This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമേരിക്കന്‍ ആഭ്യന്തരയുദ്ധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

അമേരിക്കന്‍ ആഭ്യന്തരയുദ്ധം

American Civil War

യു.എസ്സിലെ ഘടക സ്റ്റേറ്റുകള്‍ (States) രണ്ടു ചേരിയായി തിരിഞ്ഞ് 1861 ഏ. 12 മുതല്‍ 1865 ഏ. 9 വരെ നടത്തിയ യുദ്ധം. 1790-ല്‍ യു.എസ്സിലെ അംഗസ്റ്റേറ്റുകളുടെ സംഖ്യ 17 ആയിരുന്നു; 1861 ആയപ്പോഴേക്കും ഇത് 40 ആയി വര്‍ധിച്ചു. സൗത്ത്-കരോലിന, മിസിസിപ്പി, ഫ്ളോറിഡ, അലബാമ, ജോര്‍ജിയ, ലൂയിസിയാന, ടെക്സാസ്, വെര്‍ജീനിയ, ടെനീസി, അര്‍കന്‍സാ, നോര്‍ത്ത് കരോലിന എന്നീ 11 ദക്ഷിണസ്റ്റേറ്റുകള്‍ ഒരു വശത്തും മറ്റുള്ളവ എതിര്‍വശത്തുമായിട്ടാണ് യുദ്ധം നടത്തിയത്.

കാരണങ്ങള്‍

അടിമത്തപ്രശ്നം

അടിമത്തസമ്പ്രദായം നിലനിര്‍ത്തണമോ വേണ്ടയോ എന്നുള്ള പ്രശ്നമായിരുന്നു സംഘര്‍ഷത്തിന്റെ അടിസ്ഥാനകാരണം. അടിമത്തം സാര്‍വത്രികമായി അംഗീകരിക്കണമെന്ന് ദക്ഷിണ സ്റ്റേറ്റുകള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഉത്തരസ്റ്റേറ്റുകള്‍ അതിനെ എതിര്‍ത്തു. അമേരിക്കന്‍ സ്വാതന്ത്ര്യസമര (1776-83) കാലത്ത് മാസാച്ചുസെറ്റ്സ് ഒഴിച്ച് എല്ലാ അമേരിക്കന്‍ കോളനികളിലും അടിമത്തം നിലനിന്നിരുന്നു. കാലക്രമത്തില്‍ പെന്‍സില്‍വേനിയയുടെ ചില പ്രദേശങ്ങളില്‍ അടിമത്തം നിര്‍ത്തല്‍ ചെയ്തു. അല്ലിഗനി പര്‍വതനിരയുടെ പടിഞ്ഞാറും ഒഹായോ നദിയുടെ വടക്കും ഭാഗങ്ങളിലുള്ള പ്രദേശത്ത് 1787-ല്‍ നിയമംമൂലം അടിമത്തം നിരോധിച്ചു. തെക്കുഭാഗത്താകട്ടെ അടിമത്തനിരോധന നിയമം ഉണ്ടായിരുന്നില്ലെങ്കിലും വ്യക്തികള്‍ സ്വമേധയാ അവരുടെ അടിമകള്‍ക്ക് സ്വാതന്ത്ര്യം നല്കിയിരുന്നു. കാലക്രമേണ ഓരോ സ്റ്റേറ്റായി അടിമക്കച്ചവടം നിര്‍ത്തലാക്കി. 1808-ല്‍ ഫെഡറല്‍ ഗവണ്‍മെന്റു തന്നെ അടിമക്കച്ചവടം അവസാനിപ്പിച്ചുകൊണ്ടുള്ള നിയമമുണ്ടാക്കി. ഉത്തരസ്റ്റേറ്റുകളില്‍ വ്യവസായത്തിനും ദക്ഷിണസ്റ്റേറ്റുകളില്‍ കൃഷിക്കും ആയിരുന്നു പ്രാധാന്യം. ദക്ഷിണസ്റ്റേറ്റുകളിലെ തോട്ടമുടമകള്‍ക്കാണ് അടിമകളുടെ സേവനം അനിവാര്യമായിരുന്നത്. അവര്‍ തങ്ങളുടെ അടിമകളോട് ദാക്ഷിണ്യത്തോടെ പെരുമാറിയിരുന്നു. അവരില്‍ പലരും അടിമകള്‍ക്ക് സ്വാതന്ത്ര്യം നല്കാനും സ്വന്തം നാടായ ആഫ്രിക്കയിലേക്കു മടങ്ങിപ്പോകണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് അതിനു സൗകര്യം ചെയ്തുകൊടുക്കാനും സന്നദ്ധരായിരുന്നു.

പഞ്ഞി കടയുന്നതിനുള്ള ഒരു യന്ത്രം 1793-ല്‍ കണ്ടുപിടിക്കപ്പെട്ടു. അതു പ്രചാരത്തിലായതോടുകൂടി ദക്ഷിണസ്റ്റേറ്റുകളിലെ പഞ്ഞിത്തോട്ടമുടമകള്‍ വലിയ തോതില്‍ പഞ്ഞി കൃഷി ചെയ്യുന്നത് ലാഭകരമാണെന്നു കണ്ട് അപ്രകാരമുള്ള ഉദ്യമത്തില്‍ ഏര്‍പ്പെടാന്‍ തുടങ്ങി. അതിനാല്‍ പഞ്ഞിത്തോട്ടത്തില്‍ പണിയെടുക്കുന്നതിന് അടിമകളായ ധാരാളം നീഗ്രോകളെ ആവശ്യമായിവന്നു. അങ്ങനെ ദക്ഷിണസ്റ്റേറ്റുകളിലെ തോട്ടമുടമകള്‍ക്ക് അടിമത്തസമ്പ്രദായം നിലനിര്‍ത്തുന്നതില്‍ നിക്ഷിപ്തതാത്പര്യമുണ്ടായി. അടിമത്തം ദക്ഷിണ സ്റ്റേറ്റുകളില്‍ മാത്രം ഒതുങ്ങിനിന്നിരുന്നെങ്കില്‍ സമരം പൊട്ടിപ്പുറപ്പെടാന്‍ ഇടയാകുമായിരുന്നില്ല. മിസിസിപ്പി നദിയുടെ പ.ഭാഗത്തുള്ള പ്രദേശത്തുനിന്ന് യു.എസ്സില്‍ ചേര്‍ന്ന പുതിയ ഘടകസ്റ്റേറ്റുകളില്‍ അടിമത്തം അംഗീകരിക്കുന്നതിനെ സംബന്ധിച്ച് ഉത്തരദക്ഷിണ സ്റ്റേറ്റുകള്‍ തമ്മിലുണ്ടായ രൂക്ഷമായ താത്പര്യസംഘട്ടനമാണ് ആഭ്യന്തരയുദ്ധത്തിന് കളമൊരുക്കിയത്. 1787-ലെ നിയമം ഒളിച്ചോടിപ്പോകുന്ന അടിമകളെ പിടിച്ചേല്പിക്കാനുള്ള വ്യവസ്ഥയും ഉള്‍ക്കൊണ്ടിരുന്നു. 1820-ല്‍ ഉണ്ടായ 'മിസ്സൗറി ഒത്തുതീര്‍പ്പ്' (Missouri Compromise) അടിമത്തപക്ഷക്കാരായ ദക്ഷിണ സ്റ്റേറ്റുകളുടെ ഒരു വിജയമായിരുന്നു. 1803-ല്‍ ഫ്രഞ്ചു ചക്രവര്‍ത്തിയായ നെപ്പോളിയനില്‍നിന്ന് ഒന്നരക്കോടി ഡോളര്‍ കൊടുത്ത് യു.എസ്. വാങ്ങിയ ലൂയീസിയാന പ്രദേശത്തിന്റെ ഒരു ഭാഗമായിരുന്ന മിസ്സൌറിയെ ഫെഡറല്‍ ഗവണ്‍മെന്റിന്റെ ഒരു സ്റ്റേറ്റായി അംഗീകരിക്കുന്ന പ്രശ്നം പരിഗണനയ്ക്കു വന്നപ്പോള്‍ അവിടെ അടിമത്ത സമ്പ്രദായത്തിന് നിയമസാധുത്വം നല്കുന്ന പ്രശ്നവും ഉന്നയിക്കപ്പെട്ടു. ഒടുവില്‍ അടിമത്തം നിയമപരമായി അംഗീകരിച്ചിട്ടുള്ള സ്റ്റേറ്റ് എന്ന അടിസ്ഥാനത്തില്‍ മിസ്സൌറിയെ യു.എസ്സില്‍ ചേര്‍ക്കുന്നതിനും ലൂയീസിയാനയില്‍ മിസ്സൌറിയൊഴിച്ചുള്ള പ്രദേശങ്ങളില്‍ അടിമത്തം നിയമപരമായി നിരോധിച്ചുകൊണ്ടുമാണ് തീരുമാനമെടുത്തത്. അങ്ങനെ മിസ്സൌറിയെ ഒരു പുതിയ 'അടിമസ്റ്റേറ്റാ'യി തങ്ങളുടെ കൂട്ടത്തില്‍ കിട്ടി എന്ന നേട്ടം ദക്ഷിണ സ്റ്റേറ്റുകള്‍ക്കുണ്ടായി. അടിമകളുടെ ഉടമകളായ പല ജന്മിമാരും അടിമത്തത്തെ ആസ്പദമാക്കി നിലവിലിരുന്ന അഴിമതികളെ പരസ്യമായിത്തന്നെ അപലപിച്ചിരുന്നുവെങ്കിലും അടിമകളെ സ്വകാര്യസ്വത്തായി അനുഭവിക്കാനുള്ള നിയമപരമായ അവകാശം നിഷേധിക്കാവുന്നതല്ലെന്നു ശഠിച്ചു. വെള്ളക്കാരും കറുത്ത വര്‍ഗക്കാരായ നീഗ്രോകളും തമ്മില്‍ യജമാനനും അടിമയും എന്ന രീതിയിലല്ലാതെ മറ്റൊരു തരത്തിലുള്ള ബന്ധവും വിഭാവനം ചെയ്യാന്‍ പാടില്ലെന്നും അവര്‍ വാദിച്ചു. നീഗ്രോവര്‍ഗക്കാരനായ അടിമയുടെ ഗുണത്തിനു വേണ്ടിത്തന്നെയാണ് അവന്‍ അടിമയായിരിക്കേണ്ടതെന്നും കൂടി അവര്‍ വാദിച്ചിരുന്നു. അടിമ, അടിമയല്ലാതായാല്‍ അവന്‍ മടിയനും തെണ്ടിയും തെമ്മാടിയും ദരിദ്രനുമായിത്തീര്‍ന്നു സ്വയം നശിച്ചുപോകുമെന്നായിരുന്നു അടിമത്തം നിലനിര്‍ത്താനുള്ളവരുടെ വാദം. ഈ അധാര്‍മികമായ വാദത്തെ ഉത്തര സ്റ്റേറ്റുകളുടെ നേതാവായ എബ്രഹാം ലിങ്കണ്‍ (1809-1865) എതിര്‍ത്തു. 'അടിമത്തം അധാര്‍മികമല്ലെങ്കില്‍ പിന്നെ യാതൊന്നും തന്നെ അധാര്‍മികമാകയില്ല' എന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. എന്നിരുന്നാലും നിയമപ്രകാരം അംഗീകരിച്ചിട്ടുള്ള അടിമത്തം റദ്ദു ചെയ്യുന്നത് ഭരണഘടനാലംഘനമായി തീരുമെന്നുള്ളതിനാല്‍ ദക്ഷിണ സ്റ്റേറ്റുകളില്‍ നിലവിലുള്ള അടിമത്തം തുടര്‍ന്നുപോകുന്നതില്‍ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ അഭിപ്രായഗതിക്കാരായ മിതവാദികള്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല. പുതിയ സ്റ്റേറ്റുകളിലേക്കും അടിമത്തം നിലവിലില്ലാതിരുന്ന സ്റ്റേറ്റുകളിലേക്കും അതു വ്യാപിപ്പിക്കരുതെന്നു മാത്രമേ അവര്‍ക്കു നിര്‍ബന്ധമുണ്ടായിരുന്നുള്ളു. എന്നാല്‍ അടിമത്തം നിശ്ശേഷം ഉന്‍മൂലനം ചെയ്യണമെന്നു ശഠിച്ചിരുന്ന ഒരു കൂട്ടം തീവ്രവാദികളും ഉത്തര സ്റ്റേറ്റുകളിലുണ്ടായിരുന്നു. 'അബോളിഷനിസ്റ്റുകള്‍' എന്നറിയപ്പെട്ടിരുന്ന ഇവര്‍ വില്യം ലോയിഡ് ഗാരിസന്റെ നേതൃത്വത്തില്‍ പ്രക്ഷോഭണം തുടങ്ങി. അടിമകളുടെ ഉടമകള്‍ക്കു നഷ്ടപരിഹാരം നല്കാതെ അടിമത്തം അവസാനിപ്പിക്കാനായിരുന്നു ഇവരുടെ സംരംഭം. ഇത് ദക്ഷിണ സ്റ്റേറ്റുകളിലെ യജമാനന്മാരുടെ ഇടയില്‍ രൂക്ഷമായ എതിര്‍പ്പുളവാക്കി; അമേരിക്കന്‍ യൂണിയനില്‍നിന്നു വിട്ടുപോകാന്‍ ദക്ഷിണ സ്റ്റേറ്റുകള്‍ക്ക് ഇത് പ്രേരണ നല്കുകയും ചെയ്തു.

താത്പര്യസംഘട്ടനം

ഉത്തരദക്ഷിണ സ്റ്റേറ്റുകള്‍ തമ്മിലുള്ള ഭിന്നത വര്‍ധിക്കാനുള്ള മറ്റൊരു പ്രധാന കാരണം ഉത്തര സ്റ്റേറ്റുകള്‍ തങ്ങളുടെമേല്‍ മേധാവിത്വം സ്ഥാപിക്കാന്‍ ഉദ്യമിക്കുന്നുവെന്നുള്ള ദക്ഷിണസ്റ്റേറ്റുകളുടെ ധാരണയായിരുന്നു. ജനസംഖ്യയിലും വിഭവശേഷിയിലും ഇരുകൂട്ടരും തമ്മില്‍ അസമത്വമുണ്ടായിരുന്നു. 1820-ല്‍ ഉത്തര സ്റ്റേറ്റുകളുടെ ജനസംഖ്യ ദക്ഷിണ സ്റ്റേറ്റുകളുടേതിനെക്കാള്‍ അധികമായിരുന്നു. അതിനാല്‍ ഫെഡറല്‍ നിയമസഭയുടെ അധോമണ്ഡലമായ ജനപ്രതിനിധിസഭയില്‍ ജനസംഖ്യാനുപാതികമായി ഉത്തര സ്റ്റേറ്റുകള്‍ക്കു കൂടുതല്‍ പ്രാതിനിധ്യം കിട്ടിയപ്പോള്‍ ദക്ഷിണ സ്റ്റേറ്റുകള്‍ക്ക് കുറച്ചു സീറ്റുകളേ കിട്ടിയിരുന്നുള്ളു. ഇതുനിമിത്തം യു.എസ്. പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന 'ഇലക്ടറല്‍ കോളജി'ല്‍ ഉത്തര സ്റ്റേറ്റുകള്‍ക്ക് എപ്പോഴും ഭൂരിപക്ഷം കിട്ടുമെന്നുള്ളതുകൊണ്ട്, ദക്ഷിണ സ്റ്റേറ്റുകള്‍ക്ക് അവരുടേതായ ഒരു പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുവാന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കാന്‍ വഴിയില്ലായിരുന്നു. ഫെഡറല്‍ ഭരണഘടനയിലെ വ്യവസ്ഥപ്രകാരം ഒരടിമ 3/5 ഭാഗം വെള്ളക്കാരനു തുല്യമായിരുന്നു. അതിനാല്‍ ദക്ഷിണ സ്റ്റേറ്റുകള്‍ക്ക് കോണ്‍ഗ്രസ്സില്‍ 20 സീറ്റ് കിട്ടിയിരുന്നു. ഇത് ഉത്തര സ്റ്റേറ്റുകളിലെ ജനങ്ങളെയും അതൃപ്തരാക്കി. കാലം ചെല്ലുംതോറും ഉത്തര ദക്ഷിണ സ്റ്റേറ്റുകള്‍ തമ്മിലുള്ള വിരോധം വര്‍ധിച്ചുവന്നു. ദക്ഷിണ സ്റ്റേറ്റുകാര്‍ പൊതുവേ കൃഷിക്കാരായിരുന്നതിനാല്‍ അവര്‍ ഉത്പാദിപ്പിച്ചിരുന്ന അസംസ്കൃതസാധനങ്ങള്‍ അന്യരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതില്‍ തത്പരരായിരുന്നു. തന്നിമിത്തം അവര്‍ കയറ്റുമതി നികുതിക്കു മാത്രമല്ല, അന്യരാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വ്യാവസായികോത്പന്നങ്ങളില്‍ ഇറക്കുമതി നികുതി ഈടാക്കുന്നതിനും എതിരായിരുന്നു. ഉത്തര സ്റ്റേറ്റുകള്‍ വ്യാവസായിക സ്റ്റേറ്റുകളായിരുന്നതിനാല്‍ അവരുടെ ഉത്പന്നങ്ങള്‍ക്ക് വിദേശച്ചരക്കുകളുടെ മത്സരം കൊണ്ട് വില കുറഞ്ഞുപോകാതിരിക്കാന്‍വേണ്ടി ഇറക്കുമതി നികുതി ചുമത്തുന്നതില്‍ തത്പരരായിരുന്നു. രാജ്യത്തിന്റെ സാമ്പത്തികാഭിവൃദ്ധിക്ക് കേന്ദ്രത്തില്‍ ശക്തിയുള്ള ഒരു ഭരണകൂടം വേണമെന്ന പക്ഷക്കാരായിരുന്നു ഉത്തര സ്റ്റേറ്റുകാര്‍. അതിനാല്‍ അവര്‍ യൂണിയനില്‍നിന്നു വിട്ടുപോകുന്നതിനോട് എതിരായിരുന്നു. ദക്ഷിണ സ്റ്റേറ്റുകള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ അധികാരം ഏറ്റവും പരിമിതമായിരിക്കണമെന്നുള്ള പക്ഷക്കാരായിരുന്നു. ഓരോ ഘടകസ്റ്റേറ്റും സ്വമനസ്സാലെ ഫെഡറല്‍ യൂണിയനില്‍ ചേര്‍ന്നിട്ടുള്ളതാകയാല്‍ യൂണിയനില്‍നിന്നു വിട്ടുപോകാന്‍ ഘടകസ്റ്റേറ്റുകള്‍ക്ക് പരിപൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു ദക്ഷിണ സ്റ്റേറ്റുകാരുടെ വാദം. തങ്ങളുടെ താത്പര്യത്തിനെതിരായി യൂണിയന്‍ ഗവണ്‍മെന്റുണ്ടാക്കുന്ന നിയമങ്ങള്‍ നിരാകരിക്കാന്‍ ഘടകസ്റ്റേറ്റുകള്‍ക്കു നിയമാനുസൃതമായ അവകാശമുണ്ടെന്ന് അവര്‍ ശഠിച്ചു.

യു.എസ്. മെക്സിക്കോയില്‍നിന്നു പിടിച്ചെടുത്ത പ്രദേശങ്ങള്‍ 'അടിമരാജ്യങ്ങള്‍' ആയിരിക്കണമോ 'സ്വതന്ത്രരാജ്യങ്ങള്‍' ആയിരിക്കണമോ എന്നുള്ള തര്‍ക്കമുണ്ടായി. മെക്സിക്കോയുടെ കൈവശമായിരുന്നപ്പോള്‍ അടിമത്തമില്ലാതിരുന്ന ടെക്സാസ് യു.എസ്സിന്റെ കൈവശമായപ്പോള്‍, ദക്ഷിണ സ്റ്റേറ്റുകാരുടെ ആഗ്രഹപ്രകാരം 'അടിമരാജ്യം' ആയിത്തീര്‍ന്നതില്‍ ഉത്തര സ്റ്റേറ്റുകാര്‍ക്ക് വലിയ അമര്‍ഷമുണ്ടായി. മെക്സിക്കോയില്‍നിന്നു പിടിച്ചെടുത്ത മറ്റൊരു പ്രദേശമായ കാലിഫോര്‍ണിയയിലെ ജനത സ്വയം നിര്‍ണയാവകാശം ഉപയോഗപ്പെടുത്തിയുണ്ടാക്കിയ ഭരണഘടനയില്‍ അടിമത്തം നിരോധിക്കുകയും ഈ ഭരണഘടനയെ അംഗീകരിച്ചുകൊണ്ടു കാലിഫോര്‍ണിയയെ ഫെഡറല്‍ യൂണിയന്റെ ഘടകസ്റ്റേറ്റായി സ്വീകരിക്കുകയും ചെയ്തതില്‍ ദക്ഷിണ സ്റ്റേറ്റുകാരും പ്രക്ഷുബ്ധരായി. ഉത്തരദക്ഷിണ സ്റ്റേറ്റുകള്‍ തമ്മില്‍ സംഘട്ടനം അനിവാര്യമാണെന്നുളള ഘട്ടത്തിലെത്തി. എന്നാല്‍ രാജ്യതന്ത്രജ്ഞരായ ഹെന്റി ക്ലേ (1777-1852), ഡാനിയല്‍ വെബ്സ്റ്റര്‍ (1782-1852) തുടങ്ങിയ മധ്യസ്ഥന്മാരുടെ പരിശ്രമംമൂലം 1850-ല്‍ ഒരു ഒത്തുതീര്‍പ്പുണ്ടാക്കിയതിന്റെ ഫലമായി തത്ക്കാലം സമരം ഒഴിവാക്കപ്പെട്ടു. കാലിഫോര്‍ണിയയെ അടിമത്തമംഗീകരിക്കാത്ത സ്റ്റേറ്റായിത്തന്നെ ഫെഡറല്‍ യൂണിയനില്‍ ചേര്‍ക്കുക, മെക്സിക്കോയില്‍നിന്നു പിടിച്ചെടുത്ത മറ്റു പ്രദേശങ്ങളില്‍ അടിമത്തത്തെക്കുറിച്ചു പ്രത്യേക വ്യവസ്ഥ ചെയ്യാതെ ഗവണ്‍മെന്റുകള്‍ സ്ഥാപിക്കുക, 'അടിമത്ത' സ്റ്റേറ്റുകളില്‍നിന്ന് ഒളിച്ചോടിപ്പോയി അടിമത്തരഹിത സ്റ്റേറ്റുകളില്‍ അഭയം പ്രാപിക്കുന്ന അടിമകളുടെമേലുള്ള ശിക്ഷാനടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്ന അടിമത്തനിയമം യൂണിയന്‍ കോണ്‍ഗ്രസ് പാസാക്കുക എന്നിവയായിരുന്നു ഒത്തുതീര്‍പ്പിലെ വ്യവസ്ഥകളില്‍ ചിലത്. ഈ 'ഒത്തുതീര്‍പ്പ്' ദക്ഷിണ സ്റ്റേറ്റുകള്‍ക്ക് ഒരു വിജയമായിരുന്നു. എന്തെന്നാല്‍ അഭയാര്‍ഥി അടിമനിയമം (Fugitive Slave Law) ദക്ഷിണ സ്റ്റേറ്റുകാരുടെ അഭിലാഷപ്രകാരം ഉത്തര സ്റ്റേറ്റുകാരുടെ മേല്‍ അടിച്ചേല്പിക്കുകയാണുണ്ടായത്.

1854-ല്‍ കന്‍സാസ്-നെബ്രാസ്ക നിയമം കോണ്‍ഗ്രസ് പാസാക്കിയതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. ഈ നിയമം 1820-ലെ മിസ്സൌറി ഒത്തുതീര്‍പ്പു റദ്ദുചെയ്യുകയും നെബ്രാസ്ക പ്രദേശത്തെ കന്‍സാസ്, നെബ്രാസ്ക എന്നു രണ്ടു സ്റ്റേറ്റുകളായി വേര്‍തിരിക്കുകയും ഓരോ സ്റ്റേറ്റിലും അടിമത്തം അംഗീകരിക്കണമോ വേണ്ടയോ എന്ന് അവിടത്തെ (അടിമകളല്ലാത്ത) ജനങ്ങള്‍ തീരുമാനിക്കാന്‍ വിട്ടുകൊടുക്കണമെന്നു വ്യവസ്ഥ ചെയ്യുകയും ചെയ്തു. ഈ നിയമം അടിമത്തവിരോധികളായ ഉത്തര സ്റ്റേറ്റുകള്‍ക്ക് ഒരു കനത്ത പ്രഹരമായിരുന്നു. ഈ പരിതഃസ്ഥിതിയില്‍ അടിമത്തത്തിനെതിരായി ഉത്തര സ്റ്റേറ്റുകളില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി എന്നു പേരായി ഒരു കക്ഷി ഉടലെടുത്തു. കന്‍സാസില്‍ അടിമത്തവാദികളും അടിമത്തവിരോധികളും തമ്മില്‍ 1856-ല്‍ സംഘട്ടനമുണ്ടായി. യൂണിയന്‍ ഗവണ്‍മെന്റിന്റെ സൈന്യം ഇടപെട്ടതുനിമിത്തം പരസ്യമായ ഏറ്റുമുട്ടലിനു വിരാമമുണ്ടായെങ്കിലും ഇരുകൂട്ടരും തമ്മില്‍ ഒളിപ്പോര്‍ തുടര്‍ന്നുകൊണ്ടിരുന്നു.

ഡ്രെഡ്സ്കോട്ട് കേസ്

1857-ലെ ഡ്രെഡ് സ്കോട്ട് വിധിന്യായമായിരുന്നു ഇരുകക്ഷികളും തമ്മിലുള്ള ശീതസമരത്തില്‍ അടിമത്തവാദികളുടെ അവസാനവിജയം. മിസ്സൌറിയില്‍ താമസിച്ചിരുന്ന ഒരു അടിമയായിരുന്നു ഡ്രെഡ് സ്കോട്ട്. അയാളുടെ യജമാനന്‍ അയാളെ ഒരു സ്വതന്ത്രസ്റ്റേറ്റായ ഇലിനോയിയിലേക്കും അവിടെനിന്ന് അടിമത്ത നിരോധിതപ്രദേശമായ നോര്‍ത്ത് ലൂയീസിയാനയിലേക്കും കൊണ്ടുപോയി. സ്വതന്ത്രസ്റ്റേറ്റില്‍ വന്ന സ്കോട്ട് സ്വാതന്ത്ര്യം സ്ഥാപിച്ചുകിട്ടാന്‍ വേണ്ടി വ്യവഹാരത്തിനു പോവുകയും കേസ് സുപ്രീംകോടതിയില്‍ എത്തുകയും ചെയ്തു. സുപ്രീംകോടതിവിധി സ്കോട്ടിനു പ്രതികൂലമായിരുന്നുവെന്നുമാത്രമല്ല, അടിമത്തവിരോധികള്‍ക്ക് അതികഠിനമായ ആഘാതവുമായിരുന്നു. അടിമയായ നീഗ്രോയ്ക്കും അയാളുടെ സന്തതിപരമ്പരകള്‍ക്കും യു.എസ്സിലെ പൗരത്വത്തിനവകാശമില്ലെന്നും യൂണിയന്‍ നിയമസഭയ്ക്കു ഘടകസ്റ്റേറ്റുകളില്‍ അടിമത്തം നിരോധിക്കാന്‍ അധികാരമില്ലെന്നും അതിനാല്‍ മിസ്സൗറി ഒത്തുതീര്‍പ്പുപ്രകാരമുള്ള കേന്ദ്രനിയമം ഭരണഘടനാ വിരുദ്ധമാണെന്നുമായിരുന്നു വിധിന്യായം. ഈ വിധിന്യായത്തില്‍ അടിമത്തവാദികളായ ദക്ഷിണ സ്റ്റേറ്റുകള്‍ ആഹ്ലാദിച്ചപ്പോള്‍ ഉത്തര സ്റ്റേറ്റുകളില്‍ സംഭ്രമമുളവായി. ഡ്രെഡ് സ്കോട്ട് വിധിന്യായം ആഭ്യന്തരയുദ്ധത്തിന്റെ പ്രമുഖ കാരണങ്ങളിലൊന്നാണ്.

ലിങ്കന്റെ അധികാരപ്രാപ്തി

എബ്രഹാം ലിങ്കണെ 1860-ല്‍ യു.എസ്. പ്രസിഡണ്ടായി തെരഞ്ഞെടുത്തതാണു യുദ്ധം പൊട്ടിപ്പുറപ്പെടാന്‍ പെട്ടെന്നുണ്ടായ കാരണം. അടിമത്തം വ്യാപിപ്പിക്കുന്നതിനെ ചെറുക്കാന്‍ 6 വര്‍ഷം മുന്‍പ് ഉടലെടുത്ത റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിട്ടാണു ലിങ്കണ്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വിജയം യുദ്ധപ്രഖ്യാപനത്തിനു തുല്യമായിട്ടാണു ദക്ഷിണ സ്റ്റേറ്റുകള്‍ വീക്ഷിച്ചത്. 'പകുതി അടിമയും പകുതി സ്വതന്ത്രവു'മായി ഒരു ജനതയ്ക്കു നിലനില്ക്കാന്‍ സാധ്യമല്ലെന്നു പ്രസിഡന്റ് പദത്തില്‍ അവരോധിക്കപ്പെടുന്നതിനു രണ്ടു കൊല്ലം മുന്‍പു പ്രഖ്യാപിച്ച എബ്രഹാം ലിങ്കന്റെ തെരഞ്ഞെടുപ്പു വിജയം അടിമത്തത്തില്‍ വിശ്വസിച്ചിരുന്ന ദക്ഷിണ സ്റ്റേറ്റുകള്‍ക്ക് പൊറുക്കാവുന്നതല്ലായിരുന്നു. ലിങ്കണ്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചതായി വ്യക്തമായതോടുകൂടി 1860 സെപ്. 20-ന് സൌത്ത് കരോലിന യൂണിയനില്‍നിന്നു വിട്ടുപിരിഞ്ഞതായി പ്രഖ്യാപിച്ചു. ഈ വിഘടനവ്യഗ്രത മറ്റു സ്റ്റേറ്റുകളിലേക്കും വ്യാപിച്ചു. 1861 ഫെ. 8-ന് യൂണിയനില്‍നിന്നു വിട്ടുപിരിഞ്ഞുപോയ 7 സ്റ്റേറ്റുകളുടെ പ്രതിനിധികള്‍ അലബാമാ സ്റ്റേറ്റിലെ മോണ്ട്ഗോമറിയില്‍ ഒന്നിച്ചുകൂടി അമേരിക്കന്‍ കോണ്‍ഫെഡറേറ്റ് സ്റ്റേറ്റുകള്‍ (Confederate States of America) എന്ന പേരില്‍ ഒരു പുതിയ രാഷ്ട്രത്തിനു രൂപം നല്കി. മിസിസിപ്പി, ഫ്ളോറിഡ, അലബാമാ, ജോര്‍ജിയ, ലൂയീസിയാന, ടെക്സാസ്, സൗത്ത് കരോലിന എന്നിവയായിരുന്നു മേല്പറഞ്ഞ സ്റ്റേറ്റുകള്‍. നീഗ്രോ അടിമത്തത്തിന് അംഗീകാരവും സംരക്ഷണവും നല്കുന്ന വ്യവസ്ഥകള്‍ ഇവര്‍ തയ്യാറാക്കിയ പുതിയ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരുന്നു. നിലവിലുള്ള യൂണിയന്‍ ഭരണഘടനയോടുള്ള കൂറു പിന്‍വലിക്കുന്ന പ്രഖ്യാപനവും ഇതോടുകൂടിത്തന്നെയുണ്ടായി. മോണ്ട് ഗോമറിയില്‍ വിട്ടുപോകല്‍-വാദികള്‍ (Secessionists) ആയ 7 സ്റ്റേറ്റുകളുടെ കോണ്‍ഗ്രസ് സമ്മേളിച്ച ദിവസം തന്നെ വാഷിങ്ടണില്‍ ദക്ഷിണ സ്റ്റേറ്റുകളുടെയും എല്ലാ ഉത്തര സ്റ്റേറ്റുകളുടെയും പ്രതിനിധികള്‍ കൂടിച്ചേര്‍ന്ന് ഒരു സമാധാന കോണ്‍ഗ്രസ് നടത്തി. എന്നാല്‍ ഈ കോണ്‍ഗ്രസ്സിലെ ചര്‍ച്ചകള്‍ സമാധാനമുണ്ടാക്കാന്‍ പര്യാപ്തമായില്ല. കെന്റക്കി സ്റ്റേറ്റിലെ സെനറ്റംഗമായ ക്രിറ്റന്‍ഡണ്‍ നടത്തിയ ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ അടിമത്തം പുതിയ സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കുന്ന നിര്‍ദേശത്തെ ലിങ്കണ്‍ ശക്തിയായി എതിര്‍ത്തതിന്റെ ഫലമായി പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ യുദ്ധം അനിവാര്യമായിത്തീര്‍ന്നു.

പ്രധാന സംഭവങ്ങള്‍

ആളുകൊണ്ടും അര്‍ഥം കൊണ്ടും കൂടുതല്‍ ശക്തി ഉത്തര സ്റ്റേറ്റുകള്‍ക്കായിരുന്നു. ഉത്തര സ്റ്റേറ്റുകള്‍ മാത്രമല്ല, യൂണിയനില്‍ പുതുതായി അംഗത്വം ലഭിച്ച പശ്ചിമസ്റ്റേറ്റുകളും തെക്കന്‍ സ്റ്റേറ്റുകളില്‍ത്തന്നെ ഡെലവേര്‍, മേരിലാന്‍ഡ്, കെന്റക്കി, മിസ്സൗറി എന്നിവയും യൂണിയന്‍ പക്ഷത്തായിരുന്നു. സമരം തുടങ്ങുമ്പോള്‍ യൂണിയനില്‍ ആകെ 40 ഘടകസ്റ്റേറ്റുകള്‍ ഉണ്ടായിരുന്നതില്‍ 29-ഉം ഉത്തരപക്ഷത്തായിരുന്നു. ഉത്തരപക്ഷത്തെ ആകെ ജനസംഖ്യ 2,27,00,000-ഉം ദക്ഷിണപക്ഷത്തിന്റേത് 87,00,000-ഉം ആയിരുന്നു. വ്യവസായശാലകള്‍,ഗതാഗതസൗകര്യം, ഭക്ഷ്യവിഭവങ്ങള്‍, നാണയസമ്പത്ത്, കരസൈന്യം, കടല്‍സൈന്യം, യുദ്ധക്കപ്പലുകള്‍ എന്നിവയെല്ലാം ഉത്തര സ്റ്റേറ്റുകള്‍ക്കു ദക്ഷിണ സ്റ്റേറ്റുകളെക്കാള്‍ കൂടുതല്‍ ഉണ്ടായിരുന്നു. ദക്ഷിണ സ്റ്റേറ്റുകളുടെ കുത്തകയായ വന്‍തോതിലുള്ള പഞ്ഞി കയറ്റുമതി, ഉത്തര സ്റ്റേറ്റുകള്‍ക്കില്ലാത്ത ഒരു മെച്ചമായിരുന്നു. കൂടാതെ കൂടുതല്‍ വിദഗ്ധന്മാരായ സൈന്യത്തലവന്മാരും അവരുടെ ഭാഗത്തായിരുന്നു. ദൈര്‍ഘ്യമേറിയ സമുദ്രതീരവും കൂടുതല്‍ വിദേശസഹായ സാധ്യതയും അവര്‍ക്കായിരുന്നു. മാത്രമല്ല, യുദ്ധരംഗങ്ങള്‍ അവരുടെ നാട്ടില്‍ത്തന്നെയായിരുന്നുവെന്നുള്ളതു പ്രതിയോഗികള്‍ക്കു പ്രതികൂലാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു.

എബ്രഹാം ലിങ്കനും സൈന്യാധിപന്മാരും: പെയിന്റിങ്

1861 ഏ. 12-ന് സൗത്ത് കരോലിന ഫോര്‍ട്ട് സുംററ്റിലെ യൂണിയന്‍ വക വെടിക്കോപ്പു സംഭരണശാലയെ ആക്രമിച്ചതോടുകൂടിയാണു യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. 75,000 സന്നദ്ധഭടന്മാരെ 3 മാസത്തെ സേവനത്തിനയയ്ക്കണമെന്നു യൂണിയനോടു കൂറുള്ള സ്റ്റേറ്റുകളിലെ ഗവര്‍ണര്‍മാരോട് ആഹ്വാനം ചെയ്യുന്ന ഒരു പ്രഖ്യാപനം ഏ. 15-ന് ലിങ്കണ്‍ പുറപ്പെടുവിച്ചു. ഇതില്‍ പ്രതിഷേധിച്ച് വെര്‍ജീനിയ, അര്‍ക്കന്‍സാ, നോര്‍ത്ത് കരോലിന, ടെനീസി എന്നീ സ്റ്റേറ്റുകള്‍ യൂണിയനില്‍നിന്നു വിട്ടുപിരിഞ്ഞ് 'കോണ്‍ഫെഡറസി' (ദക്ഷിണ സ്റ്റേറ്റുകളുടെ യൂണിയന്‍) യില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചു. യൂണിയന്‍ ഗവണ്‍മെന്റിന്റെ പ്രധാന ലക്ഷ്യം, കോണ്‍ഫെഡറസിയുടെ തലസ്ഥാനമായ റിച്ച്മണ്ട് നഗരം പിടിച്ചടക്കുക, മിസിസിപ്പി നദിയുടെ നിയന്ത്രണം സ്വാധീനമാക്കുക, കോണ്‍ഫെഡറസിയുടെ തുറമുഖങ്ങള്‍ നിരോധിക്കുക എന്നിവയായിരുന്നു. കോണ്‍ഫെഡറസിയുടെ സേനാനായകന്‍മാരായ റോബര്‍ട്ട് ലീ (1807-70), ജോസഫ് ജോണ്‍സ്റ്റന്‍ (1807-91), തോമസ് ജാക്സണ്‍ (1824-63) എന്നിവര്‍ക്കു റിച്ച്മണ്ട് നഗരത്തെ ശത്രുസൈന്യത്തിന്റെ ആക്രമണത്തില്‍നിന്നു രക്ഷിക്കാന്‍ യുദ്ധത്തിന്റെ ആദ്യഘട്ടങ്ങളില്‍ സാധിച്ചിരുന്നു.

എബ്രഹാം ലിങ്കന്റെ റിച്ച്മണ്ട് സന്ദര്‍ശനം:പെയിന്റിങ്

1861 ഏ. 12-ന് ആരംഭിച്ച ആഭ്യന്തരയുദ്ധം 1865 ഏ. 9-ന് വരെ നാലു വര്‍ഷം നീണ്ടുനിന്നു. ആദ്യത്തെ രണ്ടു വര്‍ഷം വിജയം ദക്ഷിണ സ്റ്റേറ്റുകള്‍ക്കായിരുന്നു. 1861 ജൂല. 21-ന് പശ്ചിമ വെര്‍ജീനിയയില്‍ നടന്ന ഒന്നാം ബുള്‍റണ്‍ യുദ്ധത്തില്‍ യൂണിയന്‍ സൈന്യം റിച്ച്മണ്ട് പിടിച്ചടക്കാനുള്ള പരിശ്രമത്തില്‍ പരാജയപ്പെട്ട് പലായനം ചെയ്യേണ്ടിവന്നു. ഈ പരാജയം യൂണിയന്‍ സൈന്യനേതൃത്വത്തെ കൂടുതല്‍ ജാഗരൂകരാക്കി. 1862 ഏ.-ലില്‍ ജനറല്‍ മക് ക്ലല്ലന്റെ നേതൃത്വത്തില്‍ ഒരു സൈന്യം ജലമാര്‍ഗം റിച്ച്മണ്ട് നഗരത്തിന്റെ നേര്‍ക്കുനീങ്ങി. എന്നാല്‍ ജോണ്‍സ്റ്റന്റെയും റോബര്‍ട്ട് ലീയുടെയും നേതൃത്വത്തിലുള്ള 'കോണ്‍ഫെഡറേറ്റ്' സൈന്യം റിച്ച്മണ്ടിനെ രക്ഷപ്പെടുത്തി. അതിന്റെ പരിസരത്തില്‍ ജൂണ്‍ 25 മുതല്‍ ജൂല. 1-ന് വരെ ഏഴുദിവസം നീണ്ടുനിന്ന ഘോരയുദ്ധത്തിനുശേഷം മക് ക്ലല്ലന്റെ സൈന്യം പിന്മാറേണ്ടിവന്നു. പിന്നീട് ജനറല്‍ ലീ, ഉത്തര സ്റ്റേറ്റുകളുടെ കൈവശമുള്ള വാഷിങ്ടണ്‍ ലക്ഷ്യമാക്കിക്കൊണ്ടു തള്ളിക്കയറി. ജനറല്‍ പോപ്പിന്റെ നേതൃത്വത്തിലുള്ള യൂണിയന്‍ സൈന്യത്തെ ആഗ. 30-ന് ജനറല്‍ ജാക്സണ്‍ രണ്ടാം ബുള്‍റണ്‍ യുദ്ധത്തില്‍ തോല്പിച്ചു. അതിനെത്തുടര്‍ന്ന് കോണ്‍ഫെഡറേറ്റ് സൈന്യം മേരിലാന്‍ഡ് ആക്രമിച്ചു. 1862 സെപ്. 17-ന് അന്റീറ്റം എന്ന സ്ഥലത്തുവച്ച് ലീയുടെ നേതൃത്വത്തിലുള്ള കോണ്‍ഫെഡറേറ്റു സൈന്യവും മക് ക്ലല്ലന്റെ നേതൃത്വത്തിലുള്ള യൂണിയന്‍ സൈന്യവും ഏറ്റുമുട്ടി. സംഘട്ടനത്തിന്റെ ഫലമായി ലീയുടെ സൈന്യം പിന്‍മാറേണ്ടിവന്നു. എന്നാല്‍ ഈ പലായനം വേണ്ടപോലെ പ്രയോജനപ്പെടുത്താന്‍ മക് ക്ലല്ലന് കഴിഞ്ഞില്ല. അതിനാല്‍ ലിങ്കണ്‍ അദ്ദേഹത്തെ സൈനിക നേതൃത്വത്തില്‍നിന്ന് ഒഴിവാക്കി; തത്സ്ഥാനത്ത് ജനറല്‍ ബേണ്‍സൈഡിനെ നിയമിച്ചു. എന്നാല്‍ 1862 ഡി. 13-ന് ഫ്രെഡറിക്സ്ബര്‍ഗില്‍ വച്ച് ജനറല്‍ ലീ അദ്ദേഹത്തെ പരാജയപ്പെടുത്തി. ബേണ്‍സൈഡിന്റെ പിന്‍ഗാമിയായ ജനറല്‍ ഹുക്കറെ 1863 മേയില്‍ ചാന്‍സലേഴ്സ് വില്ലില്‍ വച്ചു ജനറല്‍ ലീ തോല്പിച്ചു. അതിനെത്തുടര്‍ന്ന് ഉത്തര സ്റ്റേറ്റുകള്‍ ആക്രമിക്കാന്‍ ജനറല്‍ ലീ പദ്ധതി തയ്യാറാക്കി. എന്നാല്‍ 1863 ജൂല. 1 മുതല്‍ 3 വരെ പെന്‍സില്‍വേനിയയിലെ ഗെറ്റിസ്ബെര്‍ഗ് നഗരത്തില്‍ വച്ചുനടന്ന യുദ്ധത്തില്‍ ജനറല്‍ ലീയുടെ സൈന്യത്തിനു പരാജയം നേരിട്ടു പിന്‍വാങ്ങേണ്ടതായി വന്നു. ആഭ്യന്തരയുദ്ധത്തിലെ ഏറ്റവും നിര്‍ണായകമായ സമരമായിരുന്നു ഗെറ്റിസ്ബെര്‍ഗ് യുദ്ധം. ഇതു കോണ്‍ഫെഡറേറ്റ് സൈന്യത്തിന്റെ തുടര്‍ച്ചയായ പരാജയത്തിന്റെ പ്രാരംഭമായിരുന്നു. ഇതിനിടയില്‍ 1863 ജനു. 1-ന് അടിമത്തത്തിനെതിരായി ലിങ്കന്റെ ചരിത്രപ്രധാനമായ പ്രഖ്യാപനമുണ്ടായി. യൂണിയനെതിരായി ലഹള തുടങ്ങിയിട്ടുള്ള എല്ലാ സ്റ്റേറ്റുകളിലെയും അടിമകള്‍ക്കു മോചനം നല്കിക്കൊണ്ടുള്ള പ്രഖ്യാപനമായിരുന്നു അത്.

ഉത്തര സ്റ്റേറ്റുകളുടെ വിജയം

റിച്ച്മണ്ട് നഗരം കൈവശപ്പെടുത്താന്‍ ചെയ്ത ശ്രമത്തെക്കാള്‍ കൂടുതല്‍ ഫലപ്രദമായിരുന്നു യൂണിയന്‍ സൈന്യം മിസിസിപ്പി നദിയുടെ നിയന്ത്രണം കൈക്കലാക്കാന്‍ നടത്തിയത്. 1862-ല്‍ ജനറല്‍ ഗ്രാന്റ്, ടെനീസി, കംബര്‍ലാന്‍ഡ് എന്നീ നദികളിലെ കോണ്‍ഫെഡറേറ്റ് സൈന്യങ്ങളുടെ സംരക്ഷണനിരകളെ തകര്‍ക്കാനായി മുന്നേറുകയും 1862 ഏ. 6, 7 എന്നീ തീയതികളില്‍ ഷിലോ എന്ന സ്ഥലത്തുവച്ചു നടന്ന ഘോരയുദ്ധത്തില്‍ ശത്രുസൈന്യത്തിന്റെ ആക്രമണത്തെ വിജയപൂര്‍വം ചെറുക്കുകയും ചെയ്തു. മിസിസിപ്പി നദീതീരത്തെ പ്രധാനപട്ടണമായ വിക്സ്ബര്‍ഗ് കൈവശം വച്ചുകൊണ്ടിരുന്ന കോണ്‍ഫെഡറേറ്റു സൈന്യം ആറാഴ്ചക്കാലം ചെറുത്തുനിന്നതിനുശേഷം ജനറല്‍ ഗ്രാന്റിന്റെ ആക്രമണത്തിനു കീഴടങ്ങി. വിക്സ്ബര്‍ഗ് പിടിച്ചടക്കിയതോടുകൂടി മിസിസിപ്പി നദി പരിപൂര്‍ണമായും യൂണിയന്‍ സൈന്യത്തിന്റെ സ്വാധീനത്തിലായി.

1861 ഏ.-ല്‍ എബ്രഹാം ലിങ്കണ്‍ സൗത്ത് കരോലിന മുതല്‍ ഫ്ളോറിഡവരെയുള്ള അത് ലാന്തിക് സമുദ്രതീരത്തിന്റെമേല്‍ ഉപരോധം പ്രഖ്യാപിച്ചു. ഇതു കോണ്‍ഫെഡറസിയെ പട്ടിണിക്കിട്ടു കീഴടക്കാനുള്ള ശ്രമമായിരുന്നു. ഇതിന്റെ ഫലമായി ദക്ഷിണ സ്റ്റേറ്റുകള്‍ ദുരിതം അനുഭവിക്കേണ്ടിവന്നു. ഭക്ഷ്യസാധനങ്ങളും വസ്ത്രവും ചെരിപ്പും ഔഷധങ്ങളും മറ്റും കിട്ടാന്‍ നിവൃത്തിയില്ലാതെ അവര്‍ വളരെ കഷ്ടപ്പെട്ടു.

റോബര്‍ട്ട് ലീ,അപ്പോമാറ്റക്സ് കോര്‍ട്ട് ഹൗസില്‍വച്ച് യുലീസിസ് ഗ്രാന്റിന്റെ മുന്നില്‍ കീഴടങ്ങുന്നു:പെയിന്റിങ്

യുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ കോണ്‍ഫെഡറേറ്റ് സൈന്യം ധീരോദാത്തതയോടെ പൊരുതിയെങ്കിലും അടിക്കടി പരാജയപ്പെട്ടുകൊണ്ടിരുന്നു. 1863 ന. 23-25 തീയതികളില്‍ ചട്ടനൂഗയില്‍വച്ചു നടന്ന യുദ്ധത്തില്‍ യൂണിയന്‍ സൈന്യം ശത്രുസൈന്യത്തെ ടെനീസിയില്‍നിന്ന് ഓടിച്ച് ജോര്‍ജിയയിലേക്കുള്ള തങ്ങളുടെ പ്രവേശനം സുഗമമാക്കി. 1864 മേയില്‍ ജനറല്‍ ഷെര്‍മാന്‍ ഒരു ലക്ഷത്തോളം വരുന്ന സൈന്യത്തോടുകൂടി ജോര്‍ജിയ ആക്രമിക്കുകയും സെപ്. 1-ന് കോണ്‍ഫെഡറേറ്റു സൈന്യത്തില്‍ നിന്ന് അത് ലാന്താ പിടിച്ചെടുക്കുകയും ചെയ്തു. അവിടെനിന്നു ഷെര്‍മാന്‍ തെ.കിഴക്കോട്ടു നീങ്ങി ഡി. 12-ന് കടല്‍ത്തീരത്തെത്തി. ഡി. 20-ന് കോണ്‍ഫെഡറേറ്റു സൈന്യം സവാനാ ഉപേക്ഷിച്ചു. പിന്നീട് ഷെര്‍മാന്‍ വടക്കോട്ടു തിരിച്ച് സൗത്ത് കരോലിനയില്‍ എത്തി. 1865 ഫെ. 17-ന് കൊളംബിയ പിടിച്ചടക്കിയതിനു ശേഷം നോര്‍ത്ത് കരോലിനയിലേക്കു നീങ്ങി. വ. ജനറല്‍ ഗ്രാന്റിന്റെയും തെ. ജനറല്‍ ഷെര്‍മാന്റെയും സൈന്യങ്ങള്‍ക്കിടയില്‍ കുടുങ്ങി കോണ്‍ഫെഡറേറ്റു സൈന്യം പട്ടിണി കിടന്നു നരകിക്കുകയാല്‍ ഗത്യന്തരമില്ലാതെ കീഴടങ്ങി. 1875 ഏ. 3-ന് റിച്ച്മണ്ട് നഗരം യൂണിയന്‍ സൈന്യത്തിന്റെ കൈയിലമര്‍ന്നു. തുടര്‍ന്ന് ജനറല്‍ ഗ്രാന്റ് സര്‍വസൈന്യങ്ങളെയും സമാഹരിച്ചുകൊണ്ട് ജനറല്‍ ലീയുടെ സൈന്യത്തെ വളഞ്ഞു. നിസ്സഹായനായ ജനറല്‍ ലീയും സൈന്യവും 1865 ഏ. 9-ന് വെര്‍ജീനിയയിലെ അപ്പോമാറ്റക്സ്കോര്‍ട്ട് ഹൗസില്‍വച്ചു നിരുപാധികം കീഴടങ്ങി. 1865 ഏ. 26-ന് അവസാനത്തെ കോണ്‍ഫെഡറേറ്റു സൈന്യം ജനറല്‍ ജോണ്‍സ്റ്റന്റെ നേതൃത്വത്തില്‍ ഷെര്‍മാനു കീഴടങ്ങിയതോടുകൂടി യുദ്ധമവസാനിച്ചു. ഇതിനിടയില്‍ 1865 ഏ. 15-ന് ഒരു നാടകശാലയില്‍ വച്ചു വെടിയേറ്റതിനെത്തുടര്‍ന്ന് എബ്രഹാം ലിങ്കണ്‍ അപമൃത്യുവിന് ഇരയായി.

ഫലങ്ങള്‍

യുദ്ധരംഗത്തിന്റെ വ്യാപ്തികൊണ്ടും യുദ്ധത്തില്‍ പങ്കെടുത്തവരുടെ സംഖ്യകൊണ്ടും ഒന്നാം ലോകയുദ്ധത്തിനു മുന്‍പ് നടന്ന ഏറ്റവും വലിയ യുദ്ധമായി അമേരിക്കന്‍ ആഭ്യന്തരയുദ്ധം കണക്കാക്കപ്പെടുന്നു. രണ്ടു ലക്ഷത്തിലധികം പേര്‍ യുദ്ധത്തില്‍ മരിച്ചുവീഴുകയോ മുറിവേറ്റു മരണമടയുകയോ ചെയ്തു. 4,13,000 പേര്‍ രോഗവും അപകടവും മറ്റു കാരണങ്ങളും കൊണ്ട് അപമൃത്യുവിനിരയായി. യുദ്ധത്തില്‍ പരാജയപ്പെട്ട ദക്ഷിണ സ്റ്റേറ്റുകള്‍ക്ക് അതിന്റെ ദുരന്തഫലങ്ങള്‍ ഏറെക്കാലം അനുഭവിക്കേണ്ടിവന്നു. സാമ്പത്തികമായി ഈ സ്റ്റേറ്റുകള്‍ തകര്‍ന്നുപോയി. രാഷ്ട്രീയമായി താത്ക്കാലികമായിട്ടാണെങ്കിലും അവര്‍ക്ക് വോട്ടവകാശം നല്കപ്പെട്ടു. യൂണിയനില്‍നിന്നു വിട്ടുപിരിഞ്ഞുപോയ സ്റ്റേറ്റുകളിലെ ജനങ്ങളുടെ വോട്ടവകാശവും ഉദ്യോഗം ലഭിക്കാനുള്ള അവകാശവും യൂണിയന്‍ കോണ്‍ഗ്രസ് നിഷേധിച്ചു. ഉത്തര സ്റ്റേറ്റുകളില്‍നിന്നു വന്ന 'കാര്‍പറ്റ് ബാഗേഴ്സ്' (Carpet baggers) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന രാഷ്ട്രീയഭിക്ഷാംദേഹികളും അടിമത്തം അവസാനിച്ചു പുതുതായി വോട്ടവകാശം ലഭിച്ച നിരക്ഷര കുക്ഷികളായ നീഗ്രോകളും കോണ്‍ഫെഡറേറ്റ് സ്റ്റേറ്റുകളില്‍ ഭരണം കൈക്കലാക്കി. 'കറുത്ത ഭീകരവാഴ്ച' (black terror) എന്ന് ഇതിനെ അധികാരം നഷ്ടപ്പെട്ട വെള്ളക്കാര്‍ ചിത്രീകരിച്ചു. കറുത്ത വര്‍ഗക്കാരോടു പ്രതികാരം ചെയ്യാന്‍ അവര്‍ അവസരം പാര്‍ത്തിരുന്നു. 'കറുത്ത ഭീകരവാഴ്ച'യെ ചെറുക്കാന്‍ കൂ ക്ല ക്സ് ക്ലാന്‍ (Ku Klux Klan) എന്നു പേരായ വെള്ളക്കാരുടെ ഒരു ഭീകരസംഘടന രൂപംകൊണ്ടു. കാലക്രമത്തില്‍ വെള്ളക്കാര്‍ അവരുടെ മേധാവിത്വം പുനഃസ്ഥാപിച്ചതോടുകൂടി നീഗ്രോവര്‍ഗക്കാരുടെ വോട്ടവകാശം പ്രയോഗിക്കാന്‍ നിവൃത്തിയില്ലാത്തവിധം പുതിയ വ്യവസ്ഥകള്‍ക്കു രൂപം നല്‍കാന്‍ തുടങ്ങി. 'അനശ്വരരാഷ്ട്രങ്ങളുടെ അനശ്വരയൂണിയന്‍' ആയി അമേരിക്കന്‍ യൂണിയന്‍ അംഗീകരിക്കപ്പെട്ടു. കെട്ടുറപ്പുള്ള കേന്ദ്രഭരണ സംവിധാനം അരക്കിട്ടുറപ്പിക്കുകയാണ് ആഭ്യന്തരയുദ്ധം കൊണ്ടുണ്ടായ നേട്ടം. ഐക്യത്തിന്റെ കൊടിക്കീഴില്‍ സ്വയംഭരണാധികാരതത്ത്വം നിലനിര്‍ത്തിക്കൊണ്ട് യു.എസ്. പുരോഗമിക്കുകയും ലോകത്തിലെ ശക്തിയേറിയ രാഷ്ട്രമെന്ന സ്ഥാനത്തേക്ക് കുതിച്ചുകയറുകയും ചെയ്യുന്നതിന് അടിത്തറ പാകിയത് ആഭ്യന്തരയുദ്ധത്തില്‍ യൂണിയന്‍ പക്ഷക്കാര്‍ക്കുണ്ടായ വിജയമാണ്. സമരത്തില്‍ അടിമത്തവിരോധകക്ഷികളുടെ വിജയത്തെത്തുടര്‍ന്ന് അടിമകള്‍ക്കു വിമോചനവും വ്യക്തിപരമായ അവകാശങ്ങളും പ്രദാനം ചെയ്യുവാന്‍ ഫെഡറല്‍ ഭരണഘടനയില്‍ 13-ഉം 14-ഉം 15-ഉം ഭേദഗതികള്‍കൊണ്ടു സാധിച്ചു. യുദ്ധമവസാനിക്കുന്നതിനു മുന്‍പുതന്നെ ഭരണഘടനയിലെ 13-ാം ഭേദഗതികൊണ്ട് അടിമത്തം നിയമവിരുദ്ധമാക്കി; 14-ാം ഭേദഗതി വിമുക്തരായ നീഗ്രോകള്‍ക്കു പൌരാവകാശം നല്കി; 15-ാം ഭേദഗതി വര്‍ഗം, വര്‍ണം, മുന്‍കാലത്തെ അടിമത്തം എന്നിവയുടെ അടിസ്ഥാനത്തില്‍ ആര്‍ക്കും വോട്ടവകാശം നിഷേധിക്കാന്‍ പാടില്ലെന്നു വ്യവസ്ഥ ചെയ്തു. അങ്ങനെ യു.എസ്സില്‍ നിന്ന് അടിമത്തം തുടച്ചുമാറ്റാനുള്ള സാഹചര്യമുണ്ടാക്കിയത് ആഭ്യന്തരസമരമാണ്. നോ: അടിമത്ത നിരോധനപ്രസ്ഥാനം; അബോളിഷനിസ്റ്റുകള്‍; അമേരിക്കന്‍ സ്വാതന്ത്ര്യസമരം; യുണൈറ്റഡ് സ്റ്റേറ്റ്സ് (പ്രൊഫ. പി.എസ്. വേലായുധന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍