This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അരുള്‍ നൂല്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അരുള്‍ നൂല്‍
സാമൂഹിക പരിഷ്കര്‍ത്താവും ആധ്യാത്മികാചാര്യനുമായ ശ്രീവൈകുണ്ഠ സ്വാമികള്‍ (1809-51) രചിച്ച രണ്ടു കൃതികളില്‍ ഒന്ന് (അകിലത്തിരട്ട് ആണ് മറ്റേ കൃതി). ഇദ്ദേഹത്തിന്റെ അഞ്ചു ശിഷ്യന്മാരില്‍ പ്രമുഖനായിരുന്ന സഹദേവനാണ് ഈ കൃതി താളിയോലയിലാക്കിയത്. ചരിത്ര സംഭവങ്ങള്‍, സ്വാമികളുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍, തത്ത്വദര്‍ശനം എന്നിവ ഈ കൃതിയില്‍ ഉടനീളം കാണാം. അരുള്‍നൂലില്‍ 'യുഗപ്പഠിപ്പ്' (ലോകപഠനം), 'വാഴപ്പഠിപ്പ്' (ജീവിത പഠനം), 'ഉച്ചിപ്പഠിപ്പ്' (ഉയര്‍ന്ന പഠനം), 'ചാട്ടു നീട്ടോലൈ' (നശിക്കുന്ന ശ്വാസം), 'ശിവകാണ്ഡ അധികാരപത്രം' (ശിവതത്ത്വം), 'നടുതീര്‍വൈ ഉലാ' (ന്യായവിധി), 'തിങ്കള്‍ പദം' (ചന്ദ്രലയം), 'ഭദ്രം' (സുരക്ഷിതത്വം), 'പഞ്ചദേവര്‍ ഉത്പത്തി', 'തിരുമണവാഴ്ത്ത്' (വിവാഹസ്തുതി) തുടങ്ങിയ വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
മനുഷ്യരുടെ ദുഃഖം ഇല്ലായ്മ ചെയ്യാനുള്ള മാര്‍ഗമാണ് 'യുഗപ്പഠിപ്പി'ല്‍ വിവരിക്കുന്നത്. ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്ന ഗുണഗണങ്ങള്‍ 'വാഴപ്പഠിപ്പി'ല്‍ പ്രതിപാദിക്കുന്നു. ആത്മീയതയുടെ ഉത്തുംഗശൃംഗമായ ശിവജ്യോതിയിലേക്ക് ഉയര്‍ത്തിക്കൊണ്ടു പോകുന്നതാണ് 'ഉച്ചിപ്പഠിപ്പ്'. ഭൗതികത്തെക്കാള്‍ ആത്മീയ തത്ത്വത്തിനുള്ള പ്രാധാന്യമാണ് 'ചാട്ടുനീട്ടോലൈയി'ലെ വിഷയം. "ശിവനേ അയ്യാ! എന്നവസാനിക്കുന്ന 215 ഈരടികളും മറ്റ് ഒന്‍പതു ഈരടികളും ഈ അധ്യായത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഈ ഭാഗത്താണ് ആത്മകഥാപരമായ കാര്യങ്ങള്‍ ഏറ്റവും കൂടുതല്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
അരുള്‍നൂലിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം 'നടുതീര്‍വൈ ഉലാ' ആണെന്നു പറയാം. കലിയുഗത്തിന്റെ ഓരോ കാലഘട്ടത്തിലും ഓരോ മനുഷ്യന്റെയും ദേഹവിയോഗകാലത്തും ന്യായവിധി നടക്കുന്നതെങ്ങനെ എന്ന ശിഷ്യന്മാരുടെ ചോദ്യത്തിനുള്ള ഉത്തരമാണ് ഈ ഭാഗം. വഴിയാംവണ്ണമുള്ള അഭ്യാസത്തിലൂടെ പ്രാണന്‍ ഉദ്ധരിച്ച് ചന്ദ്രമണ്ഡലത്തില്‍ ലയം പ്രാപിക്കുന്നതിനെയാണ് വൈകുണ്ഠസ്വാമികള്‍ 'തിങ്കള്‍ പദ'ത്തില്‍ വെളിപ്പെടുത്തുന്നത്. മനുഷ്യരാശിക്ക് മംഗളം ഭവിക്കാനുള്ള സന്ദേശമാണ് 'ഭദ്ര'ത്തിലുള്ളത്. പഞ്ചഭൂതങ്ങളില്‍ ഓരോന്നിനെയും ഓരോ ദേവനായി കല്പിച്ച് അവയുടെ പ്രവര്‍ത്തനത്തെ ശരീരവുമായി ബന്ധിപ്പിച്ചു വിവരിക്കുന്നു 'പഞ്ചദേവര്‍ ഉത്പത്തി'യില്‍. പുരുഷനെയും സ്ത്രീയെയും യോജിപ്പിക്കുന്ന കര്‍മമായ 'തിരുമണ'ത്തെ ഭൗതിക തലത്തില്‍ നിന്ന് ആത്മീയ തലത്തിലേക്ക് ഉയര്‍ത്തുകയാണ് 'തിരുമണവാഴ്ത്ത്' എന്ന അധ്യായത്തില്‍ കവി ചെയ്തിരിക്കുന്നത്. നോ: വൈകുണ്ഠസ്വാമി