This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമര്‍സിങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അമര്‍സിങ് (ഭ.കാ. 1597 - 1620)

രജപുത്രരാജ്യമായിരുന്ന മേവാഡിലെ (മേവാര്‍) രാജാവ്. റാണാ ഉദയസിംഹന്റെ പുത്രനായ പ്രതാപസിംഹന്‍ (1572-97) നിര്യാതനായപ്പോള്‍, കനിഷ്ഠപുത്രനായ അമര്‍സിങ് (അമരസിംഹന്‍) 1597 ജനു. 19-ന് മേവാഡിലെ ഭരണാധികാരിയായി. മുഗള്‍ ഭരണാധികാരികളുമായി നടന്ന യുദ്ധങ്ങള്‍മൂലം മേവാഡിന്റെ സാമ്പത്തികനില തകര്‍ന്നിരുന്നു. അമര്‍സിങ് മേവാഡിലെ ജനങ്ങളുടെ നില മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളില്‍ വ്യാപൃതനായി. 1600 മുതല്‍ 1614 വരെയുള്ള കാലഘട്ടത്തില്‍ പല മുഗള്‍ രാജകുമാരന്‍മാരും സൈന്യാധിപന്മാരും മേവാഡ് കീഴടക്കാന്‍ ശ്രമിച്ചിരുന്നു. സലിം രാജകുമാരന്‍, പര്‍വിസ് രാജകുമാരന്‍, ഖുസ്രോ രാജകുമാരന്‍, ആസഫ്ഖാന്‍ (1606-08), മഹാബത്ഖാന്‍ (1608-09), അബ്ദുല്ലാഖാന്‍ (1609-11), രാജാ ബാസു (1611), ജഗന്നാഥ്, മധോസിങ്, സാദിഖ്ഖാന്‍, ഹാഷിംഖാന്‍, ഇസ്ലാംഖുലി, ഷേര്‍ബേഗ്, അസീസ്കോക്ക, മിര്‍സാഖാന്‍ എന്നിവര്‍ അക്കൂട്ടത്തില്‍പെടുന്നു.

ഖുറം രാജകുമാരന്റെ (ഷാജഹാന്‍) നേതൃത്വത്തിലുള്ള മുഗള്‍സേന മേവാഡിനെ പൂര്‍ണമായി കീഴടക്കാനുള്ള എല്ലാ യത്നങ്ങളും നടത്തി. ജനങ്ങളനുഭവിച്ച ദുരിതങ്ങളും അമര്‍സിങ്ങിന്റെ പുത്രനായ കര്‍ണാസിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രഭുക്കന്‍മാരുടെ നിര്‍ബന്ധവും, അമര്‍സിങ്ങും മുഗള്‍ ഭരണാധികാരികളും തമ്മില്‍ സന്ധിക്ക് വഴിതെളിച്ചു. 1615 ഫെ. 5-ലെ സന്ധിയോടെ, ഒരു ശതാബ്ദത്തോളം നീണ്ടുനിന്ന മുഗള്‍-മേവാഡ് യുദ്ധങ്ങള്‍ അവസാനിച്ചു. ഖുറം രാജകുമാരന്‍ അമര്‍സിങ്ങിനെ രാജകീയാഡംബരങ്ങളോടെ സ്വീകരിക്കുകയും അദ്ദേഹത്തിനു നഷ്ടപ്പെട്ട ഭൂവിഭാഗങ്ങള്‍ തിരിച്ചുകൊടുക്കുകയും ചെയ്തു. ചിത്തോര്‍കോട്ട (ചിറ്റൂര്‍), പുതുക്കി പണിയുകയോ പുനര്‍നിര്‍മാണം ചെയ്യുകയോ അരുതെന്ന വ്യവസ്ഥയില്‍ തിരിച്ചുകൊടുത്തു. അംബര്‍, ജോദ്പൂര്‍, ബിക്കാനീര്‍, ജയ്സാല്‍മര്‍ തുടങ്ങിയ കീഴടക്കപ്പെട്ട രാജ്യങ്ങളിലെ ഭരണാധിപന്‍മാര്‍ക്ക് നല്കാതിരുന്ന പല ആനുകൂല്യങ്ങളും ജഹാംഗീര്‍ ചക്രവര്‍ത്തി അമര്‍സിങ്ങിനു നല്കുകയുണ്ടായി. അമര്‍സിങ്ങിന്റേയും അദ്ദേഹത്തിന്റെ പുത്രനായ കര്‍ണാസിങ്ങിന്റേയും പൂര്‍ണകായപ്രതിമകള്‍ മാര്‍ബിളില്‍ നിര്‍മിച്ച് ആഗ്രയിലെ ഉദ്യാനത്തില്‍ സ്ഥാപിക്കാന്‍ ജഹാംഗീര്‍ അവിടേക്കയച്ചു. മുഗള്‍ ഭരണാധികാരികള്‍ക്ക് അമര്‍സിങ് കീഴടങ്ങിയത് ചരിത്രകാരന്‍മാരുടെ വിമര്‍ശനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്.

അമര്‍സിങ് തന്റെ ജീവിതത്തിന്റെ അവസാനകാലം ആഡംബരങ്ങളിലും സുഖലോലുപതയിലും മുഴുകി. അമര്‍സിങ്ങിന്റെ ആസ്ഥാനകവിയും അമര്‍സര്‍ (Amarsar) എന്ന കൃതിയുടെ കര്‍ത്താവുമായ ജീവധര്‍ ഇത് പരാമര്‍ശിച്ചിട്ടുണ്ട്. മേവാഡില്‍ ഭരണപരിഷ്കാരങ്ങളും സാമ്പത്തികോന്നമന നടപടികളും കലാസാഹിത്യാദികള്‍ക്ക് പ്രോത്സാഹനവും നല്കിയതിനാല്‍ അമര്‍സിങ് മേവാഡ് ചരിത്രത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നു. ഉദയ്‍പൂരില്‍ ഇദ്ദേഹം നിര്‍മിച്ച കോട്ട (അമര്‍-മഹല്‍) ഇതിന് സാക്ഷ്യം വഹിക്കുന്നു. അമര്‍സിങ് 1620 ജനു. 26-ന് അന്തരിച്ചു. നോ: മേവാഡ്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍