This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലംബെര്‍, ഷാന്‍ ലെ റോന്‍ദ് (1717 - 83)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലംബെര്‍, ഷാന്‍ ലെ റോന്‍ദ് (1717 - 83)

Alembert,Jean le Rond d'

ഫ്രഞ്ച് ദാര്‍ശനികനും ഗണിതശാസ്ത്രജ്ഞനും. മദാം ദ് തെന്‍സിന്റെ (Mme de Tencin) പുത്രനായി 1717-ല്‍ ജനിച്ചു. കുട്ടിയായിരുന്നപ്പോള്‍ത്തന്നെ സാന്ത് ഷാന്‍ ലെ റോന്‍ദ് (Saint Jean-Le-Rond) പള്ളിനടയില്‍ ഉപേക്ഷിക്കപ്പെട്ടു (ഇദ്ദേഹത്തിന്റെ ആദ്യനാമം ഈ പള്ളിയെ അനുസ്മരിപ്പിക്കുന്നു). 1754 മുതല്‍ അകദമി ഫ്രാന്‍സെയ്സില്‍ അംഗവും 1772 മുതല്‍ ഈ സ്ഥാപനത്തിന്റെ സ്ഥിരം കാര്യദര്‍ശിയുമായിരുന്നു. കാതറിന്‍ രാജ്ഞിയും ഫ്രെഡറിക് രണ്ടാമനും തങ്ങളുടെ രാജ്യത്തു താമസമാക്കാന്‍ ക്ഷണിച്ചെങ്കിലും ഇദ്ദേഹം കൂട്ടാക്കിയില്ല. എന്നാല്‍ 1763-ല്‍ മൂന്നുമാസക്കാലം ഫ്രെഡറിക് രാജാവിന്റെ കൊട്ടാരത്തില്‍ താമസിക്കുകയുണ്ടായി.

നാസ്തികനായ അലംബെര്‍ മതത്തിനും പൗരോഹിത്യത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടി. ആന്‍സിക്ലപെദി എന്ന വിജ്ഞാനകോശഗ്രന്ഥം തയ്യാറാക്കുന്നതില്‍ ദിദെറോ(Diderot)യുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു. അതിലെ ദിസ്ക്കൂര്‍ പ്രിലിമിനേര്‍ (Discours Preliminaire) എന്ന ഭാഗവും ജനീവയെക്കുറിച്ചുള്ള ലേഖനവും മെലാന്‍ഷെ ദ് ലിതെറത്യൂര്‍, ദിസ്ത്വാര്‍, എ ദ് ഫിലോസൊഫി (Melangers de litterature,d 'histoire,et de philosophie, 1753) എന്ന ഗ്രന്ഥവും ഇദ്ദേഹത്തിന്റെ രചനകളില്‍ പ്രമുഖസ്ഥാനമര്‍ഹിക്കുന്നു. അകദമി ഫ്രാന്‍സെയ്സിന്റെ ഭരണസാരഥ്യം വഹിക്കുന്നകാലത്ത്, 1700-നും 1772-നുമിടയ്ക്ക്, അന്തരിച്ച പല പണ്ഡിതന്മാരെപ്പറ്റിയും ഇദ്ദേഹം സ്തുതിഗീതങ്ങള്‍ രചിക്കുകയുണ്ടായി.

ബലതന്ത്രം (Dynamica), ജ്യോതിശ്ശാസ്ത്രം (Astronomy) തുടങ്ങിയ ശാസ്ത്രശാഖകളുടെ വികാസത്തിനും അലംബെര്‍ ഗണ്യമായ സംഭാവന നല്കി. ത്രേത് ദ് ദിനാമിക് (Traite de dynamique) എന്ന പ്രബന്ധം ഇരുപത്താറാമത്തെ വയസ്സില്‍ രചിച്ചതാണെന്ന കാര്യം ശ്രദ്ധേയമാണ്. 1783-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍