This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമ്മച്ചിപ്ലാവ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അമ്മച്ചിപ്ലാവ്

ശ്രീകൃഷ്ണസ്വാമീക്ഷേത്രവും അമ്മച്ചിപ്ലാവും

തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിനടുത്തു നില്ക്കുന്ന ചരിത്രപ്രസിദ്ധമായ പ്ലാവ്. തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന രാമവര്‍മ മഹാരാജാവ് ദുര്‍ബലനായിരുന്നതിനാല്‍ യുവരാജാവായിരുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ(ഭ.കാ. 1729-58)യായിരുന്നു രാജ്യകാര്യങ്ങള്‍ നോക്കിയിരുന്നത്. ഇക്കാലത്ത് രാജശക്തിയെ പ്രബലമാക്കാനും അതിനെ നിയന്ത്രിച്ചുകൊണ്ടിരുന്ന പ്രഭുശക്തിയെ അമര്‍ച്ച ചെയ്യാനും അദ്ദേഹം ശ്രമം തുടങ്ങി. തന്നിമിത്തം പ്രഭുക്കന്മാരില്‍ ഒരു വലിയ വിഭാഗം അദ്ദേഹത്തിന്റെ ശത്രുക്കളായി മാറി. യുവരാജാവിനു സ്വൈരസഞ്ചാരം സാധ്യമായിരുന്നില്ല. പലപ്പോഴും അദ്ദേഹത്തിനു പ്രച്ഛന്നവേഷനായി യാത്രചെയ്യേണ്ടിവന്നു. ഒരിക്കല്‍ നെയ്യാറ്റിന്‍കരവച്ചു ശത്രുക്കളുടെ കൈയിലകപ്പെടുമെന്ന നിലയിലെത്തിയ യുവരാജാവ് അടുത്തു കണ്ട ഇഞ്ചപ്പടര്‍പ്പിനിടയില്‍ അഭയംതേടി. അവിടെ ഒരു വലിയ പ്ലാവ് നിന്നിരുന്നു. ശത്രുഹസ്തങ്ങളിലകപ്പെടാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ ആലോചിച്ചുകൊണ്ടു നില്ക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുന്‍പില്‍ ഒരു ബാലന്‍ പ്രത്യക്ഷനായി എന്നും 'ഈ പ്ലാവിന്റെ പൊത്തില്‍ കടന്നുകൊള്ളുക' എന്നു പറഞ്ഞിട്ട് ബാലന്‍ ഓടിമറഞ്ഞുവെന്നും ഐതിഹ്യമുണ്ട്. അദ്ദേഹം ആ പ്ലാവിന്റെ വലിയ പൊത്തില്‍ കയറി ഒളിച്ചിരുന്നു. അദ്ദേഹത്തെ പിന്‍തുടര്‍ന്നുവന്നവര്‍ അവിടെയെല്ലാം തിരഞ്ഞിട്ടും കാണാതെ നിരാശപ്പെട്ടു മടങ്ങി. ശത്രുക്കള്‍ വളരെ ദൂരെയായി എന്നു ബോധ്യമായപ്പോള്‍ യുവരാജാവ് അവിടെനിന്നിറങ്ങി രക്ഷപ്പെട്ടു. ഇതിന്റെ സ്മാരകമായി മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് 1757-ല്‍ ആ സ്ഥാനത്ത് ഒരു ക്ഷേത്രം പണിയിച്ച് ശ്രീകൃഷ്ണവിഗ്രഹം പ്രതിഷ്ഠിച്ചു. ക്ഷേത്രവളപ്പിനകത്തു വ.പടിഞ്ഞാറെ കോണിലായി നില്ക്കുന്ന പ്ലാവിനെ അമ്മച്ചിപ്ലാവ് എന്നു പറഞ്ഞുപോരുന്നു. അമ്മച്ചിപ്ലാവിന് 1500-ല്‍പ്പരം വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് വിദഗ്ധാഭിപ്രായം. രണ്ടു ശിഖരങ്ങള്‍ മാത്രമേ ഇപ്പോള്‍ പ്ലാവിലുള്ളു. പ്ലാവിന് ഭംഗിയായി കല്തറകെട്ടി അതിന്മേല്‍ ഗണപതിയെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ചുറ്റമ്പലങ്ങളിലെ വിഗ്രഹങ്ങളെയെന്ന പോലെ ഭക്തജനങ്ങള്‍ ഇതിനെയും വന്ദിച്ചുവരുന്നു.

(വി.ആര്‍. പരമേശ്വരന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍