This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരുണ്ഡേല്‍, ഡോ. ജോര്‍ജ് സിഡ്നി (1878 - 1945)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അരുണ്ഡേല്‍, ഡോ. ജോര്‍ജ് സിഡ്നി (1878 - 1945)

ഇന്ത്യയെ രണ്ടാം മാതൃഭൂമിയായി കണ്ട ബ്രിട്ടീഷ് വിദ്യാഭ്യാസ വിചക്ഷണനും, തിയോസഫിസ്റ്റും. ഇദ്ദേഹം 1878 ഡി. 1-ന് ജോണ്‍ കേ എന്ന പുരോഹിതന്റെ പുത്രനായി ഇംഗ്ലണ്ടില്‍ ജനിച്ചു. ബാല്യത്തില്‍ മാതാവായ അരുണ്ഡേല്‍ നിര്യാതയായതുകൊണ്ട് ബന്ധുവായ മിസ് അരുണ്ഡേല്‍ ഇദ്ദേഹത്തെ വളര്‍ത്തി.

1895-ല്‍ ലണ്ടനിലെ തിയോസഫിക്കല്‍ സൊസൈറ്റിയില്‍ അംഗമായിച്ചേര്‍ന്നു. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍നിന്ന് ബി.എ. (ഓണേഴ്സ്), എല്‍എല്‍.ബി. ബിരുദങ്ങളും (1903) പാരിസില്‍നിന്നു ഫ്രഞ്ചു വിപ്ളവത്തെ സംബന്ധിച്ചുള്ള പഠനത്തില്‍ എം.എ. ബിരുദവും നേടി. ഇറ്റലിയിലും ജര്‍മനിയിലും പിന്നീട് ഇദ്ദേഹം പഠനം തുടര്‍ന്നു.

ലണ്ടനില്‍ വച്ചാണ് അരുണ്ഡേല്‍ ആദ്യമായി ആനി ബസന്റിനെ (1847-1933) കണ്ടുമുട്ടിയത്. ആനി ബസന്റിന്റെ സ്വാധീനശക്തി ഇദ്ദേഹത്തില്‍ മരണംവരെ നിലനിന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യപ്രസ്ഥാനത്തിലും ഹോം റൂള്‍ ലീഗിലും ഇദ്ദേഹം പ്രമുഖമായ പങ്കു വഹിച്ചതിന് ഈ സ്വാധീനം തന്നെയായിരുന്നു കാരണം.

ആനി ബസന്റിന്റെ ക്ഷണപ്രകാരം കാശിയിലെ ഹിന്ദുകോളജില്‍ ഇംഗ്ലീഷ് പ്രൊഫസറായും പത്തു വര്‍ഷത്തിനുശേഷം അതിന്റെ പ്രിന്‍സിപ്പലായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചു. ദേശീയ വിദ്യാഭ്യാസത്തിനായി തിയോസഫിക്കല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലും ടാഗൂറിന്റെ ചാന്‍സലര്‍ഷിപ്പിലും ഒരു സര്‍വകലാശാലയും അതിനു കീഴില്‍ കുറെ വിദ്യാലയങ്ങളും സ്ഥാപിക്കാന്‍ അരുണ്ഡേല്‍ നിയുക്തനായി. 1920-ല്‍ ഇദ്ദേഹം ഇന്‍ഡോറിലെ മഹാരാജാവിന്റെ വിദ്യാഭ്യാസമന്ത്രിയായി. മദ്രാസിലെ ഒരു ബ്രാഹ്മണ വനിതയായ രുക്മിണീദേവിയെ വിവാഹം ചെയ്തതോടുകൂടി (1920) ഇദ്ദേഹം തികച്ചും ഇന്ത്യയുമായി താദാദ്മ്യം പ്രാപിച്ചു. തിയോസഫിയുടെ സന്ദേശം വഹിച്ചുകൊണ്ട് ഇദ്ദേഹം ലോകത്തില്‍ പലയിടത്തും സഞ്ചരിച്ചിട്ടുണ്ട്. ആസ്റ്റ്രേലിയയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കവെ അവിടത്തെ പ്രധാനമന്ത്രിപദം പോലും ഇദ്ദേഹത്തിനു വാഗ്ദാനം ചെയ്യപ്പെട്ടു.

ഒന്നാം ലോകയുദ്ധകാലത്ത് ഇദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. ആനി ബസന്റിന്റെ ഹോം റൂള്‍ ലീഗിന്റെ സംഘാടകകാര്യദര്‍ശിയായി ഇദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു.

തനിക്കു രണ്ടു മാതൃഭൂമികളുണ്ടെന്ന് അരുണ്ഡേല്‍ പറയാറുണ്ടായിരുന്നു-ഒന്നു ബ്രിട്ടനും മറ്റേതു ഇന്ത്യയും. 1917-ല്‍ ഇദ്ദേഹത്തെ അറസ്റ്റു ചെയ്ത് ഊട്ടക്കമണ്ടില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ആറു വര്‍ഷക്കാലം കോണ്‍ഷ്യന്‍സ് എന്ന ന്യൂ ഇന്ത്യാ ലീഗ് പത്രത്തിന്റെ എഡിറ്ററായും സേവനം അനുഷ്ഠിച്ചിരുന്നു. ഒരു മികച്ച ഗ്രന്ഥകാരന്‍ കൂടിയായ അരുണ്ഡേലിന്റെ കൃതികളില്‍ അതോറിറ്റി (1933), മൈ വര്‍ക് അസ് പ്രസിഡന്റ് ഒഫ് ദ് തിയോസഫിക്കല്‍ സൊസൈറ്റി (1934), പീസ് ആന്‍ഡ് വാര്‍, ദ് ബെഡ്റോക് ഒഫ് എഡ്യൂക്കേഷന്‍, തോട്ട്സ് ഒഫ് ദ് ഗ്രെയ്റ്റ് എന്നിവ പ്രാധാന്യമര്‍ഹിക്കുന്നു.

1945 ആഗ. 12-ന് ജോര്‍ജ് അരുണ്ഡേല്‍ അന്തരിച്ചു. നോ: അരുണ്ഡേല്‍; രുക്മിണീദേവി

(കെ.വി. നാരായണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍