This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരിയോസ്റ്റോ, ലുദോവികോ (1474 - 1533)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അരിയോസ്റ്റോ, ലുദോവികോ (1474 - 1533)

Ariosto,Ludovico


ഇറ്റാലിയന്‍ കവിയും നാടകകൃത്തും. പിതാവിന്റെ നിര്‍ബന്ധപ്രകാരം നിയമം പഠിക്കാന്‍ പോയെങ്കിലും അതിനുവേണ്ടി ചെലവഴിച്ച സമയം വ്യര്‍ഥമായിപ്പോയെന്ന് അരിയോസ്റ്റോ പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുപതു വയസ്സു കഴിഞ്ഞതില്‍പ്പിന്നെയാണ് ഇദ്ദേഹം ക്ലാസ്സിക്കല്‍ സാഹിത്യം അഭ്യസിക്കാനും കാറ്റലസിനെയും ഹോരെസിനെയും അനുകരിച്ച് ലത്തീന്‍ഭാഷയില്‍ കവിതകളെഴുതാനും തുടങ്ങിയത്. 1500-ല്‍ പിതാവ് മരിച്ചതോടുകൂടി ഗൃഹകാര്യങ്ങള്‍ നോക്കാന്‍ നിര്‍ബന്ധിതനായി. കര്‍ദിനാള്‍ ഇപ്പൊലീത്തോയുടെ സെക്രട്ടറിപദം സ്വീകരിച്ച് ചില രാഷ്ട്രീയ ദൗത്യങ്ങളുമായി ഇറ്റലിയില്‍ പലേടത്തും സഞ്ചരിച്ചു. 1517-ല്‍ ഇപ്പൊലീത്തോ ബുദായിലെ മെത്രാനായതോടുകൂടി അരിയോസ്റ്റോ അദ്ദേഹത്തിന്റെ കാര്യദര്‍ശിസ്ഥാനത്തുനിന്നു വിരമിച്ച് അല്‍ഫോന്‍സോയുടെ കീഴില്‍ കൊട്ടാരം നാടകസംഘത്തിന്റെ ഡയറക്ടര്‍സ്ഥാനം കൈയേറ്റു. 1522-ല്‍ ഗര്‍ഫഗ്നാനയിലെ ഗവര്‍ണറായി നിയമിക്കപ്പെട്ടു. മൂന്നുകൊല്ലം ആ പദവിയില്‍ തുടര്‍ന്നശേഷം 1527-ല്‍ നാട്ടിന്‍പുറത്തുള്ള സ്വഭവനത്തിലേക്കു പിന്‍വാങ്ങി. ശേഷിച്ച ജീവിതകാലം തന്റെ നാടകേതിഹാസകൃതികള്‍ക്ക് അവസാന മിനുക്കുപണികള്‍ ചെയ്തുകൊണ്ടു ചെലവഴിച്ചു.

അരിയോസ്റ്റോയുടെ ഏറ്റവും പ്രധാനമായ കൃതി 1505-ല്‍ ആരംഭിച്ച് ആദ്യഭാഗം 1516-ലും അവസാനഭാഗം 1531-ലും പ്രസാധനം ചെയ്ത ഒര്‍ലാന്‍ഡോ ഫ്യൂറിയോസോ എന്ന കാല്പനിക ഇതിഹാസമാണ്. ഈ ബൃഹത്കാവ്യം 46 സര്‍ഗങ്ങളിലായി നീണ്ടുകിടക്കുന്നു. മാത്യോ ബോയിയാര്‍ഡോ എഴുതിയ ഒര്‍ലാന്‍ഡോ ഇന്നമൊറേറ്റോ എന്ന കൃതിയുടെ തുടര്‍ച്ചയാണിത്. ഇറ്റാലിയന്‍ കാല്പനിക ഇതിഹാസപ്രസ്ഥാനത്തിന്റെ പരമകാഷ്ഠയെ ഇതു പ്രതിനിധാനം ചെയ്യുന്നു.

പ്രേമത്തിന്റെയും പ്രമദകളുടെയും യോദ്ധാക്കളുടെയും പടക്കോപ്പുകളുടെയും വീരസമരങ്ങളുടെയും കഥകളടങ്ങിയ ഈ ഇതിഹാസം അന്നത്തെ പരിഷ്കൃതാനുവാചകരുടെ രുചിക്കിണങ്ങുന്നമാതിരിയാണ് രചിച്ചിരിക്കുന്നത്. പ്രകൃത്യതീതവും അര്‍ഥവാദപരവും കാല്പനികവുമായ അംശങ്ങള്‍ ഇതില്‍ സുലഭമാണ്. കഥാപാത്രങ്ങള്‍ക്കു ചലനാത്മകത്വവും ആഴവും കുറയും. മനുഷ്യന്റെ വികാരങ്ങളിലേക്കോ മൗലിക പ്രശ്നങ്ങളിലേക്കോ ആണ്ടിറങ്ങിച്ചെല്ലാന്‍ കവി ശ്രമിച്ചിട്ടില്ല. ഹിതകരമായ ആക്ഷേപഹാസ്യമാണ് കൃതിയെ ആകര്‍ഷകമാക്കുന്ന ഒരു പ്രധാന ഘടകം. സമകാലിക സംഭവങ്ങളെയും മനുഷ്യരെയും സംബന്ധിച്ച പരാമര്‍ശങ്ങളില്‍ മനോരഥസൃഷ്ടികളില്‍നിന്നും യഥാതഥസൃഷ്ടികളിലേക്കുള്ള മാറ്റം അങ്ങിങ്ങ് ദൃശ്യമാണ്. ഓരോ സംഭവവും അതതിന്റെ ഉച്ചകോടിയില്‍ കൊണ്ടുചെന്നുവിട്ടിട്ട്, വേറൊന്ന് വികസിപ്പിച്ച് ഒടുവില്‍ എല്ലാ ശിഥിലതന്തുക്കളും കൂട്ടിയിണക്കി കഥകള്‍ക്ക് പൂര്‍ണത വരുത്തുന്ന ഒരു സമ്പ്രദായമാണ് കവി അനുവര്‍ത്തിച്ചിട്ടുള്ളത്. വിജ്ഞാന പുനരുത്ഥാനകാലത്തെ ബൃഹത്തായ ഒരു ആഖ്യാനകവിതാമാതൃകയാണ് ഈ കൃതി. സാങ്കേതിക വൈദഗ്ധ്യവും നിരര്‍ഗളപ്രവാഹമായ ശൈലിയും ഐതിഹാസിക ഭംഗിയും ഇതില്‍ സമഞ്ജസമായി സമ്മേളിച്ചിരിക്കുന്നു.

അരിയോസ്റ്റോ എഴുതിയ നാടകങ്ങള്‍ ഏറിയകൂറും കോമഡികളാണ്. പ്ലോട്ടസിന്റെയും ടെറന്‍സിന്റെയും നാടകങ്ങളായിരുന്നു അവയ്ക്കു മാതൃക. ജോര്‍ജ് ഗാസ്കോയിന്‍ തര്‍ജുമചെയ്ത നാടകത്തിന് (The Suppose) ഇംഗ്ലണ്ടില്‍ 16-ാം ശ.-ത്തിലെ നാടകവേദിയില്‍ വലിയ പ്രചാരം ലഭിച്ചു. അരിയോസ്റ്റോയുടെ ലഘുകൃതികളില്‍ പ്രേമകാവ്യങ്ങളും ഹാസ്യലേഖനങ്ങളും ഉള്‍പ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍