This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമ്പലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അമ്പലം

ആരാധനസ്ഥലം. ഹൈന്ദവദേവാലയത്തെയാണ് ഈ സംജ്ഞ സൂചിപ്പിക്കുന്നത്. 'അംബരം' എന്ന സംസ്കൃത ശബ്ദത്തിന്റെ തദ്ഭവമാണിതെന്നു ചില പണ്ഡിതന്മാര്‍ക്ക് അഭിപ്രായമുണ്ട്. 'ആബോല' എന്ന സുറിയാനി പദത്തില്‍ നിന്നു രൂപംകൊണ്ടതാണെന്നും ഒരു പക്ഷമുണ്ട്. എന്നാല്‍ ഈ രണ്ട് അഭിപ്രായങ്ങളും സാധൂകരിക്കത്തക്കതല്ല. തമിഴില്‍ 'അമ്പലം' എന്നും കര്‍ണാടകത്തില്‍ 'അംബല' എന്നും കുടക്, തുളു ഭാഷകളില്‍ 'അംബില' എന്നും ഇതിന്റെ രൂപഭേദങ്ങള്‍ പ്രചാരത്തില്‍ ഇരിക്കുന്നതുകൊണ്ട് ഇതൊരു ദ്രാവിഡപദം തന്നെയാണെന്നു തീര്‍ത്തു പറയാം. 'അന്‍പ' എന്ന ധാതുവില്‍നിന്നും ഉണ്ടായിട്ടുള്ള 'അന്‍പുക' (കുടികൊള്ളുക) എന്ന പദമാണ് 'അമ്പലം' എന്ന വാക്കിന് ആസ്പദമെന്നു നിഘണ്ടൂകാരന്മാര്‍ അഭിപ്രായപ്പെടുന്നു. ദേവത കുടികൊള്ളുന്നിടം-അമ്പുന്നിടം-അമ്പലമായി എന്നാണ് ഈ വാദത്തിന്റെ സാരം.

'അമ്പലം' എന്ന പദത്തിനു പര്യായമായി കൊട്ടില്‍ എന്നും കോവില്‍ എന്നും പഴയ മലയാളത്തില്‍ പ്രയോഗിക്കാറുണ്ട്. കുടികൊള്ളുക, വസിക്കുക, വിശ്രമിക്കുക തുടങ്ങിയ കൃത്യങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള സ്ഥലം-താവളം-എന്ന അര്‍ഥമാണ് വഴിയമ്പലം, കൊട്ടിയമ്പലം, കാക്കാരമ്പലം എന്നിങ്ങനെയുള്ള സമസ്തപദങ്ങളില്‍ രൂഢമൂലമായിട്ടുള്ളത്. പില്ക്കാലത്ത് ഇത്തരം സ്ഥാപനങ്ങളുടെ സാന്നിധ്യത്തെ അനുസ്മരിപ്പിക്കുമാറു ധാരാളം സ്ഥലനാമങ്ങളും ഗൃഹനാമങ്ങളും ഉണ്ടായിട്ടുണ്ട് ; ഊരൂട്ടമ്പലം, പ്രാവച്ചമ്പലം, തട്ടാരമ്പലം, കല്ലമ്പലം, ഓലകെട്ടിയമ്പലം, വെള്ളയമ്പലം, അമ്പലമുക്ക്, അമ്പലത്തറ, അമ്പലമേട്, അമ്പലപ്പുഴ, അമ്പലവയല്‍, അമ്പലപ്പാട് എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ഹൈന്ദവദേവാലയത്തെ കുറിക്കുവാന്‍ കോവില്‍ എന്നും ക്ഷേത്രം എന്നും ഉള്ള സംജ്ഞകള്‍ ഉപയോഗിക്കാറുണ്ട്. ഈ അര്‍ഥത്തില്‍ അമ്പലം എന്ന പദം പ്രയോഗിക്കുമ്പോള്‍ ആരാധനയ്ക്കുവേണ്ടി ദേവതാവിഗ്രഹം പ്രതിഷ്ഠിച്ചിട്ടുള്ള എടുപ്പ് എന്ന നിര്‍വചനമാണ് നല്കപ്പെടുക. അപ്പോള്‍ അതിനോടു ചേര്‍ന്ന് ചുറ്റമ്പലം, നാലമ്പലം എന്നീ പദങ്ങളും പ്രയോഗക്ഷമങ്ങളാണ്. ജനങ്ങള്‍ വന്നുകൂടുന്നിടം എന്ന അര്‍ഥത്തില്‍ ചന്ത, ഗ്രാമസഭ, രാജസഭ എന്നിവയ്ക്കും അമ്പലം എന്ന പദം ചേര്‍ന്നുള്ള സംജ്ഞകള്‍ പ്രയോഗിക്കപ്പെട്ടുവരുന്നു. ഗ്രാമപ്രധാനി എന്ന അര്‍ഥത്തില്‍ മറവരുടെ നേതാവിനെ അമ്പലക്കാരന്‍, അമ്പലക്കാറന്‍ എന്നിങ്ങനെ വിളിച്ചുവന്നിരുന്നതു ശ്രദ്ധിക്കേണ്ടതാണ്. പ്രാചീന കേരളത്തിലെ ക്ഷേത്രഭരണവ്യവസ്ഥ അനുസരിച്ചു ക്ഷേത്രത്തിലെ പൂജാദികാര്യങ്ങള്‍ക്കു പരമ്പരയായി മേല്‍നോട്ടം വഹിച്ചിരുന്നവരെ 'അമ്പലപ്പടി ഊരാണ്മ' എന്നു വിളിച്ചുവന്നു. 'അമ്പലക്കാള (മൂരി)' ക്ഷേത്രത്തില്‍ നടയിരുത്തപ്പെട്ടിട്ടുള്ള കാളയും 'അമ്പലവിരുത്തി' ക്ഷേത്രസേവനത്തിനു സര്‍ക്കാരില്‍നിന്നു പ്രതിഫലമായി കൊടുക്കപ്പെട്ടിട്ടുള്ള വസ്തുവുമാണ്. ക്ഷേത്രഗോപുരങ്ങളിലും മറ്റും ചേക്കേറുന്നതുകൊണ്ടു മാടപ്രാവുകളെ 'അമ്പലപ്രാവ്' എന്നും വിളിക്കാറുണ്ട്. 'അമ്പലം' എന്ന പദം കേരളീയ ജീവിതത്തില്‍ ചേതനാചേതനങ്ങളായ പല സങ്കല്പങ്ങള്‍ക്കും യാഥാര്‍ഥ്യങ്ങള്‍ക്കും പ്രഭവമായിത്തീര്‍ന്നു എന്നാണ് ഈ ശൈലീവിശേഷങ്ങള്‍ കാണിക്കുന്നത്.

വിഗ്രഹാരാധനയ്ക്കും ബഹുദേവതാരാധനയ്ക്കും ഹിന്ദുമതം അംഗീകാരം നല്‍കിയതോടുകൂടിയാണ് വിഗ്രഹപ്രതിഷ്ഠാപനത്തിനായി പ്രത്യേകം പണിചെയ്തിട്ടുള്ള അമ്പലങ്ങള്‍ രൂപംകൊണ്ടത്. അതോടുകൂടിത്തന്നെ ആരാധനാസൌകര്യം, പ്രതിഷ്ഠിക്കപ്പെടുന്ന ദേവതയുടെ പ്രത്യേകത, നിര്‍മിക്കുന്നവരുടെ സാമ്പത്തികസ്ഥിതി, സ്ഥലത്തിന്റെ സ്വഭാവം, കാലാവസ്ഥ, ആരാധിക്കാന്‍ വരുന്നവരുടെ വീക്ഷണഭേദം തുടങ്ങിയവ പരിഗണിച്ചു വിവിധതരത്തിലുള്ള അമ്പലങ്ങള്‍ നിര്‍മിക്കുക ആവശ്യമായിത്തീര്‍ന്നു; അതിന്നനുസൃതമായി നിര്‍മാണസമ്പ്രദായങ്ങളും വാസ്തുവിദ്യാവിധികളും രൂപംകൊള്ളുകയും ചെയ്തു. തന്ത്രസമുച്ചയം, മനുഷ്യാലയചന്ദ്രിക തുടങ്ങി വാസ്തുവിദ്യാസംബന്ധികളായ പ്രാചീന കൃതികള്‍ ക്ഷേത്രവാസ്തുശില്പശാസ്ത്രങ്ങളെ ക്രോഡീകരിക്കുന്നവയാണ്. അതേത്തുടര്‍ന്ന് അമ്പലങ്ങളുടെ ആഭ്യന്തരവും ബാഹ്യവുമായ സ്വഭാവത്തെക്കുറിച്ചു നിയതങ്ങളായ വിധികളും രൂപകല്പനകളും ഉടലെടുക്കാനാരംഭിച്ചു. ക്ഷേത്രശില്പവിദ്യ വാസ്തുവിജ്ഞാനീയത്തിലെ ഒരു പ്രധാന ശാഖയായിത്തന്നെ വികസിച്ചിട്ടുണ്ട്. അമ്പലം ആരാധനയുടെ കേന്ദ്രം എന്ന പോലെ ഓരോ ജനസമൂഹത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും സാംസ്കാരിക വികാസത്തിന്റെയും കേന്ദ്രവുമായിത്തീര്‍ന്നു. അതോടെ അമ്പലത്തെ ചുറ്റി നിരവധി കര്‍മാനുഷ്ഠാനങ്ങളും പ്രത്യേക ജീവിതശൈലികളും സ്വാഭാവികമായിത്തന്നെ ഉണ്ടാവുകയും അവ വിവിധ ജീവനവൃത്തികള്‍ക്ക് ഇടം നല്കുകയും ചെയ്തു. ഈ പരിണാമം സാമൂഹികജീവിതത്തില്‍ പല പരിവര്‍ത്തനങ്ങളും ഉളവാക്കി. ചാതുര്‍വര്‍ണ്യത്തിന്റെ തുടക്കം തന്നെ ഈ ആരാധനാകേന്ദ്രങ്ങളില്‍ നിന്നാണെന്നു വാദമുണ്ട്. ജാതിയും ഉപജാതിയുമായി സമൂഹത്തില്‍ പല തട്ടുകളുണ്ടാക്കുന്നതിന് അമ്പലത്തിലെ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട തൊഴില്‍ വിഭജനത്തിനു സാധിച്ചു. അമ്പലവാസികളെന്നു മൊത്തത്തില്‍ പറയപ്പെടുന്ന ഒരു ജനവിഭാഗം തന്നെ ഇതിന്റെ ഫലമായി ആവിര്‍ഭവിച്ചു. പ്രാദേശിക കലകളുടെ ഉദ്ഭവത്തിനും വികാസത്തിനും അമ്പലങ്ങള്‍ കാരണമായിട്ടുണ്ട്. നോ: അമ്പലവാസികള്‍, ക്ഷേത്രകലകള്‍, ക്ഷേത്രം, ക്ഷേത്രശില്പം

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B2%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍