This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അര്‍ബുദ പ്രതിവിധികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അര്‍ബുദ പ്രതിവിധികള്‍

അര്‍ബുദം ഏറ്റവും ഭയാനകമായ രോഗമായിട്ടാണ് ഇന്നും ജനങ്ങള്‍ കരുതുന്നത്. എന്നാല്‍ ഇത് എപ്പോഴും അപായസാധ്യതയുള്ള ഒന്നായി കണക്കാക്കേണ്ടതില്ല. പ്രാരംഭദശയില്‍ത്തന്നെ കണ്ടുപിടിച്ച് സത്വരനടപടികളെടുത്താല്‍ നിയന്ത്രണവിധേയമാകുമെന്നു തെളിഞ്ഞിട്ടുണ്ട്.

എക്സ്-റേ, ശസ്ത്രക്രിയ, റേഡിയേഷന്‍ (Radio theraphy) കീമോ തെറാപ്പി എന്നിങ്ങനെ ഭൗതിക (physical) പ്രതിവിധികളും രാസവസ്തുക്കള്‍, ഹോര്‍മോണുകള്‍ എന്നീ രാസപ്രതിവിധികളും അര്‍ബുദചികിത്സയ്ക്കു നിര്‍ദേശിക്കപ്പെട്ടുവരുന്നു. സാന്ത്വന ചികിത്സ (palliative care) ഭേദമാക്കാന്‍ സാധിക്കാത്ത വിധത്തില്‍ മൂര്‍ച്ഛിച്ച രോഗം ഉള്ളവര്‍ക്കു വേദനയും മറ്റു പ്രശ്നങ്ങളും നിയന്ത്രിക്കാന്‍ ഉതകുന്നുണ്ട്. രോഗം ഒരു അവയവത്തെയോ ഒരു കലയെയോ മാത്രം ബാധിച്ചിട്ടുള്ള അവസ്ഥയില്‍ ശസ്ത്രക്രിയകൊണ്ട് എളുപ്പത്തില്‍ അതിനു പ്രതിവിധി ചെയ്യാം.

ശസ്ത്രക്രിയ പ്രധാനമായും സാര്‍കോമ, അണ്ഡാശയ കാന്‍സര്‍, സ്തനാര്‍ബുദം, ബ്രെയിന്‍ ട്യൂമര്‍, നാക്കിലെ കാന്‍സര്‍, വയറിലെ ട്യൂമറുകള്‍, കഴുത്തിലെ ഗ്രന്ഥികള്‍ (lymph nodes) എന്നിവയ്ക്കാണു ഫലപ്രദം. ചിലപ്പോള്‍ സര്‍ജറി ചെയ്താല്‍ പൂര്‍ണമായി മുറിച്ചുമാറ്റാന്‍ സാധിച്ചില്ലെങ്കില്‍ ഇതിനുപുറമേ റേഡിയേഷനും കീമോതെറാപിയും (multidisciplinary apporach) ആവശ്യമായിവരും. ഇപ്പോള്‍ കരള്‍, അന്നനാളം, മൂത്രാശയം, ശബ്ദപേടകം എന്നിവ പൂര്‍ണമായി ശസ്ത്രക്രിയ ചെയ്തു മാറ്റി പകരം കൃത്രിമ അവയവം (Transplant അല്ലെങ്കില്‍ പ്രോസ്തസിസ്) വയ്ക്കാം. അല്ലെങ്കില്‍ രോഗിയെ ഈ അവയവം ഇല്ലാത്ത അവസ്ഥ മറികടക്കാന്‍ പരിശീലിപ്പിക്കാം. ഇതിന് പുനരധിവാസം (rehabilitation) എന്നു പറയുന്നു.

ഇവിടെ ഏറ്റവും ചിന്തനീയമായ കാര്യം അവയവം മുറിച്ചുനീക്കുന്നത് ശരീരത്തെ എത്രമാത്രം ബാധിക്കുമെന്നതാണ്. ചുണ്ട്, നാവ്, ചര്‍മം എന്നിവയിലെ അര്‍ബുദങ്ങള്‍ക്ക് ആ രോഗബാധിത ഭാഗങ്ങള്‍ മുറിച്ചുകളയുന്നത് പ്രതിവിധിയാണ്. ചുണ്ടിലും ചര്‍മത്തിലും നഷ്ടപ്പെട്ട ഭാഗങ്ങള്‍ പ്ളാസ്റ്റിക് സര്‍ജറി കൊണ്ട് ശരിയാക്കാം. ശ്വാസനാളി, ഉദരം, വന്‍കുടല്‍ എന്നിവയിലെ അര്‍ബുദത്തിന് ബാധിതഭാഗം ശസ്ത്രക്രിയകൊണ്ടു നീക്കി രണ്ടറ്റങ്ങളെയും തുന്നി യോജിപ്പിക്കുന്നത് അംഗീകൃതമായ ഒരു പ്രതിവിധിയാണ്. കണ്ണുകള്‍, ശ്വാസകോശങ്ങള്‍, വൃഷണങ്ങള്‍, വൃക്കകള്‍ എന്നീ ഇരട്ടഅവയവങ്ങളെ സംബന്ധിച്ചിടത്തോളം ബാധിതമായ ഒരു ഭാഗം കളഞ്ഞതുകൊണ്ട് ശരീരത്തിന്റെ ദൈനംദിനപ്രവര്‍ത്തനങ്ങളില്‍ വലിയ തടസ്സമോ ന്യൂനതയോ സംഭവിക്കുന്നില്ല. കരളിനെ സംബന്ധിച്ചിടത്തോളം 75-80 ശ. മാ. നഷ്ടപ്പെട്ടാലും ഒരാള്‍ക്കു ജീവിക്കാമെന്നു തെളിഞ്ഞിട്ടുണ്ട്. ശ്വാസകോശങ്ങള്‍, കരള്‍, വൃക്കകള്‍ എന്നിവ മുഴുവന്‍ നീക്കംചെയ്ത് പകരം കൃത്രിമാവയവങ്ങള്‍ ഘടിപ്പിച്ച് ജീവിതം ദീര്‍ഘിപ്പിക്കാവുന്നതാണ്.

എക്സ്-റേ, റേഡിയം, റേഡിയോ ആക്ടീവ് ഐസൊടോപ്പുകള്‍ എന്നിവയുടെ ഉപയോഗം റേഡിയേഷന്‍ ചികിത്സയുടെ വിവിധമാര്‍ഗങ്ങളാണ്. ടെലിതെറാപ്പി, ബ്രേക്കി തെറാപ്പി ഇന്റേണല്‍ തെറാപ്പി എന്നിങ്ങനെ റേഡിയോ തെറാപ്പി, മൂന്നു തരമുണ്ട്. ടെലിതെറാപ്പിയില്‍ മെഷീനില്‍നിന്നും 80-120 സെ.മീ. ദുരെവച്ച് രശ്മികള്‍ കൊണ്ടു ചികിത്സിക്കുന്നു. ഉദാഹരണം-കോബാള്‍ട്ട് 60 മെഷീന്‍ (ഗാമാരശ്മി ചികിത്സ), ലീനിയര്‍ ആക്സിലെറേറ്റര്‍ (എക്സ്റേ രശ്മിചികിത്സ), ഗാമാ നൈഫ് (വളരെ സൂക്ഷ്മമായി ബ്ളെയ്ഡ് വച്ചു വരച്ചതുപോലെയുള്ള രശ്മി ചികിത്സ) എന്നിവയാണ്. ഇപ്പോള്‍ കണ്‍ഫോര്‍മല്‍ റേഡിയോതെറാപ്പി മുതലായ വളരെ സൂക്ഷ്മമായ ചികിത്സാരീതികളുണ്ട്. ഇതില്‍ ആവശ്യമുള്ളിടത്ത് മാത്രം ഡോസ് കിട്ടുന്ന സംവിധാനം ഉണ്ട്. ചികിത്സാചെലവുകള്‍ വളരെ കൂടുതലാണ്. ഇന്റെന്‍സിറ്റി മോഡുലേറ്റഡ് റേഡിയോതെറാപ്പി(IMRT)യാണ് ഏറ്റവും പുതിയതും രോഗിക്ക് ഏറ്റവും ഗുണകരവുമായ ചികിത്സ.

ബ്രേക്കിതെറാപ്പിയില്‍ റേഡിയേഷന്‍ സ്രോതസ്സുകളെ സൂചികള്‍, വയറുകള്‍, പെല്ലെറ്റുകള്‍ എന്നീ രൂപത്തിലാക്കി വായ്, ഗര്‍ഭാശയം, അന്നനാളം എന്നിവിടങ്ങളില്‍ കടത്തിവച്ച് ആ സ്ഥാനങ്ങളില്‍ത്തന്നെ ഉയര്‍ന്ന മാത്രയില്‍ റേഡിയേഷന്‍ നല്‍കാന്‍ കഴിയും. റേഡിയം ഇപ്പോള്‍ ഉപയോഗിക്കുന്നില്ല. പകരം ഇറിഡിയം, സീസിയം എന്നിവയുടെ ഐസോടോപ്പുകള്‍ ഉപയോഗിക്കുന്നു. ഈ ചികിത്സ വളരെ ഫലപ്രദമാണ്. ഇന്റേണല്‍ തെറാപ്പിയില്‍ ഗുളിക അല്ലെങ്കില്‍ പാനീയരൂപത്തിലുള്ള ഐസോടോപ്പുകള്‍ രോഗിക്കു കൊടുക്കുന്നു. ചില പ്രത്യേക അവയവങ്ങളില്‍ ഐസോടോപ്പുകള്‍ ചെന്നുകൂടുന്നു. ആ ഭാഗങ്ങളില്‍ ഒരു ഗാമ ക്യാമറ ഉപയോഗിച്ചു ചിത്രങ്ങളെടുത്ത് വ്യതിയാനങ്ങള്‍ പഠിച്ച് അനുമാനങ്ങളിലെത്തുന്നു. ചില ഐസോടോപ്പുകള്‍ ചില അവയവങ്ങളില്‍ കേന്ദ്രീകരിക്കുന്നതു ചികിത്സയ്ക്കു ഉപയോഗിക്കാം. ഉദാ: കാന്‍സര്‍ തൈറോയ്ഡ് & റേഡിയോ അയഡിന്‍.

ശസ്ത്രക്രിയ (Surgery) കൊണ്ടുമാത്രമേ അര്‍ബുദം പൂര്‍ണമായി സുഖപ്പെടുത്താനാകൂ. എന്നാല്‍ നാവിലെ അര്‍ബുദം ആരംഭഘട്ടത്തില്‍ കണ്ടെത്തി റേഡിയോ തെറാപ്പി കൊണ്ടും നാസാഗ്രസനി അര്‍ബുദം (Naso Pharyngeal Carcinoma) കീമോതെറാപ്പി കൊണ്ടും ശസ്ത്രക്രിയ കൂടാതെ പൂര്‍ണമായി സുഖപ്പെടുത്താനാകും.

ശസ്ത്രക്രിയ ചെയ്യുമ്പോള്‍ ട്യൂമറും ട്യൂമറിന്റെ ചുറ്റിലുമുള്ള സുമാര്‍ ഒരു സെ.മീറ്ററോളം കലകളും അതിന്റെ ത്രിമാന (three dimensional) അവസ്ഥയില്‍ മുറിച്ചു നീക്കണം. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ ശസ്ത്രക്രിയ ചെയ്താലും സുഖപ്പെടാത്ത അവസ്ഥയുണ്ടാകും. ബയോപ്സി(biopsy)യുടെ ആവശ്യമില്ലാതെതന്നെ ഫൈന്‍ നീഡില്‍ ആസ്പിറേഷന്‍ സൈറ്റോളജി(FNAC)യിലൂടെ 96 ശതമാനം മുഴകളും അര്‍ബുദമാണോ എന്നു കണ്ടുപിടിക്കാനാകും. ചുരുക്കം ചില അവസരങ്ങളില്‍ മാത്രമേ ബയോപ്സി ആവശ്യമായി വരുന്നുള്ളൂ. യു.എസ്സിലെ ഡോക്ടര്‍മാര്‍ എഫ്.എന്‍.എ.സി., ഇമേജിങ് പ്രവിധി(Imaging techniques)കളായ എക്സ്-റേ, സി.ടി. സ്കാന്‍, എം.ആര്‍.ഐ. സ്കാന്‍ എന്നീ പരിശോധനകള്‍ നടത്തി 98 ശ.മാ. അര്‍ബുദവും ആദ്യഘട്ടത്തില്‍ത്തന്നെ കണ്ടുപിടിക്കുന്നുണ്ട്.

ശസ്ത്രക്രിയയോടൊപ്പം ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ച് മറ്റ് ആധുനിക ചികിത്സാരീതികളും ഔഷധങ്ങളും അവലംബിക്കേണ്ടതാണ്. ഇത് അജൂവന്റ് (Adjuvant) തെറാപ്പി എന്നറിയപ്പെടുന്നു. ഇതിനെക്കുറിച്ച് രോഗികള്‍ക്ക് അവബോധമുണ്ടാക്കാന്‍ വളരെ പ്രയോജന പ്രദമായ മാര്‍ഗമാണ് www.adjuvantonline.com..

ശരീരത്തിനകത്ത് റേഡിയത്തെ ചെറിയ അളവില്‍ കടത്തിവയ്ക്കാവുന്നതാണ്. റേഡിയം വികിരണങ്ങള്‍ക്കു പ്രവേശിക്കുവാന്‍ കഴിയാത്ത ശരീരഭാഗങ്ങളിലേക്ക് ഹൈവോള്‍ട്ടേജ് ഉള്ള എക്സ്-റേ കടന്നുചെല്ലുന്നു. എക്സ്-റേക്കു പകരം കോബാള്‍ട് (Co60) അര്‍ബുദത്തിന്റെ ബാഹ്യചികിത്സയ്ക്കായി ധാരാളം ഉപയോഗിച്ചുവരുന്നുണ്ട്. ഈ ഐസൊടോപ്പിന്റെ അര്‍ധായുഷ്കാലം 5.3 കൊല്ലമാകയാല്‍ മുമ്മൂന്നു കൊല്ലം കഴിയുമ്പോള്‍ അതു പ്രതിസ്ഥാപിക്കേണ്ടി (substitute) വരും. റേഡിയോ ഫോസ്ഫറസ് (P32) രക്താര്‍ബുദത്തിനുള്ള ഒരു നല്ല പ്രതിവിധിയാണ്. രോഗികളുടെ ജീവിതം 5-10 കൊല്ലത്തേക്കു ദീര്‍ഘിപ്പിക്കുവാന്‍ ഈ ചികിത്സകൊണ്ടു കഴിയുമെന്നു തെളിഞ്ഞിട്ടുണ്ട്. ചികിത്സയ്ക്കുള്ള എളുപ്പം, വിഷാലുത്വക്കുറവ്, വികിരണംമൂലമുള്ള വൈഷമ്യങ്ങളുടെ കുറവ് എന്നീ സവിശേഷതകള്‍ ഇവിടെ പ്രത്യേകം പ്രസ്താവ്യങ്ങളാണ്. തൈറോയ്ഡ് അര്‍ബുദത്തിന് ഏറ്റവും യോജിച്ച പ്രതിവിധിയാണ് അയഡിന്‍-131 (I131) കൊണ്ടുള്ള ചികിത്സ. 7-10 ആഴ്ചകള്‍ക്കുള്ളില്‍ രോഗശമനമുണ്ടാകും. സോസിഡം (റേഡിയോ) അയഡൈഡ് ലായനിരൂപത്തില്‍ സേവിപ്പിക്കലാണ് ചികിത്സാരീതി. ശരീരത്തെ മൊത്തത്തില്‍ വികിരണനവിധേയമാക്കുന്നതിന് പൊട്ടാസിയം42 (K42), സോഡിയം-24 (Na24) എന്നിവ ഉപയോഗിക്കപ്പെടുന്നു. ജലലേയങ്ങളായ യുറേനിയം കോംപ്ളെക്സ് ലവണങ്ങള്‍ പലപ്പോഴും നല്ല ഒരു അര്‍ബുദപ്രതിവിധിയായി അനുഭവപ്പെട്ടിട്ടുണ്ട്.

കീമോതെറാപ്പി. ഔഷധങ്ങള്‍ കൊണ്ടു കാന്‍സര്‍ ചികിത്സിക്കുന്നതാണ് കീമോതെറാപ്പി. ഇത്തരം മരുന്നുകളുടെ ഒരു നീണ്ട നിരതന്നെയുണ്ട്. താഴെ പറയുന്ന രീതിയില്‍ ആണ് അവയെ വേര്‍തിരിച്ചിരിക്കുന്നത്.

ആല്‍ക്കൈലേറ്റിംഗ് ഏജന്റുകള്‍

നൈട്രജന്‍ മസ്റ്റാര്‍ഡുകള്‍. മസ്റ്റീന് ഹൈഡ്രോ ക്ളോറൈഡ്, സൈക്ളോഫോസ്ഫമൈഡ്, മെല്‍ഫാലാന്‍, ഐഫോസ്ഫമൈഡ്, ക്ലോറാംബുസില്‍.

ആല്‍ക്കൈല്‍ സല്‍ഫോണേറ്റുകള്‍. മൈലെറാന്‍

നൈട്രോസോയുറിയകള്‍. CCNU

ആന്റിമെറ്റബൊളൈറ്റുകള്‍. മീതേട്രെക്സേറ്റ്, 5 ഫ്ളൂറോയുറാസില്‍, കാപ്സൈറ്റബിന്‍, ജെംസൈറ്റബിന്‍, സൈറ്ററാബിന്‍

ആന്റിട്യൂമര്‍ ആന്റിബയോട്ടിക്കുകള്‍. ആക്ടിനോമൈസിന്‍-D, അഡ്രിയാമൈസിന്‍, ബ്ളിയോമൈസിന്‍, മൈറ്റോമൈസിന്‍.

എപിപോഡോഫൈലോടോക്സികള്‍. (VP 16) ഇറ്റോപൊസൈഡ്.

വിന്‍കാ ആല്‍കലോയിഡുകള്‍. വിന്‍ക്രിസ്റ്റിന്‍, വിന്‍ബ്ളാസ്റ്റിന്‍.

വിവിധയിനം: സിസ് പ്ലാറ്റിന്‍, മൈറ്റോക്സാന്ത്രോണ്‍, താലിഡോമൈഡ്, ഓക്സാലിപ്ളാറ്റിന്‍, ടാക്സോള്‍.

ഹോര്‍മോണുകള്‍. കോര്‍ട്ടിസോണ്‍, ഡെക്സാമീതസോണ്‍, ടെസ്റ്റോസ്റ്റീറോണ്‍, ടാമോക്സിഫെന്‍, ലെട്രോസോള്‍, ഫ്ളൂട്ടമൈഡ്.

ഹോര്‍മോണ്‍ പ്രവര്‍ത്തനത്തിനു വിധേയമായ ചില അവയവങ്ങളിലുണ്ടാകുന്ന അര്‍ബുദത്തിന് ഹോര്‍മോണുകള്‍ കുത്തിവയ്ക്കുന്നതുകൊണ്ട് വലിയ ഗുണങ്ങള്‍ കണ്ടുവരാറുണ്ട്. പ്രൊസ്ട്രേറ്റ് ഗ്രന്ഥിയിലെ അര്‍ബുദത്തിന് വൃഷണങ്ങള്‍ നീക്കം ചെയ്യുന്നതും സ്ത്രൈണ ഹോര്‍മോണുകള്‍ (female hormones) കുത്തിവയ്ക്കുന്നതും ഫലപ്രദമാണ്. അതുപോലെ സ്ത്രീകള്‍ക്കു സ്തനത്തില്‍ ഉണ്ടാകുന്ന അര്‍ബുദത്തെ അണ്ഡാശയങ്ങള്‍ നീക്കം ചെയ്തും പുരുഷഹോര്‍മോണുകള്‍ കുത്തിവച്ചും ചികിത്സിക്കാം. അര്‍ബുദത്തിന് ഹോര്‍മോണ്‍ ചികിത്സ പ്രാവര്‍ത്തികമാക്കിയതിനാണ് 1966-ല്‍ ചാള്‍സ് ഹിഗ്ഗിന്‍സ് എന്ന ശാസ്ത്രജ്ഞന് നോബല്‍ സമ്മാനം ലഭിച്ചത്.

വികിരണനം, ഔഷധപ്രയോഗം എന്നിവയെ ഒറ്റയ്ക്കൊറ്റയ്ക്കു ചികിത്സാമുറകളായി സ്വീകരിക്കുന്നതിനു പകരം രണ്ടും ഏകകാലത്തില്‍ പ്രയോഗിച്ചുകൊണ്ടുള്ള സംയുക്തചികിത്സ കൂടുതല്‍ കാര്യക്ഷമമാണെന്നു കണ്ടുപിടിച്ചിട്ടുണ്ട്.

ഇമ്യൂണോതെറാപ്പി.

മോണോക്ളോണല്‍, ആന്റിബോഡികള്‍

ബെവാസിസുമദ് [Bevacizumad(AVASTIN)], ട്രാസ്റ്റുഗുമാബ് Traestugumab(Herceptrin)(ശരീരത്തിന്റെ പ്രതിരോധശക്തിയില്‍ മാറ്റം വരുത്തുന്നവ)

ഇന്റര്‍ ഫെറോണ്‍ ഇന്റര്‍ല്യൂകിന്‍ (Interluckin)

പുതിയ ചികിത്സാ ഉപാധികള്‍

ബോണ്‍ മാരോ ട്രാന്‍പ്ലാന്റ് (മജ്ജമാറ്റി വയ്ക്കല്‍) പ്രധാനമായും രക്താര്‍ബുദം, ലിംഫോമാ മള്‍ട്ടിപ്പിള്‍ മയലോമ എന്നീ ട്യൂമറുകളില്‍ ഈ ചികിത്സ പ്രയോഗിക്കുന്നുണ്ട്. വളരെ ചെലവേറിയതും ഗുരുതരമായ പാര്‍ശ്വഫലങ്ങളുള്ളതുമാണ് ഈ ചികിത്സാ രീതി. ശരീരത്തിലെ മുഴുവന്‍ മജ്ജ കോശങ്ങളെയും റേഡിയേഷന്‍ അല്ലെങ്കില്‍ കീമോതെറാപ്പികൊണ്ട് നിര്‍വീര്യമാക്കിയിട്ടു പുതിയ മജ്ജകോശങ്ങള്‍ പ്രദാനം ചെയ്യുന്നു.

ജീന്‍ തെറാപ്പി. ഏറ്റവും പുതിയ സിദ്ധാന്തം അനുസരിച്ച് കാന്‍സറിന്റെ ശരിയായ കാരണം മനുഷ്യകോശങ്ങളിലെ ജീനുകളില്‍ ഉത്പരിവര്‍ത്തനം (mutation) കൊണ്ടുണ്ടാകുന്ന ചില വ്യതിയാനങ്ങളാണ്. ഇത്തരത്തിലുള്ള ജീനുകളെ ചികിത്സിക്കുന്ന അതിസൂക്ഷ്മമായ ചികിത്സ അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ രോഗികളില്‍ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. ആശാവഹമായ ഫലങ്ങളും കണ്ടുതുടങ്ങിയിട്ടുണ്ട്. ഭാവിയില്‍ ഈ ചികിത്സയായിരിക്കും കാന്‍സറിന് ഏറ്റവും ഫലപ്രദമായിരിക്കുക.

അര്‍ബുദരോഗ നിര്‍ണയവും ചികിത്സയും സങ്കീര്‍ണമാക്കുന്ന ഘടകങ്ങളില്‍ പ്രധാനമായൊരു പ്രശ്നം ജൈവകോശങ്ങളിലെ തന്മാത്രാതലങ്ങളില്‍ രോഗബാധയുടെ പ്രാഥമിക സൂക്ഷ്മ ചിഹ്നങ്ങള്‍ രൂപപ്പെടുമ്പോള്‍ത്തന്നെ അവ കണ്ടെത്തുവാന്‍ നിലവിലുള്ള സംവിധാനങ്ങളുടെ കഴിവില്ലായ്മയാണ്. രോഗബാധിതകോശങ്ങളും കലകളും കണ്ടെത്തിയാല്‍ തന്നെ അവയെ കൃത്യമായി നശിപ്പിക്കുന്നതിനും മറ്റു ശരീരകോശങ്ങളെയും വ്യവസ്ഥകളെയും സംരക്ഷിക്കുന്നതിനുമുള്ള സാങ്കേതിക സംവിധാനത്തിന്റെ അപര്യാപ്തതയാണ് മറ്റൊന്ന്. ഈ രണ്ടു കാര്യങ്ങളിലും നാനോ ടെക്നോളജി ഫലപ്രദമായ ഒരുത്തരമാകുകയാണ്. നാനോ കണികകള്‍ക്ക് രക്തധമനികളിലൂടെ സഞ്ചരിച്ച് രോഗബാധിതകോശങ്ങളെ കണ്ടെത്തുവാനുള്ള കഴിവുണ്ട്. ഈ പ്രക്രിയയാണ് നാനോ ഇമേജിങ്.

അര്‍ബുദ ചികിത്സയുടെ രീതി ശാസ്ത്രത്തില്‍ ശ്രദ്ധേയമായ മാറ്റങ്ങളുണ്ടാക്കാന്‍ നാനോ ടെക്നോളജിക്ക് കഴിയുന്നുണ്ട്. മരുന്നുകള്‍ നിര്‍ദിഷ്ട ലക്ഷ്യങ്ങളില്‍ കൃത്യതയോടെ നിക്ഷേപിക്കുവാനുള്ള സാങ്കേതികവിദ്യയാണ് (targetted drug delivery) ഈ മേഖലയിലെ ഒരു മഹാനേട്ടം. നാനോ ബയോചിപ്പുകള്‍ ഉപയോഗിച്ച് അതിവേഗത്തില്‍ മാംസ്യഘടനാവിശകലനത്തിനുള്ള ഒരു സാങ്കേതികവിദ്യയും അര്‍ബുദനിര്‍ണയമേഖലയില്‍ വികസിപ്പിച്ചു വരുന്നുണ്ട്.

(പ്രൊഫ. ഐ. രാമഭദ്രന്‍; ഡോ. സുരേഷ്. സി. ദത്ത്;

ഡോ. പോള്‍ അഗസ്റ്റിന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍