This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമേരിക്കന്‍ ആദിവാസികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അമേരിക്കന്‍ ആദിവാസികള്‍

American Aborigines

യൂറോപ്യന്‍ അധിനിവേശത്തിനു മുന്‍പ് പശ്ചിമാര്‍ധഗോളത്തെ അധിവസിച്ചിരുന്നവര്‍. വടക്കേ അറ്റത്തുള്ള എസ്കിമോകള്‍ ഒഴികെ, തെക്കും വടക്കും അമേരിക്കകളില്‍ നിവസിച്ചിരുന്ന ജനവിഭാഗങ്ങളെ പൊതുവേ അമേരിക്കന്‍ ഇന്ത്യന്‍മാര്‍ (അമേരിന്ത്യര്‍) എന്നാണ് വിളിച്ചുപോരുന്നത്. അമേരിക്ക കണ്ടുപിടിച്ചപ്പോള്‍ (1492) കൊളംബസ് കരുതിയത് ആ ഭൂവിഭാഗം ഇന്ത്യയാണെന്നായിരുന്നു. ഈ തെറ്റിദ്ധാരണയാണ് അവിടുത്തെ ജനങ്ങളെ 'ഇന്ത്യന്മാര്‍' എന്നു വിളിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ചെമ്പിന്റെ നിറമുള്ള ഈ വര്‍ഗക്കാരെ 'ചുവന്ന ഇന്ത്യന്‍മാര്‍' (Red Indians) എന്നും 'റെഡ് സ്കിന്‍സ്' എന്നും വിളിച്ചു വരുന്നുണ്ട്. ഈ വര്‍ഗക്കാര്‍ യഥാര്‍ഥത്തില്‍ ചുവന്നവരല്ല. അവര്‍ക്ക് തവിട്ടുനിറമുള്ള ചര്‍മവും കറുത്ത മുടിയും അല്പം മാത്രം താടിരോമങ്ങളോടുകൂടിയ വിശാലമായ മുഖവുമാണുള്ളത്. അമേരിക്കന്‍ ഇന്ത്യന്മാര്‍ എന്ന പദം സങ്കോചിച്ച് പില്ക്കാലത്ത് 'അമേരിന്ത്യര്‍' എന്നായിട്ടുണ്ട്.

ആവിര്‍ഭാവം. ബി.സി. 30,000 മുതല്‍ 10,000 വരെ വര്‍ഷങ്ങള്‍ക്കു മുന്‍പു നിലവിലിരുന്നഹിമനദീയനത്തിന്റെ പിന്‍വാങ്ങലിനു തൊട്ടടുത്ത കാലത്തായിരിക്കണം മനുഷ്യര്‍ പശ്ചിമാര്‍ധഗോളത്തിലേക്കുള്ള നുഴഞ്ഞുകയറ്റം ആരംഭിച്ചത്. ക്രിസ്ത്വബ്ദംവരെയും ഈ നുഴഞ്ഞുകയറ്റം ഇടയ്ക്കിടെ ഉണ്ടായതായി കണക്കാക്കേണ്ടിയിരിക്കുന്നു. ബെറിംഗ് കടലിടുക്കുവഴിയാണ് ഏഷ്യയില്‍നിന്നും ഇവര്‍ അമേരിക്കയിലെത്തിയതെന്നു കരുതുന്നു. ജലഗതാഗതം അക്കാലത്ത് വേണ്ടത്ര വികസിച്ചിരുന്നില്ലെങ്കിലും ചെറുതരം നൗകകള്‍ നിര്‍മിച്ച് അവര്‍ കടല്‍ കടന്നിരിക്കണം. ക്രമേണ ഇവര്‍ തെക്കോട്ട് നീങ്ങി തെക്കേ അമേരിക്കയുടെ തെക്കേ അറ്റംവരെ എത്തുകയും ചെയ്തു. യൂറോപ്യന്‍ അധിനിവേശകാലത്ത് ഇവരുടെ സംഖ്യ 160 ലക്ഷം ആയിരുന്നെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.

ഈ ആദിവാസികള്‍ മംഗളോയ്ഡ് വര്‍ഗക്കാരാണെന്ന് നരവംശശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഏഷ്യയില്‍ ചൈനയിലും മറ്റു ഭാഗങ്ങളിലും കാണുന്നവരെപ്പോലെ മഞ്ഞനിറമോ പ്രകടമായ മറ്റു മംഗളോയ്ഡ് ലക്ഷണങ്ങളോ ഇവരില്‍ കാണാനില്ല. അനേകായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരേ ഗോത്രത്തില്‍നിന്നു പിരിഞ്ഞ് ഉരുത്തിരിഞ്ഞവരാണ് ഈ രണ്ടു വര്‍ഗങ്ങളുമെന്നു കരുതാവുന്നതാണ്. ഇവരുടെ വര്‍ഗസ്വഭാവങ്ങളെപ്പറ്റി വേണ്ടത്ര അറിവ് ലഭിച്ചിട്ടില്ല.

ഭാഷ. അമേരിന്ത്യന്‍ ഭാഷകള്‍ക്ക് മംഗോളിയന്‍ ഭാഷകളോടാണ് ഏറെ സാദൃശ്യം. ഭാഷയ്ക്ക് വര്‍ഗവുമായി ബന്ധമില്ലെങ്കിലും ഭാഷാസമ്പ്രദായം ഇവരുടെ ചില പ്രത്യേകതകള്‍ തിരിച്ചറിയുന്നതിനു സഹായകമാകുന്നുണ്ട്. ഭാഷാശാസ്ത്രജ്ഞന്മാര്‍ ഇക്കൂട്ടരുടെ ഭാഷകളെ പ്രത്യേക വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. പസിഫിക്ക് തീരപ്രദേശങ്ങളില്‍ പൊതുവായുള്ള നാദേന്‍; വടക്കുപടിഞ്ഞാറേ ഭാഗത്തെ പെന്യൂഷ്യന്‍; മധ്യപശ്ചിമപ്രദേശങ്ങളിലും അത്‍ലാന്തിക് തീരത്തുമുള്ള അല്‍ഗോങ്കിയന്‍; ഹൊക്കന്‍-സിയോവന്‍; തെ.പ. ഭാഗത്തുള്ള ആസ്ടെക്-ടാനോവന്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു.

സംസ്കാരം. ഭാഷകളെപ്പോലെ വൈവിധ്യം നിറഞ്ഞതാണ് ഇവരുടെ സംസ്കാരവും. ഭാഷ, സംസ്കാരം എന്നിവയില്‍ നരവംശശാസ്ത്രജ്ഞര്‍ ഗവേഷണം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.

തീരദേശനിവാസികള്‍ക്കു ലഭ്യമായ ഭക്ഷണവിഭവങ്ങളില്‍ ഏറിയ പങ്കും മത്സ്യവും മറ്റു കടല്‍ ജന്തുക്കളുമാണ്. കാലിഫോര്‍ണിയയിലെ ആദിവാസികളുടെ പ്രധാന ഭക്ഷണം കരുവേലക (Acorn)പ്പഴമാണ്; സമതലഭൂമിയിലെ ആദിവാസികളുടെ ആഹാരം സസ്യങ്ങളും വന്യമൃഗങ്ങളും. മത്സ്യമാണ് മധ്യപശ്ചിമതീരത്തും കിഴക്കന്‍തീരത്തും വസിക്കുന്ന ആദിവാസികളുടെ ആഹാരം. ഇതിനുപുറമേ ചോളവും മറ്റു ധാന്യങ്ങളും ഇവര്‍ ഉപയോഗിക്കുന്നുണ്ട്. മേപ്പിള്‍ വൃക്ഷത്തിന്റെ തടിയില്‍നിന്നുള്ള ഒരുതരം പഞ്ചസാരയും കിഴക്കന്‍ മലമ്പ്രദേശക്കാര്‍ ഉപയോഗിച്ചിരുന്നു. ഭക്ഷ്യവിഭവങ്ങള്‍ ശേഖരിക്കുന്നതിനു പുറമേ മീന്‍പിടിത്തം, വേട്ടയാടല്‍, പഴവര്‍ഗശേഖരണം എന്നിവയിലും ഇവര്‍ ഏര്‍പ്പെട്ടിരുന്നു. ഓരോ പ്രദേശത്തെയും വിഭവവിനിയോഗത്തിനനുസരണമായി കൃഷിസമ്പ്രദായങ്ങളിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്.

ആമസോണ്‍ നദീതടത്തിലെ കാമയൂര ഇന്ത്യര്‍;ഗുസ്തി മത്സരത്തിനുള്ള തയ്യാറെടുപ്പ്

ഭക്ഷണസാധനങ്ങളും അസംസ്കൃതവിഭവങ്ങളും ഓരോ പ്രദേശത്തെയും ജനജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. സാധനങ്ങള്‍ കൊണ്ടു പോയിരുന്നത് മനുഷ്യര്‍ വലിക്കുന്ന വണ്ടികളിലായിരുന്നു. പില്ക്കാലത്തു വണ്ടികള്‍ വലിക്കുന്നതിനു നായ്ക്കളെ ഉപയോഗിച്ചു തുടങ്ങി. ജലഗതാഗതത്തിനു സൗകര്യമുള്ള പ്രദേശങ്ങളില്‍ വള്ളങ്ങള്‍ ഉപയോഗിച്ചിരുന്നു. വെള്ളക്കാര്‍ എത്തിയതോടെ കുതിരയുടെ ഉപയോഗം വ്യാപകമായി. 16-ാം ശ.-ത്തിന്റെ ആദ്യംതന്നെ സ്പെയിന്‍കാര്‍ കുതിരയെ അമേരിക്കയില്‍ കൊണ്ടുവന്നു. കന്നുകാലികള്‍, കരിമ്പ്, ഏത്തയ്ക്കാ, വെടിമരുന്ന് എന്നിവ ഉപയോഗിച്ചു തുടങ്ങിയത് യൂറോപ്യന്‍ സ്വാധീനത്തിന്റെ ഫലമായാണ്.

ടവോസ് നൂപ് നര്‍ത്തകര്‍

ശാസ്ത്രീയമായിത്തന്നെ കൃഷിനടത്തിവരുന്നവരാണ് ഇക്കൂട്ടര്‍. കൃഷിക്ക് നല്ലയിനം വിത്തുകള്‍ ഉപയോഗിക്കുന്നതിലും വളമിടീല്‍, ജലസേചനം മുതലായ കാര്യങ്ങളിലും ഇവര്‍ വളരെ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ മൃഗങ്ങളെ വളര്‍ത്തുന്നതില്‍ പല ഗോത്രക്കാരും പിന്നാക്കമായിരുന്നു. നായ് മാത്രമാണ് എല്ലാ ഗോത്രങ്ങളിലും പൊതുവായി ഉണ്ടായിരുന്ന വളര്‍ത്തുമൃഗം. ഭവനങ്ങളുടെ മാതൃകയെ ആധാരമാക്കി ഇവരുടെ സംസ്കാര മേഖലകള്‍ വിഭജിക്കപ്പെട്ടിരുന്നു. വ.പടിഞ്ഞാറന്‍ ഇന്ത്യര്‍ സമകോണത്തില്‍ പലക തറച്ച് വീടുകള്‍ നിര്‍മിച്ചു. സമതല പ്രദേശങ്ങളിലുള്ളവരും പ്രയറി പ്രദേശത്തെ ആദിവാസികളും മണ്ണുകൊണ്ടുള്ള ഗൃഹങ്ങള്‍ ഉണ്ടാക്കി. പ്ല്യൂബ്ലോ ആദിവാസികള്‍ പല നിലകളിലുള്ള വീടുകള്‍ ഉണ്ടാക്കിയിരുന്നു. വൃത്തസ്തൂപങ്ങളുടെ ആകൃതിയിലുള്ള വീടുകള്‍ വ.കിഴക്കന്‍ പ്രദേശങ്ങളില്‍ സാധാരമാണ്.

സ്ത്രീകള്‍. അമേരിന്ത്യന്‍ സമുദായത്തില്‍ സ്ത്രീകള്‍ക്കു ചില പ്രത്യേക അവകാശങ്ങളും സ്ഥാനങ്ങളുമുണ്ടായിരുന്നതായി ക്കാണാം. ചില മതകര്‍മങ്ങള്‍ നടത്തേണ്ട ചുമതലയും ഇവര്‍ക്കായിരുന്നു. ഗൃഹത്തില്‍ അവര്‍ക്കു പൂര്‍ണാധികാരമുണ്ടായിരുന്നു. യുദ്ധോപകരണങ്ങള്‍, കുതിര മുതലായവയൊഴികെ മറ്റെല്ലാ സ്വത്തുക്കളും സ്ത്രീകളുടെ നിയന്ത്രണത്തിലായിരുന്നു. ചില ഗോത്രസഭകളില്‍ സ്ത്രീകള്‍ക്കു പ്രാതിനിധ്യമോ പങ്കാളിത്തമോ ഉണ്ടായിരുന്നു. ഇറോക്യോ എന്ന ഗോത്രത്തില്‍ ഭരണാധിപനെ തെരഞ്ഞെടുത്തിരുന്നതും യുദ്ധകാര്യങ്ങള്‍ തീരുമാനിച്ചിരുന്നതും സ്ത്രീകളുടെ സഭയാണ്. മാതൃപിന്‍തുടര്‍ച്ചാവകാശം നിലവിലുള്ള ഗോത്രങ്ങളില്‍ സ്ത്രീകള്‍ക്കു സര്‍വോന്നതമായ സ്ഥാനമുണ്ട്. ഈ സമൂഹങ്ങളില്‍ ഭാരിച്ച പല ജോലികളും സ്ത്രീകളില്‍ നിക്ഷിപ്തമാണ്. നായാട്ട്, മീന്‍പിടിത്തം എന്നീ അപകടകരങ്ങളായ ജോലികള്‍ മാത്രമായിരുന്നു പുരുഷന്മാരുടേത്. ബഹുഭാര്യാത്വം സര്‍വസാധാരണമായിരുന്നു. സ്ത്രീക്ക് ഭര്‍ത്താവിനെ ഉപേക്ഷിക്കുന്നതിനും സ്വാതന്ത്ര്യമുണ്ടായിരുന്നു.

കാനഡയിലെ തുകല്‍ ഉണക്കുന്ന ഒരു അമേരിന്ത്യന്‍ സ്ത്രീ

യുദ്ധനിപുണത. സമതലത്തിലെയും മിസിസിപ്പിക്കു കിഴക്കുള്ള പ്രദേശങ്ങളിലെയും ഗോത്രവര്‍ഗക്കാര്‍ യുദ്ധതത്പരരായിരുന്നു. ഇവിടങ്ങളില്‍ യുദ്ധത്തിലെ നേട്ടങ്ങളനുസരിച്ചാണ് സമൂഹത്തില്‍ സ്ഥാനം കല്പിക്കപ്പെട്ടിരുന്നത്. അമ്പും വില്ലും സാര്‍വത്രികമായ ആയുധങ്ങളായിരുന്നു. കുതിരയെ ഉപയോഗിച്ചിരുന്ന സ്ഥലങ്ങളില്‍ കുന്തവും പരിചയും ആയുധങ്ങളുടെ കൂട്ടത്തില്‍പ്പെടും. പ്രതിയോഗികളുടെ തലയോട്ടിയെടുത്ത് ധരിക്കുന്ന സമ്പ്രദായം ചില ഗോത്രവര്‍ഗക്കാരുടെ ഇടയിലുണ്ടായിരുന്നു. മരിച്ച യോദ്ധാവിന്റെ ശക്തി തന്നിലേക്കു പ്രവേശിക്കുന്നു എന്ന വിശ്വാസമാണ് ഇതിനു പ്രേരണ നല്‍കിയിരുന്നത്.

വിനോദങ്ങള്‍. കായികമത്സരങ്ങള്‍, നൃത്തം, കഥാകഥനം എന്നിവയായിരുന്നു ഇവരുടെ പ്രധാന വിനോദങ്ങള്‍. ടെന്നിസ് ബാറ്റിനോടു സാമ്യമുള്ള ഒരു ഉപകരണം കൊണ്ടുള്ള പന്തുകളി പല ഗോത്രങ്ങളിലും നിലവിലിരുന്നു. കുതിരപ്പന്തയം സമതലപ്രദേശങ്ങളിലെ ഒരു വിനോദമായിരുന്നു. പകിടകളി സര്‍വസാധാരണമായിരുന്നു. കായികവിനോദങ്ങളില്‍ സ്ത്രീകളും സജീവമായി പങ്കെടുത്തിരുന്നു. ഇവര്‍ കാല്‍പന്തുകളിയിലും താത്പര്യം കാണിച്ചിരുന്നു. സദ്യയ്ക്കുശേഷം സമൂഹനൃത്തം ഒരു ചടങ്ങായിരുന്നു. സംഗീതോപകരണങ്ങളില്‍ ചെണ്ട, കുഴല്‍ മുതലായവ ഉള്‍പ്പെട്ടിരുന്നു. സംഗീതത്തില്‍ ഇവര്‍ക്കു പ്രത്യേക അഭിരുചിയുണ്ടായിരുന്നതായി കാണുന്നുണ്ട്.

വെള്ളക്കാര്‍ അമേരിന്ത്യരുമായി സമാധാന ഉടമ്പടിയിലേര്‍പ്പെടുന്നു:പെയിന്റിങ്

ആരാധന. മൃഗങ്ങള്‍, ചെടികള്‍, പ്രകൃതിയിലെ മറ്റു വസ്തുക്കള്‍ എന്നിവ ഇവരുടെ ആരാധനാമൂര്‍ത്തികളാണ്. സൂര്യന്‍, അഗ്നി, ജലം, പോത്ത്, കഴുകന്‍, പരുത്തിച്ചെടി, മത്സ്യം, ചോളം, പുകയില എന്നിവ സര്‍വശക്തരായ ദൈവങ്ങളായി വിശ്വസിക്കപ്പെട്ടിരുന്നു. പ്രേതാരാധനയും ഇവര്‍ക്കിടയില്‍ നിലനിന്നിരുന്നു.

അമേരിക്കന്‍ ആദിവാസികളുടെ കൂട്ടത്തില്‍ മധ്യഅമേരിക്കയിലെ മായന്മാര്‍ (Mayas), തെക്കേ അമേരിക്കയിലെ ഇങ്കാകള്‍ (Incas) എന്നിവര്‍ പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു.

മായന്മാര്‍. മെക്സിക്കോ, ഗ്വാട്ടിമാലാ, ഹോണ്‍ഡൂറാസ് എന്നീ പ്രദേശങ്ങളിലെ ആദിവാസികളാണ് മായന്മാര്‍. മറ്റ് അമേരിന്ത്യരെ അപേക്ഷിച്ച് ഇവര്‍ക്ക് കുറഞ്ഞ ഉയരവും മങ്ങിയ നിറവും പരന്ന ശിരസ്സുമാണുള്ളത്. ഇതര ഇന്ത്യരില്‍നിന്ന് വിഭിന്നമായി ഇവര്‍ക്ക് അവകാശപ്പെടാവുന്നത് ഇവരുടെ അക്ഷരമാലയും കടലാസ് ഉപയോഗിച്ചുള്ള പുസ്തകങ്ങളും പിരമിഡാകൃതിയിലുള്ള ക്ഷേത്രങ്ങളുമാണ്. വിപുലവും ശാസ്ത്രീയവുമായ ഒരു കലണ്ടറും മായന്മാര്‍ക്കുണ്ടായിരുന്നു. ബി.സി. 10-ാം ശ.-ത്തിലാണ് മായന്‍ ചരിത്രം ആരംഭിക്കുന്നത്. സാംസ്കാരികമായി വളരെ പുരോഗമിച്ചിരുന്ന ഒരു വര്‍ഗമായിരുന്നു മായന്മാര്‍. ഒന്നിനു പിറകെ ഒന്നായി രണ്ടു രാജവംശങ്ങള്‍ രാജ്യം ഭരിച്ചിരുന്നു. 16-ാം ശ.-ത്തില്‍ സ്പെയിന്‍കാര്‍ ഈ സാമ്രാജ്യം നശിപ്പിച്ചെങ്കിലും അങ്ങിങ്ങായി സ്വതന്ത്രഗോത്രങ്ങള്‍ 19-ാം ശ.-ത്തിന്റെ അവസാനംവരെ അധികാരത്തിലുണ്ടായിരുന്നു.

ഉരുളന്‍ തടി ഉപയോഗിച്ചുള്ള ചുവരുകളും മണ്ണുകൊണ്ടുള്ള മേല്‍ക്കൂരയുമായി ഒരു നവാഹോ-ഇന്ത്യന്‍ ഭവനം

ഇങ്കാകള്‍. 'കെച്ച് വാ' എന്ന സമൂഹവിഭാഗത്തില്‍പ്പെട്ട അമേരിന്ത്യരുടെ സാമ്രാജ്യമായിരുന്നു ഇങ്കാ. കെച്ച് വാ ഭാഷയില്‍ 'ഇങ്കാ' എന്ന പദത്തിന് രാജാവ് അഥവാ നേതാവ് എന്നാണര്‍ഥം. ഇങ്കാ സാമ്രാജ്യത്തിന്റെ തുടക്കം എ.ഡി. 11-ാം ശ.-ത്തിലാണ്. സൂര്യനില്‍നിന്ന് പാരമ്പര്യം അവകാശപ്പെട്ട ഒരു രാജാവ് ഏതാനും കെച്ച് വാ ഗോത്രങ്ങളുടെ മേല്‍ അധീശാധികാരം സ്ഥാപിച്ചതോടെ ഇങ്കാസാമ്രാജ്യം നിലവില്‍വന്നു. ഈ വംശത്തില്‍പ്പെട്ട ചക്രവര്‍ത്തിമാര്‍ 16-ാം ശ.-ത്തിന്റെ അവസാനംവരെ ഭരിച്ചിരുന്നു. ഒരുകാലത്ത് ഇങ്കാസാമ്രാജ്യം ചിലി മുതല്‍ ഇക്വഡോര്‍ വരെ തെ.വടക്ക് 3,200 കി.മീ. നീളത്തിലും ശാന്തസമുദ്രം മുതല്‍ ആമസോണ്‍-പരാഗ്വേ നദികളുടെ ഉദ്ഭവസ്ഥാനം വരെ 800 കി.മീ. വീതിയിലും വ്യാപിച്ചിരുന്നു. പല ഗോത്രങ്ങളില്‍പ്പെട്ട 80 ലക്ഷം ജനങ്ങള്‍ ഈ സാമ്രാജ്യത്തെ അധിവസിച്ചിരുന്നു.

ഇങ്കാ സംസ്കാരത്തിന്റെ പാരമ്യതയില്‍ അത് അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും മികച്ച സംസ്കാരമായിരുന്നു. മതാധിഷ്ഠിതവും എന്നാല്‍ സാമൂഹ്യ തുല്യത ഉള്‍ക്കൊള്ളുന്നതുമായ ഒരു രാഷ്ട്രം ആയിരുന്നു ഇങ്കാകളുടേത്. രാജാക്കന്മാര്‍, പ്രഭുക്കന്മാര്‍, ഉദ്യോഗസ്ഥന്മാര്‍, ജന്മികള്‍, ശില്പികള്‍, കര്‍ഷകര്‍ എന്നീ വര്‍ഗങ്ങളുടെ ഒരു സമാഹാരമായിരുന്നു ഇങ്കാസമൂഹം. ഭരണസൗകര്യാര്‍ഥം സാമ്രാജ്യത്തെ പ്രദേശങ്ങളായും അവയെ ചെറിയ മേഖലകളായും ഉപമേഖലകളായും വിഭജിച്ചിരുന്നു. ഏറ്റവും ചെറിയ ഭരണഘടകം ഗ്രാമമായിരുന്നു. ഗ്രാമത്തിലെ കൃഷിയുടെ നടത്തിപ്പ് ഗവണ്‍മെന്റ് നിയന്ത്രണത്തിലായിരുന്നു. വൈദഗ്ധ്യം നേടിയ സര്‍ക്കാരുദ്യോഗസ്ഥന്മാര്‍ കൃഷിയിലെ നാനാപ്രവര്‍ത്തനങ്ങളുടെയും മേല്‍നോട്ടം വഹിച്ചിരുന്നതു കൂടാതെ കര്‍ഷകര്‍ക്ക് വിത്ത്, വളം, ജലസേചനം എന്നിവ സംബന്ധിച്ച് ഉപദേശവും സഹായവും നല്‍കിയിരുന്നു. ചോളവും ഉരുളക്കിഴങ്ങുമായിരുന്നു പ്രധാന കാര്‍ഷികോത്പന്നങ്ങള്‍. വിഭവങ്ങളുടെ ഒരു ഭാഗം ഗവണ്‍മെന്റ് പ്രാദേശിക സംഭരണശാലകളില്‍ ശേഖരിച്ച് പഞ്ഞമാസങ്ങളില്‍ ആവശ്യക്കാര്‍ക്കു വിതരണം ചെയ്തിരുന്നു.

ഭാരം ചുമക്കുന്നതിനു ലാമവര്‍ഗത്തില്‍പ്പെട്ട മൃഗങ്ങളെ ഉപയോഗിച്ചിരുന്നു. കൂടാതെ നായ്, പന്നി, താറാവ് എന്നിവയെയും വളര്‍ത്തിയിരുന്നു. കളിമണ്‍പാത്രങ്ങള്‍, തുണിത്തരങ്ങള്‍, വിവിധ ലോഹങ്ങള്‍കൊണ്ടുള്ള ആഭരണങ്ങള്‍, ഉപകരണങ്ങള്‍, ആയുധങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണമായിരുന്നു പ്രധാന വ്യവസായങ്ങള്‍.

കുതിരയോ ചക്രങ്ങളുള്ള വാഹനങ്ങളോ ഉണ്ടായിരുന്നില്ല. കല്ലിട്ടുറപ്പിച്ച നല്ല റോഡുകളുണ്ടായിരുന്നു. വേഗത കൂടിയ ഓട്ടക്കാര്‍ മുഖേന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. സമര്‍ഥരായ ഓട്ടക്കാര്‍ റിലേ (relay) സമ്പ്രദായം സ്വീകരിച്ച് ഒരു ദിവസം 240 കി.മീ. വരെ ദൂരത്തേക്ക് വിവരങ്ങള്‍ കൈമാറിയിരുന്നു. വഞ്ചികള്‍ നിര്‍മിച്ച് ജലഗതാഗതവും ഇവര്‍ വികസിപ്പിച്ചെടുത്തു.

ഇങ്കാസംസ്കാരത്തിന്റെ മറ്റൊരു സവിശേഷത ശില്പകലയിലും എഞ്ചിനീയറിങ്ങിലും അവര്‍ക്കുണ്ടായിരുന്ന വൈദഗ്ധ്യമാണ്. അനേകം ക്ഷേത്രങ്ങള്‍, കൊട്ടാരങ്ങള്‍, കോട്ടകള്‍ തുടങ്ങിയവ ഇവര്‍ നിര്‍മിച്ചിട്ടുണ്ട്. 60 മീ. നീളമുള്ള ഒരു തൂക്കുപാലവും ജലസേചനത്തിനായി വെട്ടിയിരുന്ന നിരവധി തോടുകളും അക്വിഡക്റ്റുകളും (Aqueducts) പൊതുമരാമത്തുപണികളില്‍ ഇവര്‍ക്കുണ്ടായിരുന്ന വൈദഗ്ധ്യത്തിന്റെ തെളിവുകളാണ്.

മതത്തിന് ഇങ്കാ സാമ്രാജ്യത്തില്‍ ഉന്നതസ്ഥാനമുണ്ടായിരുന്നു. ബഹുദൈവവിശ്വാസികളായിരുന്നു ഇങ്കാകള്‍. നീണ്ട ചടങ്ങുകളും കര്‍മങ്ങളും മുഖേനയാണ് ഇവര്‍ ആരാധന നടത്തിയിരുന്നത്. ഭജനയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ധാരാളം ഗാനങ്ങളും സംഗീതശില്പങ്ങളും ഇവര്‍ രചിച്ചിരുന്നു.

യൂറോപ്പില്‍നിന്ന് അമേരിക്കന്‍ വന്‍കരകളില്‍ കടന്നുവന്ന വെള്ളക്കാരുടെ നാഗരികതയില്‍ അമേരിക്കന്‍ ആദിവാസികള്‍ ചെലുത്തിയ സ്വാധീനം വളരെയാണ്. വെള്ളക്കാരുടെ ആഗമനത്തിനെതിരായി ആദിവാസികളുടെ ചെറുത്തുനില്പ് ദീര്‍ഘകാലം നീണ്ടുനിന്ന സംഘട്ടനങ്ങളില്‍ കലാശിച്ചു.

ഒരു എസ്കിമോ കുടുംബം

എസ്കിമോകള്‍. അമേരിന്ത്യരെക്കൂടാതെ അമേരിക്കയിലുള്ള മറ്റൊരു വര്‍ഗമാണ് എസ്കിമോകള്‍. ധ്രുവപ്രദേശത്തെ സ്പര്‍ശിക്കുന്നതും അതിശൈത്യകാലാവസ്ഥ അനുഭവപ്പെടുന്നതുമായ വടക്കന്‍ ഭാഗങ്ങളിലാണ് ഇവര്‍ വസിക്കുന്നത്. ഇവരെല്ലാം ഒരേ ഗോത്രത്തില്‍പ്പെട്ടവരാണ്. നായാട്ടും മീന്‍പിടിത്തവുമാണ് ഇവരുടെ മുഖ്യ തൊഴില്‍. കരിബൂ, സീല്‍ എന്നിവയെയാണു വേട്ടയാടുന്നത്. കയാക് എന്നുപേരുള്ള ചെറിയ വള്ളങ്ങള്‍ എസ്കിമോകള്‍ ഉപയോഗിക്കുന്നു. തോലുകൊണ്ടു പൊതിഞ്ഞിട്ടുള്ളതാണ് ഈ വള്ളങ്ങള്‍. നായ് വലിക്കുന്ന സ്ളെഡ്ജുകളാണ് കരയിലൂടെയുള്ള ഗതാഗതത്തിനുപയോഗിക്കുന്നത്. തുകലുകൊണ്ടുണ്ടാക്കിയ കാലുറകളും ഷര്‍ട്ടും ഓവര്‍ക്കോട്ടുമാണ് ഇവര്‍ വസ്ത്രധാരണത്തിന് ഉപയോഗിക്കുന്നത്. മഞ്ഞുകട്ടികള്‍ കൊണ്ടുണ്ടാക്കിയ അര്‍ധഗോളാകാരത്തിലുള്ള കൂടാരങ്ങളിലാണ് ഇവര്‍ താമസിക്കുന്നത്. ഈ കൂടാരങ്ങള്‍ക്ക് ഇഗ്ലൂ (Igloo) എന്നാണു പറഞ്ഞുവരുന്നത്.

ഇഗ്ലു:എസ്കിമോ കൂടാരം
സാമൂഹികഘടന വളരെ ലളിതമാണ്. ബന്ധമുള്ള കുടുംബങ്ങള്‍ ചേര്‍ന്ന് സമിതികളുണ്ടാക്കുന്നു. സംഗീതമത്സരത്തിലൂടെയാണ് ഇവരുടെ തര്‍ക്കങ്ങള്‍ക്കു തീര്‍പ്പു കല്പിക്കുന്നത്. ആചാരാനുഷ്ഠാനങ്ങള്‍ വളരെ കുറവാണ്. സമുദ്രദേവതയെ ഇവര്‍ ആരാധിക്കുന്നതായി പറയപ്പെടുന്നുണ്ട്. എസ്കിമോ സമൂഹത്തിന് ഒട്ടേറെ വിലക്കുകളുണ്ട്. വിലക്കുകള്‍ ലംഘിക്കുന്നതിനാലാണ് രോഗങ്ങളും മറ്റും ഉണ്ടാകുന്നതെന്നു ഇവര്‍ കരുതുന്നു. അതിനു പ്രതിവിധിയായി ദേവതകള്‍ക്കു വഴിപാടുകള്‍ കഴിക്കുന്നു. എസ്കിമോകളുടെ ഭാഷ ഐകരൂപ്യമുള്ളതാണ്. അമേരിക്കയിലെ പരിഷ്കൃതജനവിഭാഗങ്ങളുമായി ഇടകലര്‍ന്ന് ഇവരില്‍ ഒരു വിഭാഗം പരമ്പരാഗതമായ രീതികള്‍ ഉപേക്ഷിച്ച് ഭരണകാര്യങ്ങളിലും മറ്റു തൊഴിലുകളിലും ഏര്‍പ്പെട്ടിട്ടുണ്ട്. നോ: അമേരിന്ത്യന്‍കല; ഇങ്കാ; എസ്കിമോ; മായന്‍സംസ്കാരം

(ഡോ. പി.കെ.ബി. നായര്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍