This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയഡൊബെന്‍സീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അയഡൊബെന്‍സീന്‍

Iodobenzene

ബെന്‍സീന്‍ എന്ന ആരൊമാറ്റിക് ഹൈഡ്രോകാര്‍ബണിന്റെ അയഡിന്‍ വ്യുത്പന്നം. ഫോര്‍മുല, (C6H5l); ഫിനൈല്‍ അയഡൈഡ് എന്നും ഇതിനു പേരുണ്ട്. നിറമില്ലാത്ത ദ്രവമാണ്. തിളനില 188°C. വെളിച്ചം തട്ടിയാല്‍ മഞ്ഞളിക്കും. ജലത്തെക്കാള്‍ ഘനത്വം കൂടും (ആ.ഘ. 0°C-ല്‍ 1.861); ജലത്തില്‍ അലേയവുമാണ്.

രാസസ്വഭാവത്തില്‍ ക്ലോറൊബെന്‍സീന്‍, ബ്രോമൊ ബെന്‍സീന്‍ എന്നിവയെ അയഡൊബെന്‍സീന്‍ അനുകരിക്കുന്നു എങ്കിലും അവയെപ്പോലെ നേരിട്ടുള്ള ഹാലൊജനേഷന്‍ വഴി ഇതു നിര്‍മിക്കുവാന്‍ വിഷമമാണ്. എന്നാല്‍ ഫിനൈല്‍ ഡയസോണിയം സള്‍ഫേറ്റും (phenyl diazonium sulphate) പൊട്ടാസിയം അയഡൈഡും തമ്മില്‍ ജലീയലായനിയില്‍ പ്രവര്‍ത്തിപ്പിച്ച് അയഡൊബെന്‍സീന്‍ അനായാസേന നിര്‍മിക്കാം. ആദ്യം സോഡിയം നൈട്രൈറ്റും സള്‍ഫ്യൂറിക് അമ്ലവും ഉപയോഗിച്ച് അനിലിന്‍, ഡയസറ്റൈസ് ചെയ്ത് ഫിനൈല്‍ ഡയസോണിയം സള്‍ഫേറ്റ് (phenyl diazonium sulphate) ഉണ്ടാക്കുന്നു. തുടര്‍ന്നു തണുത്ത ഫിനൈല്‍ ഡയസോണിയം സള്‍ഫേറ്റ് ലായനിയെ സാന്ദ്ര-പൊട്ടാസിയം അയഡൈഡ്കൊണ്ട് ഉപചരിച്ചശേഷം മിശ്രിതം പതുക്കെ നൈട്രജന്റെ വരവ് നില്ക്കുന്നതുവരെ ചൂടാക്കണം.

C6H5N2.SO4H + Kl→ C6H5l + KHSO4 + N2

അവശേഷിക്കുന്ന ലായനി നീരാവി-സ്വേദനത്തിനു (steam distillation) വിധേയമാക്കിയാല്‍ അയഡൊബെന്‍സീന്‍ വേര്‍തിരിച്ചുകിട്ടും. ഇതിനെ കാസ്റ്റിക്സോഡ (NaOH) കൊണ്ടു കഴുകി പിന്നീട് ഈര്‍പ്പം നീക്കം ചെയ്തു സ്വേദനം ചെയ്താല്‍ ശുദ്ധമായ അയഡൊബെന്‍സീന്‍ ലഭിക്കുന്നു.

അയഡൊബെന്‍സീന്‍ ക്ലോറൊഫോമില്‍ അലിയിച്ച് തണുപ്പിച്ച് ആ ലായനിയിലൂടെ ശുഷ്കക്ലോറിന്‍ (dry chlorine) പ്രവഹിപ്പിച്ചാല്‍ അയഡൊബെന്‍സീന്‍ ഡൈ ക്ലോറൈഡ് (iodobenzene dichloride) മഞ്ഞനിറത്തിലുള്ള പരലുകളായി വേര്‍തിരിഞ്ഞുവരുന്നു.

C6H5l + Cl2→ C6 H5l Cl2.

ഈ പരലുകളെ നേര്‍ത്ത കാസ്റ്റിക് സോഡകൊണ്ട് ഉപചരിച്ചുവച്ചാല്‍ 6-8 മണിക്കൂര്‍കൊണ്ടു സാധാരണ താപനിലയില്‍ത്തന്നെ അയഡോസൊ ബെന്‍സീന്‍ ലഭിക്കുന്നു.

C6H5lCl2 + 2NaOH→ C6H5lO + 2NaCl + H2O

അയഡോസൊ ബെന്‍സീന്‍ മഞ്ഞനിറത്തിലുള്ള ഒരു ഖരവസ്തുവാണ്. ഇതിനെ നീരാവി സ്വേദനത്തിനു വിധേയമാക്കിയാല്‍ അയഡൊബെന്‍സീന്‍, അയഡോക്സിബെന്‍സീന്‍ എന്നിവ ലഭിക്കുന്നു.

2C6H5lO→ C6H5l + C6H5lO2

അയഡൊബെന്‍സീന്‍ ആരോമാറ്റിക ഗ്രിഗ്നാര്‍ഡ് അഭികാരകങ്ങളുടെ (aromatic Grignard reagents) നിര്‍മാണത്തില്‍ വിപുലമായി പ്രയോജനപ്പെടുന്നു. നോ: അരൈല്‍ ഹാലൈഡുകള്‍; ഗ്രിഗ്നാര്‍ഡ് അഭികാരകങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍