This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമൊറിം, എന്റിക് (1900 - 60)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അമൊറിം, എന്റിക് (1900 - 60)

Amorim,Enrique


ഉറുഗ്വേയന്‍ (സ്പാനിഷ്) നോവലിസ്റ്റും ചെറുകഥാകൃത്തും. ഇദ്ദേഹം 1900-ത്തില്‍ സാല്‍റ്റോയില്‍ ജനിച്ചു. ബൊയ്ദോ സ്ട്രീറ്റ് സ്കൂള്‍ സാഹിത്യകാരന്മാരില്‍ ഒരാളായിരുന്നു അമൊറിം. (ബൊയ്ദോ സ്ട്രീറ്റ് സ്കൂള്‍: 1920-കളില്‍ നിലനിന്നിരുന്ന ഒരു ലാറ്റിനമേരിക്കന്‍ സാഹിത്യപ്രസ്ഥാനം). ബ്യൂനസ് അയഴ്സില്‍ താഴ്ന്ന വിഭാഗക്കാര്‍ വസിച്ചിരുന്ന ഒരു പ്രദേശത്തില്‍നിന്നാണ് പ്രസ്തുത പേര് പ്രസ്ഥാനത്തിന് ലഭിച്ചിട്ടുള്ളത്. ഗ്രാമജീവിതചിത്രീകരണത്തിനു പ്രാധാന്യം നല്കി എന്നതുകൊണ്ടുമാത്രം ഒരു പ്രാദേശിക നോവലിസ്റ്റ് എന്നിദ്ദേഹത്തെ വിളിക്കാന്‍ പാടില്ലെന്നാണ് നിരൂപകമതം.

1934-ല്‍ പ്രസിദ്ധീകരിച്ച എല്‍പാസിയാനോ അഗ്വിലാറിലെ പ്രതിപാദ്യം നഗരത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം സ്വന്തം എസ്റ്റേറ്റുകളില്‍ മടങ്ങിയെത്തുന്ന ഒരു നിലമുടമയ്ക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങളാണ്. സ്ഥലവാസിയായ ഒരു എസ്റ്റേറ്റുടമ ഇറ്റാലിയന്‍ കുടിയേറ്റക്കാരില്‍ ഒരാളുടെ കുട്ടിയുടെ മരണത്തിനു കാരണമാകുന്നതും കുട്ടിയുടെ അച്ഛന്‍ അയാളെ കൊല്ലുന്നതുമാണ് എല്‍ കബല്ലോ ഇ സുസോംബ്രയിലെ കഥ. ല ദെ സെംബോ കാദുവ (1958) ആദ്യകാല കുടിയേറ്റക്കാരുടെ കഥയാണ്. വ്യവസായത്തിന്റെയും നവീന വാര്‍ത്താവിതരണമാധ്യമങ്ങളുടെയും വരവോടെ അവരുടെ ജീവിത രീതികളില്‍ ചടുലമായ പരിവര്‍ത്തനങ്ങളുണ്ടാകുന്നു. ഒഴിവാക്കാനാകാത്തതെങ്കിലും ഈ വ്യതിയാനങ്ങള്‍ എത്രമാത്രം ദുഃഖകരമാണെന്നു നോവലിസ്റ്റ് ഹൃദയസ്പര്‍ശിയായി വരച്ചുകാട്ടുന്നു. പട്ടിണിയും കുറ്റകൃത്യങ്ങളും തമ്മിലുള്ള ബന്ധത്തെ അപഗ്രഥിക്കുന്ന കോറല്‍ ആബ്രീയെറൊറ്റോ (1956), വനവാസികളെപ്പറ്റിയുള്ള ലോസ്മോണ്‍റ്റാറെയ്സസ് (1957) എന്നിവയും ഇദ്ദേഹത്തിന്റെ മുഖ്യകൃതികളുടെ പട്ടികയില്‍പ്പെടുന്നു. ഐശ്വര്യസമൃദ്ധിയാല്‍ അനുഗൃഹീതയാകുന്ന ഒരു വേശ്യയുടെ ദുരന്തകഥയായ ഇവ ബര്‍ഗോസ് (1960) ഇദ്ദേഹത്തിന്റെ മരണാനന്തരമാണു പ്രസിദ്ധീകരിച്ചത്. പല വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്താവുന്ന നോവലുകള്‍ അമൊറിം രചിച്ചിട്ടുണ്ട്. ശ്രദ്ധേയമായ കുറെ ചെറുകഥകളുടെ കര്‍ത്താവുകൂടിയാണിദ്ദേഹം. അലങ്കാരരഹിതമായ ലളിതശൈലി, ശക്തമായ കല്പനാവൈഭവം, കുറ്റമറ്റ ആഖ്യാനപാടവം എന്നിവ ഇദ്ദേഹത്തിന്റെ രചനകളുടെ പ്രത്യേകതകളാണ്. 1960-ല്‍ അമൊറിം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍