This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അറം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അറം

ഗ്രന്ഥകര്‍ത്താവിനു ദോഷകരമായി പരിണമിക്കുന്ന സ്വന്തം വാക്ക്. 'കവികള്‍ കഥാപാത്രങ്ങളുടെ വാക്കായിട്ട് ഉത്തമപുരുഷസര്‍വനാമം ചേര്‍ത്തു ശാപരൂപമായി പറയുന്ന സംഗതി മേലാല്‍ തനിക്കുതന്നെ ഫലിക്കുന്നതാണ് അറം' എന്നു സാഹിത്യസാഹ്യത്തില്‍ ഏ.ആര്‍. രാജരാജവര്‍മ ഇതിനു നിര്‍വചനം നല്കിയിരിക്കുന്നു.

സന്ദര്‍ഭത്തിന്റെ സരസതയോ ഹൃദയദ്രവീകരണദക്ഷതയോ കൊണ്ട് കഥാപാത്രത്തിന്റെയും കവികളുടെയും വികാരങ്ങള്‍ അഭിന്നമാവുകയും, അങ്ങനെ കഥാപാത്രം പറയുന്ന വാക്കുകള്‍ കവിയുടെതന്നെ ഭാവിയുടെ പിശുനശകുനമാവുകയും ചെയ്യുന്നു എന്ന അന്ധവിശ്വാസത്തിലാണ് അറം എന്ന സങ്കല്പം പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നത്. കഥാപാത്രത്തെക്കൊണ്ടു പറയിക്കുക എന്ന രീതി മാത്രമല്ല, 'കഥാപാത്രമായി ജീവിക്കുക' എന്ന ശൈലിപോലും ഇത്തരം സങ്കല്പത്തിനു വളം വയ്ക്കാന്‍ ഇടയായിക്കാണും. ഒരു പ്രത്യേകതയായി ഇതില്‍ എടുത്തുപറയാനുള്ളത് 'അറം' കേരളീയ കവിഭാവനയില്‍ മാത്രമേ എന്തെങ്കിലും പങ്കുവഹിക്കുന്നുള്ളു എന്നതാണ്.

ഇതിനു ചില പ്രസിദ്ധ ഉദാഹരണങ്ങളും കേരളീയ സാഹിത്യസൃഷ്ടികളില്‍ നിന്ന് ഉദ്ധരിക്കപ്പെടാറുണ്ട്. ബകവധം ആട്ടക്കഥയില്‍ 'കാടേ ഗതി നമുക്ക്' എന്നു പാണ്ഡവന്മാര്‍ വിലപിച്ചതിന്റെ വിവക്ഷ കര്‍ത്താവായ കോട്ടയത്തു തമ്പുരാനെയും പിടികൂടുകയും, ബ്രിട്ടീഷുകാരെ ചെറുത്തുനില്ക്കാന്‍ നാടുവിട്ട് കാടുകയറി അവിടെത്തന്നെ അദ്ദേഹത്തിനു ജീവിതമവസാനിപ്പിക്കേണ്ടിവരികയും ചെയ്തുവെന്ന കഥയാണ് ഇതിന്റെ ആദ്യ ദൃഷ്ടാന്തം. നളചരിതത്തില്‍ ഹംസം വിലപിക്കുന്ന-'എന്നാല്‍ കുലമിതഖിലവുമറുതി വന്നിതു' എന്ന പ്രയോഗത്തിന്റെ ആത്മനിഷ്ഠമായ രൂക്ഷത മൂലമാണത്രെ ഉണ്ണായിവാര്യരുടെ ഭവനം അന്യംനിന്നു പോകാനിടയായത്.

കുമാരനാശാന്‍ പല്ലനയാറ്റില്‍ ബോട്ടുമുങ്ങി അപമൃത്യുവിന് ഇരയായ ദുരന്തസംഭവത്തിന്, അദ്ദേഹത്തിന്റെ ദുരവസ്ഥ എന്ന ഖണ്ഡകാവ്യത്തിലെ 'അറ' മാണ് കാരണമായിത്തീര്‍ന്നതെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു:

'അന്തമില്ലാതുള്ളോരാഴത്തിലേക്കിതാ

ഹന്ത താഴുന്നു, താഴുന്നു കഷ്ടം!

പിന്തുണയും പിടിയും കൂടാതുള്‍ഭയം

ചിന്തി, ദുഃസ്വപ്നത്തിലെന്നപോലെ,

പൊന്താനുഴറുന്നു, കാല്നില്ക്കുന്നില്ലെന്റെ

ചിന്തേ, ചിറകുകള്‍ നല്കണേ നീ.'

ശോകാത്മക കവിതകളും ദുരന്തസാഹിത്യസൃഷ്ടികളും വിലാപകാവ്യങ്ങളും പെരുകിവരുന്ന ആധുനികഘട്ടത്തില്‍ 'അറ' ത്തെക്കുറിച്ചുള്ള വിശ്വാസം സഹൃദയരുടെയും അനുവാചകരുടെയും ഇടയില്‍ നിന്നു തിരോഭവിച്ചുവരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B1%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍