This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമ്മണൈറ്റുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അമ്മണൈറ്റുകള്‍

Ammonites

പശ്ചിമേഷ്യയില്‍ ജോര്‍ഡാനു കി. ജാബക്ക്, ആര്‍നണ്‍ എന്നീ നദീതീരങ്ങളില്‍ വസിച്ചിരുന്ന ഒരു ജനവിഭാഗം. അസീറിയന്‍ ശിലാശാസനങ്ങളില്‍ വിവരിക്കുന്ന 'ബെത് അമ്മണ്‍' എന്ന 'ബെന്‍-അമ്മി'യുടെ അനന്തരഗാമികളാണ് അമ്മണൈറ്റുകള്‍. അമ്മണിന്റെ പുത്രന്മാരാണ് ഇവര്‍ എന്ന് പഴയനിയമത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. അമ്മണൈറ്റു വര്‍ഗത്തിന്റെ തലസ്ഥാനം ജാബക്ക് നദിയുടെ തീരത്തുള്ള റാബാത്ത് അമ്മണ്‍ (റാബ് ബാ) ആണ്. ബി.സി. 13-ാം ശ.-ത്തോടുകൂടിയാണ് അമ്മണ്‍ സാമ്രാജ്യം രൂപംകൊണ്ടത്. അതിനുമുന്‍പ് ട്രാന്‍സ്-ജോര്‍ഡാനില്‍ വസിച്ചിരുന്നത് ഒരുതരം നാടോടികളാണ്. ജാബക്ക് നദിക്കു കിഴക്കുള്ള ഒരു ചെറിയ പ്രദേശമായിരുന്നു അമ്മണൈറ്റുകളുടെ നാട്. ബി.സി. 13-ാം ശ.-മുതല്‍ 6-ാം ശ.-വരെയുള്ള കാലത്ത് അമ്മണൈറ്റുനാഗരികത പുഷ്ടിപ്പെടുകയും സിറിയ, അറേബ്യ, ഇസ്രയേല്‍ എന്നിവിടങ്ങളിലേക്ക് അതു വ്യാപിക്കുകയും ചെയ്തു.

ബി.സി. 285-47-ല്‍ ടോളമി ഫിലഡല്‍ഫസ് റാബ്ബാ പുതുക്കിപ്പണിയുകയും റാബ് ബായ്ക്ക് ഫിലഡല്‍ഫിയ എന്ന പേരു നല്കുകയും ചെയ്തു. ഫിലഡല്‍ഫിയയുടെ ജീര്‍ണാവശിഷ്ടങ്ങളാണ് ഇന്നത്തെ അമ്മാന്‍ നഗരം.

ഇസ്രയേലിനെ പീഡിപ്പിക്കുന്നതിലേക്കായി ബാലാമിനെ നിയോഗിച്ചതുകൊണ്ട് മോബൈറ്റുകളുടെ ശേഷക്കാരായ അമ്മണൈറ്റുകള്‍ക്ക് ദൈവസഭയില്‍ പ്രവേശനം നിഷേധിച്ചിരുന്നുവെന്ന് സൂചനയുണ്ട്.

അമ്മണൈറ്റുകളുടെ മതത്തെയും സംസ്കാരത്തെയുംപറ്റി വളരെ കുറച്ചറിവേ ലഭ്യമായിട്ടുള്ളൂ. പഴയനിയമത്തിലെ ചില കുറിപ്പുകളും അസീറിയന്‍ ശിലാശാസനങ്ങളുമാണ് അമ്മണൈറ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കുന്നത്.

കന്നുകാലിമേച്ചിലും കൃഷിയുമായിരുന്നു ഇവരുടെ മുഖ്യതൊഴില്‍. ബി.സി. 13-ാം ശ. മുതല്‍ 6-ാം ശ. വരെയുള്ള കാലത്ത് അമ്മണൈറ്റുകള്‍ക്ക് അനവധി കോട്ടകളുണ്ടായിരുന്നതായി പുരാവസ്തുഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

മില്‍കോമിനെ ആരാധിക്കുന്നവരാണ് അമ്മണൈറ്റുകള്‍. മില്‍കോമിന്റെ ഒരു പൂര്‍ണകായപ്രതിമയായിരുന്നു ഇവരുടെ പൂജാവിഗ്രഹം. കെമോഷ് എന്ന ദൈവത്തെയും ആരാധിച്ചിരുന്നതായി കാണുന്നുണ്ട്. അമ് (അമ്മി) എന്ന ഒരു ദൈവവുമായി ബന്ധപ്പെട്ടതാണ് അമ്മണ്‍. അമ്മണ്‍ എന്ന പദം വര്‍ഗപ്പേരായി ഉപയോഗിച്ചിരുന്നില്ല. 'അമ്മണിന്റെ കുട്ടികള്‍' എന്നാണ് സാധാരണ പറയാറുളളത്. ഈ വര്‍ഗത്തിന്റെ പൂര്‍വികനെപ്പോലും 'അമ്മണ്‍' എന്നല്ല 'ബെന്‍-അമ്മി' എന്നാണ് വിളിച്ചിരുന്നത്. ബഹുഭര്‍ത്തൃകസമൂഹത്തില്‍ 'അമ്' എന്ന പദത്തിന് പിതാവ്, മാതുലന്‍, ബന്ധു, ജനത എന്നിങ്ങനെയാണ് അര്‍ഥങ്ങള്‍. 'അമ്' എന്നത് മില്‍കോം എന്ന ദൈവത്തിന്റെ മറ്റൊരു പേരാണ് എന്നൊരു സിദ്ധാന്തവുമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍