This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അമേരിക്കന്‍ രാഷ്ട്രങ്ങളുടെ സംഘടന
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അമേരിക്കന്‍ രാഷ്ട്രങ്ങളുടെ സംഘടന
(Organization of American States-OAS)
"അമേരിക്കയിലെ രാഷ്ട്രങ്ങളെ യോജിപ്പിച്ചുകൊണ്ടു രൂപീകൃമായ സംഘടന (ഒ.എ.എസ്.) ജനാധിപത്യമൂല്യങ്ങളില്‍ സഹകരണം ശക്തമാക്കാനും "പൊതുവായ താത്പര്യങ്ങള്‍ സംരക്ഷിക്കുവാനും, "മേഖലയും ലോകവും നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയുള്ള സംവാദത്തിനുമാണ് ഇത് രൂപവത്കൃതമായത്. ദാരിദ്ര്യം, ഭീകരവാദം അഴിമതി തുടങ്ങിയ പൊതുവായ പ്രശ്നങ്ങളെ നേരിടുവാനും അമേരിക്ക കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര സംഘടനയായ ഒ.എ.എസ്. സഹായകമാണ്. ആസ്ഥാനം: വാഷിങ്ടണ്‍; സെക്രട്ടറി ജനറല്‍: ജോസേ മിഗ്വല്‍ ഇന്‍സുല്‍സാ. 35 അംഗരാഷ്ട്രങ്ങളാണ് സംഘടനയില്‍ ഉള്ളത്. അംഗരാഷ്ട്രമായ ക്യൂബയെ 1962 മുതല്‍ ഒ.എ.എസ്സില്‍ നിന്നു സസ്പെന്‍ഡു ചെയ്തു.
1948ഏ. 30-ന് ഈ മേഖലയിലെ 21 രാഷ്ട്രങ്ങള്‍ കൊളംബിയായിലെ ബൊഗോട്ടായില്‍ സമ്മേളിച്ചു. പൊതുവായ ലക്ഷ്യങ്ങളോടും ഓരോ രാഷ്ട്രത്തിന്റെയും പരമാധികാരത്തോടുള്ള ബഹുമാനവും പ്രതിബദ്ധതയും പ്രഖ്യാപിക്കുന്ന ഒ.എ.എസ് ചാര്‍ട്ടര്‍ ഇവിടെവച്ച് അംഗീകരിക്കപ്പെട്ടു. അതിനുശേഷം കൂടുതല്‍ രാഷ്ട്രങ്ങളെ - പ്രധാനമായും കരീബിയന്‍ രാഷ്ട്രങ്ങളെയും, കാനഡയെയും ചേര്‍ത്തുകൊണ്ട് സംഘടനയെ വിപുലപ്പെടുത്തി.
പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഈ പ്രദേശത്തെ രാഷ്ട്രങ്ങളുടെ സഹകരണത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. അര്‍ധഗോളതലത്തിലുള്ള സഹകരണത്തെപ്പറ്റിയുള്ള ആശയം ആദ്യം മുന്നോട്ടുവച്ചത് ഐതിഹാസിക സ്വാതന്ത്ര്യസമര നേതാവ് സൈമണ്‍ ബൊളിവിയറായിരുന്നു. 1826-ലെ പനാമാ കോണ്‍ഗ്രസ്സില്‍ "അമേരിക്കന്‍ റിപ്പബ്ലിക്കുകളുടെ ഒരു ലീഗ് എന്ന നിര്‍ദേശം അദ്ദേഹം അവതരിപ്പിച്ചു. പൊതുവായ സൈന്യം, പരസ്പര പ്രതിരോധ സംഖ്യം, ഏഴു രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഒരു പാര്‍ലമെന്റ് ഇതെല്ലാം പ്രസ്തുത നിര്‍ദേശത്തിലുണ്ടായിരുന്നു. പലകാരണങ്ങളാല്‍ ഈ നിര്‍ദേശം നടപ്പിലായില്ല.
മേഖലാ തലത്തിലുള്ള ഐക്യദാര്‍ഢ്യവും സഹകരണവും തേടാനുള്ള അഭിലാഷം വീണ്ടും 1889-90 ലെ പ്രഥമ "അമേരിക്കന്‍ രാഷ്ട്രങ്ങളുടെ സാര്‍വദേശീയ സമ്മേളനത്തിന്റെ മുഖ്യ പരിഗണനയ്ക്കെത്തി. വാഷിങ്ടണ്‍ ഡി.സിയില്‍ കൂടിയ ഈ സമ്മേളനത്തില്‍ പങ്കെടുത്ത പത്തു രാഷ്ട്രങ്ങള്‍ "അമേരിക്കന്‍ റിപ്പബ്ലിക്കുകളുടെ സാര്‍വ ദേശീയ യൂണിയനും (International Union of American Republics), സ്ഥിരമായ ഒരു സെക്രട്ടറിയേറ്റിനും രൂപം നല്‍കി. അതോടെ ഇന്ന് നിലവിലുള്ള ഒ.എ.എസ്സിന്റെയും അതിന്റെ സെക്രട്ടറിയേറ്റിന്റെയും ആരംഭമായി.
1948 മേയ് മാസത്തില്‍ ഒ.എ.എസ്സിന്റെ സ്ഥാപന സമ്മേളനം നടന്നപ്പോള്‍ അതിനു നേതൃത്വം വഹിച്ചത് അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി ജോര്‍ജ് മാര്‍ഷലായിരുന്നു. അമേരിക്കന്‍ മേഖലയില്‍ കമ്യൂണിസത്തെ പ്രതിരോധിക്കുവാന്‍ അംഗരാഷ്ട്രങ്ങള്‍ പ്രതിജ്ഞ എടുത്തു. സോവിയറ്റു കമ്യൂണിസത്തിനെതിരെയുള്ള അമേരിക്കയുടെ അജണ്ട ഒ.എ.എസ്സിന്റെ അജണ്ടയായി.
ഒ.എ.എസ്. ചാര്‍ട്ടറിന്റെ ഒന്നാം അനുച്ഛേദമനുസരിച്ച് ഒ.എ.എസ്സിന് രൂപം നല്‍കുന്നതില്‍ അംഗരാഷ്ട്രങ്ങളുടെ ലക്ഷ്യങ്ങള്‍, 'സമാധാനത്തിന്റെയും നീതിയുടെയും ഒരു ക്രമം നേടിയെടുക്കുക', 'അവയുടെ ഐക്യദാര്‍ഢ്യം പ്രോത്സാഹിപ്പിക്കുക', 'അവയുടെ പരമാധികാരവും ഭൂപര അഖണ്ഡതയും സ്വാതന്ത്ര്യവും സംരക്ഷിക്കുക' എന്നിവയാണ്.
1962 ജനു.-ല്‍ ഉറുഗ്വേയിലെ പുന്‍ടാഡെല്‍ എസ്റ്റേയില്‍ നടന്ന ഒ.എ.എസ്. യോഗത്തിലാണ് ക്യൂബയെ സസ്പെന്‍ഡു ചെയ്യാനുള്ള തീരുമാനമെടുത്തത് (1959-ലായിരുന്നു ക്യൂബന്‍ വിപ്ലവം).
മാര്‍ക്സിസം ലെനിനിസത്തെ അവലംബിക്കുന്നതും, കമ്യൂണിസ്റ്റു ചേരിയിലുള്ളതുമായ ഒരു അംഗരാഷ്ട്രത്തിന്റെ നിലപാടും ഒ.എ.എസ്. ചാര്‍ട്ടറുമായി പൊരുത്തപ്പെടുത്തരുതെന്നാണ് ഈ തീരുമാനത്തിന് നല്‍കിയ നീതീകരണം.
തൊണ്ണൂറുകളില്‍ പുതിയൊരു സ്ഥിതിവിശേഷമുണ്ടായി. ശീതസമരം അവസാനിച്ചു. കമ്യൂണിസമാണ് മുഖ്യ ശത്രുവെന്ന വാദം ബലഹീനമായി. മിക്ക രാഷ്ട്രങ്ങളും ഈ മേഖലയില്‍ ജനാധിപത്യപരമായിത്തീര്‍ന്നപ്പോള്‍ ഒ.എ.എസ്. സമകാലീന പ്രസക്തിക്കു ശ്രമിച്ചു. നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ മേഖലയിലെല്ലാം നടപ്പാക്കാനുള്ള അവസരം അമേരിക്ക കണ്ടു. ഇതോടെ പുതിയ മുന്‍ഗണനകള്‍ പ്രഖ്യാപിക്കപ്പെട്ടു. ജനാധിപത്യം ശക്തിപ്പെടുത്തുക, സമാധാനത്തിനായി പ്രവര്‍ത്തിക്കുക, പരമാധികാരം സംരക്ഷിക്കുക, സ്വതന്ത്രവ്യാപാരത്തിന് അനുകൂല ക്രമീകരണങ്ങള്‍ നടത്തുക; സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുക എന്നിവയ്ക്ക് ഒ.എ.എസ്. മുന്‍ഗണന നല്‍കി.
ഇരുപത്തൊന്നാം ശ.-ത്തിന്റെ ആരംഭത്തില്‍ സ്ഥിതിഗതികള്‍ മാറി. ഭീകരത മുഖ്യ ശത്രുവായി പ്രഖ്യാപിക്കപ്പെട്ടു. അതേ സമയം അമേരിക്കയും, അന്താരാഷ്ട്ര സ്ഥാപനങ്ങളും നടപ്പാക്കുന്ന നവലിബറല്‍ നയങ്ങളെ ദക്ഷിണ അമേരിക്കയിലെ ഒട്ടനവധി രാജ്യങ്ങള്‍ തിരസ്കരിച്ചു. ഇതിന് രാഷ്ട്രീയ പ്രത്യാഘാതങ്ങളുമുണ്ടായി. ഒ.എ.എസ്സിന്റെ പ്രസക്തി വീണ്ടും ചര്‍ച്ചാ വിഷയമായി.
(നൈനാന്‍ കോശി)