This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അറേബ്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

അറേബ്യ

Arabia

തെക്കുപടിഞ്ഞാറന്‍ ഏഷ്യയിലെ മരുപ്രദേശത്തിന്റെ ഒരു ഭാഗം. പ. ചെങ്കടലിനും തെ. ഏഡന്‍ ഉള്‍ക്കടലിനും കി. ഒമാന്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലുകള്‍ക്കും വ. ഹാമാദ് അല്ലെങ്കില്‍ സിറിയന്‍ മരുഭൂമിക്കും ഇടയ്ക്കായി സ്ഥിതിചെയ്യുന്നു. വ. അക്ഷാ. 12o 32' നും 32o ക്കും ഇടയ്ക്കും കി. രേഖാ. 34o ക്കും 59o 40' നും മധ്യേയും ആയി, ഏതാണ്ട് ദീര്‍ഘചതുരാകൃതിയില്‍ വ്യാപിച്ചിരിക്കുന്ന അറേബ്യയുടെ നീളം തെ. വ. 2,254 കി.മീ. വീതി കി.പ. 2012.5 കി.മീ. വിസ്തീര്‍ണം: 25,90,000 ച.കി.മീ. സൗദി അറേബ്യ, യെമെന്‍, ഒമാന്‍, യുണൈറ്റഡ് ആരബ് എമിറേറ്റ്സ് (അബൂദാബി, ദുബായ്, ഷാര്‍ജാ, അജ്മാന്‍, ഉമ്മുല്‍ഖയ്വാന്‍, റ അസ് അല്‍ഖൈമാ, അല്‍ഫുജറാ), ബഹ്റിന്‍, ഖത്താര്‍, കുവൈറ്റ് എന്നീ രാജ്യങ്ങളായി വിഭജിതമായിരിക്കുന്നു. ഇവയില്‍ സൗദി അറേബ്യ മാത്രം ഉപദ്വീപിന്റെ 2/3 ഭാഗം വരും; ജനസംഖ്യ 2,33,70,000 (2002) ജനങ്ങളില്‍ ഭൂരിഭാഗവും അറബിമുസ്ലിങ്ങളായതിനാല്‍ ഈ പ്രദേശം 'അറബികളുടെ ദ്വീപ്' എന്നും അറിയപ്പെടുന്നു.

ഭൂപ്രകൃതി.

ആര്‍ക്കിയോസോയിക് ശിലാസമൂഹങ്ങളുടെ ബാഹുല്യമാണ് അറേബ്യന്‍ പീഠഭൂമിയുടെ മുഖ്യ സവിശേഷത. ഒരു കാലത്ത് ആഫ്രിക്കയോടു ചേര്‍ന്നുകിടന്നിരുന്ന ഈ പ്രദേശം ഇപ്പോള്‍ ചെങ്കടലും ഏഡന്‍ ഉള്‍ക്കടലും ഉള്‍ പ്പെടുന്ന റിഫ്റ്റ്, റിഫ്റ്റ് താഴ്വര (Rift valley) യാല്‍ വേര്‍പിരിഞ്ഞിരിക്കുന്നു. ആര്‍ക്കിയോസോയിക് ശിലാക്രമങ്ങള്‍ പൊതുവേ മണല്‍, മാര്‍ബിള്‍, ചുണ്ണാമ്പുകല്ല് എന്നിവയാല്‍ മൂടപ്പെട്ടു കാണുന്നു. അധികവും ചൊരിമണല്‍ മൂടിയ പ്രദേശങ്ങളാണ്. കിഴക്കോട്ടു ചരിഞ്ഞിറങ്ങുന്ന നിലയിലാണ് അറേബ്യന്‍ പീഠഭൂമിയുടെ കിടപ്പ്. ഏറ്റവും ഉയരം കൂടിയ ഭാഗങ്ങള്‍ ഏഡന്‍ ഉള്‍ക്കടലിന്റെയും ചെങ്കടലിന്റെയും തീരങ്ങളിലാണ്. ഭൂഭ്രംശം (fault) മൂലം ഉണ്ടായിട്ടുള്ള സമുദ്രത്തിന്റെ അരികുകളായതുകൊണ്ട് ഒരേ നിരപ്പില്‍ സ്ഥിതിചെയ്യുന്നു. പീഠഭൂമിയുടെ പ. പൊതുവേ നിമ്നോന്നതമായ പര്‍വതപ്രദേശമാണ്; 3,000 മീറ്ററിലധികം ഉയരമുള്ള ധാരാളം കൊടുമുടികളുമുണ്ട്. യെമെനിലെ ഏറ്റവും കൂടിയ ഉയരം 3,795 മീ. ആണ്. മസ്കത്തിലും ഒമാനിലും 3,395 മീ. ഉയരമുള്ള പര്‍വതപങ്ക്തി കാണാം. മറ്റു ഭാഗങ്ങളില്‍ താഴ്വാരങ്ങളും മണല്‍ക്കൂനകളും മലനിരകളും ഒക്കെ സാധാരണമാണെങ്കിലും മിക്കവാറും നിരന്ന പ്രദേശങ്ങളാണ്. സമുദ്രതീരത്തോട് അടുക്കുംതോറും ഉയര്‍ച്ചയില്‍ കുറവു വരുന്നു. ഉടവുകളും ഉള്‍ക്കടലുകളും നിറഞ്ഞ് സങ്കീര്‍ണമാണ് തീരദേശം. എല്ലാക്കാലത്തും നിറഞ്ഞുകിടക്കുന്ന തടാകങ്ങളോ നദികളോ ഇവിടെ ഇല്ല. എന്നാല്‍ 'വാദി' എന്നു വിളിക്കപ്പെടുന്ന ഒഴുക്കുചാലുകള്‍ ധാരാളമുണ്ട്. ഇവ വല്ലപ്പോഴും ഉണ്ടാകുന്ന മഴക്കാലത്തു മാത്രം താത്ക്കാലിക നദികളായി മാറുന്നു. ആഴവും വീതിയുമുള്ള 'വാദി'കള്‍ റോഡുഗതാഗതത്തിനു തടസ്സം സൃഷ്ടിക്കുന്നു. ഈ വരണ്ട നീര്‍ച്ചാലുകള്‍ ഭൂജലം ലഭിക്കുന്നതിനുള്ള ഉപാധികളാണ്. ഇപ്രകാരം ജലം ലഭിക്കുന്ന സ്ഥലങ്ങള്‍ മരുപ്പച്ചകളായിട്ടുണ്ട്. ഉയര്‍ന്ന പ്രദേശങ്ങളിലെ നദികള്‍ അല്പദൂരം ഒഴുകുമ്പോഴേക്കും കഠിനമായ വേനല്‍ മൂലം വറ്റിപ്പോകുന്നു; അതിനാല്‍ ഇവയ്ക്കു നീളം കുറവാണ്.

കാലാവസ്ഥ.

കഠിനമായ വരള്‍ച്ച അനുഭവപ്പെടുന്ന മരുഭൂകാലാവസ്ഥയാണുള്ളത്. ശിശിരകാലത്ത് സൈബീരിയന്‍ പ്രദേശത്തുനിന്നുള്ള ശീതക്കാറ്റുകള്‍ അറേബ്യയിലേക്കു വീശുന്നു. പശ്ചിമവാതങ്ങള്‍ വീശുന്നുണ്ടെങ്കിലും അവ തപിപ്പിക്കപ്പെടുന്നതിനാല്‍ സംഘനനത്തിനു (condensation) വിധേയമാകുന്നില്ല. ഗ്രീഷ്മകാലത്തു വീശുന്ന വ.പടിഞ്ഞാറന്‍ കാറ്റുകളും ശുഷ്കമാണ്. പശ്ചിമഭാഗത്തു സ്ഥിതിചെയ്യുന്ന പര്‍വതനിര പ. നിന്നുള്ള നീരാവി നിറഞ്ഞ കാറ്റിനെ തടഞ്ഞുനിര്‍ത്തുന്നതിനാല്‍ ഉള്‍ഭാഗത്ത് മഴ ഒട്ടുംതന്നെ ലഭിക്കുന്നില്ല. പീഠഭൂമിയുടെ ഉയരക്കുറവുകൊണ്ട് ശൈലവൃഷ്ടി(relief rain)ക്കുള്ള സാധ്യതയില്ല.

പടിഞ്ഞാറും തെക്കുമുള്ള മലമ്പ്രദേശങ്ങളൊഴികെയുള്ള സ്ഥലങ്ങളില്‍ ശ.ശ. വര്‍ഷപാതം 23 സെ. മീറ്ററില്‍ കുറവാണ്; കിഴക്കന്‍ ഭാഗങ്ങളില്‍ 11 സെ. മീറ്ററില്‍ കുറവുമാണ്. മിക്കവാറും ചക്രവാതങ്ങളില്‍ നിന്നാണു മഴ ലഭിക്കുന്നത്. അറേബ്യയുടെ തെ.ഭാഗത്തുള്ള മലകളില്‍ ഏകദേശം 45-90 സെ.മീ. വരെ മഴ പെയ്യും. ക്രമമായല്ല മഴ ലഭിക്കുന്നത്. ഇതു കിഴക്കന്‍ ആഫ്രിക്കയിലെ മണ്‍സൂണ്‍ മഴയുടെ ഒരു ഭാഗമാണ്; വേനല്ക്കാലത്താണു മഴ പെയ്യുന്നത്. വരള്‍ച്ചയുടെ ആധിക്യം നിമിത്തം പൊതുവേ വായു ഈര്‍പ്പരഹിതവും ആകാശം നിര്‍മലവും ആയിരിക്കും. ദൈനികതാപനിലയില്‍ വലുതായ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെടുന്നു. പലപ്പോഴും പകല്‍സമയത്തെ ചൂട് 49oCല്‍ കൂടുതലാണ്. വായു ഈര്‍പ്പരഹിതമായതിനാല്‍ ചൂട് അത്രതന്നെ അസഹ്യമല്ല. രാത്രി കഠിനമായ തണുപ്പ് അനുഭവപ്പെടുന്നു. തീരപ്രദേശങ്ങളില്‍ ഈര്‍പ്പം കലര്‍ന്ന അന്തരീക്ഷം അസ്വാസ്ഥ്യം ഉളവാക്കുന്നു. ജനുവരിയില്‍ ശ.ശ. ചൂട് 10oC. ആണെങ്കിലും മലമ്പ്രദേശങ്ങളില്‍ മഞ്ഞു പൊഴിയുന്നതും മൂടല്‍മഞ്ഞുണ്ടാകുന്നതും അസാധാരണമല്ല.

സസ്യ-ജന്തുജാലം.

അറേബ്യ പൂര്‍ണമായും സസ്യ-ജന്തുരഹിതമായ മണലാരണ്യമല്ല. ഉപദ്വീപിന്റെ ഉള്‍പ്രദേശങ്ങളില്‍ പലതരം ജീവികളും ചിലയിനം സസ്യങ്ങളും ഉണ്ട്. ജലലഭ്യതയുള്ള മരുപ്പച്ചകളില്‍ മാത്രമാണ് മരങ്ങള്‍ വളരുന്നത്. അറേബ്യയുടെ പ. ഭാഗങ്ങളിലും മഴക്കാലങ്ങളില്‍ സ്റ്റെപ്പ് മാതൃകയിലുള്ള പുല്‍മേടുകള്‍ കാണുന്നു. സസ്യങ്ങള്‍ മരൂരുഹ (xerophyte) വര്‍ഗങ്ങളാണ്; പുല്‍ക്കൂട്ടങ്ങളും കള്ളിമുള്‍ ച്ചെടികളുമാണു സാധാരണമായുള്ളത്. ആന്റിലോപ്, കഴുതപ്പുലി, ചെന്നായ്, കുറുക്കന്‍, പുള്ളിപ്പുലി എന്നീ മൃഗങ്ങളും കാണപ്പെടുന്നു. കൂടാതെ ഒട്ടകപ്പക്ഷി തുടങ്ങി മണലാരണ്യങ്ങളില്‍ ജീവിക്കുന്ന പക്ഷികളും. വെട്ടുകിളി ശല്യം അപൂര്‍വമായി ഉണ്ടാകാറുണ്ട്.

പ്രാദേശിക വിഭാഗങ്ങള്‍.

രാഷ്ട്രീയാടിസ്ഥാനത്തിലുള്ള വിഭജനം കൂടാതെ പ്രാദേശിക തലത്തിലുള്ള വിഭജനക്രമവും നിലവിലുണ്ട്. വ.ഭാഗത്തുള്ള പ്രദേശമാണ് നഫൂദ്. ഇവിടെ ചെറിയ തോതിലുള്ള മഴയും മരുപ്പച്ചകളും ഉള്ളതിനാല്‍ കാലിവളര്‍ത്തലും അല്പമായ കൃഷിയും ഉണ്ട്. മധ്യഭാഗമായ നെജദ് (Nejd) പ്രദേശം പൊതുവേ മണല്‍പ്പരപ്പാണ്. ഇവിടെ ഇടയ്ക്കിടെ സ്ഥാനം മാറുന്ന മണല്‍ക്കൂനകളും അങ്ങിങ്ങായി മാത്രം മരുപ്പച്ചകളും കാണാം. തെ.ഭാഗത്തുള്ള റുബ് അല്‍ ഖാലി (ഒന്നും ഇല്ലാത്ത സ്ഥലം) പ്രദേശം തീരെ മഴയില്ലാത്തതും മണലാരണ്യത്തിന്റെ എല്ലാ സ്വഭാവങ്ങളും ഉള്ളതുമാണ്. ചെങ്കടലിനോടു ചേര്‍ന്നു കിടക്കുന്ന അറേബ്യയുടെ വ.പ. ഭാഗം ഹിജാസ് (Hijaz) എന്നും അതിനു തെക്കുള്ള പ്രദേശം തിഹാമ (Tihama) എന്നും ഉള്ളിലേക്കു മാറിക്കിടക്കുന്ന അല്പംകൂടി ഈര്‍പ്പമുള്ളതും കൃഷിക്കുപയുക്തവുമായ പ്രദേശം അസീര്‍ (Asir) എന്നും സൗദി അറേബ്യയിലെ എണ്ണ ഉത്പാദിപ്പിക്കുന്ന ഭാഗം അല്‍ഹാസാ (Alhaza) എന്നും അറിയപ്പെടുന്നു.

ജനങ്ങള്‍.

അറേബ്യയുടെ വടക്കും പടിഞ്ഞാറും മധ്യഭാഗവും അധിവസിക്കുന്ന ജനങ്ങള്‍ കറുത്ത തലമുടി, കറുത്ത കണ്ണുകള്‍, തവിട്ടുനിറം, നീളമുള്ള തല, നീളംകൂടിയ മൂക്ക് എന്നീ പ്രത്യേകതകള്‍ ഉള്ള മെഡിറ്ററേനിയന്‍ വര്‍ഗക്കാരാണ്. തെക്കും കിഴക്കും ഭാഗത്തുള്ളവര്‍ തലയ്ക്കു വീതികൂടി ദൃഢകായരായ അര്‍മനോയ്ഡ് വര്‍ഗക്കാരാണ്. ഉപദ്വീപിന്റെ തെക്കരികിലായി നീഗ്രോസ്വഭാവമുള്ള കുറെ ആളുകളും ഉണ്ട്. ശേഷിച്ചവര്‍ ഇതര രാജ്യങ്ങളില്‍നിന്നും കുടിയേറിപ്പാര്‍ത്ത വിവിധ വര്‍ഗക്കാരാണ്. അറബിയാണു പൊതുഭാഷ. തെക്കുപടിഞ്ഞാറ് ജലലഭ്യതകൂടിയ പ്രദേശങ്ങളിലാണു ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നത്. റുബ് അല്‍ഖാലിയില്‍ ജനജീവിതം അസാധ്യമാണ്. മറ്റു പ്രദേശങ്ങളില്‍ സ്ഥിരതാമസക്കാരായ ജനങ്ങള്‍ ചുരുക്കമാണ്. പത്തുലക്ഷത്തോളം ആളുകള്‍ സഞ്ചാരികളായി (wanderers) ഉണ്ട് എന്ന് അനുമാനിക്കപ്പെടുന്നു.

പട്ടണങ്ങള്‍.

ഭൂരിഭാഗം ജനങ്ങളും നഗരവാസികളാണ്. മിക്ക പട്ടണങ്ങളും സമുദ്രതീരത്താണ്. റിയാദ്, ഹെയില്‍, മക്ക, മദീന, ചെങ്കടല്‍ തീരത്തുള്ള തുറമുഖപട്ടണം ജിദ്ദ, സൗദി അറേബ്യയിലെ ഹോഹഫ്, യെമെന്റെ തലസ്ഥാനമായ സന എന്നിവയാണ് പ്രധാന നഗരങ്ങള്‍.

തൊഴില്‍.

കാലിവളര്‍ത്തലും കൃഷിയുമാണ് ജനങ്ങളുടെ പ്രധാന ജീവനോപായങ്ങള്‍. ഒട്ടകം, ആട്, കുതിര, കഴുത എന്നിവയാണ് വളര്‍ത്തുമൃഗങ്ങള്‍. പ്രത്യേകതരം ഒട്ടകങ്ങളെയും കുതിരകളെയും ഇവര്‍ വളര്‍ത്തുന്നു. ഇവയില്‍നിന്ന് ഇറച്ചിയും പാലും തോലും രോമവും കിട്ടുന്നു. മരുപ്പച്ചകളിലും മഴ ലഭിക്കുന്ന തെക്കുപടിഞ്ഞാറന്‍ ഭാഗത്തുമാണ് കൃഷി വികസിച്ചിട്ടുള്ളത്. ഗോതമ്പ്, ചോളം, ബാര്‍ലി, അല്‍ഫാല്‍ഫാ, ഈത്തപ്പന എന്നിവയാണ് പ്രധാനവിളകള്‍. തെക്കുപടിഞ്ഞാറന്‍ അറേബ്യയില്‍ മഴ ആവശ്യത്തിനു കിട്ടുന്ന സ്ഥലങ്ങളില്‍ ധാന്യങ്ങളും പഴവര്‍ഗങ്ങളും പച്ചക്കറികളും ഉത്പാദിപ്പിക്കുന്നു. മലഞ്ചരിവുകളില്‍ കാപ്പിയും കൃഷി ചെയ്യുന്നു. കാപ്പിച്ചെടിയുടെ ജന്മഭൂമി അറേബ്യയാണെന്നു വിശ്വസിക്കപ്പെടുന്നു.

ധാതുക്കളും വ്യവസായവും.

പ്രകൃതി എണ്ണയുടെ നിക്ഷേപത്താല്‍ സമ്പന്നമാണ് അറേബ്യ. എണ്ണ ഖനനം, ശുദ്ധീകരണം, വിപണനം എന്നിവയെ കേന്ദ്രീകരിച്ചുള്ള വ്യവസായങ്ങളാണ് കൂടുതല്‍. ലോകത്തില്‍ ആകെ ഉത്പാദിപ്പിക്കുന്ന എണ്ണയുടെ 1/5 ഭാഗത്തോളം അറേബ്യയില്‍നിന്നാണു ലഭിക്കുന്നത്.

വാര്‍ത്താവിനിമയം.

ഒട്ടകങ്ങളും കുതിര, കഴുത തുടങ്ങിയ മൃഗങ്ങളുമായിരുന്നു പരമ്പരാഗത വാഹനങ്ങള്‍. രണ്ടാംലോകയുദ്ധത്തിനുശേഷം ധാരാളം റോഡുകള്‍ നിര്‍മിച്ചിട്ടുണ്ട്. 1951-ല്‍ പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ഭാഗത്തുള്ള 'ദമ്മം' എന്ന സ്ഥലവും സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദും ആയി യോജിപ്പിക്കുന്ന ആദ്യത്തെ റെയില്‍പ്പാത പൂര്‍ത്തിയായി. വ്യോമഗതാഗതം അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. മിക്ക പട്ടണങ്ങള്‍ക്കുമിടയില്‍ വ്യോമഗതാഗതം നിലവിലുണ്ട്. പ്രധാന തുറമുഖങ്ങള്‍ ചെങ്കടല്‍തീരത്തെ ജിദ്ദ, യെമെനിലെ റാഅ്സ്‍ഖത്തീബ്, ദക്ഷിണതീരത്തെ മസ്കറ്റ്, പേര്‍ഷ്യന്‍ ഉള്‍ക്കടല്‍തീരത്തെ ദമ്മം, കുവൈറ്റ് എന്നിവയാകുന്നു.

ചരിത്രം

ചരിത്രാതീതകാലം.

ചരിത്രാതീതകാലത്ത് അറേബ്യയില്‍ വസിച്ചിരുന്നത് സെമിറ്റിക്ക് വര്‍ഗങ്ങളായിരുന്നു. ബി.സി. 3500-നോടടുത്ത് ഇക്കൂട്ടര്‍ യൂഫ്രട്ടീസ്-ടൈഗ്രീസ് നദീതടങ്ങളിലേക്ക് വ്യാപിച്ചു. അവരുടെ പിന്‍മുറക്കാരാണ് അസീറിയരും ബാബിലോണിയരും. ബി.സി. 2500-നോടടുത്ത് സെമിറ്റിക് ജനത സിറിയയും ലെബനനും അധിവസിച്ചു. അന്ന് അവര്‍ അമോറൈറ്റുകള്‍, കനാന്യര്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടുവന്നു. ദമാസ്കസി (ദിമിഷ്ക്) ലെ അരാമിയരും അബിസീനിയരും ഈ വര്‍ഗക്കാരായിരുന്നു. അറേബ്യയുടെ ഭൂരിഭാഗവും മരുപ്രദേശമായതിനാല്‍ വാസയോഗ്യമല്ലായിരുന്നു; തന്മൂലം ഈ പ്രദേശം അധിവസിച്ചവരില്‍ മിക്കവരും സ്ഥിരമായി പാര്‍പ്പുറപ്പിച്ചില്ല. എങ്കിലും വാസയോഗ്യമായ ചുരുക്കം പ്രദേശങ്ങളില്‍ ദേശീയമായ ഒരു സംസ്കാരം പുഷ്ടിപ്പെട്ടതിനു ചരിത്രരേഖകളുണ്ട്. ഈജിപ്ത്, അസീറിയ, ബാബിലോണിയ എന്നീ പ്രദേശക്കാര്‍ അറേബ്യയിലെ ആളുകളുമായി ചിരപുരാതനകാലംമുതല്‍ ബന്ധപ്പെട്ടിരുന്നു. ഈ ഭാഗത്ത് ആദ്യമായി ചെമ്പ് ഉപയോഗിച്ചത് ഒമാനിലെ ആളുകളായിരുന്നു. അസീറിയന്‍ രാജാവായ ഷാല്‍മനേസര്‍ III-ന്റെ ഒരു ലിഖിതത്തില്‍ 'അറിബി' ഭൂമിയുടെ രാജ്ഞിയായ സബീബീ (Zabibi) യില്‍നിന്ന് തന്റെ മുന്‍ഗാമിയായ ടിഗ്ലത്ത് പിലീസര്‍ III (ബി.സി. 745-727) കപ്പം ഈടാക്കിയിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രാജ്ഞിയുടെ ഭരണപ്രദേശം സിറിയന്‍ മരുഭൂമിയിലോ അറേബ്യന്‍ ഉപദ്വീപിന്റെ ഉത്തരഭാഗത്തോ ആയിരുന്നിരിക്കാം. തങ്ങളുടെ വിപുലമായ സാമ്രാജ്യത്തിലെ വാണിജ്യസൗകര്യങ്ങള്‍ സുരക്ഷിതമാക്കാനായിരുന്നു അസീറിയര്‍ അറബികളുമായി ബന്ധപ്പെട്ടത്.

അസീറിയരെയും നിയോ-ബാബിലോണിയരെയും പിന്തുടര്‍ന്ന് പേര്‍ഷ്യക്കാര്‍ ഇവിടെ അധിനിവേശം നടത്തി. ബി.സി. 525-ല്‍ പേര്‍ഷ്യന്‍ രാജാവായ കാംബീസസ് (ഭ.കാ. ബി.സി. 529-522) ലോവര്‍ ഈജിപ്ത് ആക്രമണത്തിനു പോയത് ഉത്തര അറേബ്യയിലൂടെയായിരുന്നു. ഇത് അവിടത്തെ ജനങ്ങളുമായി സൗഹാര്‍ദബന്ധം സ്ഥാപിക്കാന്‍ കാരണമായി. ഹീബ്രുവും അറബിഭാഷയും തമ്മിലും യഹൂദന്മാരും അറബികളും തമ്മിലും പരസ്പരബന്ധമുണ്ട്. ബൈബിളിലെ പല പേരുകളും അറബിവാക്കുകളാണ്. യഹൂദന്മാര്‍ ആരാധിക്കുന്ന യഹോവ ഉത്തര അറേബ്യക്കാരുടെ ദേവതയായിരുന്നു. ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഷീബാരാജ്ഞി ഉത്തര അറേബ്യയിലെ സബേയന്‍ പ്രദേശമാണ് ഭരിച്ചിരുന്നത്. പുരാതനകാലം മുതല്‍ക്കേ വണിഗ്വരന്മാരെന്നനിലയ്ക്ക് അറബികളെ ഗ്രീക്കുകാരും റോമാക്കാരും അറിഞ്ഞിരുന്നു.

ദക്ഷിണ അറേബ്യന്‍ രാജ്യങ്ങള്‍.

അറേബ്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ദക്ഷിണ അറേബ്യയ്ക്കാണു പ്രാമാണ്യം. ഇവിടെ മൂന്നു രാജ്യങ്ങള്‍ ഉയര്‍ന്നുവന്നു. നജ്റാന്‍, ഹമൗത്ത് എന്നിവയ്ക്ക് ഇടയിലായിക്കിടന്ന ജോഫ് പ്രദേശത്ത് (ആധുനിക യെമെന്‍) രൂപംകൊണ്ട മിനേയന്‍ രാജ്യമാണ് ഇവയില്‍ ആദ്യത്തേത്. ഇപ്പോള്‍ ഉത്തര യെമെന്റെ തലസ്ഥാനമായ സനായുടെ വ. കി. ആയി കിടന്ന ഖര്‍ണാ ആസ്ഥാനമാക്കി ബി.സി. 1200 മുതല്‍ 650 വരെ മിനോയന്‍ വര്‍ഗക്കാര്‍ ഭരണംനടത്തി. ഈ രാജ്യത്ത് കൃഷി, വാണിജ്യം എന്നിവ വികസിച്ചിരുന്നു. രണ്ടാമത്തേത് ബി.സി. 930 മുതല്‍ 115 വരെ നിലവിലിരുന്ന സബേയന്‍ രാജ്യമാണ്. സമുദ്രനിരപ്പില്‍നിന്ന് സു. 1188 മീ. ഉയരത്തില്‍ 97 കി.മീ. കിഴക്കായിക്കിടന്ന മ അ്‍രിബ് (Ma'rib) ആയിരുന്നു ഇവരുടെ ആസ്ഥാനം. ഇവരുടെ രാജ്ഞിയായ ഷീബ സോളമനെ സന്ദര്‍ശിച്ചതായി ബൈബിളിലും ഖുര്‍ആനിലും പറയുന്നു. സെമിറ്റിക്ക് ഭാഷയായിരുന്നു മിനോയന്മാരെപ്പോലെ സബേയന്മാരും സംസാരിച്ചിരുന്നത്. സബേയന്‍ തലസ്ഥാനത്തിനുവേണ്ട ജലം സംഭരിക്കാന്‍ നിര്‍മിച്ചിരുന്ന അണക്കെട്ട് അദ്ഭുതാവഹമായ നിര്‍മാണപാടവം സൂചിപ്പിക്കുന്നതാണ്. സബേയരുടെ കാലം അറേബ്യയുടെ സുവര്‍ണദശയായിരുന്നു. പലസ്തീന്‍ മുതല്‍ വടക്കോട്ട് നിരവധി വാണിജ്യമാര്‍ഗങ്ങള്‍ അക്കാലത്തു നിലവില്‍വന്നു. സബേയന്മാരെ പിന്‍തുടര്‍ന്ന് ഹിമ്യാറുകള്‍ (Himyarites) ദക്ഷിണ അറേബ്യയെ ശക്തമായ ഒരു രാഷ്ട്രമാക്കി. സഹര്‍ കേന്ദ്രമാക്കി ബി.സി. 115 മുതല്‍ എ.ഡി. 525 വരെ ഈ രാജ്യം നിലനിന്നു. ബി.സി. 24-ല്‍ ഈലിയസ് ഗാലസിന്റെ (Aelius Gallus) നേതൃത്വത്തില്‍ റോമാക്കാര്‍ ആദ്യത്തെ അറേബ്യന്‍ ആക്രമണം നടത്തി പരാജയപ്പെട്ടു. ആദ്യമായി ഒന്നിലധികം നിലകളുള്ള കെട്ടിടങ്ങള്‍ നിര്‍മിച്ചുതുടങ്ങിയത് ഹിമ്യാറുകളായിരുന്നു. ഇവയിലൊന്നായ ഗുംദാന് (Ghumdan) 20 നിലകളുണ്ടായിരുന്നു. പില്ക്കാലത്ത് അതിന്റെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ചാണ് സനായുടെ പള്ളി നിര്‍മിച്ചത്. ഈ കാലഘട്ടത്തില്‍ റോമാക്കാരും ഈജിപ്തുകാരും അറബികളും വാണിജ്യരംഗത്ത് മത്സരിച്ചുപോന്നു. ഏക ദൈവവാദികളായ (Monophysites) ക്രിസ്ത്യാനികളായിത്തീര്‍ന്ന അബിസീനിയര്‍ക്കു കുറച്ചുകാലത്തേക്ക് അറേബ്യയില്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞു.

ക്രിസ്തുമതം.

അറേബ്യയില്‍ ക്രിസ്തുമതം പ്രചരിച്ചത് ഉത്തരഭാഗത്തുകൂടിയായിരുന്നു. മുഖ്യമായും മതപീഡനത്തെ ഭയന്ന് ഉത്തരഭാഗത്തുകൂടി അറേബ്യയില്‍ പ്രവേശിച്ച ക്രിസ്ത്യാനികള്‍ യെമെനിലെത്തി. എ.ഡി. 500-ല്‍ വിശുദ്ധ ഫേമിയൂന്‍ (Famiyun) സ്ഥാപിച്ച ഈ മോണോഫിസൈറ്റ് സമുദായത്തിന്റെ കേന്ദ്രം നജ്റാന്‍നഗരം ആയിരുന്നു. എ.ഡി. 70 മുതല്‍ ക്കേ ഇവിടെ യഹൂദന്മാര്‍ പാര്‍പ്പുറപ്പിച്ചിരുന്നു. 6-ാം ശ.-ത്തില്‍ ഇവര്‍ ശക്തരായി. 523-ലും 525-ലും അബിസീനിയര്‍ യഹൂദന്മാരെ തോല്പിച്ച് 20 വര്‍ഷം അവിടെ ഭരിക്കുകയും ചെയ്തു. മഅ്‍രിബ് അണക്കെട്ടില്‍നിന്നും കൊണ്ടുവന്ന കല്ലുപയോഗിച്ച് അബിസീനിയന്‍ വൈസ്രോയിയായ അബ്രഹാ (Abrahah) സനായുടെ ഒരു കുരിശുപള്ളി സ്ഥാപിച്ചു. ഇവരെ പിന്‍തുടര്‍ന്ന് ദക്ഷിണ അറേബ്യ ഭരിച്ചതു പേര്‍ഷ്യക്കാരായിരുന്നു.

ഉത്തര അറേബ്യന്‍ രാജ്യങ്ങള്‍.

അറേബ്യന്‍ ഉപദ്വീപിന്റെ ഉത്തരഭാഗത്തു പല ചെറു രാജ്യങ്ങളും രൂപംകൊണ്ടു. അവയില്‍ പ്രധാനപ്പെട്ടത് പെദ്ര ആസ്ഥാനമാക്കിയുള്ള നബാത്തിയന്‍ (Nabataean) രാജ്യമായിരുന്നു. നബാത്തിയര്‍ ടോളമികളും റോമാക്കാരും ആയി ബന്ധപ്പെട്ടിരുന്നു. അഗസ്റ്റസ് സീസറിന്റെ സേനാനായകനായ ഈലിയസ് ഗാലസ് അറേബ്യ ആക്രമിച്ചപ്പോള്‍ നബാത്തിയര്‍ റോമാക്കാരെ സഹായിച്ചിരുന്നു. ഹാരിസത് IVന്റെ (ബി.സി. 9-എ.ഡി. 40) കാലത്ത് നബാത്തിയന്‍ രാജ്യം അത്യുച്ചാവസ്ഥയിലെത്തി, ദമാസ്കസ് വരെ വ്യാപിച്ചു. അവരുടെ ലിഖിതങ്ങള്‍ അറാമിക് ഭാഷയിലായിരുന്നെങ്കിലും സംസാരഭാഷ അറബിയായിരുന്നു. ഉത്തരഭാഗത്തുണ്ടായിരുന്ന മറ്റൊരു രാജ്യമാണ് ഗസ്സാന്‍ (Ghassan). സിറിയന്‍ അതിര്‍ത്തിക്കടുത്തു ദമാസ്കസിനു തെക്കുകിഴക്കായിട്ടായിരുന്നു അവരുടെ ആസ്ഥാനം. ഗസ്സാന്‍കാര്‍ പില്ക്കാലത്ത് ക്രിസ്തുമതം സ്വീകരിച്ചു. സിറിയന്‍ അതിര്‍ത്തിയിലെ എല്ലാ അറബിഗോത്രങ്ങളുടെയും തലവനായി റോമാചക്രവര്‍ത്തി ജസ്റ്റീനിയന്‍, അല്‍-ഹാരിസ് II-നെ (529-569) നിയമിച്ചു. അറേബ്യ ഇസ്ലാമിന്റെ ആധിപത്യത്തിലായതോടെ ഗസ്സാന്‍രാജ്യം ഖലീഫയുടെ കീഴിലായി. ലോവര്‍ യൂഫ്രട്ടീസിന്റെ പശ്ചിമതീരത്ത് 3-ാം ശ.-ത്തില്‍ ലഖ്മ് (Lakham) രാജ്യം സ്ഥാപിതമായി. ദക്ഷിണ അറേബ്യന്‍വര്‍ഗത്തിന്റെ പൈതൃകം അവകാശപ്പെടുന്ന ഇവരുടെ കേന്ദ്രം അല്‍-ഹീറയായിരുന്നു. പേര്‍ഷ്യക്കാരുടെ കീഴിലമര്‍ന്ന ഇവര്‍ 633-ല്‍ ഇസ്ലാംമതാവലംബികളായി. നജ്ദില്‍ 480-ഓടുകൂടി പ്രാമാണ്യത്തിലേക്കുവന്ന മറ്റൊരു ഉത്തര അറേബ്യന്‍ വര്‍ഗമാണ് കിന്ദാ(Kindah)കള്‍. ഇവര്‍ ഒരു കേന്ദ്രീകൃതഭരണം സ്ഥാപിച്ച് അറേബ്യയുടെ ഉള്‍പ്രദേശങ്ങളെ ഏകോപിപ്പിക്കുവാന്‍ ശ്രമിച്ചു.

ഇസ്ലാംമതവും ഖലീഫാഭരണവും.

ഇസ്ലാംമതത്തിന്റെ ആവിര്‍ഭാവത്തോടെ ഹിജാസിന്റെ പ്രാധാന്യം വര്‍ധിച്ചു. മക്ക, മദീന എന്നീ സ്ഥലങ്ങള്‍ വിശ്വപ്രശസ്തിയാര്‍ജിച്ചു. മുഹമ്മദ് നബി (570-632) അറേബ്യയെ ഏകീകരിച്ച് ഒരു കേന്ദ്രീകൃത രാഷ്ട്രമാക്കി.

ഹറം ഷരീഫ്: മക്ക

ആദ്യത്തെ ഖലീഫയായിത്തീര്‍ന്ന അബൂബക്കര്‍ (573-634) അറേബ്യയിലെ കലാപകാരികളെ അടിച്ചമര്‍ത്തി. തന്റെ ജനറലായ ഖാലിദ് ഇബ്നുല്‍വലീദിനെ പേര്‍ഷ്യക്കാര്‍ ക്കെതിരായും ബൈസാന്തിയന്മാര്‍ ക്കെതിരായും യുദ്ധത്തിന് അയച്ചു. രണ്ടാമത്തെ ഖലീഫയായ ഉമറിന്റെകാലത്ത് ഖാദിസിയ്യയില്‍ (കദേസ്യ) വച്ച് പേര്‍ഷ്യക്കാരെ പരാജയപ്പെടുത്തി, ഇറാക്ക് കൈയടക്കി; കൂഫാ, ബസ്രാ എന്നീ നഗരങ്ങള്‍ സ്ഥാപിച്ചു (635).

ഒട്ടകം വളര്‍ത്തല്‍ കേന്ദ്രം

640-ല്‍ അബിസീനിയന്‍തീരത്തുള്ള മുസ്ലിങ്ങളെ സംരക്ഷിക്കാന്‍ ഉമര്‍ ഒരു നാവികപ്പടയെ അയച്ചു. അതേവര്‍ഷം തന്നെ അമര്‍ ഇബ്നു അല്‍ ആസ് (അന്യത്ര) ഈജിപ്ത് ആക്രമിച്ച് അലക്സാന്‍ഡ്രിയ കീഴടക്കുകയും ഫുസ്താത് (കെയ്റോ) നഗരം സ്ഥാപിക്കുകയും ചെയ്തു. മൂന്നാമത്തെ ഖലീഫയായ ഉസ്മാന്റെ കാലത്ത് ആഭ്യന്തരഛിദ്രങ്ങള്‍ ഉണ്ടായിട്ടും രാജ്യവികസനം തുടര്‍ന്നു. വ. അര്‍മീനിയ, ഏഷ്യാമൈനര്‍ എന്നിവിടംവരെയും ആഫ്രിക്കയുടെ ഉത്തരതീരത്തുള്ള കാര്‍ത്തേജു വരെയും അറബിസാമ്രാജ്യം വ്യാപിച്ചു. അബുഖയാസ് സൈപ്രസ് കീഴടക്കി; 652-ല്‍ ബൈസാന്തിയരെയും തോല്പിച്ചു. ഉസ്മാന്റെ വധത്തെത്തുടര്‍ന്ന് അലി (600-621) ഖലീഫയായി. സിറിയയിലെ ഗവര്‍ണറായിരുന്ന മുആവിയ (661-680) അലിയുടെ ഖലീഫസ്ഥാനം അംഗീകരിക്കുവാന്‍ വിസമ്മതിച്ചു. തുടര്‍ന്നുണ്ടായ സിഫ്ഫീന്‍ യുദ്ധത്തിനും ഈ പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ കഴിഞ്ഞില്ല. ഈ അവസരത്തിലാണ് അലി ഒരു ഖാരിജി അനുഭാവിയായ ഇബ്നുമുല്‍ജമിന്റെ ആക്രമണത്തില്‍ മരിച്ചത്. അലിയുടെ മരണം മുആവിയയുടെ സ്ഥാനം ഉറപ്പിക്കാന്‍ കാരണമായി. ദമാസ്കസ് ആസ്ഥാനമായുള്ള ഉമയ്യാദ് (അമവിയ്യ) ഭരണം സ്ഥാപിതമായതോടെ (661) അറേബ്യ ഒരു പ്രവിശ്യമാത്രമായിത്തീര്‍ന്നു.

ഉമയ്യാദുകളും അബ്ബാസികളും.

ഉമയ്യാദ് വംശക്കാരുടെ ഭരണം അറേബ്യയില്‍ സമാധാനം നിലനിര്‍ത്തിയില്ല. അലിയെ എതിര്‍ത്തിരുന്ന ഖാരിജികള്‍ (Kharijites) നഹ്റവാന്‍ യുദ്ധത്തില്‍ പരാജയപ്പെട്ടു; എന്നാല്‍ അവരുടെ ശക്തി ക്ഷയിച്ചില്ല. ഖുറൈഷികളെ മാത്രമല്ല അറബിഗോത്രത്തില്‍പ്പെട്ട ഏതു മുസ്ലിമിനെയും ഖലീഫയാക്കാമെന്നു ചിലര്‍ വാദിച്ചു. ദൈവം മാത്രമേ ഭരണാധിപനായിട്ടുള്ളുവെന്നും അതിനാല്‍ ഖലീഫസ്ഥാനം തന്നെ വേണ്ടെന്നും ഭരണംനടത്തുന്നത് ഒരു സമിതി ആയിരിക്കണമെന്നും മറ്റൊരഭിപ്രായവും ശക്തിപ്പെട്ടു. അവര്‍ പല കക്ഷികളായി പിരിഞ്ഞ് അറേബ്യയില്‍ നിരന്തരം അന്തഃഛിദ്രങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. അലിയുടെ വധത്തെത്തുടര്‍ന്ന് പുത്രന്മാരായ ഹസനും ഹുസൈനും അധികാരത്തിലെത്തി. മുആവിയയുമായി ഹസന്‍ ഒത്തുതീര്‍പ്പുണ്ടാക്കി. ഭരണം കൈയേറ്റ യസീദി (Yazeed) നെതിരെ യുദ്ധത്തിനൊരുമ്പെട്ടതിനാല്‍ കര്‍ബലയില്‍ വച്ച് ഹുസൈന്‍ വധിക്കപ്പെട്ടു (680). ഈ ഘട്ടത്തില്‍ ഇസ്ലാമിന്റെ രക്ഷയ്ക്കും അലികുടുംബക്കാരുടെ ഘാതകരോടു പകരംവീട്ടാനും ആയി അബ്ദുല്ല ഇബ്നു സുബൈര്‍ മുന്നോട്ടുവന്നു. മക്ക, മദീന എന്നീ നഗരനിവാസികള്‍ സുബൈറിനു പിന്തുണ നല്കി. ഇതേത്തുടര്‍ന്ന് 682-ല്‍ യസീദ്, മദീനയും 683-ല്‍ മക്കയും പിടിച്ചടക്കി. എന്നാല്‍ മൂന്നു മാസത്തിനുള്ളില്‍ യസീദ് നിര്യാതനായി. മക്കയില്‍ പിടിച്ചുനിന്ന അബ്ദുല്ലയെ ഖലീഫയായി അറേബ്യനിവാസികള്‍ അംഗീകരിച്ചു. അബ്ദുല്ല, മര്‍വാന്‍ I-നെ തോല്പിച്ചുവെങ്കിലും ഖാരിജികളുടെ സഹകരണം ലഭിച്ചില്ല. 691-ല്‍ അബ്ദുല്‍ മാലിക്ക് (685-705) മക്കയ്ക്കെതിരെ തന്റെ പടനായകനായ ഹജ്ജാജിനെ അയച്ചു. 692-ല്‍ മക്കാനഗരം കീഴടങ്ങി. യുദ്ധത്തില്‍ അബ്ദുല്ല ഇബ്നുസുബൈര്‍ വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് മുസ്ലിം ലോകത്ത് അബ്ദുല്‍ മാലിക്ക് പ്രമുഖനായി. അറബിജനത ഇതിനകം സ്പെയിനിലും ഇന്ത്യയിലും എത്തിയിരുന്നു. അബുല്‍ അബ്ബാസ് തലസ്ഥാനം ദമാസ്കസില്‍ നിന്നു കൂഫയിലേക്ക് മാറ്റിയതോടെ അറേബ്യയുടെ പ്രാധാന്യത്തിനു ഗ്ലാനി സംഭവിച്ചു. പേര്‍ഷ്യക്കാരെയും തുര്‍ക്കികളെയും ആശ്രയിച്ചായിരുന്നു അബ്ബാസികള്‍ ഭരണം നടത്തിയത്. അതിനാല്‍ ഉന്നത ഉദ്യോഗങ്ങള്‍ വഹിച്ചിരുന്നത് അവരായിരുന്നു. എന്നാല്‍ അറബിഭാഷയും സംസ്കാരവും പുരോഗതിയാര്‍ജിച്ചുപോന്നു.

ഖര്‍മേത്തിയന്മാര്‍ (Carmathians).

ഈന്തപ്പഴത്തോട്ടം

ഹംദാന്‍ ഖര്‍മത്തിന്റെ (Hamdan Qarmat) അനുയായികളായ ഖര്‍മേത്തിയന്മാര്‍ 9-ാം ശ.-ത്തിന്റെ അവസാനത്തോടെ അറേബ്യയില്‍ പ്രബലരായി. 900-ത്തില്‍ ഹംദാന്‍ അയച്ച അബുസയ്ദ്അല്‍ ജന്നബി, ബഹ്റീന്‍ ആക്രമിച്ച് ഖത്തീഫ് നഗരം കീഴടക്കി. 903-ല്‍ ബഹ്റീന്റെ തലസ്ഥാനമായ ഹജാര്‍, ഖര്‍മേത്തിയന്മാര്‍ കീഴടക്കിയെങ്കിലും അറബികള്‍ അതു കാര്യമാക്കിയില്ല. അവിടെനിന്ന് ഖര്‍മേത്തിയന്മാര്‍ യമാമ, ഒമാന്‍ എന്നീ പ്രദേശങ്ങള്‍ ആക്രമിച്ചു. 906 ആയപ്പോഴേക്കും യെമെന്‍ മുഴുവന്‍ കീഴടക്കിയ അവര്‍ മക്ക, മദീന നഗരങ്ങള്‍ ആക്രമിക്കുവാന്‍ തക്കംപാത്തുനിന്നു. 913-ല്‍ അബുസയ്ദ് അല്‍ഹാസയില്‍ വച്ച് വധിക്കപ്പെട്ടു. തുടര്‍ന്ന് അതു ഖര്‍മേത്തിയന്‍ തലസ്ഥാനമായി. അബുസെയ്ദിന്റെ സഹോദരനായ അബുതാഹിര്‍ ഭരണാധികാരിയായി. ഇദ്ദേഹം ഒമാന്‍ കീഴടക്കുകയും മക്ക ആക്രമിച്ച് വിശുദ്ധശില ബഹ്റിനില്‍ കൊണ്ടുപോകുകയും ചെയ്തു. 939-ലാണ് വിശുദ്ധശില മക്കയിലേക്കു മടക്കിക്കൊണ്ടുവന്നത്. അബുതാഹിറുടെ മരണംവരെ അറേബ്യ ഖര്‍മേത്തിയന്മാരുടെ കീഴില്‍ത്തന്നെ കഴിഞ്ഞു. 969-ല്‍ ഈജിപ്തിലെ ഫാത്തിമിയ്യ വംശക്കാരുമായി അവര്‍ ശത്രുതയിലായതോടെ അവരുടെ പ്രാധാന്യം കുറഞ്ഞു; 985-ല്‍ ഇറാക്കും വിശുദ്ധനഗരങ്ങളും നഷ്ടമായി. ഒമാന്‍ നഷ്ടപ്പെട്ട സ്വാതന്ത്ര്യം വീണ്ടെടുത്തു. മൂന്നുവര്‍ഷം കഴിഞ്ഞ് ഒരു ഷെയ്ഖ് അവരെ തോല്പിച്ച് തലസ്ഥാനമായ ഖത്തിഫും കീഴടക്കി. തുടര്‍ന്നുള്ള ഏഴുനൂറുകൊല്ലം അറേബ്യ സംഘര്‍ഷങ്ങളുടെ രംഗമായിരുന്നു.

വഹാബികള്‍.

വഹാബിപ്രസ്ഥാനത്തിന്റെ നേതാവ് മുഹമ്മദ്ഇബ്നു അബ്ദുല്‍വഹാബ് (1703-92) ആയിരുന്നു. ഇദ്ദേഹം അല്‍ഉയയ്നയില്‍ ജനിച്ചു. മധ്യപൂര്‍വദേശത്തെ പലരാജ്യങ്ങളിലും സഞ്ചരിച്ച വഹാബ് ഉയയ്നയില്‍ തന്റെ മതശുദ്ധീകരണ പ്രസ്ഥാനം ആരംഭിച്ചു. അവിടത്തെ ഭരണാധികാരിയായിരുന്ന ഉസ്മാന്‍ ഇബ്നുമുഅമ്മര്‍ ഈ നവീകരണപ്രസ്ഥാനത്തെ പിന്താങ്ങി. എന്നാല്‍ അല്‍ഹാസയിലെ ഭരണാധികാരി ഈ പ്രസ്ഥാനത്തിനെതിരായിരുന്നതിനാല്‍, വഹാബിനെ ഉയയ്നയില്‍നിന്നു ബഹിഷ്കരിക്കാന്‍ ഉസ്മാന്‍ നിര്‍ബന്ധിതനായി. മുഹമ്മദ് ഇബ്നുവഹാബ് ദരിയയില്‍ എത്തി, മുഹമ്മദ് ഇബ്നു സവൂദിന്റെ സംരക്ഷണത്തില്‍ തന്റെ പ്രസ്ഥാനം പ്രചരിപ്പിച്ചു. ഈ രാഷ്ട്രീയപ്രസ്ഥാനം ശക്തി പ്രാപിക്കുകയും അല്‍ഹാസയും അല്‍ഉയയ്നയും വഹാബികളുടെ നിയന്ത്രണത്തിലാകുകയും ചെയ്തു. 20 വര്‍ഷത്തെ ചെറുത്തുനില്പിനു ശേഷമാണ് റിയാദും മന്‍ഫുഹയും വഹാബിപ്രസ്ഥാനത്തിനു കീഴടങ്ങിയത്. മുഹമ്മദു ഇബ്നു സവൂദിന്റെ മരണഘട്ടത്തില്‍ (1765) അറേബ്യയുടെ മധ്യകിഴക്കന്‍ പ്രദേശങ്ങള്‍ വഹാബി ഭരണത്തിന്‍കീഴിലായി. മുഹമ്മദ് ഇബ്നു സവൂദിന്റെ പുത്രനായ അബ്ദുല്‍ അസീസ് I, വഹാബിപ്രസ്ഥാനത്തെ പ്രോത്സാഹിപ്പിച്ചു. വഹാബിഭരണത്തിനെതിരായിരുന്ന തുര്‍ക്കികള്‍ അല്‍ഹാസ ആക്രമിച്ചെങ്കിലും (1798) അവര്‍ക്കു പിന്തിരിയേണ്ടി വന്നു. വഹാബികള്‍ ഷിയാ വിഭാഗത്തിന്റെ കര്‍ബല (ഇറാക്ക്) യിലെ പള്ളി നശിപ്പിച്ചു. അബ്ദുല്‍ അസീസ് I-ന്റെ പുത്രനായ സവൂദ് II തുര്‍ക്കിയുടെ അധീനതയിലിരുന്ന ഹിജാസ് ആക്രമിക്കുകയും മക്ക പിടിച്ചടക്കുകയും ചെയ്തു. അബ്ദുല്‍ അസീസ് I-നെ ദരിയയിലെ പള്ളിയില്‍ വച്ച് ഒരു ഷിയാമുസ്ലിം വധിച്ചു. സവൂദ് II 1804-ല്‍ മദീന കീഴടക്കി വഹാബി സാമ്രാജ്യത്തിന്റെ വിസ്തൃതിയും യശസ്സും വര്‍ധിപ്പിച്ചു. യെമെന്‍ മുതല്‍ ഒമാന്‍ വരെയുള്ള പ്രദേശങ്ങള്‍ അവരുടെ അധീനതയിലായി.

ഉസ്മാനിയസുല്‍ത്താന്‍, ഈജിപ്തിലെ വൈസ്രോയിയായിരുന്ന മുഹമ്മദലിയെ വഹാബികളെ അമര്‍ച്ചചെയ്യാനായി നിയോഗിച്ചു. മുഹമ്മദലിയുടെ പുത്രനായ തുസൂന്‍ സൈന്യസമേതം ഹിജാസില്‍ എത്തി. സവൂദ് II, തുര്‍ക്കികളുമായുള്ള യുദ്ധത്തില്‍ ആദ്യം വിജയിച്ചെങ്കിലും മക്കയും മദീനയും തുസൂന്‍, വഹാബികളില്‍നിന്ന് പിടിച്ചെടുത്തു. 1814-ല്‍ സവൂദ് II നിര്യാതനായി. അനന്തരം ഭരണത്തിലെത്തിയ അബ്ദുല്ല I ഈജിപ്തുമായി സന്ധിസംഭാഷണത്തിനു തയ്യാറായി (1815); ഈജിപ്തുമായുളള സമാധാനപരമായ നിലപാട് നീണ്ടുനിന്നില്ല. മുഹമ്മദലിയുടെ മറ്റൊരു പുത്രനായ ഇബ്രാഹിം പാഷയുടെ നേതൃത്വത്തില്‍ വീണ്ടും ഒരു ഈജിപ്ഷ്യന്‍ സേന അറേബ്യയിലെത്തുകയും വഹാബിസാമ്രാജ്യത്തിന്റെ തലസ്ഥാനം കീഴടക്കുകയും ചെയ്തു. കീഴടങ്ങിയ അബ്ദുല്ല I-നെ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് കൊണ്ടുപോയി. അവിടെവച്ച് അദ്ദേഹം വധിക്കപ്പെട്ടു. സൗദികുടുംബാംഗങ്ങളില്‍ വളരെപ്പേര്‍ യുദ്ധത്തില്‍ മരിച്ചു; വഹാബിഭരണം നാമാവശേഷമായി.

മുഹമ്മദ്ഇബ്നു സവൂദിന്റെ ഒരു പൗത്രനായ തുര്‍ക്കി, 1824-ല്‍ റിയാദ് കീഴടക്കി; അവിടെ ഉണ്ടായിരുന്ന ഈജിപ്ഷ്യന്‍ പട്ടാളത്തെ ബഹിഷ്കരിച്ചു. ഈജിപ്തിന്റെ നാമമാത്രമായ അധീശാധികാരം അംഗീകരിച്ചുകൊണ്ട് വഹാബിഭരണം അറേബ്യയില്‍ വീണ്ടും സജീവമായി. റിയാദ് ആയിരുന്നു തലസ്ഥാനം. സവൂദ് II-ന്റെ പുത്രനായ മിഷാരി തുര്‍ക്കിയെ വധിച്ചു. തുര്‍ക്കിയുടെ പുത്രനായ ഫൈസല്‍, മിഷാരിയെ വധിച്ചശേഷം ഭരണാധികാരിയായി. ഫൈസല്‍ ഈജിപ്തിനു നല്കേണ്ടിയിരുന്ന കപ്പംകൊടുക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നു വീണ്ടും ഈജിപ്ഷ്യന്‍സേനകള്‍ റിയാദ് ആക്രമിച്ചു. അവര്‍ ഫൈസലിനെ തടവുകാരനാക്കിശേഷം സവൂദ് II-ന്റെ ഒരു പുത്രനായ ഖാലിദിനെ നെജ്ദിലെ ഭരണാധികാരിയാക്കി. താമസിയാതെ ഖാലിദിനെയും ഈജിപ്ഷ്യന്‍സേനകള്‍ തടവുകാരാക്കി. എന്നാല്‍ ഫൈസല്‍ തടവില്‍നിന്നു രക്ഷപ്പെട്ട് അറേബ്യയില്‍ എത്തി വഹാബിഭരണം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടു. ഈജിപ്തിന്റെ അധീശാധികാരം അംഗീകരിക്കാമെന്നുള്ള വ്യവസ്ഥയില്‍ ഖാലിദ് വിമോചിതനായി. ഫൈസല്‍ വീണ്ടും ഈജിപ്തില്‍ തടവുകാരനാക്കപ്പെട്ടു. ഈജിപ്തിനു വിധേയമായുള്ള ഖാലിദിന്റെ ഭരണം, വഹാബി പക്ഷക്കാരായ അറബിജനതയുടെ എതിര്‍പ്പിനു വഴിതെളിച്ചു. ഖാലിദിന്റെ കുടുംബത്തില്‍ പ്പെട്ട അബ്ദുല്ല ഇബ്നുതുനൈയാന്‍ റിയാദിലെ ഭരണം പിടിച്ചെടുത്തു (1841). ഖാലിദ് ജിദ്ദയിലേക്കു രക്ഷപ്പെട്ടു. 1843-ല്‍ ഫൈസല്‍ വീണ്ടും ഈജിപ്തില്‍നിന്നു അറേബ്യയിലെത്തി. അബ്ദുല്ല ഇബ്നു തുനൈയാനെ വധിച്ചശേഷം റിയാദിലെ ഭരണാധിപനായി. 1865-ല്‍ നിര്യാതനാകുന്നതുവരെ തന്റെ ഭരണം നിലനിര്‍ത്തി. ഹിജാസ് തുര്‍ക്കികളുടെ അധികാരസീമയിലും ഉത്തരഅറേബ്യ (ജബല്‍ഷമ്മാര്‍) നാമമാത്രമായി റിയാദിന്റെ പരമാധികാരത്തിന്‍കീഴിലുള്ള ഒരു അര്‍ധ സ്വതന്ത്രരാജ്യമായും തുടര്‍ന്നു. ഫൈസലിന്റെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ ഒരു പുത്രനായ അബ്ദുല്ല ഭരണാധികാരമേറ്റു. അദ്ദേഹത്തിനു സഹോദരനായ സവൂദ് III-മായി നിരന്തരം യുദ്ധം ചെയ്യേണ്ടിവന്നു. അധികാരത്തിനുവേണ്ടി സഹോദരന്മാരും കുടുംബാംഗങ്ങളും തമ്മില്‍ നിരന്തരമായ യുദ്ധം നടന്നു. സിംഹാസനം ആ കുടുംബത്തില്‍ പ്പെട്ട പലരും മാറിമാറി കൈവശമാക്കി. അബ്ദുല്ലയുടെ അഭ്യര്‍ഥന അനുസരിച്ച് ബാഗ്ദാദിലെ തുര്‍ക്കികള്‍ അറേബ്യയില്‍ എത്തി. അവര്‍ അല്‍ ഹാസാ പ്രദേശം കൈവശമാക്കി.

ഇബ്നു റഷീദ്.

ഒരു അറേബ്യന്‍ നഗരം

സവൂദ് III 1875-ല്‍ നിര്യാതനായി. 1876-ല്‍ അബ്ദുല്ല II റിയാദില്‍വച്ചു സിംഹാസനസ്ഥനായി. ഇതിനിടയ്ക്ക് മുഹമ്മദ് ഇബ്നു അബ്ദുല്ല അല്‍റഷീദ് ഹെയില്‍ ആസ്ഥാനമാക്കി ശക്തമായ ഭരണകൂടം ഉത്തരഅറേബ്യയില്‍ സ്ഥാപിച്ചിരുന്നു. സ്വകുടുംബത്തില്‍പ്പെട്ട അനവധിപേരെ വധിച്ചശേഷം മാത്രമാണ് തന്റെ അധികാരം ഉറപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചത്. മുഹമ്മദ് ഇബ്നു അബ്ദുല്ല അല്‍റഷീദ് റിയാദ് ആസ്ഥാനമാക്കിയിരുന്ന വഹാബിഭരണത്തില്‍ ഇടപെടുകയും അബ്ദുല്ല IIനെ ഹെയിലില്‍ 'അതിഥി'യായി താമസിപ്പിച്ചുകൊണ്ട്, റിയാദിലെ ഭരണം ഒരു ഗവര്‍ണറുടെ കീഴിലാക്കുകയും ചെയ്തു. എന്നാല്‍ 1889-ല്‍ റിയാദിലെ ഭരണം അബ്ദുല്ല II നു തിരിച്ചു നല്കി. ആ വര്‍ഷംതന്നെ അദ്ദേഹം നിര്യാതനായി. അദ്ദേഹത്തിന്റെ സഹോദരനായ അബ്ദുല്‍ റഹ്മാന്‍ റിയാദിലെ ഭരണാധികാരിയായി. അദ്ദേഹം ഹെയിലിലെ മുഹമ്മദ് ഇബ്നു അബ്ദുല്ല അല്‍റഷീദുമായി ശത്രുതയിലായി. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ അബ്ദുല്‍ റഹ്മാന്‍ പരാജയപ്പെട്ട് അറേബ്യ വിട്ടോടിപ്പോയി (1891). വഹാബി ഭരണകൂടം വീണ്ടും നാമാവശേഷമായി. മുഹമ്മദ് ഇബ്നു അബ്ദുല്ല അല്‍റഷീദ്, വഹാബിരാജ്യം തന്റെ രാജ്യത്തില്‍ ലയിപ്പിച്ചു. അല്‍റഷീദിന്റെ നിര്യാണാനന്തരം (1897) അബ്ദുല്‍ അസീസ് ഇബ്നുമിത്താബ് ഭരണം കൈയേറ്റു. അദ്ദേഹം ജനപ്രീതി സമ്പാദിക്കുന്നതില്‍ പരാജയപ്പെട്ടു. അതേസമയം അബ്ദുല്‍ അസീസ് ഇബ്നു അബ്ദല്‍ റഹ്മാന്‍ കുവൈത്തിലെ ഷെയ്ക്ക് മുബാറക്ക് ഇബ്നുസബയുടെ അതിഥിയായി കഴിഞ്ഞുവരികയായിരുന്നു. 1900-ല്‍ ഷെയ്ക്ക് മുബാറക്കും അബ്ദുല്‍ റഹ്മാന്‍ ഇബ്നുസവൂദും അറേബ്യയില്‍ ആക്രമണം നടത്തി. അബ്ദുല്‍ റഹ്മാന്‍ ഇബ്നു സവൂദിന്റെ പുത്രന്‍ അബ്ദുല്‍ അസീസ് റിയാദിനെതിരായും ആക്രണം നടത്തി. അതു വിഫലമായി. അബ്ദുല്‍ അസീസ് ഏതാനും അനുയായികളോടുകൂടി റിയാദിന്റെ പരിസരപ്രദേശത്ത് എത്തി (1902). 1902 ജനു. 15-ന് 15 അനുയായികളോടുകൂടി നഗരത്തിനു ചുറ്റുമുള്ള കോട്ട കടന്നു നഗരത്തില്‍ പ്രവേശിച്ച്, റഷീദിഗവര്‍ണറെ പെട്ടെന്ന് ആക്രമിച്ചു കീഴ്പ്പെടുത്തി. അബ്ദുല്‍ അസീസിനെ ജനങ്ങള്‍ തങ്ങളുടെ ഭരണാധികാരിയായി അംഗീകരിച്ചു.

ഇബ്നു സഊദ്.

അബ്ദുല്‍ അസീസ് ഇബ്നു സഊദ് (1897-1953) അറേബ്യന്‍ ചരിത്രത്തിലെ ഒരു പ്രമുഖഭരണാധിപനായിരുന്നു. ഭരണം നഷ്ടപ്പെട്ട റഷീദികളും ഭരണം പിടിച്ചെടുത്ത സൌദികളും തമ്മിലുള്ള കടുത്ത അധികാരമത്സരരംഗമായിത്തീര്‍ന്നു, അറേബ്യ. റഷീദികള്‍ക്ക് തുര്‍ക്കിയുടെ സഹായമുണ്ടായിരുന്നു. 1904-ല്‍ ബുക്കെയിരിയാ യുദ്ധത്തില്‍ റഷീദികളുടെയും തുര്‍ക്കികളുടെയും സംയുക്തസേനയെ തോല്പിച്ചുകൊണ്ട് അബ്ദുല്‍ അസീസ് (അബ്ദുല്‍ അസീസ് ഇബ്നു അബ്ദുല്‍ റഹ്മാന്‍ ഇബ്നു ഫൈസല്‍ അല്‍സവൂദ്) തന്റെ ഭരണം ഉറപ്പിച്ചു. പുതിയ സാഹചര്യത്തില്‍ തുര്‍ക്കി, തങ്ങളുടെ സേനയെ അറേബ്യയില്‍ നിന്നു പിന്‍വലിച്ചു. അബ്ദുല്‍ അസീസ് ഇബ്നു സവൂദ് അറേബ്യയിലെ അംഗീകരിക്കപ്പെട്ട ഭരണാധികാരിയായിത്തീര്‍ന്നു. അറേബ്യന്‍ ഉപദ്വീപിലെ ഏതാനും പ്രദേശങ്ങള്‍ മാത്രമാണു ഇദ്ദേഹത്തിന്റെ അധികാരസീമയ്ക്കു പുറത്തുണ്ടായിരുന്നത്. അവ കൂടി തന്റെ അധികാരപരിധിക്കുള്ളില്‍ വരുത്തുവാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. അല്‍ഹാസ പ്രദേശം തുര്‍ക്കികളില്‍നിന്നും പിടിച്ചെടുത്തു (1913). ഹിജാസിലെ ഹുസൈന്‍ രാജാവിനെ 1919-ല്‍ തോല്പിച്ചു. 1920-ല്‍ ഇബ്നു സവൂദിന്റെ പുത്രനായ ഫൈസല്‍ ഹിജാസിനും യെമെനും ഇടയ്ക്കുള്ള അസീര്‍പ്രദേശവും പിടിച്ചെടുത്തു. അവസാന റഷീദി അമീറായ മുഹമ്മദ് ഇബ്നു തലാലിന്റെ സേനയെ പരാജയപ്പെടുത്തി അദ്ദേഹത്തിന്റെ അധികാരപരിധിയിലുണ്ടായിരുന്ന പ്രദേശങ്ങളും കീഴടക്കി. ഉ. അറേബ്യ പൂര്‍ണമായും ഇബ്നു സവൂദിന്റെ ഭരണത്തിന്‍കീഴിലായി. അടുത്ത വര്‍ഷം അല്‍ജൌഫും വാദിസിര്‍ഹാനും അദ്ദേഹം പിടിച്ചെടുത്തു. കുവൈറ്റുമായുള്ള ബന്ധങ്ങള്‍ അദ്ദേഹം സൗഹൃദപൂര്‍ണമാക്കി. ഹുസൈന്‍രാജാവിന്റെ പുത്രന്മാരായ ഫൈസലിനെയും (ഭ.കാ. 1921-33) അബ്ദുല്ലയെയും (ഭ.കാ. 1921-51) ഇറാക്കിലെയും ട്രാന്‍സ് ജോര്‍ദാനിലെയും രാജാക്കന്മാരായി ഇംഗ്ലീഷുകാര്‍ വാഴിച്ചു. എന്നാല്‍ വഹാബി രാജ്യവും സമീപപ്രദേശങ്ങളിലെ മറ്റു സ്വതന്ത്ര രാജ്യങ്ങളുമായുള്ള അതിര്‍ത്തിത്തര്‍ക്കങ്ങള്‍ തുടര്‍ന്നു വന്നു. അത് അവസാനിപ്പിക്കാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് സ്വീകരിച്ച നടപടികള്‍ വിജയിച്ചില്ല. 1924-ല്‍ വഹാബികള്‍ ഹിജാസ് ആക്രമിച്ചു. അത്തെഫും മക്കയും അവര്‍ പിടിച്ചടക്കി. പിന്നീട് ജിദ്ദയും മദീനയും ആക്രമിച്ചു. ഇത്തരുണത്തില്‍ ഹുസൈന്‍രാജാവു സ്ഥാനത്യാഗം ചെയ്ത് ഭരണം പുത്രനായ അലിയെ ഏല്പിച്ചു. 1925-ല്‍ ജിദ്ദയും മദീനയും ഇബ്നു സവൂദിനു കീഴടങ്ങി. അലിയും സ്ഥാനത്യാഗം ചെയ്തു രാജ്യം വിട്ടുപോയി. അക്വാബാ പ്രദേശങ്ങള്‍ ട്രാന്‍സ്ജോര്‍ദാനുവേണ്ടി ബ്രിട്ടീഷുകാര്‍ കീഴടക്കി; സവൂദ് രാജാവ് ആ പ്രദേശങ്ങള്‍ കീഴടക്കുന്നതു തടയുകയായിരുന്നു ബ്രിട്ടീഷുകാരുടെ ലക്ഷ്യം. 1928 ജനു. 8-നു നജ്ദ്സുല്‍ത്താന്‍ മാത്രമായിരുന്ന ഇബ്നുസവൂദ് അറേബ്യയുടെ രാജാവായി സ്ഥാനാരോഹണം ചെയ്തു. ലോകരാഷ്ട്രങ്ങള്‍ ഈ ഭരണത്തെ അംഗീകരിച്ചു. 1932-ല്‍ ഹിജാസ്, നജ്ദ് എന്നീ രാജ്യങ്ങളും സംരക്ഷിത പ്രദേശങ്ങളും കൂട്ടിച്ചേര്‍ത്തു സൗദി അറേബ്യ എന്ന പുതിയ രാജ്യം രൂപമെടുത്തു. ഇബ്നു സവൂദ് 1953-ല്‍ നിര്യാതനായി. തുടര്‍ന്നു സവൂദ് ഇബ്നു അബ്ദുല്‍ അസീസ് (ഭ.കാ. 1953-64) രാജാവായി. അദ്ദേഹത്തിന്റെ സ്ഥാനത്യാഗത്തെത്തുടര്‍ന്ന് 1964 ന. 2-നു ഫൈസല്‍ രാജകുമാരന്‍ (ഫൈസല്‍ ഇബ്നു അബ്ദുല്‍ അസീസ്) സൗദി അറേബ്യയിലെ ഭരണാധികാരം ഏറ്റെടുത്തു.

രാഷ്ട്രീയ സംവിധാനം.

അറേബ്യന്‍ ഉപദ്വീപിലുള്ള രാജ്യങ്ങള്‍ സൗദി അറേബ്യ, യെമെന്‍, ഒമാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (അബൂദാബി, ദുബായ്, ഷാര്‍ജാ, അജ്മാന്‍, ഉമ്മുല്‍ ഖയ്വാന്‍, റഅസ്അല്‍ഖൈമാ, അല്‍ഫുജറാ), ബഹ്റീന്‍, ഖത്തര്‍, കുവൈറ്റ് എന്നിവയാണ്. കുവൈറ്റ് ഒരു സ്വതന്ത്രരാജ്യമാണ്. 1970 വരെ മസ്കറ്റ് ഒമാന്‍ എന്നറിയപ്പെട്ടിരുന്ന ഒമാനില്‍ പരമ്പരാഗതമായ രാജവാഴ്ചയാണു നിലവിലുള്ളത്. ഉത്തര യെമെനില്‍ 1962-ല്‍ രാജഭരണം അവസാനിച്ച് റിപ്പബ്ലിക്ക് സ്ഥാപിതമായി. എങ്കിലും തുടര്‍ന്നുണ്ടായ ആഭ്യന്തരസമരങ്ങള്‍ അവസാനിച്ചതു 1970-ലാണ്. അറേബ്യയുടെ തെക്കേ അറ്റത്തെ ബ്രിട്ടീഷ് അധിനിവേശപ്രദേശമായിരുന്ന ഏഡനും സമീപപ്രദേശങ്ങളും സ്വാതന്ത്ര്യപ്രാപ്തിയെ (1967) തുടര്‍ന്നു പീപ്പിള്‍സ് റിപ്പബ്ലിക്ക് ഒഫ് സൗത്ത് യെമെന്‍ ആയി; 1970-ല്‍ പരിപൂര്‍ണസ്വാതന്ത്ര്യം നേടിയതോടെ പീപ്പിള്‍സ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഒഫ് സൗത്ത് യെമെന്‍ ആയിത്തീര്‍ന്നു. 1990-ല്‍ ഉത്തരയെമെനും ദക്ഷിണയെമെനും യോജിച്ച് യെമെന്‍ ആയിത്തീര്‍ന്നു. 1993-ല്‍ സ്വതന്ത്രവും ബഹുകക്ഷി അടിസ്ഥാനത്തിലുള്ളതുമായ തെരഞ്ഞെടുപ്പു നടന്നു. 1994-ല്‍ പുതിയ ഭരണഘടന നിലവില്‍വന്നു. നോ: ഒമാന്‍; കുവൈറ്റ്; ഖത്തര്‍; ട്രൂഷ്യല്‍ സ്റ്റേറ്റുകള്‍; ബഹ്റീന്‍; യെമെന്‍; യുണൈറ്റഡ് അറബ് എമിറേറ്റ്സ്; സൗദി അറേബ്യ

(വി.എം. ഫിലിപ്പോസ്; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B1%E0%B5%87%E0%B4%AC%E0%B5%8D%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍