This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലക്സാണ്ട്രിയന്‍ ദര്‍ശനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലക്സാണ്ട്രിയന്‍ ദര്‍ശനം

Alexandrian philosophy

ഈജിപ്തിലെ അലക്സാണ്ട്രിയാ നഗരത്തെ കേന്ദ്രീകരിച്ചു വളര്‍ന്നുവന്ന തത്ത്വചിന്താസരണി. പ്ലേറ്റോയ്ക്കും അരിസ്റ്റോട്ടലിനും ശേഷം ഗ്രീക്കുദര്‍ശനം പ്രധാനമായും ദൈവശാസ്ത്രസംബന്ധമായ വഴിക്കാണു നീങ്ങിയത്. അതിന്റെ തുടക്കമാണ് അലക്സാണ്ട്രിയന്‍ ദര്‍ശനം. ജൂതചരിത്രത്തിന്റെ വിവിധ കാലഘട്ടങ്ങളില്‍ ഉയര്‍ന്നുവന്നിട്ടുള്ള തത്ത്വദര്‍ശനങ്ങളുടെയും വിശ്വാസപ്രമാണങ്ങളുടെയും സമഞ്ജസസമന്വയം ഇതില്‍ കാണാം. ഈ കാലഘട്ടത്തിലെ ചിന്തകന്മാരുടെ മൌലിക പ്രശ്നങ്ങള്‍ വിശ്വാസവും യുക്തിയും എന്നീ രണ്ടു വാക്കുകളില്‍ സമാഹരിക്കപ്പെട്ടിരിക്കുന്നു. ബി.സി. രണ്ടാം ശ.-ത്തില്‍ ബൈബിളിലെ ആശയങ്ങള്‍ക്കും സ്റ്റോയിക്-പ്ലേറ്റോണിയന്‍ തത്ത്വചിന്തകള്‍ക്കും പ്രാമാണ്യം കൊടുത്തുകൊണ്ടുള്ള ഒരു ചിന്താപ്രസ്ഥാനം ഉടലെടുത്തു. അങ്ങനെ പൗരസ്ത്യ-പാശ്ചാത്യ ചിന്താഗതികള്‍ അലക്സാണ്ട്രിയയില്‍ സമ്മിളിതമായി. ഈശ്വരനില്‍നിന്നും അകന്നുപോയെന്ന വിചാരവും കുറച്ചുകൂടി ഉന്നതമായ വെളിപാടിനുവേണ്ടിയുള്ള ആവേശവും മൂലം യൗഗികദര്‍ശനത്തിലേക്ക് ഒരു ചായ്വ് ഇവിടെ പ്രകടമായി കാണാന്‍ സാധിക്കുന്നു.

ഈ പ്രസ്ഥാനത്തിന്റെ ആരംഭം മിക്കവാറും അവ്യക്തതയില്‍ ആണ്ടുകിടക്കയാണ്. സെപ്റ്റ്വാജിന്റില്‍ (പഴയ നിയമത്തിന്റെ ഗ്രീക്കുതര്‍ജുമ, ബി.സി. 280) ഇതിന്റെ നേരിയ ഛായയുണ്ടെന്ന് ഒരു അഭിപ്രായമുണ്ട്. പക്ഷേ, സാധാരണയായി അരിസ്റ്റോബുലസ് മുതലാണ് (ബി.സി. 160) ഈ ചിന്താഗതി ആരംഭിക്കുന്നതായി കരുതപ്പെടുന്നത്. ഈ ദര്‍ശനപദ്ധതിയുടെ സ്ഥാപകന്‍ ഹൈറോക്ലിസ് ആണെന്നും പറയുന്നു. ചില ചിന്തകന്മാര്‍ ഇതിന്റെ തുടക്കം യൂഡോറസ്സിലും (ബി.സി. ഒന്നാം ശ.) ആന്റിയോക്കസ്സിലും കാണുന്നുണ്ട്. അമ്മോണിയസ് സാക്കസ്, ഒലിമ്പിയോഡോറസ് എലിയാസ്, ഡേവിഡ് മുതലായവര്‍ ഈ പ്രസ്ഥാനത്തിന്റെ ആദ്യഘട്ടത്തെ പ്രതിനിധാനം ചെയ്യുന്ന ചിന്തകന്മാരായിരുന്നു.

അലക്സാണ്ട്രിയന്‍ തത്ത്വശാസ്ത്രം ഉള്‍ക്കൊള്ളുന്ന സ്റ്റോയിക്- പ്ലേറ്റോണിക ചിന്താധാരകള്‍ക്കു ഫിലോപോണസ് (ബി.സി. 30) പൂര്‍ണരൂപം നല്കി. ഗ്രീക് ആശയങ്ങള്‍ സ്വീകരിച്ചുകൊണ്ട് വ്യാഖ്യാനങ്ങളിലും ദൃഷ്ടാന്തങ്ങളിലും കൂടി ജൂതധര്‍മഗ്രന്ഥങ്ങളെ നീതീകരിക്കുകയായിരുന്നു ഫിലോയുടെ ഉദ്ദേശ്യം. വിശ്വാസത്തില്‍ കൂടി മാത്രമേ സത്യത്തെക്കുറിച്ചുള്ള അന്വേഷണം സഫലമാകു എന്നു ഫിലോ വാദിച്ചു; ദൈവം വാച്യാതീതവും അനുഭവൈകവേദ്യവുമാണ്; ദൈവത്തിന്റെ അസ്തിത്വം അസന്ദിഗ്ധമാണ്; പക്ഷേ ദൈവത്തിന്റെ രൂപം എന്തെന്നറിയാന്‍ കഴിയുകയില്ല. വിശ്വസിക്കാന്‍ മാത്രമേ സാധിക്കുകയുള്ളു. അതുകൊണ്ടു ദൈവത്തിനും മനുഷ്യനും ഇടയ്ക്ക് ഒരു വ്യാഖ്യാതാവിന്റെ ആവശ്യമുണ്ട്. അതാണ് 'ലോഗോസ്' (Logos)അതായത് അവതാരമെടുത്ത ദൈവവചനം. ലോഗോസ് ഒരു ദൈവികതത്ത്വമല്ല, ദൈവത്തിന്റെ ആദ്യസൃഷ്ടി മാത്രം. പ്രപഞ്ചത്തിന്റെ രീതിയെ അതു പ്രതിഫലിപ്പിക്കുന്നു. വചനമാണ് ദൈവത്തിന്റെ ചിന്ത. ഇതു രണ്ടു ഭാവങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു; ഒന്ന് ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിന്ത; രണ്ട് ചിന്തയുടെ സാക്ഷാത്കരണം. സത്യാന്വേഷണം ദൈവജ്ഞാനത്തില്‍ സമ്പൂര്‍ണത നേടുന്നു. ഈ സമ്പൂര്‍ണതയെ മുകളില്‍നിന്നുളവാകുന്ന ദിവ്യാനുഭൂതിയോടു സാമ്യപ്പെടുത്താം. ഈ വസ്തുതയാണ് ഫിലോയുടെ 'പ്രകാശധാരാസിദ്ധാന്ത'ത്തില്‍ ഉള്‍ക്കൊണ്ടിരുന്നത്.

തത്ത്വശാസ്ത്രപരമായി നോക്കിയാല്‍ അലക്സാണ്ട്രിയന്‍ ദര്‍ശനം നവ-പ്ലേറ്റോണിസം (Neo-Platonism) ആണ്. അമ്മോണിയസ് സാക്കസ് (എ.ഡി. 200) ഈ പദ്ധതിയുടെ സ്ഥാപകനെന്നു പൊതുവേ കരുതപ്പെട്ടുപോരുന്നു. നവ-പ്ലേറ്റോണികവാദത്തിന്റെ പ്രധാനപ്രതിനിധിയും പ്രവാചകനും പ്ലോട്ടിനസ് ആയിരുന്നു. ഈ ചിന്താഗതിയുമായി ബന്ധപ്പെട്ട മറ്റു ചിന്തകന്മാരാണ് പോര്‍ഫിറി, ഇയാംബ്ലിക്കസ്, ഓറിഗന്‍, ഇറാനിയസ്, ലോഞ്ജിനസ് മുതലായവര്‍.

എണിയഡ്സ് (Enneads) എന്ന ഗ്രന്ഥത്തില്‍ക്കൂടി പ്ലോട്ടിനസ് പ്ലേറ്റോണിക് ചിന്തയുടെ പല വശങ്ങളും വിശദീകരിക്കയും പരിശോധിക്കയും ചെയ്യുന്നു. പ്ലേറ്റോയുടെ നിഗൂഢവും ധര്‍മശാസ്ത്രപരവുമായ ആശയങ്ങളെ തിരഞ്ഞെടുത്തു കോര്‍ത്തിണക്കി ഒരു തത്ത്വസംഹിത കെട്ടിപ്പടുക്കുക എന്നതായിരുന്നു പ്ളോട്ടിനസ്സിന്റെ ഉദ്ദേശ്യം. ഭൗതികലോകത്തിലേക്കുള്ള ആത്മാവിന്റെ പതനം, സംസാരചക്രത്തില്‍നിന്നും ആത്മാവിനു കിട്ടിയേക്കാവുന്ന മോചനം, ദിവ്യാനുഭൂതിയില്‍ക്കൂടി മൂലകാരണവുമായുള്ള സംയോഗം, ആത്മാവിനു ശരീരവുമായുള്ള വൈരുധ്യം, ഭൗതിക ലോകത്തുനിന്നും ഉയര്‍ന്ന മണ്ഡലത്തിലേക്കുള്ള ആത്മാവിന്റെ പ്രയാണം, മോക്ഷം എന്നീ വിഷയങ്ങളാണ് പ്ളോട്ടിനസ്സിനെ കൂടുതല്‍ ആകര്‍ഷിച്ചത്. സത്ത, അസൃഷ്ടവും അനശ്വരവും അചഞ്ചലവും നിശ്ചേഷ്ടവും അഭേദ്യവും അതുകൊണ്ടു വ്യാപ്തിവിഹീനവും ശുദ്ധവും ഏകവുമാണ്. സത്തയെ പ്ലോട്ടിനസ് വെളിച്ചം പരത്തിക്കൊണ്ടിരിക്കുന്ന വിളക്കിനോടു സാദൃശ്യപ്പെടുത്തിയിരിക്കുന്നു. വിളക്കിന്റെ വെളിച്ചം ദൂരത്തേക്കു വ്യാപിക്കുംതോറും മങ്ങിമങ്ങി ഇരുട്ടില്‍ ലയിക്കുന്നു. ഈ ഇരുളാണ് ഭൌതികദ്രവ്യം. എല്ലാ അനിഷ്ടങ്ങള്‍ക്കും കാരണം ദ്രവ്യമാണ്. അതുകൊണ്ട് ഈ ഭൌതികലോകത്തുനിന്നും രക്ഷ നേടുകയാണ് ജീവിതലക്ഷ്യം.

(പ്രൊഫ. കെ.ജി.കെ. പണിക്കര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍