This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലക്സാണ്ടര്‍ പറമ്പിത്തറ (1900 - 89)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലക്സാണ്ടര്‍ പറമ്പിത്തറ (1900 - 89)

മുന്‍കേരള നിയമസഭാസ്പീക്കറും കോണ്‍ഗ്രസ് നേതാവും. എറണാകുളം ജില്ലയിലെ ഗോതുരുത്തിയില്‍, പി.സി. ജോണിന്റെയും മറിയത്തിന്റെയും പുത്രനായി 1900 ഫെ. 11-ന് ജനിച്ചു. എറണാകുളത്തുള്ള സെന്റ് ജോര്‍ജ്സ് സ്കൂള്‍, സെന്റ് ആല്‍ബര്‍ട്ട്സ് സ്കൂള്‍, എസ്.ആര്‍.വി.എച്ച്.എസ്. എന്നീ വിദ്യാലയങ്ങളില്‍ പഠിച്ചശേഷം മഹാരാജാസ് കോളജില്‍നിന്നും ഇന്റര്‍മീഡിയറ്റ് പരീക്ഷയും, തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്സ് കോളജില്‍ നിന്നും ചരിത്രം, ധനശാസ്ത്രം എന്നിവയില്‍ ബി.എ. (ഓണേഴ്സ്) പരീക്ഷയും പാസ്സായി. ലാ കോളജില്‍ ചേര്‍ന്നെങ്കിലും നിയമപഠനം പൂര്‍ത്തിയാക്കിയില്ല. 1926-ല്‍ പള്ളുരുത്തി സെന്റ് പീറ്റേഴ്സ് ഹൈസ്‍കൂളില്‍ ഹെഡ്‍മാസ്റ്ററായി ഇരിക്കവേ എല്‍.ടി. ബിരുദമെടുത്തു. ആദ്യഭാര്യയായ പാലാരിവട്ടത്ത് പള്ളത്തു വീട്ടില്‍ മേരി 1926-ല്‍ നിര്യാതയായി. ചെല്ലാനം ഇടവഴിക്കല്‍ റോസക്കുട്ടിയെ 1929-ല്‍ വിവാഹം ചെയ്തു. ഈ വിവാഹത്തില്‍ ഇദ്ദേഹത്തിന് ആറ് സന്താനങ്ങളുണ്ട്.

അലക്സാണ്ടര്‍ പറമ്പിത്തറ

വിദ്യാഭ്യാസകാലം മുതല്‍ ഇദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ സജീവപ്രവര്‍ത്തകനായിരുന്നു. കുറച്ചുകാലം വെസ്റ്റേണ്‍ സ്റ്റാര്‍ പത്രത്തിന്റെ പത്രാധിപസമിതി അംഗമായും പള്ളുരുത്തിയില്‍നിന്നും പ്രസിദ്ധീകരിച്ചിരുന്ന ലിറ്റില്‍ ഫ്ളവര്‍ മാസികയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ റിവ്യൂ, മോഡേണ്‍ റിവ്യൂ എന്നീ ഇംഗ്ലീഷ് പത്രങ്ങളിലും ഇദ്ദേഹം തുടര്‍ച്ചയായി എഴുതിയിരുന്നു.

കൊച്ചി പ്രജാമണ്ഡലത്തിന്റെ സജീവപ്രവര്‍ത്തകനായിരുന്ന അലക്സാണ്ടര്‍ 1935-ല്‍ പള്ളുരുത്തിയില്‍നിന്നും കൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1948-നുശേഷം പള്ളുരുത്തി, കണയന്നൂര്‍, എറണാകുളം എന്നീ നിയോജകമണ്ഡലങ്ങളെ പ്രതിനിധാനം ചെയ്ത് 1968 വരെ നിയമസഭാസാമാജികനായി സേവനം അനുഷ്ഠിച്ചു. 1961 മുതല്‍ 1964 വരെ കേരള നിയമസഭാ സ്പീക്കറായിരുന്നു.

1989 ജൂണ്‍ 10-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍