This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അരിസോണ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അരിസോണ
Arizona
യു.എസ്സിലെ തെ.പടിഞ്ഞാറന്‍ ഭാഗത്തുള്ള ഒരു സംസ്ഥാനം. കി. ഭാഗത്ത് ന്യൂമെക്സിക്കോയും പ. കാലിഫോര്‍ണിയ, നെവാദ സംസ്ഥാനങ്ങളും തെ. മെക്സിക്കോയും വ. യൂതാ സംസ്ഥാനവും ആണ് ഇതിന്റെ അതിര്‍ത്തികള്‍. പടിഞ്ഞാറന്‍ അതിരിലൂടെ ഒഴുകുന്ന കൊളെറാഡോ നദി കാലിഫോര്‍ണിയാ സംസ്ഥാനത്തെയും, ഭാഗികമായി നെവാദാ സംസ്ഥാനത്തെയും വേര്‍തിരിക്കുന്നു. വിസ്തീര്‍ണം: 2,95,275 ച.കി.മീ.; ജനസംഖ്യ: 61,66,318 (2006). കൊളെറാഡോ നദിയിലെ ഗ്രാന്‍ഡ് കനിയോണ്‍ (Grand Canyon) എന്നറിയപ്പെടുന്ന ജലപ്രവാഹകന്ദരത്തെ പരിഗണിച്ച് ഈ സംസ്ഥാനത്തെ 'ഗ്രാന്‍ഡ് കനിയോണ്‍ സംസ്ഥാന'മെന്നും വിളിക്കാറുണ്ട്. ഭൂപ്രകൃതിയനുസരിച്ച് സംസ്ഥാനത്തെ മൂന്നായി വിഭജിക്കാം; കൊളെറാഡോ പീഠഭൂമിയാണ് ആദ്യത്തെ ഭൂവിഭാഗം. ഉയര്‍ന്ന പര്‍വതങ്ങള്‍ നിറഞ്ഞ നിമ്നോന്നത പ്രദേശമാണിത്; കടുപ്പമേറിയ ശിലാപടലങ്ങളും അഗാധമായ ജലപ്രവാഹകന്ദരങ്ങളും ഈ പ്രദേശത്തിന്റെ പ്രത്യേകതകളാണ്. പര്‍വതമധ്യത്തിലെ വരണ്ടുണങ്ങിയ തടങ്ങളും വറ്റിപ്പോയ നീര്‍ച്ചാലുകളും എഴുന്നുനില്ക്കുന്ന പാറക്കെട്ടുകളും സാധാരണ ദൃശ്യങ്ങളാണ്. കൊളെറാഡോ നദീതീരം വര്‍ണശബളമായ മണല്‍ക്കല്‍ പ്രദേശമാണ്. വിവിധ നിറങ്ങളിലുള്ള ഈ ശിലാപാളികള്‍ മനോഹരമായ ഒരു പ്രകൃതിദൃശ്യം പ്രദാനം ചെയ്യുന്നു. ഇടുങ്ങി അഗാധമായ നീര്‍ച്ചാലുകളും വരണ്ട കാലാവസ്ഥയും കൂടി അവിടം ഒരു ഊഷരപ്രദേശമാക്കിത്തീര്‍ത്തിരിക്കുന്നു. ലാവാപ്രവാഹത്തിന്റെയും ആഗ്നേയപ്രക്രിയകളുടെയും അവശിഷ്ടങ്ങളും അങ്ങിങ്ങായുണ്ട്. കുത്തനെയുള്ള ചരിവുകളുമായി ഉയര്‍ന്നു നില്ക്കുന്ന പര്‍വതസാനുക്കളാണ് രണ്ടാമത്തേത്. വ.പടിഞ്ഞാറുനിന്നും തെ.കിഴക്കോട്ടായി സംസ്ഥാനത്ത് ഉടനീളം നീണ്ടുകിടക്കുന്നതാണ് ഈ പര്‍വതപ്രദേശം. മൂന്നാമത്തേത് താരതമ്യേന സമരൂപമായ തെ.കിഴക്കന്‍ ഭാഗം; വരണ്ട കാലാവസ്ഥയും നിരന്തരമായ അപരദനവുംമൂലം ഇവിടം കുണ്ടും കുഴിയും നിറഞ്ഞ ഊഷരപ്രദേശമായി മാറിയിരിക്കുന്നു.
അരിസോണയ്ക്ക് പൊതുവേ ശുഷ്കമായ കാലാവസ്ഥയാണുള്ളത്. കനത്ത രീതിയില്‍ വല്ലപ്പോഴും മാത്രം പെയ്യുന്ന മഴ അനിയതം കൂടിയാകയാല്‍ ഫലപ്രദമല്ല. താപനിലയിലെ ദൈനികവ്യതിചലനം 10°- 16°C ആണ്. ഉയര്‍ന്ന സ്ഥാനവും വരണ്ട കാലാവസ്ഥയും ചേര്‍ന്ന് അരിസോണയിലെ ചില പ്രത്യേക കേന്ദ്രങ്ങളെ സുഖവാസസ്ഥലങ്ങളാക്കിയിരിക്കുന്നു.
ക്ഷാരസ്വഭാവമുള്ള മണ്ണും വരള്‍ച്ചയും കാരണം താഴ്വാരങ്ങള്‍ പൊതുവേ കൃഷിക്ക് അനുയോജ്യമല്ല. മണ്ണൊലിപ്പും പ്രശ്നങ്ങള്‍ ഉളവാക്കുന്നു. ഭൂജലം ഉപയോഗിച്ച് ജലസേചനം സാധിക്കുവാനായി കുഴല്‍ക്കിണറുകള്‍ ധാരാളമായി കുഴിച്ചിട്ടുണ്ട്. ജലവിനിമയം ഗവണ്‍മെന്റിന്റെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമാണ്.
തുറന്ന വനപ്രദേശങ്ങളാണ് അധികവും. നിബിഡവനങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. ഉയര്‍ന്ന ഭാഗങ്ങളില്‍ സാമ്പത്തികപ്രാധാന്യമുള്ള ഫര്‍, പൈന്‍, സ്പ്രൂസ് തുടങ്ങിയ മരങ്ങള്‍ ധാരാളമായി വളരുന്നു. പൈന്‍ മരങ്ങള്‍ താഴ്വാരങ്ങളില്‍ കൂടുതലായി കാണാം. ജൂനിപെര്‍ ആണ് മറ്റൊരു പ്രധാന വൃക്ഷയിനം. സംസ്ഥാനത്തിന്റെ തെക്കും പടിഞ്ഞാറും ഭാഗങ്ങളില്‍ 12-15 മീ. വരെ ഉയരത്തില്‍ വളരുന്ന സഗുവാരോ കള്ളിച്ചെടികള്‍ സുലഭമാണ്. വനപ്രദേശങ്ങള്‍ സംസ്ഥാനത്തിന്റെ 35 ശ.മാ. വരും; 42 ശ.മാ. മരുസ്ഥലങ്ങളും 19 ശ.മാ. പുല്‍മേടുകളും ആണ്. വിവിധ വിഭാഗത്തില്‍പ്പെട്ട വന്യമൃഗങ്ങള്‍ വനപ്രദേശത്തെ അധിവസിക്കുന്നു. സിംഹം, കാട്ടുപന്നികള്‍, പുലി, ചെന്നായ് വര്‍ഗങ്ങളില്‍പ്പെട്ട മകായോത്തുകള്‍, മലമ്പൂച്ച, എല്‍ക് എന്നു വിളിക്കപ്പെടുന്ന കടമാന്‍ എന്നിവയാണ് കൂടുതലുള്ളത്. പാമ്പുകള്‍, മറ്റ് ഉരഗങ്ങള്‍, ചൊറിത്തവള, വിഷച്ചിലന്തി, തേളുകള്‍ തുടങ്ങിയവയും സമൃദ്ധമാണ്.
ജലസേചന സൗകര്യങ്ങള്‍ ഉപയോഗിച്ചുള്ള കടുംകൃഷിസമ്പ്രദായമാണ് അരിസോണയില്‍ പൊതുവേ നിലവിലുള്ളത്. പരുത്തിയാണ് മുഖ്യകൃഷി. ശാസ്ത്രീയമായ കന്നുകാലിവളര്‍ത്തലും പ്രചാരത്തിലുണ്ട്. ധാന്യങ്ങളുടെ കൂട്ടത്തില്‍ ബാര്‍ലിയാണ് പ്രധാനം. വനപ്രദേശങ്ങളില്‍ തടിവെട്ട് സാമാന്യമായി നടന്നുപോരുന്നു.
ഖനനം ഒരു പ്രധാന വ്യവസായമാണ്. സ്വര്‍ണം, വെള്ളി, ടങ്സ്റ്റണ്‍, നാകം എന്നിവ സാമാന്യമായി ലഭിക്കുന്നു. ചെമ്പാണ് മറ്റൊരു പ്രധാന ഖനിജം. ഇവിടെയുള്ള ചെമ്പുഖനികള്‍ ലോകത്തിലെ ഏറ്റവും വലിയവയില്‍ ഉള്‍പ്പെടുന്നു. കല്‍ക്കരി ഖനനം ചെയ്യപ്പെടുന്നുവെങ്കിലും അതത്ര നല്ല ഇനമല്ല. വിലപിടിപ്പുള്ള രത്നങ്ങളും അല്പാല്പം ലഭിച്ചുവരുന്നു.
വ്യാവസായിക ഊര്‍ജങ്ങളുടെ ദൗര്‍ലഭ്യംമൂലം ഉത്പാദനം ഗണ്യമായി വര്‍ധിച്ചുകാണുന്നില്ല. തടിവ്യവസായമാണ് പ്രധാനം. ലോഹനിഷ്കര്‍ഷണവും പ്രമുഖമാണ്. അലോഹധാതുക്കള്‍ ഉപയോഗപ്പെടുത്തുന്ന ചൂളകളും ധാരാളമുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങള്‍, വിമാനോപകരണങ്ങള്‍ എന്നിവയുടെ ഉത്പാദനം ഗണ്യമായി വര്‍ധിച്ചിരിക്കുന്നു.
1539-ല്‍ ഫ്രാന്‍സിസ്‍കാരനായ മാര്‍ക്കോസ് ഡിനിസയാണ് അരിസോണയിലെ അന്തേവാസികളെ കണ്ടെത്തിയത്. 1540-42 കാലയളവില്‍ കൊറനാഡോയുടെ പര്യടനസംഘം അവിടെയെത്തി. 1690-നുശേഷം അവിടെയെത്തിയ ഫാദര്‍ കിനോ ക്രിസ്തുമത പ്രചാരണത്തിലേര്‍പ്പെട്ടു. 1752-ലും 1775-ലും സ്പെയിനിന്റെ മേല്‍നോട്ടത്തില്‍ ടുബാക്, ടക്സണ്‍ എന്നീ നഗരങ്ങള്‍ രൂപംകൊണ്ടു. 1821-ല്‍ സ്പെയിനിന്റെ ആധിപത്യത്തില്‍നിന്നും മെക്സിക്കോ വിമോചിതമായപ്പോള്‍ ഇപ്പോഴത്തെ അരിസോണ മെക്സിക്കന്‍ സംസ്ഥാനമായ അവാ കാലിഫോര്‍ണിയയുടെ ഭാഗമായി.
1847-ലെ മെക്സിക്കന്‍-അമേരിക്കന്‍ യുദ്ധത്തെ തുടര്‍ന്ന് അമേരിക്കന്‍ സേന മെക്സിക്കോ പിടിച്ചടക്കുകയും ഉത്തരമേഖലയിലെ അരിസോണ ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു. 1848-ലെ കരാറനുസരിച്ച് 15 ദശലക്ഷം ഡോളര്‍ അമേരിക്ക മെക്സിക്കന്‍ ഭണകൂടത്തിന് നഷ്ട പരിഹാരമായി നല്‍കി. ന്യൂമെക്സിക്കോയുടെ ഭാഗമെന്ന നിലയിലാണ് പില്ക്കാലത്ത് അരിസോണയുടെ ഭരണം നിര്‍വഹിച്ചിരുന്നത്.
1863 ഫെ. 24-ന് ന്യൂമെക്സിക്കോയുടെ പശ്ചിമഭാഗം ഉള്‍ക്കൊള്ളുന്ന പ്രദേശം അരിസോണ ടെറിറ്ററിയായി അമേരിക്കന്‍ ഭരണകൂടം പ്രഖ്യാപിച്ചു. 1912 ഫെ. 14-ന് അരിസോണ ഒരു അമേരിക്കന്‍ സംസ്ഥാനമായി അംഗീകരിക്കപ്പെട്ടു. അമേരിക്കന്‍ ഐക്യനാടുകളിലെ 48-ാമത്തെ സംസ്ഥാനമാണ് അരിസോണ.
രണ്ടാം ലോകയുദ്ധത്തിനുശേഷം അരിസോണയിലെ ജനസംഖ്യ വളരെയേറെ വര്‍ധിച്ചു. 1910-ലെ ജനസംഖ്യ 2,94,353 ആയിരുന്നത് 1970-ല്‍ 17,52,122 ആയി വര്‍ധിച്ചു. 2006-ല്‍ ഇത് 61,66,318 ആണ്. വിദേശരാജ്യങ്ങളില്‍നിന്നും മറ്റ് അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കുടിയേറ്റമാണ് ഇതിനു മുഖ്യകാരണം. ജനസംഖ്യയില്‍ 21 ശ.മാ. മെക്സിക്കന്‍ വംശജരാണ്. ജര്‍മന്‍, ഇംഗ്ളീഷ്, ഐറിഷ്, നേറ്റീവ് അമേരിക്കന്‍ വംശജനും വളരെയധികമുണ്ട്. ആഫ്രിക്കന്‍ അമേരിക്കക്കാരുടെ എണ്ണവും വലിയ തോതില്‍ വര്‍ധിക്കുന്നു.
ഭരണസൗകര്യാര്‍ഥം സംസ്ഥാനത്തെ പതിനാല് കൗണ്ടികളായി വിഭജിച്ചിട്ടുണ്ട്. നാലു വര്‍ഷത്തേക്കു തെരഞ്ഞെടുക്കപ്പെടുന്ന ഗവര്‍ണറാണ് സംസ്ഥാനത്തെ മുഖ്യ ഭരണാധികാരി. ഫീനിക്സ് ആണ് സംസ്ഥാന തലസ്ഥാനം.