This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അമേരിക്കന്‍ ഫെഡറേഷന്‍ ഒഫ് ലേബര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അമേരിക്കന്‍ ഫെഡറേഷന്‍ ഒഫ് ലേബര്‍
(American Federation of Labour)
യു.എസ്സിലെ തൊഴിലാളിസംഘടനകളുടെ ഫെഡറേഷന്‍. ഈ ഫെഡറേഷന്‍ സംഘടിതവിലപേശലില്‍ ഏര്‍പ്പെടുകയോ അങ്ങനെയുള്ള വിലപേശലിനുവേണ്ടി തയ്യാറെടുക്കുകയോ ചെയ്യാറില്ല. യൂണിയനുകളുടെ ആവശ്യത്തിനു വേണ്ട സാമ്പത്തിക വിവരങ്ങളും കണക്കുകളും ശേഖരിക്കുക, വിവരങ്ങള്‍ കൈമാറുന്ന ഒരു കേന്ദ്രമായി പ്രവര്‍ത്തിക്കുക, ദേശീയ-സാമ്പത്തികകാര്യങ്ങള്‍ വിശകലനം ചെയ്ത് തൊഴിലാളിപ്രസ്ഥാനത്തിന്റെ പേരില്‍ റിപ്പോര്‍ട്ടുകള്‍ ഭരണകൂടത്തിനും കോണ്‍ഗ്രസ്സിനും സമര്‍പ്പിക്കുക എന്നിവയാണ് ഫെഡറേഷന്റെ ലക്ഷ്യങ്ങള്‍.
'അമേരിക്കന്‍ ഫെഡറേഷന്‍ ഒഫ് ലേബര്‍', 'കോണ്‍ഗ്രസ് ഒഫ് ഇന്‍ഡസ്ട്രിയല്‍ ഓര്‍ഗനൈസേഷന്‍സ്' എന്നീ രണ്ടു സംഘടനകള്‍ സംയോജിച്ച് 1955 ഡി. 5-ന് ന്യൂയോര്‍ക്കില്‍ 'അമേരിക്കന്‍ ഫെഡറേഷന്‍ ഒഫ് ലേബര്‍-കോണ്‍ഗ്രസ് ഒഫ് ഇന്‍ഡസ്ട്രിയല്‍ ഓര്‍ഗനൈസേഷന്‍സ്' രൂപംകൊണ്ടു. ഈ സംഘടനയുടെ അംഗസംഖ്യ 2 കോടിയോളം വരും. യു.എസ്സിലെ സംഘടിതതൊഴിലാളികളില്‍ 90ശതമാനത്തോളം ഈ ഫെഡറേഷനുമായി ബന്ധപ്പെട്ടവരാണ്.
1886-ല്‍ 'അമേരിക്കന്‍ ഫെഡറേഷന്‍ ഒഫ് ലേബര്‍' (എ.എഫ്.എല്‍.) പ്രവര്‍ത്തനം ആരംഭിച്ചു. ക്രാഫ്റ്റ് യൂണിയനിലെ തൊഴിലാളികള്‍ക്കുവേണ്ടി രൂപംകൊണ്ട ഒരു സംഘടനയാണ് ഫെഡറേഷന്‍. 1936-നും 38-നും ഇടയ്ക്ക് 'കോണ്‍ഗ്രസ് ഒഫ് ഇന്‍ഡസ്ട്രിയല്‍ ഓര്‍ഗനൈസേഷന്‍സ്' (സി.ഐ.ഒ.) ഫെഡറേഷനില്‍നിന്നും പിന്മാറി. ഒരു വ്യവസായത്തിലെ എല്ലാ തൊഴിലാളികളും ഒരു സംഘടനയില്‍ അംഗമായിരിക്കണം എന്ന അടിസ്ഥാനത്തിലാണ് സി.ഐ.ഒ. പ്രവര്‍ത്തിച്ചിരുന്നത്.
ഉദ്ഭവം. തൊഴിലാളിസംഘടനകളുടെ ഒരു ഫെഡറേഷന്‍ സ്ഥാപിക്കണമെന്ന ലക്ഷ്യത്തോടെ 1881 ആഗ.-ല്‍ ഏതാനും പൊതുപ്രവര്‍ത്തകര്‍ ഒരു യോഗം ചേര്‍ന്നു. കുറച്ച് ആളുകള്‍ മാത്രമേ ഈ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നുള്ളു. ഇങ്ങനെ ഒരു ഫെഡറേഷന്‍ ആവശ്യമില്ലെന്ന അഭിപ്രായവുമുണ്ടായി. 1881 ന.-ല്‍ പിറ്റ്സ്ബര്‍ഗില്‍ നടന്ന സമ്മേളനത്തില്‍ 108 പ്രതിനിധികള്‍ പങ്കെടുത്തു. 50 അംഗങ്ങള്‍ 'നൈറ്റ്സ് ഒഫ് ലേബര്‍' (Knights of Labour) ആയിരുന്നു. ബാക്കി തൊഴിലാളിസംഘടനാപ്രതിനിധികളും. ഇവര്‍ ഒരു ഭരണഘടന എഴുതിയുണ്ടാക്കി. ഉയര്‍ന്ന തോതിലുള്ള വേതനനിരക്ക്, മെച്ചപ്പെട്ട തൊഴില്‍സൌകര്യങ്ങള്‍, തൊഴിലാളിയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തല്‍ എന്നിവ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കണമെന്ന തീരുമാനമുണ്ടായി. ഈ യോഗത്തിലാണ് ഫെഡറേഷന്‍ ഒഫ് ഓര്‍ഗനൈസ്ഡ് ട്രേഡ്സ് ആന്‍ഡ് ലേബര്‍ യൂണിയന്‍സ് ഒഫ് ദി യുണൈറ്റഡ് സ്റ്റേറ്റ്സ് ആന്‍ഡ് കാനഡ രൂപം കൊണ്ടത്. 1886 ഡി.-ല്‍ കൊളംബസ്സില്‍ നടന്ന സമ്മേളനത്തില്‍ എ.എഫ്.എല്‍. രൂപവത്കൃതമായി. ഇതിനു പല തൊഴിലാളിസംഘടനകളുടെയും പിന്തുണ ഉണ്ടായിരുന്നു. ശമ്പളവ്യവസ്ഥയില്‍ ഒരു പ്രസിഡന്റിനെ നിയമിക്കുകയും ചെയ്തു. സാമുവല്‍ ഗോംപേഴ്സ് ആയിരുന്നു ഫെഡറേഷന്റെ ആദ്യത്തെ പ്രസിഡന്റ്. 1890-ല്‍ എ.എഫ്.എല്‍. തൊഴിലാളിപ്രസ്ഥാനത്തിന്റെ വക്താവായി. പൊതുസ്വഭാവമുള്ള തൊഴിലാളിയൂണിയനുകളെ സംയോജിപ്പിച്ച് അംഗസംഖ്യ ശക്തിപ്പെടുത്തുന്നതിനു വേണ്ട ഒത്താശകള്‍ ഫെഡറേഷന്‍ നല്കിയിരുന്നു.
കോണ്‍ഗ്രസ് ഒഫ് ഇന്‍ഡസ്ട്രിയല്‍ ഓര്‍ഗനൈസേഷന്‍സ് (സി.ഐ.ഒ.). വന്‍കിട ഉത്പാദനം നടത്തുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് കേന്ദ്രസംഘടനയുണ്ടായിരുന്നില്ല. സംഘടനകളുണ്ടാക്കുന്നതിനുള്ള ശ്രമം ക്രാഫ്റ്റ് യൂണിയനുകളുടെ അധികാരപരിധിയിന്മേലുള്ള ഒരു കൈകടത്തലാണെന്നു വ്യാഖ്യാനിക്കപ്പെട്ടു. അതിന്റെ ഫലമായി 1935-ല്‍ 'കമ്മിറ്റി ഫോര്‍ ഇന്‍ഡസ്ട്രിയല്‍ ഓര്‍ഗനൈസേഷന്‍സ്' രൂപവത്കൃതമായി. 1838-ല്‍ ഈ സംഘടന സി.ഐ.ഒ. ആയി. സംഘടനാപ്രവര്‍ത്തനങ്ങളില്‍ സി.ഐ.ഒ. വളരെ വിജയിച്ചു. സി.ഐ.ഒ. യുടെ വിജയം 'അമേരിക്കന്‍ ഫെഡറേഷന്‍ ഒഫ് ലേബറി'ന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുവാന്‍ പ്രേരകമായി.
സംയോജനശ്രമങ്ങള്‍. ഈ രണ്ടു സംഘടനകളും യോജിച്ചു പ്രവര്‍ത്തിക്കുന്നതു നന്നായിരിക്കുമെന്ന് 1950 ഡി.-ല്‍ രൂപംകൊണ്ട 'യുണൈറ്റഡ് ലേബര്‍ പോളിസി കമ്മിറ്റി' വാദിച്ചു. ഈ സംഘടനകളിലെ പ്രതിനിധികളും 'ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഒഫ് മഷിനിസ്റ്റിസ്', 'റയില്‍വേ ലേബര്‍ എക്സിക്യൂട്ടീവ് ബോര്‍ഡ്' എന്നീ സംഘടനകളുടെ പ്രതിനിധികളും അടങ്ങിയതാണ് പോളിസി കമ്മിറ്റി. കൊറിയന്‍ യുദ്ധത്തിന്റെ ആദ്യകാലങ്ങളിലാണ് ഈ കമ്മിറ്റി പ്രവര്‍ത്തിച്ചത്.
എ.എഫ്.എല്‍., സി.ഐ.ഒ. എന്നീ സംഘടനകള്‍ 1953 ഡി. 16-ലെ ചില കരാറുകള്‍ക്കും 1955 ഫെ.-ലെ തീര്‍പ്പുവ്യവസ്ഥകള്‍ക്കും വിധേയമായി 1955 ഡി.-ല്‍ നടന്ന കണ്‍വെന്‍ഷനില്‍ സംയോജിപ്പിക്കപ്പെട്ടു.
ഭരണം. രണ്ടു വര്‍ഷത്തിലൊരിക്കല്‍ സമ്മേളിക്കാറുള്ള ഒരു കണ്‍വെന്‍ഷനിലാണ് ഫെഡറേഷന്റെ ഭരണം നിക്ഷിപ്തമായിരുന്നത്. കണ്‍വെന്‍ഷന്‍ ചില പ്രത്യേക സമ്മേളനങ്ങളും നടത്താറുണ്ട്. എക്സിക്യൂട്ടീവ് കൌണ്‍സില്‍ ആണ് ഭരണച്ചുമതല നിര്‍വഹിക്കുന്ന മറ്റൊരു ഘടകം. കൗണ്‍സില്‍ വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം സമ്മേളിക്കുന്നു.
രാഷ്ട്രീയകക്ഷികളുമായി ബന്ധമില്ലാത്ത ഒരു സംഘടനയാണ് ഫെഡറേഷന്‍. യുക്തമെന്നു തോന്നുന്ന പ്രശ്നങ്ങള്‍ക്ക് ഫെഡറേഷന്‍ പിന്‍തുണ നല്കുന്നു. തൊഴിലാളിവര്‍ഗത്തിന്റെ താത്പര്യം മാത്രമല്ല, സമൂഹത്തിന്റെ താത്പര്യങ്ങളും രക്ഷിക്കുന്നതിന് ആവശ്യമായ നിയമനിര്‍മാണം ചെയ്യുന്നതിനു ഗവണ്‍മെന്റിനെ പ്രേരിപ്പിക്കുന്നതിനും ഫെഡറേഷന്‍ ശ്രമിക്കുന്നുണ്ട്.