This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരിമ്പാറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അരിമ്പാറ

Wart

മനുഷ്യരില്‍, പ്രത്യേകിച്ച് കുട്ടികളില്‍ ത്വക്കിലോ, ത്വക്കിനോടു ചേര്‍ന്ന ശ്ളേഷ്മസ്തര(mucous layer))ത്തിലോ ഉണ്ടാകുന്ന നിരുപദ്രവകാരിയായതും (benign) ചെറിയ മുഴപോലെ തോന്നിക്കുന്നതുമായ പരുപരുത്ത വളര്‍ച്ച. ഹ്യൂമന്‍ പാപ്പിലോമ വൈറസു(Human Papilloma Virus-HPV)കളാണ് ഇതിനു ഹേതു. രോഗമുള്ള മനുഷ്യരുമായുള്ള സമ്പര്‍ക്കത്താല്‍ (സ്പര്‍ശനത്താല്‍) ഇതു പകരാനിടയുണ്ട്. സാധാരണ കൈകാലുകളിലും കാല്‍മുട്ടകളിലുമാണ് അരിമ്പാറ ഉണ്ടാകുന്നത്. അരിമ്പാറ ഉണ്ടാകുന്ന ഭാഗം, ആകൃതി, രോഗഹേതുവാകുന്ന വൈറസിന്റെ ഇനം എന്നിവയനുസരിച്ച് ആറു വിധത്തിലുള്ള അരിമ്പാറകളുണ്ട്.

1.സാധാരണ അരിമ്പാറ (Common wart), വെരുക്ക വള്‍ഗാരിസ് (Verruca vulgaris) എന്ന ഇനം വൈറസുകളാണ് സാധാരണ അരിമ്പാറയ്ക്കു കാരണമാകുന്നത്. കൈകളിലും കാല്‍മുട്ടുകളിലും മാത്രമല്ല ശരീരത്തിന്റെ ഏതു ഭാഗത്തും ഇത്തരത്തിലുള്ള അരിമ്പാറ ഉണ്ടാകുന്നു. ത്വക്കില്‍ നിന്നുയര്‍ന്നു കാണുന്ന ചെറിയ മുഴകളുടെ ഉപരിതലം പരുപരുത്തതായിരിക്കും.

2. പരന്ന അരിമ്പാറ (Flat wart). മുഖം, കഴുത്ത്, കൈകള്‍, കണങ്കൈ, കാല്‍മുട്ട് തുടങ്ങിയ ശരീരഭാഗങ്ങളില്‍ ഉണ്ടാകുന്ന ചെറുതും മൃദുലവും ചര്‍മത്തെക്കാള്‍ നിറം കൂടിയതുമായ പരന്ന അരിമ്പാറ വെരുക്ക പ്ലാനാ (Verruca Plana) എന്ന വൈറസ് മൂലമാണുണ്ടാകുന്നത്.

3. അംഗുലിത അരിമ്പാറ (Digitate or Filiform wart). മുഖത്തും, കണ്‍പോളകള്‍ക്കടുത്തും, ചുണ്ടുകളിലും നൂലുപോലെയോ വിരലുകള്‍ പോലെയോ ഉണ്ടാകുന്ന അരിമ്പാറയാണിത്.

4. ആണി അഥവാ പാദതല അരിമ്പാറ (Plantar wart). വെരുക്കാ പെഡിസ് (Verruca pedis) എന്ന ഇനം വൈറസുമൂലമുണ്ടാകുന്ന ഈ രോഗം വേദന ഉളവാക്കുന്നതാണ്. ഉള്ളങ്കാലില്‍ (sole of the foot) ഉണ്ടാകുന്ന ഈ അരിമ്പാറയുടെ മധ്യഭാഗത്ത് നിരവധി കറുത്ത പുള്ളിക്കുത്തുകളുണ്ടായിരിക്കും. ഇത് ത്വക്കിന്റെ പ്രതലത്തില്‍ നിന്നും ഉയര്‍ന്നു കാണുന്നില്ല. ചെരിപ്പുകള്‍ ഉപയോഗിച്ചു നടക്കുന്നതുമൂലം ഈ രോഗം പകരാതെ സൂക്ഷിക്കാം.

5. മൊസേയ്ക് അരിമ്പാറ (Mosaic wart). കൈകളിലും ഉള്ളങ്കാലിലും കൂട്ടമായി വളരുന്ന ആണി(പാദതല അരിമ്പാറ)യോടു സാദൃശ്യമുള്ളതാണ് മൊസേയ്ക് അരിമ്പാറ.

6. ഗുഹ്യ അരിമ്പാറ[Venerael(genital)wart] . വെരുക്ക അക്യുമിനേറ്റ (Verrucca acumintat) അഥവാ കോണ്‍ഡൈലോമ അക്യുമിനേറ്റം (Condyloma acuminatum) വൈറസ് മനുഷ്യന്റെ ഗുഹ്യഭാഗങ്ങളില്‍ അരിമ്പാറ ഉണ്ടാകുന്നതിനു കാരണമാകുന്നു.

സാലിസിലിക് അമ്ലം പോലെയുള്ള അമ്ലങ്ങളുടെ മിശ്രിതം പല പ്രാവശ്യം പുരട്ടി (Keratoltysis) വിരലുകളിലും മറ്റുമുണ്ടാകുന്ന അരിമ്പാറ മാറ്റാനാകും.

ലിക്വിഡ് നൈട്രജന്‍ പോലുള്ള രാസപദാര്‍ഥങ്ങളുപയോഗിച്ചുള്ള ക്രയോസര്‍ജറിയിലൂടെ അരിമ്പാറയും അതിനു ചുറ്റുമുള്ള മൃതചര്‍മവും സ്വയം കൊഴിഞ്ഞു പോകും. ലേസര്‍ ചികിത്സ, കാന്‍ഡിഡ (Candida) കുത്തിവയ്പ്, കാന്താരി വണ്ടിന്റെ കാന്താരിഡിന്‍ എന്ന രാസപദാര്‍ഥം ഉപയോഗിച്ചു പൊള്ളിക്കല്‍, ഇന്റര്‍ഫെറോണ്‍ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്ന ഇമിക്വിമോഡ് ക്രീം പുരട്ടി അരിമ്പാറ വൈറസുകള്‍ക്കെതിരെ പ്രതിരോധശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങിയവ അരിമ്പാറയ്ക്കുള്ള പ്രതിവിധികളായി കണക്കാക്കപ്പെടുന്നു. മുറിവേല്ക്കുന്ന ചര്‍മം വിവിധ ചികിത്സാരീതികളിലൂടെ ഉണങ്ങിക്കഴിയുമ്പോള്‍ വീണ്ടും അരിമ്പാറ പ്രത്യക്ഷപ്പെട്ടേക്കാം.

വെളുത്തുള്ളി, വിനാഗിരി, കോളിഫ്ളവര്‍ നീര്, ഏത്തപ്പഴത്തിന്റെ തൊലി, ഉരുളക്കിഴങ്ങ് തൊലിമാറ്റിയത് തുടങ്ങിയവ അരിമ്പാറയില്‍ പല പ്രാവശ്യം തേച്ചു പുരട്ടുന്നത് ഇതു നീക്കം ചെയ്യാന്‍ സഹായിക്കുന്നു.

25 ശ.മാ. അരിമ്പാറയും ചികിത്സിച്ചില്ലെങ്കിലും ആറു മാസത്തിനുശേഷം കൊഴിഞ്ഞു പോകുന്നു; 2-3 വര്‍ഷത്തിനുള്ളില്‍ കൊഴിഞ്ഞു പോകുന്നവയും അപൂര്‍വമല്ല. അരിമ്പാറ വളരെ വേഗത്തില്‍ കരിച്ചോ മുറിച്ചു കളഞ്ഞോ നീക്കാമെങ്കിലും ചര്‍മത്തില്‍ നിന്നും രോഗഹേതുവായ വൈറസ് നീക്കം ചെയ്യപ്പെടുന്നില്ലെങ്കില്‍ വീണ്ടും അരിമ്പാറ ഉണ്ടാകുന്നു. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനാണ് അരിമ്പാറ നീക്കം ചെയ്യുന്നത്. വേദനയോടുകൂടിയ അരിമ്പാറകള്‍ക്ക് ചികിത്സ തേടണം. വേദന കുറച്ചു ദിവസങ്ങള്‍ മാത്രമേ അനുഭവപ്പെടുന്നുള്ളു എങ്കില്‍ പ്രത്യേക ചികിത്സയൊന്നും ആവശ്യമില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍