This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അരിഷ്ടം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അരിഷ്ടം
ദ്രവരൂപത്തില്‍ തയ്യാറാക്കപ്പെടുന്ന ഒരു ആയുര്‍വേദൌഷധ കല്പന. എത്ര പഴകിയാലും ഗുണത്തിനോ വീര്യത്തിനോ കുറവുവരാത്തവിധം ഔഷധസാരം ദ്രവങ്ങളില്‍ (ജലാദികളില്‍) സംഭരിക്കപ്പെടുമ്പോള്‍ അത് അരിഷ്ടം അഥവാ ആസവം എന്ന പേരിന്നര്‍ഹമായിത്തീരുന്നു. 'ദ്രവേഷു ചിരകാലസ്ഥദ്രവ്യം യത് സഞ്ചിതം ഭവേത്
ആസവാരിഷ്ടഭേദൈസ്തത് പ്രോച്യതേ
ഭേഷജോചിതം'
(ദ്രവവസ്തുക്കളില്‍ ഭേഷജോചിതമായി ഇരിക്കത്തക്കവിധം സഞ്ചിതമാകുന്ന ഔഷധദ്രവ്യം ആസവം, അരിഷ്ടം എന്നീ പേരുകളാല്‍ വ്യവഹരിക്കപ്പെടുന്നു) എന്ന് യോഗരത്നാകരം. അരിഷ്ടവും ആസവവും ഒരേ വിഭാഗത്തില്‍പ്പെട്ട സമാനൌഷധങ്ങളാണ്. ഔഷധദ്രവ്യങ്ങളും വെള്ളവും പാകം ചെയ്യാതെ, അതായത് മരുന്ന് ചതച്ചിട്ട് അതിന്റെ വീര്യം ജലത്തില്‍ ഇറക്കി തയ്യാറാക്കുന്ന ദ്രവൗഷധം ആസവവും; മരുന്ന് കഷായംവച്ച് അതുകൊണ്ടു തയ്യാറാക്കുന്ന ദ്രവൌഷധം അരിഷ്ടവുമാകുന്നു. രണ്ടും മദ്യഭേദങ്ങളാണുതാനും.
'യദപക്വൗഷധാംബുഭ്യാം സിദ്ധം മദ്യം സ ആസവഃ
അരിഷ്ടഃ ക്വാഥസിദ്ധസ്സ്യാത്.'
എന്ന് യോഗരത്നാകരത്തിലും,
പക്വൗഷധാംബുസംസിദ്ധൌ
യോര്‍ക്കസ്സസ്സ്യാദരിഷ്ടകം'
എന്ന് അര്‍ക്കപ്രകാശത്തിലും ഇവയ്ക്കു നിര്‍വചനം കൊടുത്തിരിക്കുന്നു. ഒന്ന് അപകേഷധാംബുസിദ്ധം; മറ്റത് ക്വാഥസിദ്ധം-ഇത്രമാത്രമാണ് ആസവാരിഷ്ടങ്ങള്‍ക്കു തമ്മിലുള്ള വ്യത്യാസം.
അരിഷ്ടത്തിന് അതിലടങ്ങിയ ദ്രവ്യങ്ങളുടെ ഗുണങ്ങള്‍ കൂടിയുള്ളതുകൊണ്ട് ഇതരമദ്യങ്ങളെ അപേക്ഷിച്ച് അതിന് ഗുണം കൂടും.
'യഥാ ദ്രവ്യരിഷ്ട-
സ്സര്‍വമദ്യഗുണാധികഃ'
എന്ന് അഷ്ടാംഗഹൃദയ കര്‍ത്താവും അഭിപ്രായപ്പെടുന്നു. അരിഷ്ടം അഥവാ ആസവം ഏതേതു ദ്രവ്യങ്ങള്‍കൊണ്ട് ഉണ്ടാക്കുന്നുവോ അതതിന്റെ ഗുണവീര്യങ്ങള്‍ അനുസരിച്ച് ഗ്രഹണി, പാണ്ഡു (വിളര്‍ച്ച), കുഷ്ഠം, അര്‍ശസ്സ്, ശോഫം, ശോഷം, ഗുല്മം, കൃമി, പ്ളീഹരോഗം ഇത്യാദി വിവിധ രോഗങ്ങളെ അതു ശമിപ്പിക്കും. അത് എത്ര പഴകിയാലും ഏതുകാലത്തും ഔഷധമായി ഉപയോഗിക്കാം.
അരിഷ്ടയോഗങ്ങളില്‍ (1) ദശമൂലാരിഷ്ടം (2) അമൃതാരിഷ്ടം (3) അശോകാരിഷ്ടം (4) ദ്രാക്ഷാരിഷ്ടം (5) ജീരകാരിഷ്ടം (6) അഭയാരിഷ്ടം (7) കുടജാരിഷ്ടം (8) ഖദിരാരിഷ്ടം (9) മുസ്താരിഷ്ടം (10) ദന്ത്യരിഷ്ടം (11) ദുരാലഭാരിഷ്ടം (12) പര്‍പ്പടാദ്യരിഷ്ടം (13) ബലാരിഷ്ടം (14) ദേവദാര്‍വരിഷ്ടം (15) ധാത്ര്യരിഷ്ടം (16) അശ്വഗന്ധാരിഷ്ടം (17) ത്രിഫലാരിഷ്ടം (18) വാശാരിഷ്ടം (19) ശീരീഷാരിഷ്ടം (20) സാരസ്വതാരിഷ്ടം എന്നിവയും; ആസവയോഗങ്ങളില്‍ (1) പിപ്പല്യാസവം (2) പുനര്‍നവാസവം (3) ഉശീരാസവം (4) ലോഹാസവം (5) അരവിന്ദാസവം (6) പത്രാംഗാസവം (7) കുമാര്യാസവം (8) ഭൃംഗരാജാസവം (9) കര്‍പ്പൂരാസവം (10) അഹിഫേനാസവം (11) കനകാസവം (12) കൂശ്മാണ്ഡാസവം (13) ഖജുരാസവം (14) ഗണ്ഡീരാസവം (15) ചന്ദനാസവം (16) പുഷ്കരമൂലാസവം (17) മധുകാസവം (18) ലവംഗാസവം (19) ശാരിബാദ്യാസവം (20) ഹരീതക്യാസവം എന്നിവയും വളരെ പ്രസിദ്ധങ്ങളാണ്.
അരിഷ്ടനിര്‍മാണത്തില്‍ വിധിപ്രകാരം കഷായം വച്ചിറക്കി അതു പിഴിഞ്ഞരിച്ചു ശര്‍ക്കരയും തേനും മറ്റു ചേരുവകളും ചേര്‍ത്ത് നിശ്ചിതകാലം ഭദ്രമായി സൂക്ഷിക്കുന്നു. ആസവനിര്‍മാണത്തില്‍ യഥാവിധി മരുന്നുകള്‍ ചതച്ചിട്ട വെള്ളം അരിച്ചെടുത്തു ശര്‍ക്കരയും മറ്റും ചേര്‍ത്തു സൂക്ഷിക്കുന്നു. അരിഷ്ടയോഗങ്ങളില്‍ മരുന്നുകളുടെയും വെള്ളത്തിന്റെയും മറ്റും അളവ് പ്രത്യേകം പറഞ്ഞിട്ടില്ലെങ്കില്‍ 16 ഇടങ്ങഴി കഷായത്തില്‍ ഒരു തുലാം ശര്‍ക്കരയും അര തുലാം തേനും ശര്‍ക്കരയുടെ പത്തിലൊന്നു തൂക്കം പ്രക്ഷേപദ്രവ്യവും (ദീപനപാചനാദി ഗുണങ്ങള്‍ ഉണ്ടാക്കുന്ന സംസ്കരണദ്രവ്യം) ചേര്‍ത്തു സൂക്ഷിക്കേണ്ടതാണ്. ഇങ്ങനെ കുറച്ചുദിവസം കാറ്റു തട്ടാതെ അടച്ചു സൂക്ഷിക്കുമ്പോള്‍ അതില്‍ മദ്യസാരം സ്വയം ഉത്പന്നമാകുന്നു. ഈ മദ്യസാരം കാലാവസ്ഥാഭേദങ്ങള്‍ക്കും അതിലടങ്ങിയ ദ്രവ്യങ്ങളുടെ സ്വഭാവഭേദങ്ങള്‍ക്കും അനുസരിച്ച് 5 മുതല്‍ 10 വരെ ശ.മാ. ഏറ്റക്കുറവ് വരാം. മദ്യസാരം സ്വയം ഉണ്ടാകുന്ന ഈ പ്രക്രിയയ്ക്ക് 'സന്ധാനം' എന്നാണ് സാങ്കേതിക നാമം. ഈ സന്ധാന പ്രക്രിയകൊണ്ടാണ് ഔഷധങ്ങള്‍ കേടുവരാതെ സൂക്ഷിക്കാന്‍ കഴിയുന്നത്. സന്ധാനം കൊണ്ട് മദ്യസാരം ഒരു നിശ്ചിത ശതമാനത്തോളം എത്തുമ്പോള്‍ സന്ധാനപ്രക്രിയയ്ക്കു കാരണമായ 'ബാക്ടീരിയ' (yeast) പ്രവര്‍ത്തനക്ഷമമല്ലാതായി പോകുന്നതുകൊണ്ടാണ് മദ്യസാരം 10 ശ.മാ.-ത്തില്‍ കവിയാതിരിക്കുന്നതെന്നു കരുതപ്പെടുന്നു.