This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമൃതബസാര്‍പത്രിക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അമൃതബസാര്‍പത്രിക

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ ധീരമായി പിന്തുണയ്ക്കുകയും, സ്വാതന്ത്ര്യാനന്തര വികസനപ്രവര്‍ത്തനങ്ങളെ ക്രിയാത്മകമായി സഹായിക്കുകയും ചെയ്ത പ്രമുഖദേശീയ ദിനപത്രം. ഉത്തരപൂര്‍വേന്ത്യയിലെ ജനശബ്ദവും, ദേശീയ പത്രരംഗത്തെ സജീവ സാന്നിധ്യവും ആയിരുന്ന ഈ പത്രത്തിന്റെ പ്രസിദ്ധീകരണം നിലച്ചു പോയെങ്കിലും ഒരു നൂറ്റാണ്ടുകാലം നിര്‍ഭയമായും നിഷ്പക്ഷമായും പത്രധര്‍മം നിറവേറ്റി പൂര്‍വ ഇന്ത്യയിലെ ജനങ്ങളുടെ പ്രത്യേകിച്ചും മൂന്ന് നാല് തലമുറകളില്‍പെട്ട ബംഗാളികളുടെ, ചിന്തയെയും ജീവിതവീക്ഷണത്തെയും കലാബോധത്തെയും സ്വാധീനിച്ച ഈ പത്രത്തിന് ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക ചരിത്രത്തില്‍ സുപ്രധാനമായ സ്ഥാനമാണുള്ളത്. 1868-ല്‍ ബംഗാളിവാരികയായി പ്രസിദ്ധീകരിച്ച് തുടങ്ങുകയും, 1888-ല്‍ ഇംഗ്ളീഷ് വാരികയായി രൂപപ്പെടുകയും ചെയ്ത അമൃതബസാര്‍ പത്രിക 1891-ലാണ് ദിനപത്രമായത്. ഘോഷ് സഹോദരന്മാര്‍ എന്ന് അറിയപ്പെട്ട വസന്തകുമാര്‍ ഘോഷ്, ഹേമന്തകുമാര്‍ ഘോഷ്, ശിശിര്‍ഘോഷ്, മോത്തിലാല്‍ ഘോഷ് എന്നിവരാണ് പത്രിക ആരംഭിച്ചതും വളര്‍ത്തിയതും. ഇവരില്‍ വസന്തകുമാര്‍ സ്വന്തം ഗ്രാമമായ അമൃതബസാറില്‍ നിന്ന് അമൃതപ്രഭാമണി എന്ന ദ്വൈവാരിക തുടങ്ങി. ഇദ്ദേഹത്തിന്റെ കാലശേഷം ഹേമന്തകുമാറും, ശിശിര്‍കുമാറും ചേര്‍ന്ന് ഇതിനെ 'അമൃതബസാര്‍ പത്രിക' എന്ന പേരില്‍ വാരികയാക്കി പ്രസിദ്ധീകരിച്ചു. 1871-ല്‍ ഇതിന്റെ പ്രസിദ്ധീകരണം കൊല്‍ക്കത്തയിലേക്ക് മാറ്റി. വിദേശീയാധിപത്യത്തെ നിശിതമായി വിമര്‍ശിക്കുകയും, ദേശീയബോധത്തെ ജ്വലിപ്പിക്കുകയും ചെയ്ത പത്രികയെ നിരോധിക്കാന്‍ അധികാരികള്‍ വെമ്പല്‍കൊണ്ടെങ്കിലും ഇംഗ്ളീഷ് പത്രങ്ങളെ നിരോധിക്കാന്‍ അന്ന് നിയമം ഇല്ലാതിരുന്നതിനാല്‍ അത് നടന്നില്ല. 1891-മുതല്‍ ദേശീയതയുടെ സമര്‍ഥമായ ജിഹ്വയും, നവോത്ഥാനത്തിന്റെ സജീവശബ്ദവും ആയിരുന്നു പത്രിക. സ്വാതന്ത്ര്യലബ്ധിക്കുശേഷവും ഇന്ത്യന്‍ ഭരണാധികാരികളുടെ ഭരണത്തെ വിമര്‍ശനാത്മകമായി വിലയിരുത്തുകയും പദ്ധതി പ്രവര്‍ത്തനങ്ങളെയും, സാമൂഹ്യസാംസ്കാരികമുന്നേറ്റങ്ങളെയും കലവറ കൂടാതെ പിന്തുണയ്ക്കുകയും ചെയ്യുന്നു നയം പത്രിക പിന്തുടര്‍ന്നു. നയരൂപീകരണത്തിലും അഭിപ്രായ പ്രകടനത്തിലും തികച്ചും സ്വതന്ത്രമായ നിലപാട് എല്ലാക്കാലത്തും പത്രിക കൈക്കൊണ്ടു. സാമ്പത്തികവും ഭരണപരവും ആയ പ്രശ്നങ്ങളാല്‍ മുടങ്ങിയും, പിന്നെയും തുടങ്ങിയും കുറെക്കാലം കഴിഞ്ഞ പത്രിക ഒടുവില്‍ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കേണ്ടിവന്നു.

(തോട്ടം രാജശേഖരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍