This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലക്സാണ്ടര്‍, ജെ.സി. (1915 - 85)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലക്സാണ്ടര്‍, ജെ.സി. (1915 - 85)

കേരളീയനായ വാസ്തുവിദ്യാവിദഗ്ധന്‍. ഇദ്ദേഹത്തിന്റെ പൂര്‍ണമായ പേര് ജോസഫ് ചന്ദ്ര അലക്സാണ്ടര്‍ എന്നാണ്. കേരളത്തിലെ ആദ്യത്തെ ടൗണ്‍ പ്ലാനര്‍ എന്ന ബഹുമതി ഇദ്ദേഹത്തിനുണ്ട്. മുന്‍ തിരുവിതാംകൂര്‍ നിയമസഭയിലെ അംഗമായിരുന്ന ജെ.എം. ജോസഫിന്റെ മകനായി 1915 ഫെ. 8-ന് നാഗര്‍കോവിലില്‍ ജനിച്ചു.

1939-ല്‍ മദ്രാസ് സര്‍വകലാശാലയില്‍നിന്നും എന്‍ജിനീയറിങ് പരീക്ഷ പ്രശസ്തമായ നിലയില്‍ പാസ്സായ അലക്സാണ്ടര്‍ 1940-ല്‍ ജൂനിയര്‍ എന്‍ജീനിയറായി മുന്‍ തിരുവിതാംകൂര്‍ സംസ്ഥാന പി.ഡബ്ള്യു.ഡി.യില്‍ ഉദ്യോഗത്തില്‍ പ്രവേശിച്ചു. 1948-ല്‍ ഇദ്ദേഹം യു.എസ്സിലേക്കു പോവുകയും വാസ്തുവിദ്യയില്‍ ഉന്നതബിരുദം നേടുകയും ചെയ്തു. എന്‍ജിനീയറിങ് കോളജ് അധ്യാപകന്‍, ചീഫ് ടൌണ്‍ പ്ളാനര്‍, തിരുവനന്തപുരത്തെ സിറ്റി ഇംപ്രൂവ്മെന്റ് ട്രസ്റ്റിന്റെ ചെയര്‍മാന്‍, കേരള സര്‍വകലാശാലയിലെ എന്‍ജിനിയറിങ് ഫാക്കല്‍ട്ടിയുടെ ഡീന്‍ എന്നീ നിലകളില്‍ ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1970-ല്‍ സര്‍വീസില്‍ നിന്നു വിരമിച്ചു.

ജെ.സി.അലക്സാണ്ടര്‍

തിരുവനന്തപുരത്തെ ആധുനിക സൗധങ്ങളില്‍ പ്രധാനപ്പെട്ട പലതും അലക്സാണ്ടര്‍ രൂപകല്പന ചെയ്തവയാണ്. മെഡിക്കല്‍ കോളജ്, മെഡിക്കല്‍ കോളജ് ആശുപത്രികള്‍, എന്‍ജിനീയറിങ് കോളജ്, കാര്‍ഷികകോളജ്, കോര്‍പ്പറേഷന്‍ മന്ദിരം, യൂണിവേഴ്സിറ്റി ലൈബ്രറി, ടാഗോര്‍ സെന്റിനറി തിയെറ്റര്‍, പാളയം മുസ്ലിം പള്ളി, രക്തസാക്ഷിസ്തൂപം, ആയുര്‍വേദകോളജ്, എം.എല്‍.എ. ക്വാര്‍ട്ടേഴ്സ്, നീന്തല്‍ക്കുളവും അതിനോടു ചേര്‍ന്ന ചാര്‍ത്തുകളും എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്. കൂടാതെ കന്യാകുമാരിയിലെ ഗാന്ധിസ്മാരകമന്ദിരം, കോഴിക്കോട് മെഡിക്കല്‍ കോളജ്, കോട്ടയം മെഡിക്കല്‍ കോളജ്, തൃശൂര്‍ എന്‍ജിനീയറിങ് കോളജ്, അനേകം ആശുപത്രികള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങി കന്യാകുമാരി മുതല്‍ കാസര്‍കോടു വരെ അനവധി മന്ദിരങ്ങള്‍ അലക്സാണ്ടര്‍ രൂപകല്പന ചെയ്തിട്ടുണ്ട്. കന്യാകുമാരിയിലെ ഗാന്ധിസ്മാരകമന്ദിരം ഇതില്‍ പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു. ഗാന്ധിജിയുടെ ചിതാഭസ്മം അടക്കം ചെയ്തിട്ടുള്ള സ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള ഉയര്‍ന്ന മണ്ഡപത്തില്‍ ഗാന്ധിജയന്തിദിനമായ ഒക്ടോബര്‍ രണ്ടിനു സൂര്യകിരണം വന്നു പതിക്കത്തക്കനിലയിലുള്ള ഇതിന്റെ സംവിധാനം എടുത്തുപറയത്തക്ക ഒന്നാണ്.

ജവാഹര്‍നഗര്‍, അമ്പലത്തറ, പേരൂര്‍ക്കട, വട്ടിയൂര്‍ക്കാവ് തുടങ്ങി പതിനഞ്ചോളം ഭവനനിര്‍മാണപദ്ധതികളുടെ പ്രധാന സംവിധായകനും അലക്സാണ്ടറായിരുന്നു. കേരള സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്രയ്ക്ക് രൂപം നല്കിയതും അലക്സാണ്ടറായിരുന്നു.

കലകളിലും കായികവിനോദങ്ങളിലും തത്പരനായ അലക്സാണ്ടര്‍ ഒരു നല്ല വാഗ്മിയും സാഹിത്യാസ്വാദകനുമായിരുന്നു. നാടകാഭിനയത്തിലും സംഗീതത്തിലും ഒരുപോലെ കഴിവുള്ള ഇദ്ദേഹം പിയാനോ, ഓര്‍ഗന്‍ തുടങ്ങിയ പാശ്ചാത്യ സംഗീതോപകരണങ്ങള്‍ പ്രയോഗിക്കുന്നതിലും പ്രാവീണ്യം നേടിയിട്ടുണ്ട്. ഭാരതീയസംഗീതത്തില്‍, പ്രത്യേകിച്ചും കര്‍ണാടകസംഗീതത്തില്‍, അവഗാഹം നേടിയിട്ടുള്ള ഇദ്ദേഹത്തിനു പാശ്ചാത്യസംഗീതത്തോടും പ്രതിപത്തിയുണ്ടായിരുന്നു. ഇദ്ദേഹം 1985 ഒ. 10-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍