This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമാല്‍ത്തിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അമാല്‍ത്തിയ

Amalthea

വ്യാഴത്തിന്റെ അറിയപ്പെടുന്ന മൂന്നാമത്തെ ഉപഗ്രഹം. 1892-ല്‍ ഇ. ബര്‍ണാര്‍ഡ് എന്ന ജ്യോതിശ്ശാസ്ത്രജ്ഞനാണ് അമാല്‍ത്തിയയെ കണ്ടെത്തിയത്. നിയതമായ ആകൃതിയില്ലാത്ത ഈ ഉപഗ്രഹത്തിന്റെ വലുപ്പം 270 x 170 x150 കിലോമീറ്റര്‍ ആണ്; വ്യാഴത്തില്‍ നിന്നുള്ള ദൂരം 1,81,300 കിലോമീറ്ററും. വ്യാഴത്തിന്റെ ഉപഗ്രഹങ്ങളില്‍ വലുപ്പത്തില്‍ അഞ്ചാംസ്ഥാനത്തു നില്‍ക്കുന്ന ഈ ഉപഗ്രഹത്തിന് ഒയ്റോപ്പയുടെ ഏകദേശം അഞ്ചില്‍ ഒന്ന് വലുപ്പമുണ്ട്. ചുവന്നിരുണ്ട ഈ ഉപഗ്രഹത്തില്‍ ധാരാളം ഗര്‍ത്തങ്ങളും കാണപ്പെടുന്നു. ഏറെക്കുറെ വൃത്താകൃതിയിലുള്ള പഥത്തിലൂടെ ഇത് വ്യാഴത്തെ പരിക്രമണം ചെയ്യുന്നു. ഭാരം 7.1x1018 കിലോഗ്രാം; ശാരാശരി പരിക്രമണകാലം: 11 മണിക്കൂര്‍ 57 മിനിട്ട്; ശരാശരി പരിക്രമണവേഗത: 26.57 കിലോമീറ്റര്‍/സെക്കണ്ട് ഫോട്ടോഗ്രാഫിയുടെ സഹായമില്ലാതെ ഏറ്റവും ഒടുവില്‍ ദൂരദര്‍ശിനിയിലൂടെ നേരിട്ട് കണ്ടെത്തിയ ഉപഗ്രഹം കൂടിയാണ് അമാല്‍ത്തിയ. മുഖ്യാക്ഷം എപ്പോഴും മാതൃഗ്രഹത്തിനു നേരെ നില്‍ക്കുന്ന ഈ ഉപഗ്രഹം പരിക്രമണത്തിനും സ്വയംഭ്രമണത്തിനും ഒരേ കാലമാണ് എടുക്കുന്നത്.

സൗരയൂഥത്തിലെ ഏറ്റവും ചുവപ്പേറിയ ഖഗോളീയ വസ്തുവാണ് അമാല്‍ത്തിയ. അയോയില്‍ നിന്നും ബഹിര്‍ഗമിക്കുന്ന സള്‍ഫര്‍ ധൂമമാണ് അമാല്‍ത്തിയയ്ക്ക് ചുവപ്പു നിറം നല്‍കുന്നത്. ദൃഢമായൊരു ഖരവസ്തുവാണ് അമാല്‍ത്തിയ. ഇതിന്റെ ഘടന പക്ഷേ കുള്ളന്‍ ഗ്രഹങ്ങളുടേതിനോട് സമാനമാണ്. അയോയെ പോലെ ഇതും സൂര്യനില്‍ നിന്നും ആഗിരണം ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ താപോര്‍ജം ഉത്സര്‍ജിക്കുന്നു. വ്യാഴത്തിന്റെ കാന്തികമണ്ഡലം സൃഷ്ടിക്കുന്ന വൈദ്യുത പ്രവാഹമാണ് ഇതിന് കാരണം.

1979-80 കാലഘട്ടത്തിലെ വൊയേജര്‍ക, വൊയേജര്‍-കക ബഹിരാകാശ ദൗത്യങ്ങള്‍ ആദ്യമായി അമാല്‍ത്തിയയുടെ ചിത്രങ്ങള്‍ പകര്‍ത്തി. അതോടെ ഈ ഉപഗ്രഹത്തിന്റെ ഉപരിതല സവിശേഷതകളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞു. ദൃശ്യ, ഇന്‍ഫ്രാറെഡ് വര്‍ണരാജികളെയും വൊയേജര്‍ ദൗത്യത്തിലൂടെ അളക്കാനായി. ഉപരിതല താപനില കണക്കാക്കാന്‍ കഴിഞ്ഞതായിരുന്നു വൊയേജര്‍ ദൗത്യത്തിന്റെ മറ്റൊരു നേട്ടം. തുടര്‍ന്ന് ഗലീലിയോ ഓര്‍ബിറ്റര്‍ അമാല്‍ത്തിയയുടെ ഉപരിതല ചിത്രീകരണം പൂര്‍ത്തിയാക്കി. ഉപഗ്രഹത്തിന്റെ ആന്തരിക ഘടന, രാസ സംഘടനം എന്നിവയെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി. 2006-ലെ ന്യൂ ഹൊറൈസണ്‍ ബഹിരാകാശ പേടകമാണ് അവസാനമായി അമാല്‍ത്തിയയെക്കുറിച്ച് പഠനം നടത്തിയത്. നോ: ഉപഗ്രഹങ്ങള്‍, വ്യാഴം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍