This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലക്സാണ്ടര്‍, പി.സി. (1921 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലക്സാണ്ടര്‍, പി.സി. (1921 - )

ഭരണതന്ത്രജ്ഞനും എഴുത്തുകാരനും. 1921 മാ. 20-ന് ആലപ്പുഴ ജില്ലയിലെ മാവേലിക്കരയില്‍ ജനിച്ചു. ജേക്കബ് ചെറിയാനും മറിയാമ്മ ചെറിയാനുമാണ് മാതാപിതാക്കള്‍. ട്രാവന്‍കൂര്‍ സര്‍വകലാശാലയിലും അണ്ണാമലൈ സര്‍വകലാശാലയിലും വിദ്യാഭ്യാസം നടത്തി. എം.എ ബിരുദവും ഗവേഷണത്തില്‍ എം.ലിറ്റ്. ഡി.ലിറ്റ് ബിരുദങ്ങളും നേടി. എല്‍.എല്‍.ബി ബിരുദവും നേടിയിട്ടുണ്ട്. 1948-ല്‍ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ പ്രവേശിച്ചു. 1958-59 കാലയളവില്‍ ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ബോര്‍ഡ് ഒഫ് ട്രെയ്ഡില്‍ അഫീല്‍ഡ് ഫൗണ്ടേഷന്‍ സ്കോളര്‍ഷിപ്പോടു കൂടി പരിശീലനം നേടി. 1960-61-ല്‍ ഫോഡ് ഫൌണ്ടേഷന്‍ ഫെല്ലോഷിപ്പോടുകൂടി അമേരിക്കയിലെ സ്റ്റാന്‍ഫോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണം നടത്തി. 1963-66 കാലയളവില്‍ ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭയില്‍ സീനിയര്‍ അഡ്വൈസര്‍ ആയിരുന്നു. 1970-74-ല്‍ ടെഹറാനിലെ യു.എന്‍. പ്രോജക്ടിന്റെ ചീഫായി നിയോഗിക്കപ്പെട്ടു. 1978-81 കാലയളവില്‍ ജനീവയിലെ യു.എന്‍. ഇന്റര്‍നാഷണല്‍ ട്രേഡ് സെന്ററിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു. പിന്നീട് മഹാരാഷ്ട്രയില്‍ പന്ത്രണ്ടു വര്‍ഷക്കാലം ഗവര്‍ണറായിരുന്നു.

1975-78 കാലയളവില്‍ മിനിസ്ട്രി ഒഫ് കോമേഴ്സില്‍ സെക്രട്ടറിയായും 1981-85 കാലത്ത് പ്രധാനമന്ത്രി(ഇന്ദിരാഗാന്ധി)യുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും, 1985-88-ല്‍ ഇംഗ്ളണ്ടിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറായും, 1988-90-ല്‍ തമിഴ്നാട് ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2002-ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസകാലത്തുതന്നെ ചര്‍ച്ചകളിലും പ്രഭാഷണങ്ങളിലും മറ്റും താത്പര്യം പ്രകടിപ്പിച്ചിരുന്ന അലക്സാണ്ടര്‍ അനേകം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനുപുറമേ ദ് ഡച്ച് ഇന്‍ മലബാര്‍ (1946), ബുദ്ധിസം ഇന്‍ കേരള (1949), ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്സ് ഇന്‍ ഇന്‍ഡ്യ (1962), മൈ ഇയേഴ്സ് വിത്ത് ഇന്ദിരാഗാന്ധി (1991), പെരില്‍സ് ഒഫ് ഡമോക്രസി (1995), ഇന്‍ഡ്യ ഇന്‍ ദ് ന്യൂ മില്ലനിയം (2001) എന്നീ ഗ്രന്ഥങ്ങളും ഇദ്ദേഹത്തിന്റെ സംഭാവനയാണ്. ത്രൂ ദ് കോറിഡോഴ്സ് ഒഫ് പവര്‍ എന്ന ഇദ്ദേഹത്തിന്റെ ആത്മകഥ ശ്രദ്ധേയമാണ്. അധികാരത്തിന്റെ ഇടനാഴികളിലൂടെ എന്ന പേരില്‍ ഈ ഗ്രന്ഥം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

ഏഷ്യയിലെയും യൂറോപ്പിലെയും ആഫ്രിക്കയിലെയും അനേകം രാജ്യങ്ങള്‍ സന്ദര്‍ശിച്ച അലക്സാണ്ടര്‍ പല ഡലിഗേഷനുകള്‍ക്കും നേതൃത്വം നല്കിയിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി ന്യൂയോര്‍ക്ക്, ജനീവ, ടെഹ്റാന്‍, ലണ്ടന്‍ എന്നിവിടങ്ങളില്‍ അനേകവര്‍ഷക്കാലം താമസിക്കുകയും ചെയ്തിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍