This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലക്സാണ്ടര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലക്സാണ്ടര്‍

Alexander

സ്കോട്ട്‍ലന്‍ഡ് ഭരിച്ചിരുന്ന മൂന്ന് രാജാക്കന്മാര്‍. സെര്‍ബിയ, യുഗോസ്ലാവിയ, ഗ്രീസ്, ബൈസാന്തിയം എന്നിവിടങ്ങളിലും ഇതേ പേരില്‍ ചില രാജാക്കന്മാരുണ്ടായിരുന്നു.

അലക്സാണ്ടര്‍ (ഗ്രീസ്: 1893-1920). ഗ്രീസിലെ രാജാവ്. 1893 ആഗ. ഒന്നിന് കോണ്‍സ്റ്റന്റൈന്‍ രാജാവിന്റെയും സോഫിയയുടെയും (കൈസര്‍ വില്യം കകാമന്റെ സഹോദരി) രണ്ടാമത്തെ പുത്രനായി ജനിച്ചു. ചക്രവര്‍ത്തിയായ കോണ്‍സ്റ്റന്റൈന്‍ സ്ഥാനത്യാഗം ചെയ്യാന്‍ നിര്‍ബന്ധിതനായപ്പോള്‍ കിരീടാവകാശിയായ മൂത്ത പുത്രന്‍ ജോര്‍ജിനെ സഖ്യശക്തികള്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് രാജ്യാവകാശിയായിത്തീര്‍ന്ന അലക്സാണ്ടര്‍, 1917 ജൂണ്‍ 14-ന് സിംഹാസനാരൂഢനായി. അഥീനിയന്‍ യുവസുന്ദരിയായിരുന്ന അസ്പേഷ്യമാനോസിനെ 1919-ല്‍ ഇദ്ദേഹം വിവാഹം ചെയ്തു. 1920 ഒ. 25-ന് അദ്ദേഹം അന്തരിച്ചു.

അലക്സാണ്ടര്‍ (ബൈസാന്തിയം: 870-913). ബൈസാന്തിയന്‍ ചക്രവര്‍ത്തി. മാസിഡോണിയന്‍ വംശത്തിലെ ബാസില്‍ I-ന്റെ പുത്രനായ ഇദ്ദേഹം 879-ല്‍ സഹചക്രവര്‍ത്തിയായി. 912 മേയ് 12-ന് സഹോദരനായിരുന്ന ലിയോ VI അന്തരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത പുത്രന്‍ കോണ്‍സ്റ്റന്റിന്‍ VII-കനു വേണ്ടി ആട്ടോക്രാറ്റര്‍ എന്ന പദവിയോടെ ഭരിക്കാന്‍ തുടങ്ങി. ലിയോ VI-ന്റെ മന്ത്രിമാരെയും അനുഭാവികളെയും ഇദ്ദേഹം ഭരണകൂടത്തില്‍നിന്നും പുറത്താക്കിയതോടെ രാജ്യത്തുടനീളം അസ്വസ്ഥതകള്‍ ഉടലെടുത്തു. 896-ലെ സന്ധിയനുസരിച്ച് ബള്‍ഗേറിയയ്ക്ക് കൊടുക്കാനുണ്ടായിരുന്ന കപ്പം മുടക്കിയതിനെത്തുടര്‍ന്ന് ബള്‍ഗേറിയന്‍ രാജാവായ സിമിയല്‍ അലക്സാണ്ടറുമായി ശത്രുതയിലായി. ഇങ്ങനെ ആഭ്യന്തരമായും വൈദേശികമായും പ്രയാസപ്പെടുന്ന ഘട്ടത്തില്‍ ചക്രവര്‍ത്തിയായ അലക്സാണ്ടര്‍ 913 ജൂണ്‍ 6-ന് അന്തരിച്ചു.

അലക്സാണ്ടര്‍ I (സെര്‍ബിയ: 1876-1903). സെര്‍ബിയയിലെ രാജാവ്. മിലന്‍ ബ്രെനോവിച്ചിന്റെയും നതാലിയയുടെയും പുത്രനായ ഇദ്ദേഹം 1889-ല്‍ രാജ്യാവകാശിയായി; 1893-ല്‍ രാജാവുമായി. അന്തഃപുരവാസികളിലൊരാളുമായ തന്നെക്കാള്‍ 10 വയസ്സ് പ്രായക്കൂടുതലുള്ള ഡ്രാഗമാസിനെ എതിര്‍പ്പുകളെ അതിജീവിച്ചുകൊണ്ട് ഇദ്ദേഹം വിവാഹം ചെയ്തു (1900 ആഗ. അഞ്ച്). 1903-ല്‍ ഇദ്ദേഹം ഭരണഘടന റദ്ദു ചെയ്തതിനാല്‍ നാട്ടില്‍ ഉടനീളം കലാപം പൊട്ടിപ്പുറപ്പെട്ടു. അലക്സാണ്ടര്‍ ഒബ്രനോവിച്ചിന്റെ 10 വര്‍ഷക്കാലത്തെ ഭരണത്തിനുള്ളില്‍ നാല് കലാപങ്ങളും 17 ഭരണകൂടമാറ്റങ്ങളും സെര്‍ബിയയിലുണ്ടായി. 1903 ജൂണ്‍ 11-ന് അലക്സാണ്ടറും രാജ്ഞിയും വധിക്കപ്പെട്ടു. അതോടെ ഒബ്രനോവിച്ച് വംശവും അസ്തമിച്ചു.

അലക്സാണ്ടര്‍ (സെര്‍ബിയ: 1888-1934). സെര്‍ബുകളുടെ രാജാവ്. സെര്‍ബിയയിലെ പീറ്റര്‍ കാരാ ജോര്‍ജേവിച്ചിന്റെയും മൊണ്ടെനിഗ്രോയിലെ സോര്‍ക്കയുടെയും പുത്രനായി 1888 ഡി. 16-ന് സെറ്റീഞ്ചെനില്‍ ജനിച്ചു. ബാല്യം പിതാവിനോടൊത്ത് ജനീവയില്‍ കഴിച്ചുകൂട്ടി. അലക്സാണ്ടര്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെത്തുകയും 1904-ല്‍ റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നു പരിശീലനം നേടുകയും ചെയ്തു. മൂത്ത സഹോദരനായ ജോര്‍ജിന്റെ സിംഹാസനാവകാശം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് 1909 മാ. 28-ന് അലക്സാണ്ടര്‍ രാജ്യാവകാശിയായി. ഒന്നാം ബാള്‍ക്കന്‍ യുദ്ധത്തില്‍ (1912) അലക്സാണ്ടര്‍ സെര്‍ബിയന്‍ സൈന്യത്തെ നയിച്ച് കുമനോവൊയുദ്ധം (1912 ഒ. 24) വഴി പ്രശസ്തി നേടി. 1913-ലെ രണ്ടാം ബാള്‍ക്കന്‍ യുദ്ധത്തിലും പങ്കെടുത്തു വിജയം നേടി. 1914 ജൂണ്‍ 24-ന് പിതാവിന്റെ അനാരോഗ്യം മൂലം ഇദ്ദേഹം റീജന്റും സൈനികമേധാവിയുമായിത്തീര്‍ന്നു. ഒന്നാം ലോകയുദ്ധകാലത്ത് ഇദ്ദേഹം യുദ്ധമുന്നണിയില്‍ നിലയുറപ്പിച്ച് ബെല്‍ഗ്രേഡില്‍ (1918 ഒ. 31) വച്ച് വിജയം നേടി. 1918 ഡി. 1-ന് സെര്‍ബുകള്‍, ക്രോട്ടുകള്‍, സ്ളാവുകള്‍ എന്നിവരുടെ രാജ്യം നിലവില്‍ വന്നപ്പോള്‍ അലക്സാണ്ടര്‍ അവരുടെ റീജന്റായി ഭരണം തുടങ്ങി. ഭരണഘടന നിര്‍മാണസമിതി 1921 ജൂണ്‍ 28-ന് പുതിയൊരു ഭരണഘടന പ്രഖ്യാപിച്ചു. 1921 ആഗ. 16-ന് പിതാവിന്റെ നിര്യാണത്തെത്തുടര്‍ന്ന് അലക്സാണ്ടര്‍ രാജാവായി. റുമേനിയയിലെ ഫെര്‍ഡിനന്റ് I ന്റെ രണ്ടാമത്തെ പുത്രിയായ മേരിയെ 1922 ജൂണ്‍ എട്ടിനു ഇദ്ദേഹം വിവാഹം ചെയ്തു. രാജ്യത്ത് കലാപമുണ്ടായതിനാല്‍ ഇദ്ദേഹം ഭരണഘടന റദ്ദു ചെയ്തു. 1929 ഒ. 3-ന് രാജ്യത്തിന്റെ പേര് യുഗോസ്ളാവിയ എന്നാക്കി മാറ്റി പുതിയൊരു ഭരണഘടന പ്രഖ്യാപിക്കുകയും (1931 സെപ്. മൂന്ന്) ചെയ്തു. 1934 ഒ. 9-ന് അലക്സാണ്ടര്‍ വധിക്കപ്പെട്ടു.

അലക്സാണ്ടര്‍ I (സ്കോട്ട്‍ലന്‍ഡ്: 1078-1124). സ്കോട്ട്‍ലന്‍ഡിലെ രാജാവ്. ആംഗ്ലോസാക്സണ്‍ രാജകുമാരിയായിരുന്ന മാര്‍ഗരറ്റിന്റെയും മാല്‍കം കാന്‍മോറിന്റെയും പുത്രനായി 1078-ല്‍ ജനിച്ചു. ബാല്യകാലം ഇംഗ്ളണ്ടില്‍ കഴിച്ചുകൂട്ടി. മൂത്ത സഹോദരനായിരുന്ന എഡ്ഗര്‍ അന്തരിച്ചതിനെത്തുടര്‍ന്ന് 1107-ല്‍ സ്കോട്ട്‍ലന്‍ഡിലെ രാജാവായി. രാജ്യത്തിന്റെ ദക്ഷിണഭാഗം മുഴുവന്‍ അക്കാലത്ത് സ്വതന്ത്രമായിരുന്നു. ഇംഗ്ലണ്ടിലെ രാജാവ് ഹെന്റി I-ന്റെ (1068-1135) പുത്രി സിബില്ലയായിരുന്നു ഇദ്ദേഹത്തിന്റെ പത്നി. ഭരണകാലം പൊതുവേ സമാധാനപൂര്‍ണമായിരുന്നുവെങ്കിലും വ.ഭാഗത്ത് ചില ഗോത്രലഹളകളുണ്ടായി. ഈ ലഹള ഇദ്ദേഹം അടിച്ചമര്‍ത്തി. സ്കോട്ട്‍ലണ്ടിലെയും ഇഞ്ചോമിലെയും പള്ളി സ്ഥാപിച്ചത് ഇദ്ദേഹമാണ്. 1124 ഏ. 27-നു ഇദ്ദേഹം അന്തരിച്ചു.

അലക്സാണ്ടര്‍ II (സ്കോട്ട്‍ലന്‍ഡ്: 1198-1249). സ്കോട്ട്‍ലന്‍ഡിലെ രാജാവായ ഇദ്ദേഹം 1198 ആഗ. 24-ന് 'സിംഹം' എന്നറിയപ്പെടുന്ന വില്യ(William the Lion)മിന്റെ മകനായി ജനിച്ചു. പിതാവിനെത്തുടര്‍ന്ന് 1214-ല്‍ രാജാവായി. ജോണ്‍ രാജാവിനെക്കൊണ്ട് 'മാഗ്നാകാര്‍ട്ട'യില്‍ (1215) ഒപ്പിടുവിച്ച് ജനാവകാശങ്ങള്‍ പിടിച്ചുപറ്റുന്നതിനുള്ള ഇംഗ്ലീഷ് ജനതയുടെ യത്നങ്ങളില്‍ ഇദ്ദേഹവും സജീവമായി പങ്കുകൊണ്ടു. തത്ഫലമായി ജോണ്‍രാജാവുമായി അലക്സാണ്ടര്‍ക്ക് യുദ്ധം ചെയ്യേണ്ടിവന്നു. ജോണിന്റെ മരണാനന്തരം അദ്ദേഹത്തിന്റെ പുത്രിയായ ജോവാനെ അലക്സാണ്ടര്‍ വിവാഹം ചെയ്തു. പുതിയ ഇംഗ്ലീഷുരാജാവ് ജോവാന്റെ സഹോദരനായ ഹെന്റി III ആയിരുന്നു. 1238-ല്‍ ജോവാന്‍ കുട്ടികളില്ലാതെ അന്തരിച്ചതിനെത്തുടര്‍ന്ന് ഫ്രാന്‍സിലെ ഒരു പ്രഭുവിന്റെ മകളായ മേരി ദെ കുസിയെ ഇദ്ദേഹം പത്നിയായി വരിച്ചു. ഇത് ഇംഗ്ലീഷ് രാജാവായ ഹെന്റി III ഇഷ്ടപ്പെട്ടില്ല. 1244-ല്‍ ഹെന്റി III വമ്പിച്ച സൈന്യവുമായി സ്കോട്ട്‍ലണ്ട് ആക്രമിച്ചു. യുദ്ധത്തില്‍ വിജയം ഇംഗ്ലീഷ് പക്ഷത്തിനായിരുന്നു. ഒരു സന്ധിയോടെ യുദ്ധമവസാനിച്ചു. നോര്‍വേക്കാരുടെ ഹെബ്രിഡീസ് പിടിച്ചടക്കാന്‍ പോയ അലക്സാണ്ടര്‍ രോഗബാധിതനായി; ഇദ്ദേഹം കെരേര (Kerrera) ദ്വീപില്‍വച്ച് 1249 ജൂല. 8-ന് നിര്യാതനായി.

അലക്സാണ്ടര്‍ III (സ്കോട്ട്‍ലന്‍ഡ്: 1241-86). സ്കോട്ട്‍ലന്‍ഡിലെ രാജാവ്. അലക്സാണ്ടര്‍ IIന്റെയും മേരിയുടെയും ഏകപുത്രനായി 1241 സെപ്. 4-നു റോക്സ്ബെര്‍ഗില്‍ ജനിച്ചു. എട്ടു വയസ്സായപ്പോള്‍ രാജാവായി. ഇംഗ്ലണ്ടിലെ രാജാവായ ഹെന്റി III-ന്റെ പുത്രിയായ മാര്‍ഗരറ്റിനെ (1240-75) 1251-ല്‍ ഇദ്ദേഹം വിവാഹം ചെയ്തു. നോര്‍വേ രാജാവായ ഹാകോണ്‍ IV-നെ 1263-ല്‍ ഇദ്ദേഹം തോല്പിച്ച് ഹെബ്രിഡീസ് പിടിച്ചെടുത്തു. തന്റെ പുത്രിയായ മാര്‍ഗരറ്റിനെ (1261-83) നോര്‍വേ രാജാവായ എറിക് മാഗ്നസന് വിവാഹം ചെയ്തുകൊടുത്ത് സ്കോട്ട്‍ലന്‍ഡും നോര്‍വേയും തമ്മിലുള്ള ബന്ധം സുദൃഢമാക്കി. 1275-ല്‍ ആദ്യപത്നി നിര്യാതയായി. അതിനാല്‍ 1285-ല്‍ ഡ്രോക്സിലെ റോബര്‍ട്ട് പ്രഭുവിന്റെ പുത്രിയായ യൊളാണ്ടെയെ ഇദ്ദേഹം വിവാഹം ചെയ്തു. ഫൈഫില്‍വച്ച് 1286 മാ. 19-ന് ഇദ്ദേഹം കുതിരപ്പുറത്തുനിന്നും വീണു മരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍