This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലക്സാണ്ടര്‍ മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത (1913 - 2000)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലക്സാണ്ടര്‍ മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത (1913 - 2000)

മലങ്കര മാര്‍ത്തോമ്മാ സഭയിലെ ഇടയശുശ്രൂഷകന്‍. സമര്‍പ്പിതനായ ക്രൈസ്തവ വിശ്വാസി, ദൈവശാസ്ത്രാന്വേഷകന്‍, ലളിത ജീവിതം നയിച്ച കര്‍മയോഗി, തികഞ്ഞ സാമൂഹിക അവബോധത്തോടെ ഒരു സഭയെ നയിച്ച ഇടയശ്രേഷ്ഠന്‍, ധൈഷണികനായ സഭാപിതാവ്, മതേതര മൂല്യങ്ങളെ പരിപോഷിപ്പിച്ച ദാര്‍ശനികന്‍, പ്രഭാഷകന്‍, ഗ്രന്ഥകാരന്‍ തുടങ്ങി വിവിധ നിലകളില്‍ സ്മരണീയനാണ് ഇദ്ദേഹം. ജനനം 1913 ഏ. 10-ന്. കുറിയന്നൂര്‍ മാളിയേക്കല്‍ ദിവ്യശ്രീ എം.സി. ജോര്‍ജ് കശീശയാണ് പിതാണ്. മാതാവ് മാരാമണ്‍ ആഞ്ഞിലിവേലില്‍ കുടുംബാംഗമായ ഏലിയാമ്മയും. ഔദ്യോഗികനാമം എം.ജി. ചാണ്ടിയെന്നായിരുന്നു. 10 വയസ്സുള്ളപ്പോള്‍ പിതാവ് മരിച്ചു. കുറിയന്നൂരിലും കോഴഞ്ചേരിയിലുമായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് ഫസ്റ്റ് ക്ലാസോടെ ഇന്റര്‍ മീഡിയറ്റ് പാസായി. തുടര്‍ന്ന് ആലുവ യു.സി. കോളജില്‍ ബി.എ. പഠിച്ചു. ഗണിതശാസ്ത്രമായിരുന്നു ഐച്ഛിക വിഷയം. ബെസ്റ്റ് സ്റ്റുഡന്റ് സ്കോളര്‍ഷിപ്പ് ഇദ്ദേഹത്തിനു ലഭിച്ചിരുന്നു.

അലക്സാണ്ടര്‍ മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത

കോട്ടയം സി.എം.എസ്. കോളജ് ഹൈസ്കൂളില്‍ ഗണിതശാസ്ത്ര അധ്യാപകനായി 1933-ല്‍ ഇദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. പന്ത്രണ്ട് വര്‍ഷത്തെ അധ്യാപകവൃത്തിക്കിടയില്‍ മദ്രാസിലെ (ചെന്നൈ) മെസ്റ്റന്‍ ട്രെയ്നിങ് കോളജില്‍നിന്ന് അധ്യാപക പരിശീലനം നേടി. ഡോ. ഏബ്രഹാം മാര്‍ത്തോമ്മാ മെത്രപ്പോലീത്താ തിരുമേനിയുമായുണ്ടായിരുന്ന കൂട്ടായ്മയിലൂടെ ഇദ്ദേഹം സഭാശുശ്രൂഷയിലേക്കു നയിക്കപ്പെട്ടു. 1945-ല്‍ ബാംഗ്ളൂര്‍ യുണൈറ്റഡ് തിയോളജിക്കല്‍ കോളജില്‍ ദൈവശാസ്ത്ര പഠനമാരംഭിച്ചു. 1945 ജനു. 5-ന് ഡോ. ഏബ്രഹാം മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയില്‍നിന്ന് ശെമ്മാശ് പട്ടവും, 1946 ജൂണ്‍ 7-ന് ഡോ. യൂഹാനോന്‍ മാര്‍ തിമോത്തിയോസ് തിരുമേനിയില്‍നിന്ന് കശീശാപട്ടവും സ്വീകരിച്ചു. തുടര്‍ന്ന്, ബാംഗ്ലൂര്‍ മാര്‍ത്തോമ്മാ ഇടവക വികാരിയായി നിയമിതനായി. പിന്നീട്, അമേരിക്കയിലെ യൂണിയന്‍ തിയോളജിക്കല്‍ സെമിനാരിയില്‍നിന്ന് എസ്.റ്റി.എം. ബിരുദം സമ്പാദിച്ചു. പ്ളെയിസ് ഫോര്‍ പേഴ്സണാലിറ്റി ഇന്‍ മാര്‍ക്സിസം എന്നതായിരുന്നു പ്രബന്ധം (1948). 1949 മുതല്‍ 1951 വരെ ഹാര്‍ട്ട്ഫോര്‍ഡ് സെമിനാരിയില്‍ ഗവേഷണം നടത്തി. 'ഭഗവദ്ഗീതയിലെ വിശ്വരൂപദര്‍ശന'മായിരുന്നു പ്രബന്ധ വിഷയം.

1951 സെപ്. മുതല്‍ 1952 ജൂണ്‍ വരെ മാങ്ങാനം സെന്റ് പീറ്റേഴ്സ് ഇടവകവികാരിയായിരുന്നു. 1952-ല്‍ തിരുവല്ല മാര്‍ത്തോമ്മാ കോളജിന്റെ പ്രഥമ പ്രിന്‍സിപ്പലായി നിയമിക്കപ്പെട്ടു. 1953 മേയ് 30-ന് റവ. വി. തോമസ്, റവ. ഫിലിപ്പ് ഉമ്മന്‍ എന്നിവരോടൊപ്പം റമ്പായും അതേവര്‍ഷം, മേയ് 23-ന് അലക്സാണ്ടര്‍ മാര്‍ തിയോഫിലസ് എന്ന പേരില്‍ എപ്പിസ്കോപ്പയായും വാഴിക്കപ്പെട്ടു. അഖില ലോക സഭാകൗണ്‍സിലിന്റെ (WCC) ഇവാന്‍സ്റ്റണ്‍ അസംബ്ളിയില്‍ (1954) മാര്‍ത്തോമ്മാസഭയെ പ്രതിനിധാനം ചെയ്തു. 1955 മുതല്‍ 1959 വരെ മിഷണറി ബിഷപ്പായിരുന്നു. പിന്നീട് 1959 ജൂല. മുതല്‍ ഒരു പതിറ്റാണ്ടുകാലം തെക്കന്‍ ഭദ്രാസനത്തിന്റെ എപ്പിസ്കോപ്പയായി സേവനമനുഷ്ഠിച്ചു. ഇക്കാലത്തു മാര്‍ത്തോമ്മാ സഭാസംഘടനകളായ യുവജനസഖ്യം, സന്‍ഡേസ്കൂള്‍ സമാജം, സുവിശേഷ പ്രസംഗസംഘം സന്നദ്ധ സുവിശേഷകസംഘം എന്നിവയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. ഡോ. യൂഹാനോന്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ അനാരോഗ്യം മൂലം 1974 ജനു.-ല്‍ തിയോഫിലസ് തിരുമേനി, സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്തയായി നിയമിതനായി. യൂഹാനോന്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ നിര്യാണത്തെത്തുടര്‍ന്ന്, 1976 ഒ. 23-ന് അലക്സാണ്ടര്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയായി. തുടര്‍ന്ന് 23 വര്‍ഷം സഭയുടെ പരമാധ്യക്ഷനായി ഇദ്ദേഹം പ്രവര്‍ത്തിച്ചു. സഭയ്ക്ക് വിവിധ മേഖലകളില്‍ പുത്തന്‍ ദിശാബോധം കൈവന്ന കാലമായിരുന്നു അത്. കാര്‍ഡ് (CARD-Christian Agency for Rural Development), സ്റ്റാര്‍ഡ് (STARD-South Travancore Agency for Rural Development), സ്ത്രീജന വികസന സമിതി (SVS) തുടങ്ങിയ പദ്ധതികള്‍ സഭയില്‍ ആരംഭിച്ചു. ദൈവകൃപയുടെ തണലില്‍ എന്ന ആത്മകഥാഗ്രന്ഥവും ദ് മാര്‍ത്തോമാ ചര്‍ച്ച് - ഹെറിറ്റേജ് ആന്‍ഡ് മിഷന്‍ എന്ന ഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1999 ഒ. 23-ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തെ ഒഫിഷ്യേറ്റിംഗ് മെത്രാപ്പോലീത്തയായി വാഴിച്ചു. അങ്ങനെ ഇദ്ദേഹം വലിയ മെത്രാപ്പോലീത്താ പദവിയിലേക്കു പ്രവേശിച്ചു.

2000 ജനു. 11-ന് ഇദ്ദേഹം അന്തരിച്ചു.

(ബാബു കോടംവേലില്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍