This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമേച്വര്‍ ജ്യോതിശ്ശാസ്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അമേച്വര്‍ ജ്യോതിശ്ശാസ്ത്രം

Amateur Astronomy

ഒരു തൊഴില്‍ എന്ന നിലയ്ക്കല്ലാതെ വിനോദത്തിന് വേണ്ടിയോ താത്പര്യം കൊണ്ടോ മാത്രം നടത്തുന്ന ജ്യോതിശ്ശാസ്ത്ര നിരീക്ഷണങ്ങളും പഠനങ്ങളും. 'അയാള്‍ ഇഷ്ടപ്പെടുന്നു' എന്നര്‍ഥമുള്ള അമാത് (Amat) എന്ന ലാറ്റിന്‍ പദത്തില്‍നിന്നാണ് അമേച്വര്‍ എന്നവാക്കിന്റെ നിഷ്പത്തി. ഇതര ജോലികളില്‍ ഏര്‍പ്പെട്ടിരിക്കെത്തന്നെ (അധ്യാപകര്‍, ഡോക്ടര്‍മാര്‍, വക്കീലന്മാര്‍, കലാകാരന്മാര്‍ തുടങ്ങിയവര്‍; രാഷ്ട്രത്തലവന്മാര്‍ വരെയുണ്ട് ഇക്കൂട്ടത്തില്‍) ഒഴിവുസമയങ്ങളില്‍ ജ്യോതിശ്ശാസ്ത്ര നിരീക്ഷണങ്ങളിലും പഠനങ്ങളിലും ഏര്‍പ്പെടുന്നവരാണ് അമേച്വര്‍ ജ്യോതിശ്ശാസ്ത്രജ്ഞര്‍.

ജ്യോതിശ്ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ അമേച്വര്‍ ജ്യോതിശ്ശാസ്ത്രജ്ഞര്‍ വഹിച്ചിട്ടുള്ള പങ്ക് ചെറുതല്ല. ജ്യോതിശ്ശാസ്ത്രത്തെ ജനകീയമാക്കുക വഴി ജ്യോതിശ്ശാസ്ത്രത്തിന്റെയും ശാസ്ത്രീയപ്രപഞ്ചവീക്ഷണത്തിന്റെയും പ്രചാരകരായും ഇവര്‍ വര്‍ത്തിക്കുന്നു. ജ്യോതിശ്ശാസ്ത്രചരിത്രത്തില്‍ പല അമേച്വര്‍ ജ്യോതിശ്ശാസ്ത്രജ്ഞരുടെയും നിരീക്ഷങ്ങളും പഠനങ്ങളും സുപ്രധാനമായ പല കണ്ടുപിടുത്തങ്ങള്‍ക്കും വഴിതെളിച്ചിട്ടുണ്ട്.

മുമ്പും അമേച്വര്‍ ജ്യോതിശ്ശാസ്ത്രജ്ഞര്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു പ്രസ്ഥാനമെന്ന നിലയ്ക്ക് 19-ാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദങ്ങളിലാണ് അമേച്വര്‍ ജ്യോതിശ്ശാസ്ത്രം പിറവികൊണ്ടതെന്നു പറയാം. ലഭ്യമായ പരിമിത ജ്യോതിശ്ശാസ്ത്ര ഉപകരണങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള നിരീക്ഷണരീതിയാണ് ആരംഭത്തില്‍ നിലനിന്നിരുന്നത്. ഇക്കാലത്താണ് ജോണ്‍ ഗൂഡ്റിച്ച് എന്ന ബ്രിട്ടീഷുകാരന്‍ സ്വന്തം വീട്ടില്‍ ടെലിസ്കോപ്പ് സ്ഥാപിച്ച് 4243 ധ്രുവസമീപ നക്ഷത്രങ്ങളുടെ ഒരു പട്ടിക തയ്യാറാക്കിയത്. 1840-കളില്‍ സാമുവല്‍ ഹൈന്റിഷ് ഷ്വാബെ എന്ന അമേച്വര്‍ ജ്യോതിശ്ശാസ്ത്രജ്ഞന്‍ നടത്തിയ ജ്യോതിശ്ശാസ്ത്ര നിരീക്ഷണങ്ങള്‍ സൂര്യനെക്കുറിച്ചുള്ള പില്ക്കാല പഠനങ്ങള്‍ക്ക് ഏറെ സഹായകമായി. ഈ കാലയളവില്‍ വില്ല്യം റൂട്ടര്‍ ഡേവിസ് (1799-1868) നടത്തിയ നിരീക്ഷണങ്ങളും ഏറെ ശ്രദ്ധേയമാണ്. ഇരട്ട നക്ഷത്രങ്ങളെക്കുറിച്ചായിരുന്നു ഇദ്ദേഹത്തിന്റെ പഠനങ്ങളധികവും. ഇത്, നക്ഷത്രപരിണതിയെ സംബന്ധിച്ച കൂടുതല്‍ പഠനങ്ങള്‍ക്ക് വഴിതുറന്നു. അമേച്വര്‍ ജ്യോതിശ്ശാസ്ത്രത്തിന് ഏറ്റവുമധികം സംഭാവനകളര്‍പ്പിച്ചവരില്‍ പ്രമുഖനാണ് ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ജോണ്‍ ഹെര്‍ഷല്‍. 1834 മുതല്‍ 38 വരെ, ദക്ഷിണാഫ്രിക്കയിലെ ഗുഡ്ഹോപ്പ് മുനമ്പില്‍ നിന്നും വാനനിരീക്ഷണം നടത്തിയ ഇദ്ദേഹം ആയിരക്കണക്കിന് നെബുലകളെയും യുഗ്മനക്ഷത്രങ്ങളെയും ഉള്‍പ്പെടുത്തി ഒരു കാറ്റലോഗ് നിര്‍മിച്ചു. ആദ്യകാല അമേച്വര്‍ ജ്യോതിശ്ശാസ്ത്ര ഫോട്ടോഗ്രാഫര്‍മാരില്‍ പ്രമുഖനാണ് വാറന്‍ ഡി ലാ റുയേ. 1860-ലെ സൂര്യഗ്രഹണ സമയത്ത് ഇദ്ദേഹം സൂര്യന്റെ നിരവധി ചിത്രങ്ങള്‍ പകര്‍ത്തുകയുണ്ടായി. വില്യം ലാസ്സല്‍ ആണ് ഈ കാലയളവില്‍ ജീവിച്ചിരുന്ന ശ്രദ്ധേയനായ മറ്റൊരു അമേച്വര്‍ ജ്യോതിശ്ശാസ്ത്രജ്ഞന്‍. ട്രിറ്റോണ്‍, ഏരിയല്‍ എന്നീ ഉപഗ്രഹങ്ങളെ കണ്ടെത്തിയത് ഇദ്ദേഹമാണ്.

1860-1920 കാലഘട്ടത്തെ പൊതുവേ, അമേച്വര്‍ ജ്യോതിശ്ശാസ്ത്രത്തിന്റെ സുവര്‍ണകാലഘട്ടം എന്നാണ് വിശേഷിപ്പിക്കുന്നത്. എഡ് വാര്‍ഡ് ബര്‍ണാര്‍ഡ്, ആര്‍തര്‍ സ്റ്റാന്‍ലി വില്ല്യംസ്, വില്ല്യം ഹഗ്ഗിന്‍സ്, ഹെന്റി ഡ്രേപ്പര്‍ തുടങ്ങിയ പ്രശസ്തരായ ജ്യോതിശ്ശാസ്ത്രജ്ഞരെക്കൊണ്ട് സമ്പന്നമായിരുന്നു ഈ കാലഘട്ടം. എഡ് വാര്‍ഡ് എമേഴ്സണ്‍ ബര്‍ണാര്‍ഡ് തന്റെ നിരീക്ഷണങ്ങള്‍ യുഗ്മനക്ഷത്രങ്ങളിലും ധൂമകേതുക്കളിലും കേന്ദ്രീകരിച്ചപ്പോള്‍ ആര്‍തര്‍ സ്റ്റാന്‍ലി വില്യംസാകട്ടെ തന്റെ നിരീക്ഷണമേഖല ചരനക്ഷത്രങ്ങളില്‍ കേന്ദ്രീകരിച്ചു. നിരവധി ചരനക്ഷത്രങ്ങളെ കണ്ടെത്തിയ വ്യക്തിയാണ് ഇദ്ദേഹം. വ്യാഴത്തിന്റെ അന്തരീക്ഷത്തെ സംബന്ധിച്ചും ഇദ്ദേഹം പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. വില്യം ഹഗ്ഗിന്‍സ് ഇംഗ്ലണ്ടിലെ അറിയപ്പെടുന്ന സില്‍ക്ക് വ്യാപാരിയായിരുന്നു. ഇദ്ദേഹമാണ് വര്‍ണരാജി നിരീക്ഷണങ്ങളെ സംബന്ധിക്കുന്ന അടിസ്ഥാന ധാരണകള്‍ ജ്യോതിശ്ശാസ്ത്രത്തിന് സംഭാവന ചെയ്തത്. നെബുലകളിലേക്കും ഇദ്ദേഹത്തിന്റെ പഠനങ്ങള്‍ വ്യാപിച്ചിട്ടുണ്ട്. നോര്‍മന്‍ ലോക്കിയറാണ് ഇക്കാലത്തെ മറ്റൊരു പ്രമുഖ അമേച്വര്‍ ജ്യോതിശ്ശാസ്ത്രജ്ഞന്‍. നേച്ചര്‍ എന്ന ശാസ്ത്ര മാസികയുടെ സ്ഥാപക പത്രാധിപര്‍ കൂടിയായിരുന്നു ഇദ്ദേഹം.

1920-കള്‍ക്കുശേഷമുള്ള ജ്യോതിശ്ശാസ്ത്രചരിത്രം പരിശോധിക്കുമ്പോള്‍, അതില്‍ അമേച്വര്‍, തൊഴിലധിഷ്ഠിതം (Professional) എന്നിങ്ങനെയുള്ള വേര്‍തിരിവ് പ്രകടമല്ല. ഈ രണ്ടു ധാരകളും ഈ കാലഘട്ടത്തില്‍ ഒത്തുചേരുന്നത് കാണാന്‍ കഴിയും. എങ്കിലും സ്വന്തം നിലയില്‍ ജ്യോതിശ്ശാസ്ത്രത്തിന് മികച്ച സംഭാവനകള്‍ നല്കിയ നിരവധി അമേച്വര്‍ ജ്യോതിശ്ശാസ്ത്രജ്ഞരും ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്നിട്ടുണ്ട്. ഈ കാലഘട്ടത്തിലെ പ്രമുഖ അമേച്വര്‍ ജ്യോതിശ്ശാസ്ത്രജ്ഞര്‍ ഇവരാണ്: ജോര്‍ജ് ആല്‍ക്കോക്ക് (നിരവധി ധൂമകേതുക്കളെയും നവതാരകളെയും നിരീക്ഷണങ്ങളിലൂടെ കണ്ടെത്തി), വില്‍ഹെം (അറിയപ്പെടുന്ന അഭിനേതാവായ ഇദ്ദേഹം ശനിയെക്കുറിച്ച് പഠനങ്ങള്‍ നടത്തി), ഡേവിഡ് എച്ച്. ലെവി (ഷുമേക്കര്‍-ലെവി ധൂമകേതുവിനെ ഷുമേക്കര്‍ക്കൊപ്പം കണ്ടെത്തി), തോമസ് ബോപ്പ് (അലന്‍ ഹെയ്ലിനൊപ്പം, 1997-ല്‍ ഹെയ്ല്‍-ബോപ്പ് എന്ന ധൂമകേതുവിനെ കണ്ടെത്തി), സര്‍ പാട്രിക് മൂര്‍ (ബി.ബി.സി. അവതാരകനായ ഇദ്ദേഹം ജ്യോതിശ്ശാസ്ത്ര സംബന്ധിയായി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്), റോബര്‍ട്ട് ഓവന്‍ ഇവാന്‍സ് (ആസ്റ്റ്രേലിയന്‍ മതകാര്യവകുപ്പ് മന്ത്രിയായ ഇദ്ദേഹം സൂപ്പര്‍നോവകളെ കണ്ടെത്തുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്).

അമേച്വര്‍ ജ്യോതിശ്ശാസ്ത്രജ്ഞര്‍ പൊതുവേ ഖഗോള വസ്തുക്കളെയും പ്രതിഭാസങ്ങളെയുമാണ് നിരീക്ഷിക്കുന്നതും പഠനവിധേയമാക്കുന്നതും. ചന്ദ്രന്‍, ഇതര ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, ധൂമകേതുക്കള്‍, ഉല്ക്കാപതനം തുടങ്ങിയവയെല്ലാം ഇവരുടെ നിരീക്ഷണത്തിനു വിധേയമാകുന്നു. കൂടാതെ നക്ഷത്ര ക്ളസ്റ്ററുകള്‍, ഗാലക്സികള്‍, നെബുലകള്‍ തുടങ്ങിയ വിദൂര ഗഗനവസ്തുക്കളെയും (Deep sky objects) നിരീക്ഷിക്കുന്നവരുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക വസ്തുവിലോ സംഭവത്തിലോ (ഗ്രഹണം പോലുള്ളവ) നിരീക്ഷണം കേന്ദ്രീകരിക്കുന്നതും അസ്വാഭാവികമല്ല. സമ്പൂര്‍ണ സൂര്യഗ്രഹണം നടക്കുമ്പോഴും പുതിയ ധൂമകേതുക്കള്‍ പ്രത്യക്ഷപ്പെടുമ്പോഴും വിവിധസ്ഥാനങ്ങളില്‍ നിന്ന് അവയെ നിരീക്ഷിച്ച് സൂക്ഷ്മ വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ അമേച്വര്‍ ജ്യോതിശ്ശാസ്ത്രജ്ഞര്‍ ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. അമേച്വര്‍ ജ്യോതിശ്ശാസ്ത്ര ഫോട്ടോഗ്രാഫിയാണ് ഇക്കൂട്ടരുടെ മറ്റൊരു താത്പര്യ മേഖല. സി.സി.ഡി. ക്യാമറകള്‍ പോലുള്ള ഉപകരണങ്ങള്‍ സുലഭമായതിനാല്‍ ഈ മേഖല ഇന്ന് ഏറെ ജനകീയവും സജീവവുമാണ്.

ദൃശ്യപ്രകാശത്തിലുള്ള നിരീക്ഷണങ്ങളാണ് പൊതുവേ അമേച്വര്‍ ജ്യോതിശ്ശാസ്ത്രജ്ഞര്‍ നടത്താറുള്ളത്. എന്നാല്‍ റേഡിയോ തരംഗദൈര്‍ഘ്യത്തിലും ചിലര്‍ ഖഗോള വസ്തുക്കളെ നിരീക്ഷിക്കുന്നുണ്ട്. കാള്‍ ജാന്‍സ്കി എന്ന അമേച്വര്‍ ജ്യോതിശ്ശാസ്ത്രജ്ഞനാണ് ഇത്തരമൊരു നിരീക്ഷണത്തിന് തുടക്കം കുറിച്ചത്. റേഡിയോ ദൂരദര്‍ശിനികള്‍ ഉപയോഗിച്ചും സാധാരണ ദൂരദര്‍ശിനികളില്‍ ഇന്‍ഫ്രാറെഡ് ഫില്‍ട്ടറുകള്‍ ഘടിപ്പിച്ചും ദൃശ്യപ്രകാശേതര തരംഗദൈര്‍ഘ്യത്തില്‍ വാനനിരീക്ഷണം സാധ്യമാക്കുന്ന അമേച്വര്‍ ജ്യോതിശ്ശാസ്ത്രജ്ഞരുമുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും, ദൂരദര്‍ശിനിയും ബൈനോക്കുലറുമാണ് അമേച്വര്‍ ജ്യോതിശ്ശാസ്ത്രജ്ഞരുടെ പ്രധാന നിരീക്ഷണോപകരണങ്ങള്‍. ആധുനികകാലത്ത് അസ്ട്രോണമിക്കല്‍ സോഫ്റ്റ്വെയറുകള്‍ അമേച്വര്‍ ജ്യോതിശ്ശാസ്ത്രജ്ഞര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നുണ്ട്. സ്വതന്ത്രസോഫ്റ്റ് വയറിന്റെ ആവിര്‍ഭാവത്തോടെ, കംപ്യൂട്ടര്‍ സോഫ്റ്റ് വയറുകളുടെ സഹായത്തോടെയുള്ള വാനനിരീക്ഷണവും സ്റ്റാര്‍ ഹോപ്പിങ്ങും കൂടുതല്‍ ജനകീയമായിക്കഴിഞ്ഞു.

സംഘടനകള്‍

അമേച്വര്‍ ജ്യോതിശ്ശാസ്ത്ര നിരീക്ഷണങ്ങളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി അമേച്വര്‍ ജ്യോതിശ്ശാസ്ത്രസംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1890-ല്‍ രൂപീകൃതമായ ബ്രിട്ടീഷ് അസ്ട്രോണമിക്കല്‍ അസോസിയേഷന്‍ ആണ് അറിയപ്പെടുന്ന ആദ്യത്തെ അമേച്വര്‍ ജ്യോതിശ്ശാസ്ത്രസംഘടന. അസ്ട്രോണമിക്കല്‍ ലീഗ് (1946) ആണ് ഏറ്റവും വലിയ അമേച്വര്‍ ജ്യോതിശ്ശാസ്ത്ര സംഘടന. അമേരിക്കന്‍ അസോസിയേഷന്‍ ഒഫ് വേരിയബിള്‍ സ്റ്റാര്‍ ഒബ്സര്‍വേഴ്സ്, അസോസിയേഷന്‍ ഒഫ് ലൂനാര്‍ ആന്‍ഡ് പ്ളാനറ്ററി ഒബ്സര്‍വേഴ്സ്, സൊസൈറ്റി ഫോര്‍ പോപ്പുലര്‍ അസ്ട്രോണമി (ബ്രിട്ടണ്‍), റോയല്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റി ഒഫ് കാനഡ തുടങ്ങിയവയാണ് ഇതര പ്രമുഖ അന്തര്‍ദേശീയ അമേച്വര്‍ ജ്യോതിശ്ശാസ്ത്ര സംഘടനകള്‍.

ഇന്ത്യയില്‍ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും അമേച്വര്‍ ജ്യോതിശ്ശാസ്ത്ര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോണ്‍ഫെഡറേഷന്‍ ഒഫ് ഇന്‍ഡ്യന്‍ അമേച്വര്‍ അസ്ട്രോണമേഴ്സ് അസോസിയേഷന്‍, ഖഗോള്‍വിശ്വ എന്നിവ ഇതില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. കേരളത്തില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന അമേച്വര്‍ ജ്യോതിശ്ശാസ്ത്ര സംഘടനയാണ് മാസ്(Malappuram Amateur Astronomers Society,MAAS). മലപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംഘടന 2005-ലാണ് രൂപീകൃതമായത്. തിരുവനന്തപുരം ശാസ്ത്രസാങ്കേതിക മ്യൂസിയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അമേച്വര്‍ അസ്ട്രോണമേഴ്സ് ഓര്‍ഗനൈസേഷന്‍ ഒഫ് കേരള. കോഴിക്കോട് ശാസ്ത്രകേന്ദ്രവുമായി ബന്ധപ്പെട്ടും അമേച്വര്‍ ജ്യോതിശ്ശാസ്ത്ര സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍