുന്നു. നോ: റഷ്യ-ചരിത്രം

2. പീറ്റര്‍ ചക്രവര്‍ത്തിയുടെ പുത്രന്‍, മാതാവ് യുഡോക്സിയ ലോപുഖിനയായിരുന്നു. 1690 ഫെ. 28-ന് അലക്സിസ് പെട്രോവിച്ച് ജനിച്ചു. രണ്ടുകുട്ടികളുടെ പ്രസവശേഷം യുഡോക്സിയയെ പീറ്റര്‍ ചക്രവര്‍ത്തി ഉപേക്ഷിച്ചതിനാല്‍ അലക്സിസിനു ബാല്യത്തില്‍ പിതൃലാളനം ഏല്ക്കാന്‍ കഴിഞ്ഞില്ല. ഹെന്റിച്ച് ഫൊണ്‍ ഹൈസന്റെ കീഴിലാണ് ഇദ്ദേഹത്തിന് ശിക്ഷണം ലഭിച്ചത്. നോര്‍തേണ്‍ യുദ്ധകാലത്ത് 1704-ല്‍ നോര്‍വെ ഉപരോധത്തില്‍ അലക്സിസും പങ്കെടുത്തു. യുദ്ധകാര്യങ്ങളില്‍ അലക്സിസിനു വലിയ താത്പര്യമില്ലായിരുന്നു. തന്റെ ഇച്ഛാനുസാരം നടന്നില്ലെങ്കില്‍ അലക്സിസിനു രാജ്യാവകാശം നല്കുകയില്ലെന്നു പീറ്റര്‍ ചക്രവര്‍ത്തി പ്രഖ്യാപിച്ചു. 1708-ല്‍ അലക്സിസ് സ്മൊളാന്‍സ്കില്‍ ഒരു പുതിയ സൈന്യത്തെ സംഘടിപ്പിച്ച്, സ്വീഡന്‍കാരുടെ ആക്രണത്തെ ചെറുക്കാന്‍ നിയോഗിക്കപ്പെട്ടു. 1709-ല്‍ ഡ്രെസ്ഡെനിലെത്തി അവിടെവച്ച് ഫ്രഞ്ചു-ജര്‍മന്‍ ഭാഷകളിലും ഗണിതശാസ്ത്രത്തിലും ഇദ്ദേഹം പ്രാവീണ്യം നേടി. കോട്ടകൊത്തളങ്ങള്‍ സജ്ജീകരിക്കുന്ന രീതിയില്‍ അറിവു നേടാന്‍കൂടി ഇദ്ദേഹം ഈ അവസരം ഉപയോഗിച്ചു. 1711 ഒ. 14-ന് ബ്രണ്‍സ്വിക്ക് വുള്‍ഫന്‍ബുട്ടലിലെ രാജകുമാരി സോഫിയ ഷാര്‍ലറ്റിനെ വിവാഹം ചെയ്തു. യുദ്ധത്തില്‍ പങ്കെടുക്കാതെ അലക്സിസ് മദ്യപാനത്തില്‍ ആസക്തനായിത്തീര്‍ന്നു. അലക്സിസിന്റെ പുത്രനായ പീറ്റര്‍ II ജനിച്ച് പത്തുദിവസം കഴിഞ്ഞപ്പോള്‍ ഷാര്‍ലറ്റ് രാജകുമാരി അന്തരിച്ചു (1715). തുടര്‍ന്ന് പീറ്റര്‍ ചക്രവര്‍ത്തി പുത്രനെതിരെ കര്‍ക്കശമായ നടപടികളെടുക്കാന്‍ തുടങ്ങി. സന്ന്യാസിയാകാന്‍ തന്നെ അനുവദിക്കണമെന്നു അഭ്യര്‍ഥിച്ചുകൊണ്ടൊരു കത്ത് അലക്സിസ് 1716-ല്‍ പിതാവിനയച്ചു. എന്നിട്ടും പീറ്റര്‍ നിരാശനാവാതെ, രാജ്യകാര്യങ്ങളില്‍ പുത്രനെ ഭാഗഭാക്കാകുവാന്‍ പ്രേരിപ്പിച്ചുതുടങ്ങി. ഉടനെ വന്നു തന്നോടുചേര്‍ന്നു സൈന്യത്തെ നയിക്കാനായി പീറ്റര്‍ കത്തയച്ചു. ഇതിനെ ഭയന്ന അലക്സിസ് വിയന്നയിലെത്തി സ്യാലനായ ചക്രവര്‍ത്തി ചാള്‍സ് IVനെ അഭയം പ്രാപിച്ചു. പീറ്റര്‍ ചക്രവര്‍ത്തിയുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയം തോന്നിയതിനാല്‍ ചാള്‍സ് വേണ്ട കരുതല്‍ നടപടികള്‍ അലക്സിസിനു ചെയ്തുകൊടുത്തു. ഈ യാത്രയ്ക്കിടയിലെല്ലാം തന്റെ വെപ്പാട്ടിയായ അഫ്രോസിനയെ കൊണ്ടുപോകാനും അലക്സിസ് മറന്നില്ല. അലക്സിസിന്റെ പലായനം പീറ്റര്‍ ചക്രവര്‍ത്തിയെ കൂടുതല്‍ കുപിതനാക്കി. തന്ത്രപൂര്‍വം കൌണ്ട് പീറ്റര്‍ ടോള്‍സ്റ്റോയിയെ അയച്ച് പീറ്റര്‍, പുത്രനെ തിരിച്ച് നാട്ടില്‍ വരുത്തി. 1718 ഫെ. 11-ന് മോസ്കോയില്‍ എത്തിയ അലക്സിസിനെ 'കുമ്പസാരം' നടത്തി ചക്രവര്‍ത്തിസ്ഥാനം വേണ്ടെന്നു സമ്മതിപ്പിച്ചു. അലക്സിസിന്റെ എല്ലാ ബന്ധുക്കളെയും (മാതാവായ യുഡോക്സിയ ഉള്‍പ്പെടെ) വകവരുത്താന്‍ പീറ്റര്‍ ചക്രവര്‍ത്തി തീരുമാനിച്ചു. പുത്രന്റെ പേരില്‍ ചില ആരോപണങ്ങള്‍ ഉന്നയിച്ചു വിചാരണ എന്ന പ്രഹസനം നടത്തി കുറ്റവാളിയാക്കാനായിരുന്നു പീറ്ററിന്റെ ശ്രമം. മര്‍ദനങ്ങളേറ്റ അലക്സിസ് സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ ഒരു കാവല്‍പ്പുരയില്‍ വച്ച് 1718 ജൂല. 7-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍