This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലക്സാണ്ടേഴ്സണ്‍, ഏണ്‍സ്റ്റ് ഫ്രെഡറിക് വെര്‍ണര്‍ (1878 - 1975)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലക്സാണ്ടേഴ്സണ്‍, ഏണ്‍സ്റ്റ് ഫ്രെഡറിക് വെര്‍ണര്‍ (1878 - 1975)

Alexanderson,Ernst Frederik Werner

സ്വീഡിഷ്-അമേരിക്കന്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍. റേഡിയോ വാര്‍ത്താവിനിമയരംഗത്ത് ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങള്‍ മഹത്തായ പരിവര്‍ത്തനങ്ങള്‍ക്കു കാരണമായി. സ്വീഡനിലെ ഉപ്സലയില്‍ 1878 ജനു. 25-ന് ജനിച്ചു. സ്റ്റോക്ഹോമിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍നിന്ന് എന്‍ജിനീയറിങ്ങിലും ബെര്‍ലിനിലെ സാങ്കേതിക സര്‍വകലാശാലയില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങിലും ബിരുദമെടുത്ത് 1901-ല്‍ അമേരിക്കയിലേക്കുപോയി. 1902-ല്‍ സി.പി. സ്റ്റീല്‍മെറ്റ്സുമൊരുമിച്ച് ന്യൂയോര്‍ക്കിലെ ജനറല്‍ ഇലക്ട്രിക്കല്‍ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. ഈ കമ്പനിയില്‍ ഇദ്ദേഹത്തിന്റെ സേവനകാലം 45 വര്‍ഷം നീണ്ടുനിന്നു. ഈ കാലയളവില്‍ റെയില്‍വേ വ്യുൈതീകരണം, ടെലിഫോണ്‍ റിലെ, വൈദ്യുത കപ്പല്‍ നോദനം (ship propulsion), വൈദ്യുത മോട്ടോര്‍ നിയന്ത്രണം എന്നീ രംഗങ്ങളില്‍ വിലപ്പെട്ട പല നേട്ടങ്ങളും കൈവരിച്ചു. റേഡിയോ വാര്‍ത്താവിനിമയരംഗത്താവട്ടെ 'അലക്സാണ്ടേഴ്സണ്‍ ആള്‍ട്ടര്‍നേറ്ററും', ആന്റിനകളും, റേഡിയോ സ്വീകരണ പ്രക്ഷേപണസംവിധാനങ്ങളും ഇദ്ദേഹത്തിന്റെ മഹത്തായ കണ്ടുപിടിത്തങ്ങളാണ്. ഇദ്ദേഹം രൂപപ്പെടുത്തിയ ടെലിവിഷന്‍ സംവിധാനം പ്രയോജനപ്പെടുത്തി 1928 ജനു. 13-ന് ജനറല്‍ ഇലക്ട്രിക് കമ്പനിയിലെ 'അലക്സസ് ലാബില്‍' നിന്ന് ആദ്യമായി ഒരു ടെലിവിഷന്‍ ചിത്രം സംപ്രേഷണം ചെയ്യപ്പെട്ടു.

1920-ല്‍ അമേരിക്കന്‍ റേഡിയോ കോര്‍പ്പറേഷന്‍ രൂപവത്കൃതമായപ്പോള്‍ അതിന്റെ ചീഫ് എന്‍ജിനീയറെന്ന നിലയിലും കുറച്ചു വര്‍ഷം ഇദ്ദേഹം സേവനം അനുഷ്ഠിച്ചു. ചീഫ് എന്‍ജിനീയറായിരിക്കെ ശക്തമായ ഒട്ടനവധി അലക്സാണ്ടേഴ്സണ്‍ ആള്‍ട്ടര്‍നേറ്റര്‍ റേഡിയോ ട്രാന്‍സ്മിറ്ററുകള്‍ ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ സ്ഥാപിക്കുകയുണ്ടായി.

ശാസ്ത്രസാങ്കേതികരംഗത്തെ സംഭാവനകളെ അടിസ്ഥാനമാക്കി അനേകം മെഡലുകള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. വിലപ്പെട്ട സാങ്കേതികലേഖനങ്ങളുടെ കര്‍ത്താവും പേറ്റന്റു കള്‍ക്ക് അവകാശിയുമാണിദ്ദേഹം. 1975 മേയ് 14-ന് ഇദ്ദേഹം അന്തരിച്ചു. ദ്രുത-ആവൃത്തി ആര്‍ട്ടിനേറ്ററുടെ ഉപജ്ഞാതാവെന്ന നിലയില്‍ മരണാനന്തര ബഹുമതിയായി 1983-ല്‍ 'നാഷണല്‍ ഇന്‍വെന്റേഴ്സ് ഹാള്‍ ഒഫ് ഫെയിം' പദവി ഇദ്ദേഹത്തിനു നല്കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍