സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അമീന്‍ 'കാമില്‍' (1924 - )
കശ്മീരി കവി. കശ്മീരി കവിതയെ യാഥാസ്ഥിതിക ചിന്താഗതിയില്‍നിന്നും ആധുനിക സരണിയിലേക്ക് ആനയിക്കുവാന്‍ പ്രയത്നിച്ച പുതിയ തലമുറയിലെ കവികളില്‍ പ്രമുഖനാണ് ഇദ്ദേഹം. 1924 മാ. 8-ന് കശ്മീരിലെ കുല്‍ഗാമില്‍ ജനിച്ചു. 'കാമില്‍' എന്ന തൂലികാനാമത്തിലാണ് കശ്മീരിയില്‍ സാഹിത്യസൃഷ്ടി നടത്തിയത്. ദേശാഭിമാനോജ്ജ്വലമായ നിരവധി കവിതകളും ഗാനങ്ങളും ഈ കവി രചിച്ചിട്ടുണ്ട്. സാമ്പത്തിക സാമൂഹികസമത്വങ്ങള്‍ക്കും വിശ്വശാന്തിക്കുംവേണ്ടി കലാസൃഷ്ടികളിലൂടെ പൊരുതുന്ന പുതിയ കാഴ്ചപ്പാടുള്ള കവിയാണ് അമീന്‍ കാമില്‍. കശ്മീരിയില്‍ ഇംഗ്ളീഷ് രീതിയിലുള്ള ഗീതകങ്ങള്‍ (sonnets) ഒരു പ്രസ്ഥാനമെന്ന നിലയില്‍ വ്യാപകമാക്കിയത് ഇദ്ദേഹമാണ്. കാവ്യനാടകം (opera), ഭാവഗീതം (lyric) തുടങ്ങിയ കവനരൂപങ്ങളും കാശ്മീരിയില്‍ സാര്‍വത്രികമാക്കിത്തീര്‍ക്കാന്‍ ഇദ്ദേഹം ശ്രമിച്ചിട്ടുണ്ട്. 'കാശ്മീരിന്റെ വിപ്ളവകവി' എന്ന അപരനാമം അമീന്‍ കാമിലിന് ഇണങ്ങുമെന്ന് ഗുലാം മൊഹിയുദ്ദീന്‍ ഹജിനി, റഹ്മാന്‍ റാഹി എന്നീ പ്രസിദ്ധ കശ്മീരി നിരൂപകന്‍മാര്‍ അഭിപ്രായപ്പെടുന്നു. ഇദ്ദേഹത്തിന്റെ ലവ് ത് പ്രവ് എന്ന കാവ്യസമാഹാരത്തിന് 1966-ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 2005-ല്‍ പദ്മശ്രീ ബഹുമതിയും ലഭിച്ചു.