This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരവിന്ദാക്ഷന്‍, വി. (1930 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അരവിന്ദാക്ഷന്‍, വി. (1930 - )

മലയാള സാഹിത്യകാരന്‍. 1930 ഒ. 17-ന് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ ജനിച്ചു. എം. നാരായണമേനോനും വെള്ളാപ്പിള്ളില്‍ കുഞ്ഞിലക്ഷ്മിഅമ്മയുമാണ് മാതാപിതാക്കള്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടിയശേഷം പത്രപ്രവര്‍ത്തനരംഗത്തു പ്രവേശിച്ചു. 1958 മുതല്‍ 65 വരെ നവജീവന്‍ ദിനപത്രത്തിന്റെ സഹപത്രാധിപരായി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് തൃശൂര്‍ സെന്റ് തോമസ് കോളജിലും കേരളവര്‍മ കോളജിലും ഇംഗ്ലീഷ് അധ്യാപകനായിരുന്നു. 1979 മുതല്‍ 1984 വരെ ദൃശ്യകല എന്ന മാസിക പ്രസിദ്ധീകരിച്ചു. 1990-ല്‍ സര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിസിറ്റിങ് എഡിറ്ററായും 1991-ല്‍ എക്സിക്യൂട്ടീവ് എഡിറ്ററായും സേവനമനുഷ്ഠിച്ചു. 1997-ല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി നിയമിതനായി. 2001-ല്‍ ഡയറക്ടര്‍ പദവിയില്‍നിന്നു വിരമിച്ചു. കേരള സാഹിത്യഅക്കാദമി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വി.അരവിന്ദാക്ഷന്‍

പഴമയും പുതുമയും, മൂന്നു മുഖം, മൂലധനത്തിനൊരു മുഖവുര, തൊഴിലാളിവര്‍ഗസംസ്കാരവും സാഹിത്യവും, മാര്‍ക്സും മൂലധനവും, നമുക്കൊരു പാട്ടുപാടാം, ആചാരങ്ങള്‍ ആഘോഷങ്ങള്‍, സാഹിത്യം സംസ്കാരം സമൂഹം എന്നീ സ്വതന്ത്ര കൃതികള്‍ക്കു പുറമേ ഇരുപതോളം പരിഭാഷാകൃതികളും ഇദ്ദേഹത്തിന്റേതായുണ്ട്. സോള്‍ഷെനിത്സിന്റെ ഒരു ദിവസം, ഏംഗല്‍സിന്റെ കുടുംബം സ്വകാര്യസ്വത്ത്, ഭരണകൂടം, മാര്‍ക്സിന്റെ മൂലധനം (ആറ് അധ്യായങ്ങള്‍) ലെനിന്റെ റഷ്യയില്‍ മുതലാളിത്തത്തിന്റെ വളര്‍ച്ച എന്നിവയാണ് മുഖ്യപരിഭാഷകള്‍. മാര്‍ക്സിസവും സൗന്ദര്യശാസ്ത്രവും എന്ന പ്രബന്ധസമാഹാരത്തിന്റെ സമ്പാദകനുമാണ്.

സാഹിത്യം, സംസ്കാരം, സമൂഹം എന്ന കൃതിക്ക് 1997-ലെ സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചു. തിരഞ്ഞെടുത്ത മുപ്പതു പ്രബന്ധങ്ങള്‍ ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍