This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലക്സാണ്ട്രിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലക്സാണ്ട്രിയ

Alexandria

ഈജിപ്തിലെ മുഖ്യതുറമുഖവും രണ്ടാമത്തെ പ്രധാന നഗരവും. മഹാനായ അലക്സാണ്ടറാണ് ഈ നഗരം സ്ഥാപിച്ചത്. മുന്‍കാലത്ത് ഈ പട്ടണം ഈജിപ്തിന്റെ തലസ്ഥാനമായിരുന്നിട്ടുണ്ട്. 31° 12' വ., 29°54' കി. കെയ്റോയ്ക്ക് 208 കി.മീ. വ. പടിഞ്ഞാറായി മെഡിറ്ററേനിയന്‍ കടലിനും മാര്യുത് തടാകത്തിനും ഇടയ്ക്കുള്ള മുനമ്പിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. നൈല്‍ നദീഡെല്‍റ്റയുടെ ഒരു കോണിലാണ് ഈ ഭൂഭാഗം. ഫാരോസ് ദ്വീപിനെ വന്‍കരയുമായി ബന്ധിക്കുവാന്‍ മുന്‍കാലത്തു കൃത്രിമമായി നിര്‍മിച്ച മണല്‍ത്തിട്ട് എക്കലടിഞ്ഞു നികന്ന് ഏതാണ്ട് ഒരു കി.മീ. വീതിയിലുള്ള ഒരു പൊഴിയായിത്തീര്‍ന്നാണ് ഇന്നത്തെ T ആകൃതിയിലുള്ള മുനമ്പുണ്ടായിരിക്കുന്നത്. നൈല്‍നദി ഒഴുക്കിക്കൊണ്ടുവരുന്ന എക്കലിന്റെ ബാധയില്‍നിന്നും ഇപ്പോള്‍ ഇവിടം സുരക്ഷിതമാണ്. മുനമ്പിന്റെ ഇരുവശത്തും തുറമുഖ സൗകര്യമുണ്ട്. ഇവയില്‍ കി. വശം പാറക്കെട്ടുകള്‍ നിറഞ്ഞ്, ആഴം കുറഞ്ഞ കടലാണ്; കടല്‍ക്ഷോഭങ്ങളില്‍നിന്നും ഇവിടം മുക്തവുമല്ല. ഈ ഭാഗം പ്രധാനമായും ഒരു മത്സ്യബന്ധനകേന്ദ്രമാണ്. പ. വശത്തുള്ള നൈസര്‍ഗികതുറമുഖമാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഈ ഭാഗത്തെ ഉള്‍ക്കടല്‍ ഏതാണ്ടു മധ്യഭാഗത്തുള്ള ഒരു വരമ്പുമൂലം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. തന്മൂലം തുറമുഖത്തിന് ഒന്നിനുളളില്‍ മറ്റൊന്നായി രണ്ടു കപ്പല്‍ സങ്കേതങ്ങളുണ്ട്. T ആകൃതിയിലുള്ള മുനമ്പിന്റെ പടിഞ്ഞാറേ അറ്റം റാസ്അല്‍ദീന്‍ എന്ന് അറിയപ്പെടുന്നു. ഇവിടെ 55 മീ. ഉയരമുള്ള ഒരു കൂറ്റന്‍ ദീപസ്തംഭമുണ്ട്. കിഴക്കേ അറ്റമാണ് ഇപ്പോള്‍ ഫാരോസ് എന്നു വിളിക്കപ്പെടുന്നത്. നഗരത്തിന്റെ വിസ്തീര്‍ണം 264 ച.കി.മീ. ആണ്. ജനസംഖ്യ: 35,00,000.

അലക്സാണ്ട്രിയുടെ ഒരു വ്യോമദ്യശ്യം

പരുത്തി കയറ്റുമതിക്കു പ്രസിദ്ധമായ അലക്സാണ്ട്രിയയിലൂടെയാണ് ഈജിപ്തിലെ വിദേശവ്യാപാരത്തിന്റെ 80 ശ.മാ.വും നടക്കുന്നത്. പഞ്ഞികടച്ചില്‍, തുണിനെയ്ത്ത്, കടലാസ് നിര്‍മാണം തുടങ്ങി നിരവധി വ്യവസായങ്ങളുടെ കേന്ദ്രമാണ് ഈ നഗരം. ഇവിടത്തെ ജലവിതരണം സാധിക്കുന്നതിനു നൈല്‍നദിയില്‍നിന്നും വെട്ടിയിട്ടുള്ള മഹ്‍മൂദിയാ തോടിലൂടെ ഗണ്യമായ ഗതാഗതം നടന്നുവരുന്നു. 1820-ല്‍ വെട്ടിത്തീര്‍ത്ത ഈ ജലമാര്‍ഗത്തിലൂടെ പ്രതിവര്‍ഷം 10 ലക്ഷം ടണ്‍ ചരക്കു നീങ്ങുന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു. അലക്സാണ്ട്രിയാ സര്‍വകലാശാലയുടെ (1943) ആസ്ഥാനമായ ഈ നഗരം 1952 വരെ ഈജിപ്തിന്റെ ഗ്രീഷ്മകാല തലസ്ഥാനമായിരുന്നു.

ചരിത്രം. അതിപ്രാചീന നഗരമായ റക്കോട്ടീസിനു സമീപമായാണ് അലക്സാണ്ടര്‍ അലക്സാണ്ട്രിയ നഗരം സ്ഥാപിച്ചത് (ബി.സി. 332). ഇതിനെ ഈജിപ്തിലെ ഗ്രീക്കു സംസ്കാരകേന്ദ്രവും നാവികസങ്കേതവും ആക്കീത്തീര്‍ക്കുകയായിരുന്നു അലക്സാണ്ടറുടെ ലക്ഷ്യം. നഗരത്തിലേക്കു രണ്ടാമതൊരിക്കല്‍ ചെന്നെത്താന്‍ അലക്സാണ്ടര്‍ക്കു സാധിച്ചില്ലെങ്കിലും ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ അവിടെയാണു സംസ്കരിക്കപ്പെട്ടത്. അലക്സാണ്ടറുടെ പ്രതിപുരുഷനായ ക്ലിയോമിനസ് അലക്സാണ്ട്രിയ നഗരത്തിന്റെ വികസനത്തില്‍ ശ്രദ്ധിച്ചു. ചുരുങ്ങിയ സമയംകൊണ്ട് ഈ നഗരം വിശ്വപ്രശസ്തിയാര്‍ജിച്ചു. ടോളമികളുടെ കൊട്ടാരങ്ങളും സീസര്‍മാരുടെ ക്ഷേത്രങ്ങളുമായിരുന്നു അന്നത്തെ ഹര്‍മ്യങ്ങള്‍. അതിനുസമീപം സ്ഥാപിതമായിരുന്ന സ്തൂപങ്ങള്‍ പില്ക്കാലത്ത് 'ക്ലിയോപാട്രയുടെ സൂചികള്‍' (Celopatra's needles) എന്നറിയപ്പെട്ടു. പോമ്പിയുടെ സ്തംഭവും അവിടെ കാണാം.

ഈ നഗരം ഗ്രീക്ക് സെമിറ്റിക് സംസ്കാരങ്ങളുടെ കേന്ദ്രമായിരുന്നു. ടോളമി IIന്റെ നിര്‍ദേശാനുസരണം ബൈബിള്‍ പഴയനിയമത്തിന്റെ ഗ്രീക്കു പരിഭാഷ നിര്‍വഹിക്കപ്പെട്ടത് ഈ നഗരത്തില്‍ വച്ചായിരുന്നു. ടോളമി I സ്ഥാപിച്ച പ്രസിദ്ധമായ അലക്സാണ്ട്രിയന്‍ ഗ്രന്ഥശാല പില്ക്കാലത്ത് നാമാവശേഷമായി. ഈ ഗ്രന്ഥശാലയില്‍ 4 ലക്ഷം കൈയെഴുത്തു ഗ്രന്ഥങ്ങള്‍ ഉണ്ടായിരുന്നു. ജൂലിയസ് സീസറും (ബി.സി. 100-44) ക്ലിയോപാട്രയും (ബി.സി. 69-30) ഒത്തുള്ള ജീവിതം ഈ പട്ടണത്തില്‍ വച്ചായിരുന്നു; മാര്‍ക്ക് ആന്റണി (ബി.സി. 83-30)യും ക്ലിയോപാട്രയെ ഈ നഗരത്തില്‍വച്ചു കണ്ടുമുട്ടി. അഗസ്റ്റസ് സീസറിന്റെ കാലത്തു (ബി.സി. 63-എ.ഡി. 14) മൂന്ന് ലക്ഷം പൗരന്മാരും അനവധി അടിമകളും ഈ നഗരത്തില്‍ വസിച്ചിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ബി.സി. 215-ല്‍ മാര്‍ക്കസ് ഔറേലിയസ് അന്റോണിനസ് ഈ നഗരം സന്ദര്‍ശിച്ചു. തന്നെ പരിഹസിച്ച് കവിതയെഴുതിയതിനു പ്രതികാരമായി ഇദ്ദേഹം നഗരത്തില്‍ കൂട്ടക്കൊല നടത്തിയതായി രേഖകളുണ്ട്.

കാലാന്തരത്തില്‍ ഈ നഗരം ഒരു വലിയ ക്രൈസ്തവകേന്ദ്രമായിത്തീര്‍ന്നു. വിശുദ്ധ മര്‍ക്കോസ് ഈ നഗരം സന്ദര്‍ശിച്ച് നഗരവാസികളെ ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യിച്ചെന്നു വിശ്വസിക്കപ്പെടുന്നു. എ.ഡി. മൂന്നാം ശതകത്തില്‍ ഈ നഗരത്തിന്റെ പ്രാധാന്യം കുറഞ്ഞു. 616-ല്‍ പേര്‍ഷ്യന്‍ രാജാവായ ഖുസ്രോ II ഈ നഗരം കീഴടക്കി. 646-ല്‍ അറബി സൈന്യാധിപനായ അമര്‍ ഇബ്‍നു അല്‍ ആസ് അറബികള്‍ക്കുവേണ്ടി ഈ നഗരം പിടിച്ചെടുത്തു.

പ്രാചീനകാലം മുതല്‍ക്കേ യൂറോപ്പും ഇന്ത്യ തുടങ്ങിയ പൗരസ്ത്യദേശങ്ങളുമായുള്ള വ്യാപാരവാണിജ്യബന്ധങ്ങളില്‍ അലക്സാണ്ട്രിയ മര്‍മപ്രധാനമായ ഒരു പങ്കു വഹിച്ചുപോന്നു. കെയ്റോ നഗരം ഉയര്‍ന്നുവന്നതിന്റെയും (969) ഗുഡ്ഹോപ്പ് മുനമ്പു ചുറ്റി ഒരു നാവികമാര്‍ഗം കണ്ടുപിടിക്കപ്പെട്ടതിന്റെയും ഫലമായി അലക്സാണ്ട്രിയയുടെ വാണിജ്യപ്രാധാന്യം പില്ക്കാലത്ത് ക്ഷയിക്കാന്‍ തുടങ്ങി. നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് അലക്സാണ്ട്രിയ ആക്രമിച്ചതോടെയാണ് (1798) ഈ നഗരം പിന്നീട് ജനശ്രദ്ധയാകര്‍ഷിച്ചത്. 1801-ല്‍ സര്‍ റാള്‍ഫ് ആബര്‍ക്രോംബി ഈ നഗരം ഫ്രഞ്ചുകാരില്‍ നിന്നു പിടിച്ചെടുത്തു.

ആധുനികനഗരം. 19-ാം ശ.-ത്തില്‍ അലക്സാണ്ട്രിയയിലെ ജനസംഖ്യ 4,000 ആയിരുന്നു. മുഹമ്മദ് അലി ഈ നഗരം വികസിപ്പിക്കുന്നതില്‍ ശ്രദ്ധിച്ചു. 1855-ല്‍ കെയ്റോ നഗരവുമായി അലക്സാണ്ട്രിയയെ റെയില്‍വേ മുഖേന ബന്ധിപ്പിച്ചു. സെയ്ദ്പാഷാ മരിക്കുന്നതു (1863) വരെ ഈ നഗരമായിരുന്നു യഥാര്‍ഥത്തില്‍ ഈജിപ്തിന്റെ തലസ്ഥാനം. പിന്നീട് അധികാരത്തിലെത്തിയ ഇസ്മായില്‍ പാഷ കെയ്റോ നഗരവിപുലീകരണത്തില്‍ ശ്രദ്ധിച്ചു. അറബിപാഷ(അന്യത്ര)യുടെ നേതൃത്വത്തില്‍ നടന്ന വിപ്ലവത്തില്‍ അനേകം യൂറോപ്യന്മാര്‍ വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഈ നഗരവും ഈജിപ്തും ബ്രിട്ടീഷ് നിയന്ത്രണത്തിലായി. ഒന്നും രണ്ടും ലോകയുദ്ധകാലത്ത് അലക്സാണ്ട്രിയ ഒരു നാവികകേന്ദ്രമായിരുന്നു. തന്മൂലം ഈ നഗരത്തില്‍ ജര്‍മന്‍കാര്‍ ബോംബു വര്‍ഷിച്ചു. 1940-ല്‍ ബ്രിട്ടീഷുകാര്‍ ഈ നഗരത്തില്‍നിന്നു ഒഴിഞ്ഞുപോയി.

പുരാവസ്തുപ്രാധാന്യം. ടോളമി ഒന്നാമന്റെ കാലത്ത് (ബി.സി. 367-283) പണിയാരംഭിച്ച് 120 മീ. പൊക്കത്തില്‍ പടുത്തുയര്‍ത്തിയിരുന്ന അലക്സാണ്ട്രിയയിലെ കൂറ്റന്‍ ദീപസ്തംഭം സപ്തമഹാദ്ഭുതങ്ങളില്‍ ഒന്നായി ഗണിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഇതിന്റെ അവശിഷ്ടങ്ങള്‍ മാത്രമേ കാണാനുള്ളൂ. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ദീപസ്തംഭങ്ങളെല്ലാം തന്നെ ഇതിനെ അനുകരിച്ചു നിര്‍മിക്കപ്പെട്ടവയാണെന്നാണ് വിശ്വാസം.

അലക്സാണ്ട്രിയയിലെ കടല്‍ത്തീരസ്നാനഘട്ടം:സ്റ്റാന്‍ലി ബേ ബീച്ച്

അലക്സാണ്ട്രിയാനഗരത്തിലെ പ്രാചീന സ്മാരകങ്ങളില്‍ പോംപിസ്തംഭം, ഗുഹാശ്മശാനങ്ങള്‍ (catacombs), സെറാപിയം അല്‍മൊണ്ടാസം, റാസ്അല്‍ദീന്‍, രാജകീയ കൊട്ടാരങ്ങള്‍, കോം അല്‍ദികായിലെയും കോം അല്‍ഷികാഫായിലെയും മണ്‍കോട്ടകള്‍ എന്നിവ ഉള്‍പ്പെടുന്നു.

ഈ പേരിലുള്ള മറ്റു പട്ടണങ്ങള്‍. അലക്സാണ്ടര്‍ ബി.സി. 334-322 കാലത്ത് നടത്തിയ ആക്രമണങ്ങള്‍ക്കിടയില്‍ അലക്സാണ്ട്രിയ എന്ന പേരില്‍ പല നഗരങ്ങളും സ്ഥാപിതമായിട്ടുണ്ട്. ഇവയില്‍ പ്രാധാന്യമര്‍ഹിക്കുന്ന മറ്റു നഗരങ്ങള്‍ താഴെ പറയുന്നവയാണ്:

ഡാര്‍ഡനല്‍സ് കടല്‍ത്തീരത്ത് പ്രാചീന ട്രോയ് നഗരത്തിന്റെ സ്ഥാനത്ത് ബി.സി. 334-ല്‍ അലക്സാണ്ട്രിയ ട്രോവാസ് സ്ഥാപിതമായി. ഇസെസ് യുദ്ധത്തിനുശേഷം (ബി. സി. 333) ദക്ഷിണ തുര്‍ക്കിയില്‍ സ്ഥാപിതമായതാണ്, സിലീഷ്യയിലെ അലക്സാണ്ട്രിയ. ആര്‍ബേല യുദ്ധാനന്തരം ബി.സി. 331-ല്‍ ഉത്തര ഇറാക്കില്‍ അലക്സാണ്ട്രിയ എന്ന പേരില്‍ മറ്റൊരു നഗരം സ്ഥാപിതമായി; ബി.സി. 330-ല്‍ അഫ്ഗാനിസ്താനിലെ ഹിറാത്ത് നഗരത്തിനു സമീപം സ്ഥാപിതമായതാണ് ആരിയന്‍ അലക്സാണ്ട്രിയ; 330-ല്‍ അഫ്ഗാനിസ്താനിലെ സീസ്താനില്‍ അലക്സാണ്ട്രിയ പ്രൊഫ്നേസിയ സ്ഥാപിതമായി; അഫ്ഗാനിസ്താനിലെ കാന്തഹാറിനു സമീപം ബി.സി. 330-329-ല്‍ അലക്സാണ്ട്രിയ അരക്കോഷിയം; കാബൂളിനു സമീപം ചാരേക്കാറില്‍ അലക്സാണ്ട്രിയ കാക്കസസ് (ബി.സി. 329), താജിക്സ്ഥാനില്‍ ലെനിനാബാദിനു സമീപമുള്ള അലക്സാണ്ട്രിയ എസ്ചേത്ത് (ബി.സി. 329), ആധുനിക ദുഷാന്‍ബേക്കിനു സമീപമുള്ള ഓക്സസിലെ അലക്സാണ്ട്രിയ, തുര്‍ക്കിസ്താനിലെ മെര്‍വ് എന്ന സ്ഥലത്തിനടുത്തുള്ള മാര്‍ജിയാനയിലെ അലക്സാണ്ട്രിയ (327), ഇന്ത്യയില്‍ ഝലം, ഛനാബ്, ബിയാസ് നദികളുടെ സംഗമസ്ഥാനത്ത് സ്ഥാപിതമായ അലക്സാണ്ട്രിയ (325), സിന്ധുതീരത്തുള്ള സോഗ്ദിയിലെ അലക്സാണ്ട്രിയ (325), ഇറാന്റെ തെ.ഭാഗത്തുള്ള കര്‍മാനിയായിലെ അലക്സാണ്ട്രിയ, പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ത്തീരത്തുള്ള അലക്സാണ്ട്രിയ (ബി.സി. 324) തുടങ്ങിയവയുടെ സ്ഥാപനം അലക്സാണ്ടറുമായി ബന്ധപ്പെട്ടിരിക്കുന്നു.

യു.എസ്സിലെ ലൂയീസിയാന സ്റ്റേറ്റിലും അലക്സാണ്ട്രിയ എന്ന പേരില്‍ ഒരു നഗരമുണ്ട്. അലക്സാണ്ടര്‍ ഫുള്‍ട്ടന്റെ പേരില്‍ നിന്നാണു നഗരത്തിന് ഈ പേര് ലഭിച്ചത്.

വെര്‍ജീനിയയില്‍ പോട്ടോമാക്ക് നദീതീരത്ത് വാഷിങ്ടണ്‍ നഗരത്തിനു സമീപം അലക്സാണ്ട്രിയ എന്ന പേരില്‍ മറ്റൊരു നഗരമുണ്ട്. ജോണ്‍ അലക്സാണ്ടറിന്റെ പേരില്‍നിന്നാണു നഗരത്തിനു ആ പേരു സിദ്ധിച്ചത്. യു.എസ്സിലെ ഏറ്റവും പഴക്കമുള്ള പത്രങ്ങളിലൊന്നായ അലക്സാണ്ട്രിയന്‍ ഗസറ്റ് 1784 മുതല്‍ പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങിയത് ഈ നഗരത്തില്‍ നിന്നാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍