This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമിനൊ ഫീനോളുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അമിനൊ ഫീനോളുകള്‍

Amino Phenols

ഫീനോളിന്റെ ബെന്‍സീന്‍ വലയത്തില്‍ ഒരു അമിനൊ ഗ്രൂപ്പ് ചേര്‍ന്നുണ്ടാകുന്ന യൌഗികങ്ങള്‍. സാമാന്യഫോര്‍മുല, NH2C6H4OH അമിനൊ ഗ്രൂപ്പിന്റെയും ഹൈഡ്രോക്സില്‍ ഗ്രൂപ്പിന്റെയും ആപേക്ഷികസ്ഥാനങ്ങള്‍ക്കനുസരിച്ച് ഓര്‍ത്തോ, പാരാ, മെറ്റാ എന്നിങ്ങനെ മൂന്നു അമിനൊ ഫിനോളുകള്‍ ഉണ്ട്.

Image:pF869a.png

സംഗതങ്ങളായ നൈട്രൊ ഫീനോളുകളെ ലോഹവും അമ്ളവും ഉപയോഗിച്ചു അപചയിച്ച് അമിനൊ ഫിനോളുകള്‍ നിര്‍മിക്കാം.

ഓര്‍ത്തോ, പാരാ അമിനൊ ഫീനോളുകള്‍ക്ക് ഫീനോളിനേക്കാള്‍ അമ്ളത കുറവാണ്. തന്മൂലം ഇവ ആല്‍ക്കഹോളുകളുമായി പ്രതിപ്രവര്‍ത്തിച്ച് ഫീനോക്സൈഡുകള്‍ തരുന്നില്ല; നേരേ മറിച്ച് പ്രബല അകാര്‍ബണിക അമ്ളങ്ങളുമായി പ്രതിപ്രവര്‍ത്തിച്ച് ലവണങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നു. ഇവയെ ഓക്സീകരിച്ചാല്‍ ക്വിനോണുകള്‍ ഉണ്ടാകുന്നു. ഈ രണ്ടു അമിനൊ ഫിനോളുകളും പാരാ യൌഗികത്തിന്റെ ചില വ്യുത്പന്നങ്ങളും (ഉദാ. മെറ്റോള്‍, അമിഡോള്‍) ഫോട്ടോഗ്രാഫിയില്‍ ഡവലപ്പറുകളായി ഉപയോഗിക്കപ്പെടുന്നു. ഫോട്ടോഗ്രാഫിക-ഡവലപ്പര്‍ എന്ന നിലയില്‍ പാരാ അമിനൊ ഫിനോളിന് കൂടുതല്‍ പ്രാധാന്യമുണ്ട്. സള്‍ഫ്യൂറിക് അമ്ളം ലായനിയില്‍ നൈട്രോ ബെന്‍സീന്‍ എന്ന പദാര്‍ഥത്തെ വിദ്യുത് അപചയനത്തിനു (electrolytic reduction) വിധേയമാക്കി വന്‍തോതില്‍ ഇത് ഉത്പാദിപ്പിക്കാം. ദ്ര. അ. 186°C. ഇതിന് ഉദാസീനമോ ബേസികമോ ആയ ലായനിയില്‍ വായുസമ്പര്‍ക്കംകൊണ്ട് നിറമുണ്ടാകുന്നതുകൊണ്ടാണ് ഫോട്ടോഗ്രാഫിക-ഡെവലപ്പറായി പ്രയോജനപ്പെടുന്നത്. വര്‍ണഛായവ്യവസായത്തില്‍ ഇത് ഒരു മധ്യയൌഗികം (intermediate compound) ആണ്. ജ്വരഹരവും വേദനയില്ലാതാക്കുന്നതുമായ ഫിനസറ്റിന്‍ എന്ന ഔഷധത്തിന്റെ നിര്‍മാണത്തിലും ഇതു ഒരു മധ്യയൌഗികമാണ്.

റിസോര്‍സിനോള്‍ എന്ന യൌഗികത്തെ അമോണിയയും അമോണിയം ക്ളോറൈഡും ചേര്‍ത്തു ഉച്ചമര്‍ദത്തില്‍ 200°C-ല്‍ തപിപ്പിച്ചാല്‍ മെറ്റാ അമിനൊ ഫിനോള്‍ ലഭ്യമാകുന്നു. ഈ നിര്‍മാണരീതി മെറ്റാ രൂപത്തിനു മാത്രമേ തൃപ്തികരമാംവണ്ണം പ്രയോഗക്ഷമമായിത്തീരുന്നുള്ളു.

Image:p869b.png

ഈ യൌഗികത്തെ എളുപ്പത്തില്‍ ഓക്സീകരിക്കുവാന്‍ സാധിക്കാത്തതിനാല്‍ ഇതില്‍നിന്ന് ക്വിനോണ്‍ ലഭിക്കുകയില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍