This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമ്പലവയല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അമ്പലവയല്‍

വയനാട് ജില്ലയില്‍, സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ സ്ഥിതിചെയ്യുന്ന, കുന്നും മലകളും നിറഞ്ഞ പ്രദേശം. ഇത് സമുദ്രനിരപ്പില്‍നിന്നു തൊള്ളായിരത്തില്‍പ്പരം മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. കുറുമര്‍, പണിയര്‍, കാട്ടുനായ്ക്കര്‍, കുറിച്യര്‍ എന്നീ ഗോത്രവര്‍ഗക്കാരാണ് ഇവിടത്തെ നിവാസികള്‍.

60.65 ച.കി.മീ. വിസ്തീര്‍ണമുള്ള അമ്പലവയല്‍ പഞ്ചായത്തിലെ ജനസംഖ്യ 34,345 (2001) ആണ്. ഇതില്‍ 10ശതമാനത്തോളം ഗോത്രവര്‍ഗക്കാരാണ്; വയനാടന്‍ ചെട്ടിമാര്‍, ഗൗഡന്മാര്‍ എന്നിവര്‍ ന്യൂനപക്ഷത്തില്‍പ്പെടുന്നു. അമ്പലവയലിലെ വിമുക്തഭടന്മാരുടെ കോളനിയെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള നാനാജാതി മതസ്ഥര്‍ അധിവസിക്കുന്നു. കൂടാതെ ദക്ഷിണ കേരളത്തില്‍ നിന്നുള്ള കുടിയേറ്റക്കാരും ധാരാളമുണ്ട്. വൈവിധ്യമുള്ളതാണ് ഇവിടത്തെ സാമൂഹിക-സാമ്പത്തിക സംവിധാനം. ഭൂരിഭാഗം വസതികളും പുല്ലും മുളകളും കൊണ്ടു നിര്‍മിച്ച കൊച്ചു കുടിലുകളാണ്.

നെല്‍ക്കൃഷിയാണ് പ്രധാനം. റബ്ബര്‍, യൂക്കാലിപ്റ്റസ്, വാറ്റുപുല്ല് എന്നീ നാണ്യവിളകളും ഉത്പാദിപ്പിക്കപ്പെടുന്നു. വയനാടന്‍ സമ്പദ്വ്യവസ്ഥയുടെ മുഖ്യഘടകങ്ങളായ കാപ്പിത്തോട്ടങ്ങളും ഇവിടെയുണ്ട്; കൂടുതലും ചെറിയ തോട്ടങ്ങളാണ്. അങ്ങിങ്ങ് ഓറഞ്ചും കൃഷി ചെയ്യുന്നുണ്ട്.

കാര്യമായ വ്യവസായങ്ങളൊന്നുമില്ല. മണ്‍പാത്രനിര്‍മാണം, കുട്ടയുണ്ടാക്കല്‍, പായ്നെയ്ത്ത് എന്നീ കുടില്‍ വ്യവസായങ്ങളുണ്ട്. കൃഷിയും കൃഷിപ്പണിയും ചെറുകിട കച്ചവടവും കൊണ്ടു പുലരുന്നവരാണ് ഭൂരിഭാഗവും. ഗ്രാമതലത്തിലെ സാധാരണ പൊതുസ്ഥാപനങ്ങള്‍ക്കു പുറമേ കാര്‍ഷികഗവേഷണകേന്ദ്രം, വിമുക്തഭടകോളനി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, ട്രൈബല്‍ കോളനി, സര്‍വീസ് സഹകരണസംഘം, പാല്‍വ്യവസായസഹകരണസംഘം എന്നിവയുമുണ്ട്.

ഹൈന്ദവക്ഷേത്രങ്ങളും ക്രൈസ്തവ ദേവാലയങ്ങളും മുസ്ലിം പള്ളികളും ഇവിടെ പലതുണ്ട്. ചിങ്ങേരി, അമ്പലവയല്‍ എന്നീ ശിവക്ഷേത്രങ്ങളിലെ 'ശിവരാത്രി' ഉത്സവം പ്രസിദ്ധമാണ്. കാര്‍ഷികഗവേഷണകേന്ദ്രം, ചിങ്ങേരി ട്രൈബല്‍ കോളനി, അമ്പുകുത്തി മലയിലെ ശിലാരേഖകള്‍ എന്നിവ ഇവിടത്തെ മുഖ്യ ആകര്‍ഷകഘടകങ്ങളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍