This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അരുണാചല്‍ പ്രദേശ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉള്ളടക്കം |
അരുണാചല്‍ പ്രദേശ്
ഇന്ത്യന്‍ യൂണിയനില്‍പ്പെട്ട ഒരു സംസ്ഥാനം. 1971-ലെ വ.കിഴക്കന്‍ പ്രദേശ പുനര്‍വിഭജനബില്ല് (North Eastern Areas Reorganisation Bill, 1971) പ്രകാരം മുന്‍പ് നേഫാ (NEFA) എന്നറിയപ്പെട്ടിരുന്ന അതിര്‍ത്തി പ്രവിശ്യ 1972 ജനു. 20-ന് അരുണാചല്‍പ്രദേശ് എന്ന പേരില്‍ കേന്ദ്രഭരണ പ്രദേശമായി. 1987 ഫെ. 20-ന് അരുണാചല്‍ പ്രദേശ് ഇന്ത്യന്‍ യൂണിയനിലെ 24-ാമത്തെ സംസ്ഥാനമായി. പ. ഭൂട്ടാന്‍, വടക്കും കിഴക്കും തിബത്ത്, തെ.കി. മ്യാന്‍മര്‍ തെ. അസം സംസ്ഥാനം എന്നിവയാണ് അരുണാചല്‍ പ്രദേശിന്റെ അതിരുകള്‍. ഇതില്‍ 1,280 കി.മീറ്ററോളം അന്താരാഷ്ട്ര അതിര്‍ത്തിയാണ്. വ.കിഴക്കന്‍ മേഖലയിലെ ഏറ്റവും വലിയ സംസ്ഥാനമാണ് അരുണാചല്‍ പ്രദേശ് വിസ്തീര്‍ണം: 83,743 ച.കി.മീ.; ജനസംഖ്യ: 10,91,117 (2001); ജനസാന്ദ്രത: 13/ച.കി.മീ. തലസ്ഥാനം: ഇറ്റാനഗര്‍ (Itanagar).
ഭൂപ്രകൃതിയും കാലാവസ്ഥയും
ഭൂമിശാസ്ത്രപരമായി അരുണാചല്‍ പ്രദേശ് പൊതുവേ മലകള്‍ നിറഞ്ഞ നിമ്നോന്നതപ്രദേശമാണ്. വ.ഭാഗം ഹിമാവൃതായ പര്‍വതശ്രേണികളാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. മ്യാന്‍മര്‍ അതിര്‍ത്തിയിലും ചെങ്കുത്തായ ദുര്‍ഗമപര്‍വതങ്ങളാണുള്ളത്. ഈ പ്രദേശത്തിലൂടെ ഒഴുകുന്ന ധാരാളം നദികളില്‍ ബ്രഹ്മപുത്രയാണ് മുഖ്യം. ഹിമാലയന്‍പ്രദേശത്ത് സാംപോ എന്നറിയപ്പെടുന്ന ഈ നദി പര്‍വതനിരകള്‍ ഭേദിച്ച് ജേലിംഗ് എന്ന സ്ഥലത്തുവച്ച് സിയാങ്ങില്‍ പ്രവേശിക്കുന്നു. ഇവിടെ സിയാങ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. സ്യോം, സുബ്നഗരി, കാമേംഗ്, ലോഹിത് തുടങ്ങി സംസ്ഥാനത്തെ മറ്റു നദികളൊക്കെത്തന്നെ ബ്രഹ്മപുത്രയുടെ പോഷകനദികളാണ്.
വീതികുറഞ്ഞ നദീതടങ്ങളും അസം അതിര്‍ത്തിയിലുള്ള അല്പം ചില പ്രദേശങ്ങളും മാത്രമാണ് സമതലങ്ങള്‍. ശേഷിച്ച ഭാഗം മുഴുവന്‍ കുന്നുകളും കുണ്ടുകളും നിറഞ്ഞ് സങ്കീര്‍ണമായ ഭൂപ്രകൃതി സൃഷ്ടിച്ചിരിക്കുന്നു. വെസ്റ്റ് കാമെംഗ് ജില്ലയിലെ കാന്‍ങ്ടെ (7090 മീ.) ആണ് ഏറ്റവും ഇയരംകൂടിയ കൊടുമുടി. നംദഫ, മൗലിങ് എന്നിവ ദേശീയോദ്യാനങ്ങളും. സംസ്ഥാനത്തിന്റെ വടക്കും കിഴക്കും ഭാഗങ്ങള്‍ ശിശിരകാലത്ത് മഞ്ഞു മൂടികിടക്കുന്നു; മറ്റു പ്രദേശങ്ങളിലും ശിശിരത്തില്‍ അതിശൈത്യം അനുഭവപ്പെടുന്നു. ഗ്രീഷ്മത്തില്‍ മണ്‍സൂണ്‍ കാലാവസ്ഥയാണുള്ളത്. മേയ് മുതല്‍ സെപ്. വരെയാണ് മഴക്കാലം; കനത്ത മഴ ലഭിക്കുന്ന ഇവിടെ ഇടിമഴയും സാധാരണമാണ്.
സസ്യജാലം
തഴച്ചുവളരുന്ന മണ്‍സൂണ്‍ വനങ്ങളാണ് സംസ്ഥാനത്തിന്റെ മൂന്നിലൊന്നോളം. ഗതാഗതസൌകര്യങ്ങളുടെ കുറവുമൂലം തടിവ്യവസായവും വനങ്ങളില്‍നിന്നുള്ള വരുമാനവും വേണ്ടത്ര വര്‍ധിച്ചിട്ടില്ല. മിഷ്മിറ്റീത്ത (coptis) എന്നയിനം ഔഷധച്ചെടിക്ക് ഗണ്യമായ സാമ്പത്തിക പ്രാധാന്യമുണ്ട്.
ജന്തുവര്‍ഗങ്ങള്‍
ആന, കാട്ടുപോത്ത്, കടുവ, ചീറ്റപ്പുലി തുടങ്ങിയ വന്യമൃഗങ്ങളുടെ വിഹാരരംഗമാണ് ഇവിടത്തെ വനങ്ങള്‍. കസ്തൂരിമാന്‍, പോത്ത്, പന്നി, കാട്ടാട്, കാട്ടുപൂച്ച തുടങ്ങിയവയും ധാരാളമായുണ്ട്. വേഴാമ്പല്‍ സംസ്ഥാന പക്ഷിയും മിഥുന്‍ സംസ്ഥാന മൃഗവും. ഇവിടത്തെ ആദിവാസികള്‍ മിഥുനെ ദിവ്യമൃഗമായി പൂജിക്കുന്നു; ദൈവപ്രീതിക്കായി മിഥുനെ ബലികൊടുക്കുന്ന പതിവ് മുന്‍പ് ഉണ്ടായിരുന്നു. പണത്തിനുപകരം ഈ മൃഗത്തെ കൈമാറ്റം ചെയ്യുന്ന പതിവ് അടുത്തകാലംവരെ നിലവിലുണ്ടായിരുന്നു. വേഴാമ്പലുകളും കോഴിവര്‍ഗത്തില്‍പ്പെട്ട വിവിധയിനം പക്ഷികളും ധാരാളമായി ഉണ്ട്.
സമ്പദ്വ്യവസ്ഥ
കൃഷി
ജനങ്ങളില്‍ 80 ശ.മാ. ആളുകളും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. 'ജുമിംഗ്' എന്നറിയപ്പെടുന്ന മാറ്റാന്തര കൃഷിസമ്പ്രദായം (Shifting Cultivation) ആണ് നിലവിലുള്ളത്. കാടു വെട്ടിത്തെളിച്ചു കൃഷിയിറക്കുകയും, ഒന്നു മുതല്‍ മൂന്നു വരെ വര്‍ഷങ്ങള്‍ക്കകം ഭൂമിയുടെ ഫലപുഷ്ടി കുറയുന്നതോടെ അവിടം ഉപേക്ഷിച്ച് ഉപയുക്തമായ മറ്റൊരിടത്തേക്കു മാറിപ്പാര്‍ക്കുകയും ചെയ്യുന്ന രീതിയാണിത്. കൃഷിയോടൊപ്പംതന്നെ മീന്‍പിടിത്തവും നായാട്ടും തൊഴിലാക്കിയവരും ഇവിടെയുണ്ട്. സാമൂഹികവികസനപദ്ധതികളിലൂടെ കര്‍ഷകരെ സ്ഥിരപാര്‍പ്പുകാരാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുപോരുന്നു. നെല്ല്, ചോളം, രണ്ടാംതരം ധാന്യങ്ങള്‍, കടുക് എന്നിവയാണ് പ്രധാന വിളവുകള്‍; പരുത്തിക്കൃഷിയും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. ഉദ്ദേശം 22,000 ഹെ. പ്രദേശത്ത് കൃഷി വികസനപദ്ധതികള്‍ പ്രയോഗത്തില്‍ വരുത്തിയിട്ടുണ്ട്. കുന്നിന്‍ചരിവുകളെ തട്ടുകളായി തിരിച്ചാണു കൃഷിയിറക്കുന്നത്.
ഇതില്‍ മൊത്തം ഭൂവിസ്തൃതിയുടെ നാലു ശ.മാ. മാത്രമാണ് കൃഷിഭൂമി. 17 ശ.മാ. പ്രദേശത്ത് ജലസേചനസൌകര്യങ്ങളുണ്ട്. വന്‍കിട ജലസേചനപദ്ധതികള്‍ ഇല്ല; ചെറുകിട പദ്ധതികളില്‍ രാഹുങ്, ബൂസാര്‍, പാസിഘട്ട് എന്നിവയാണ് പ്രധാനപ്പെട്ടവ. നെല്ലാണ് പ്രധാന വിള. ചോളം, ചാമ, ഗോതമ്പ് എന്നിവയും കൃഷി ചെയ്യുന്നു.
വ്യവസായം
സംസ്ഥാനത്തിന്റെ ഏകദേശം 61,000 ച.കി.മീ. വനമാണ്. വനവിഭവങ്ങളെ ആശ്രയിച്ചുള്ള വ്യവസായങ്ങള്‍ക്കാണ് സംസ്ഥാനത്ത് പ്രാമുഖ്യം. മുള, ഈറ, മൃഗങ്ങളുടെ കൊമ്പ്, തുകല്‍ തുടങ്ങിയവ ഉപയോഗിച്ച് കലാമേന്മയുള്ള അലങ്കാരവസ്തുക്കളും ഗൃഹോപകരണങ്ങളും നിര്‍മിക്കുന്നതില്‍ ഇവിടത്തെ ജനങ്ങള്‍ പ്രത്യേക വൈദഗ്ധ്യമുള്ളവരാണ്. ഇവയുടെ നിര്‍മാണം ഒരു കുടില്‍വ്യവസായമായി വളര്‍ത്തുന്നതില്‍ ഗവണ്‍മെന്റ് ശ്രദ്ധിച്ചുവരുന്നു. പട്ടുനൂല്‍പ്പുഴു വളര്‍ത്തലും വികസിച്ചിട്ടുണ്ട്. തടിവ്യവസായവും പേപ്പര്‍ നിര്‍മാണവും പുരോഗമിച്ചിട്ടുണ്ട്. നേരിയ തോതില്‍ പ്രകൃതി എണ്ണയും കല്‍ക്കരി നിക്ഷേപവുമുണ്ട്. ഡോളമൈറ്റ്, ഗ്രാഫൈറ്റ്, ചുണ്ണാമ്പുകല്ല്, മാര്‍ബിള്‍, ക്വാര്‍ട്ട്സൈറ്റ് എന്നിവയാണ് മറ്റു ഖനിജങ്ങള്‍. പതിനഞ്ചിലധികം ഇടത്തരം വ്യവസായ സ്ഥാപനങ്ങളും ആയിരത്തില്‍പ്പരം ചെറുകിട വ്യവസായസ്ഥാപനങ്ങളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു.
വിനോദ സഞ്ചാരം
വിനോദസഞ്ചാരത്തിന് ഏറെ പ്രാധാന്യമുള്ള ഒരു സംസ്ഥാനമാണ് അരുണാചല്‍ പ്രദേശ്. മനോഹരമായ ഭൂപ്രകൃതിയും, പുരാതന ഗോത്രസംസ്കൃതിയും, ചരിത്ര സ്മാരകങ്ങളും മറ്റും ഇവിടേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നു. തവാങ്ങിനു സമീപത്തെ ചരിത്രപ്രസിദ്ധമായ ബുദ്ധവിഹാരം, ഇറ്റാകോട്ടയുടെ (ഇറ്റാനഗര്‍) അവശിഷ്ടങ്ങള്‍, പുരാതത്ത്വ ഗവേഷണകേന്ദ്രങ്ങളായ മാലിനിത്താന്‍, ഭിസമാക്നഗര്‍, നംദഷായിലെ വന്യജീവിസംരക്ഷണകേന്ദ്രം എന്നിവയാണ് മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങള്‍
ഗതാഗതം
സംസ്ഥാനത്തെ പ്രധാന നഗരങ്ങളെയും പട്ടണങ്ങളെയും റോഡുമാര്‍ഗം പരസ്പരം ബന്ധിപ്പിച്ചിരുന്ന ദേശീയപാത 52,336 കി.മീ. ദൈര്‍ഘ്യത്തില്‍ സംസ്ഥാനത്തുകൂടെ കടന്നുപോകുന്നുണ്ട്. അസമിലെ തെസ്പൂരിനെ തവാങ്ങുമായി ബന്ധിക്കുന്നതാണ് മറ്റൊരു പ്രധാന ഹൈവേ. 2007-ലെ കണക്കനുസരിച്ച് സംസ്ഥാനത്തെ എല്ലാ വില്ലേജുകളെയും റോഡുമാര്‍ഗം ബന്ധിപ്പിച്ചിട്ടുണ്ട്.
വ്യോമയാനമാണ് മറ്റൊരു പ്രധാന ഗതാഗത മാര്‍ഗം. ഇറ്റാനഗര്‍, ഡപാര്‍ജോ, സിരോ, അലാജ്, തെസു, പാസ്ഘട്ട് എന്നിവിടങ്ങളില്‍ വിമാനത്താവളങ്ങള്‍ ഉണ്ട്.
ജനങ്ങളും ജീവിതരീതിയും
സംസ്ഥാനത്തെ ജനങ്ങള്‍ ഭൂരിഭാഗവും ഗോത്രവര്‍ഗക്കാരാണ്. ആദിവാസികള്‍ 29-ഓളം വിഭാഗങ്ങളില്‍പ്പെടുന്നു; ഉപവര്‍ഗങ്ങള്‍ ധാരാളമായുണ്ട്. ഇവരെ മേഖലാടിസ്ഥാനത്തില്‍ താഴെപ്പറയുന്ന രീതിയില്‍ വിഭജിക്കാം:
1.കാമേംഗ്: മോന്‍പാ, ശര്‍ഡുക് പേന്‍, ആകാ, ഖോവാ, മിജീ, ബാംഗ്നി (ദഫ്ലാ);
2.സുബന്‍സിരി: മോയാ, ദഫ്ലാ (നിസീ), ഹില്‍മിരി, ആപാതാനീ, മികിര്‍, സുലംഗ്, താകിന്‍, ബാംഗ്രോ;
3.സിയാങ്: ആദി, മേമ്പാ, ഇദൂ, മിജു (കമാന്‍), മിസ്മി, സിംഗ്ഫോ;
4.തിരാപ്: സിംഗ്ഫോ, നൊക്ടി, ടാംഗ്സാ, വാഞ്ചോ, ഖാംതീ.
ബലിഷ്ഠരും വിനോദപ്രിയരുമായ മോന്‍പാജാതിക്കാരാണ് അംഗസംഖ്യയില്‍ മുന്നിട്ടുനില്ക്കുന്നത്. കാര്‍ഷികവൃത്തിയിലൂടെ ഉപജീവനം കഴിക്കുന്ന മോന്‍പാവര്‍ഗം കരിങ്കല്‍ ഭിത്തികളുള്ള ഉറപ്പായ ഗൃഹങ്ങളുണ്ടാക്കി സ്ഥിരമായി പാര്‍ക്കുന്നവരാണ്. പരിശ്രമശീലരായ ഇവര്‍ സാഹസികരും ചിത്രമെഴുത്ത് തുടങ്ങിയ സുകുമാരകലകളില്‍ തത്പരരുമാണ്. മോന്‍പാ വര്‍ഗക്കാരുടെ വസ്ത്രങ്ങളിലും ഗൃഹോപകരണങ്ങളിലും ഭവനങ്ങളുടെ ഭിത്തികളിലുമെല്ലാം ചിത്രപ്പണികള്‍ കാണാം. ഗ്രാമപരിഷത്തുകള്‍വഴി സ്വയംഭരണം നടത്തുന്ന സാമൂഹികവ്യവസ്ഥയാണ് ഇവര്‍ക്കിടയില്‍ നിലവിലുള്ളത്. ഇവര്‍ ബുദ്ധമതാനുയായികളാണ്.
മിസ്മി മലകളില്‍ വസിക്കുന്ന താരതമ്യേന പരിഷ്കൃതരായ മറ്റൊരു ആദിവാസി വര്‍ഗമാണ് മിസ്മികള്‍. പരന്ന മുഖവും തടിച്ചുപരന്ന നാസികകളും ചെറിയ കണ്ണുകളും വെളുത്ത നിറവുമുള്ള മിസ്മികള്‍ ഗോത്ര വിഭാഗക്കാരാണ്. ഇവര്‍ തലമുടി നീട്ടിവളര്‍ത്തി കുടുമപോലെ കെട്ടിവയ്ക്കുന്നു. കൃഷി, കാലിവളര്‍ത്തല്‍, കച്ചവടം എന്നിവയാണ് പ്രധാന തൊഴിലുകള്‍. തിബത്തന്‍ സംസ്കാരവുമായി ബന്ധപ്പെട്ട ഒരു പുരാതന ജനസമൂഹമാണ് മിസ്മികള്‍. സമ്പന്നരായ മിസ്മികള്‍ തിബത്തുകാരെപ്പോലെ കടും ചുവപ്പുനിറമുള്ള രോമക്കുപ്പായങ്ങള്‍ ധരിക്കുക പതിവാണ്. വെള്ളികൊണ്ടുള്ള ആഭരണങ്ങളും ഇവര്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. നീണ്ട ഇലകള്‍കൊണ്ടു മേഞ്ഞ ഏറുമാടങ്ങളിലാണ് ഇവര്‍ പാര്‍ക്കുന്നത്. വീടു പണിയുന്നതിന് മുളയും ഈറയും ധാരാളമായി ഉപയോഗപ്പെടുത്തുന്നു. പൊതുവേ മാംസഭുക്കുകളായ ഇവര്‍ ധാന്യങ്ങളും ഫലവര്‍ഗങ്ങളും ഉപയോഗിക്കാറുണ്ട്. പശു, പന്നി, കോഴി എന്നിവയെ വളര്‍ത്തുന്നത് സാധാരണമാണ്. തുണി നെയ്ത്താണ് മറ്റൊരു പ്രധാന തൊഴില്‍.
വാഞ്ചോ, നൊക്ടീ, ഖാംതീ എന്നീ വര്‍ഗക്കാര്‍ ഗ്രാമങ്ങളായിട്ടാണ് വസിക്കുന്നത്. ഗ്രാമത്തലവനാണ് ഇവിടത്തെ ഭരണാധികാരി. ഇവര്‍ക്കിടയില്‍ ഗ്രാമസമിതികളും യുവജനസംഘങ്ങളുമൊക്കെയുള്ള ഒരുതരം പ്രാകൃത ജനാധിപത്യക്രമമാണ് നിലവിലുള്ളത്.
അനേകം ദേവീദേവന്മാരെ പൂജിക്കുന്ന പ്രാചീന മതമാണ് പൊതുവേ പ്രചാരത്തിലുള്ളത്. രോഗശാന്തിക്കായി പന്നി, കോഴി തുടങ്ങിയവയെ ഇവര്‍ ബലിയര്‍പ്പിക്കുന്നു. രോഗികളെ മറ്റുള്ളവരില്‍നിന്നും മാറ്റിപ്പാര്‍പ്പിക്കുന്ന പതിവുണ്ട്. അടുത്ത കാലത്തായി ഇവര്‍ വിദ്യാഭ്യാസത്തിലൂടെയും മറ്റു വിധത്തിലും പരിഷ്കൃതരായി വരുന്നു.
മക്കത്തായം അനുസരിച്ചുള്ള പിന്‍തുടര്‍ച്ചാക്രമമാണ് ഇവിടത്തെ ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ നിലവിലുള്ളത്. സ്വന്തം ഗോത്രത്തില്‍നിന്നു മാത്രമേ വിവാഹം കഴിക്കാവൂ എന്നത് നിര്‍ബന്ധമാണ്; എന്നാല്‍ ബന്ധുജനങ്ങളുമായുള്ള ദാമ്പത്യം വിലക്കപ്പെട്ടിരിക്കുന്നു. വിവാഹം ഉറപ്പിക്കുന്നത് മുതിര്‍ന്നവരാണെങ്കിലും തങ്ങളുടെ ഇണകളെ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം യുവാക്കള്‍ക്കുള്ളതാണ്. എന്നാല്‍ ചുരുക്കം ചില ഗോത്രക്കാര്‍ക്കിടയില്‍ ശൈശവവിവാഹം പ്രാബല്യത്തിലുണ്ട്; പെണ്‍കുട്ടികളെ എത്രയും നേരത്തെ വിവാഹിതരാക്കുന്നത് ആഭിജാത്യത്തിന്റെ ലക്ഷണമായി കരുതപ്പെടുന്നു. സ്ത്രീധനത്തിനുപകരം 'പുരുഷധന' സമ്പ്രദായമാണ് ഇവര്‍ക്കിടയില്‍ നിലവിലുള്ളത്. ഗൃഹവൃത്തിക്കുപുറമേ വിതയ്ക്കല്‍, കൊയ്ത്ത് തുടങ്ങിയ കൃഷിപ്പണികളും സ്ത്രീകള്‍ തന്നെ ചെയ്യുന്നു. എന്നാല്‍ സാമൂഹികവും ഭരണപരവുമായ കാര്യങ്ങളില്‍ സ്ത്രീകളെ ഇടപെടുത്തുന്നില്ല. മതാനുഷ്ഠാനങ്ങളിലും പുരുഷനാണ് മേല്ക്കോയ്മ; അപൂര്‍വമായി മന്ത്രവാദിനികളും പൂജാരിണികളും ഉള്ള ഇക്കൂട്ടര്‍ക്ക് ബഹുഭാര്യാത്വം അനുവദിച്ചിട്ടുണ്ട്.
വിദ്യാഭ്യാസം
54.74 ശ.മാ. ആണ് സംസ്ഥാനത്തിന്റെ സാക്ഷരതാ നിരക്ക്. ഒരു സര്‍വകലാശാല, ഒരു എന്‍ജിനീയറിങ് കോളജ്, ഒരു പോളിടെക്നിക്, മൂന്ന് ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഒരു ഹോര്‍ട്ടി കള്‍ചറല്‍ ആന്‍ഡ് ഫോറസ്റ്റ് കോളജ്, ഏഴു കോളജുകള്‍, 68 ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍, 103 ഹൈസ്കൂളുകള്‍, 329 മിഡില്‍ സ്കൂളുകള്‍, 1280 പ്രൈമറി സ്കൂളുകള്‍ എന്നിവ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്നു. വിദ്യാഭ്യാസം സാര്‍വത്രികമാക്കുവാനുള്ള ശ്രമം ഗ്രാമസമിതികളുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്നു.
ആരോഗ്യം
രോഗശാന്തിക്കായി പ്രാര്‍ഥനകളും പൂജാകര്‍മങ്ങളും നടത്തുന്ന പ്രാചീന രീതികളില്‍ ഏറെക്കുറെ മാറ്റംവന്നു കഴിഞ്ഞിരിക്കുന്നു. ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്ന 13 ആശുപത്രികളും ഒരു ക്ഷയരോഗാശുപത്രിയും അരുണാചല്‍ പ്രദേശിലുണ്ട്. കൂടാതെ ഡിസ്പെന്‍സറികള്‍, മൊബൈല്‍ യൂണിറ്റുകള്‍, ആയുര്‍വേദാശുപത്രികള്‍, കുഷ്ഠരോഗാശുപത്രികള്‍ എന്നിവയും സ്ഥാപിതമായിട്ടുണ്ട്.
ചരിത്രവും ഭരണസംവിധാനവും
അരുണാചല്‍ പ്രദേശിന്റെ പ്രാക് ചരിത്രത്തെപ്പറ്റിയുള്ള വിവരങ്ങള്‍ വിരളമാണ്. എന്നാല്‍ ചില ഹൈന്ദവ പുരാണങ്ങളില്‍ ഈ പ്രദേശത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ കാണാം. 1100-ലേത് എന്നു കരുതപ്പെടുന്ന അവശിഷ്ടങ്ങള്‍ പുരാതത്വശാസ്ത്രജ്ഞര്‍ ദിബാങ് താഴ്വരയില്‍ കണ്ടെത്തിയിട്ടുണ്ട്. 1300-ല്‍ നിര്‍മിച്ച ഒരു കോട്ട(ഇറ്റാകോട്ട)യുടെ അവശിഷ്ടങ്ങള്‍ തലസ്ഥാനമായ ഇറ്റാനഗറില്‍ കാണാം. അരുണാചല്‍ പ്രദേശിലെ ഗോത്രവര്‍ഗക്കാര്‍ തൊട്ടടുത്ത സംസ്ഥാനമായ അസമുമായി വാണിജ്യബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുതായും അസമിലെ അഹോം (Ahom) ഭരണാധികാരികളുമായി ഏറ്റുമുട്ടിയിരുന്നതായും ചില ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. നിരവധി, ബുദ്ധവിഹാരങ്ങളും അരുണാചല്‍ പ്രദേശിലുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധവിഹാരങ്ങളില്‍ ഒന്നായ തവാങ് വിഹാരം (1600) അരുണാചല്‍ പ്രദേശിലാണ്.
1826-ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി അസമിനെ കമ്പനി ഭരണത്തിന്റെ നിയന്ത്രണത്തിലാക്കി. തുടര്‍ന്ന് ഇന്ത്യയുടെ വ. കിഴക്കന്‍ മേഖലയിലേക്ക് കമ്പനി അതിന്റെ ആധിപത്യം വ്യാപിപ്പിച്ചു. 1912-ല്‍ ഇന്ന് അരുണാചല്‍ പ്രദേശ് എന്ന പേരില്‍ അറിയപ്പെടുന്ന പ്രദേശം അസമിനുള്ളിലെ ഒരു ഭരണഘടകമായി മാറി. ഈ കാലഘട്ടത്തിലാണ് ഇവിടെ വ്യാപകമായി ക്രിസ്തുമതം പ്രചരിക്കുന്നത്.
1954-ല്‍ ഈ പ്രദേശം 'നോര്‍ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ ഏജന്‍സി' എന്ന പേരില്‍ അറിയപ്പെട്ടു. 1972-ല്‍ അരുണാചല്‍ പ്രദേശ് കേന്ദ്രഭരണ പ്രദേശമായി; 1987-ല്‍ സംസ്ഥാനവും. സംസ്ഥാനത്തെ 16 ജില്ലകളായി വിഭജിച്ചിരിക്കുന്നു: ലോവര്‍ ഡിബാംഗ്വാലി, അപ്പര്‍ ഡിബാംഗ്വാലി, അഞ്ചാ, കുറുങ്കുമെ, ഈസ്റ്റ് കാമെങ്, വെസ്റ്റ് കാമെങ്, ഈസ്റ്റ് സിയാങ്, വെസ്റ്റ് സിയാങ്, ലോഹിത്, ലോവര്‍ സുബന്‍സിരി, അപ്പര്‍ സുബന്‍സിരി, ടിറാപ്, ടാഖങ്, ചാന്‍ഗ്ളാങ്, പോംപരെ, അപ്പര്‍ സിയാങ്. തലസ്ഥാനം ലോവര്‍ സുബന്‍സിരി ജില്ലയിലാണ്.
(ബി. ശാസ്ത്രി; സ.പ.)