This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അമര
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അമര
Indian Butter Bean
ഫാബേസീ (Fabaceae) സസ്യകുടുംബത്തിലെ പയറുവര്‍ഗം. ശാസ്ത്രനാമം: ഡോളിക്കോസ് ലാബ്‍ലാബ് (Dolichos lablab) ഇത് ചിരസ്ഥായിയായി വളരുമെങ്കിലും വാര്‍ഷികവിളയായാണ് കൃഷി ചെയ്യാറുള്ളത്. വള്ളി വീശിപ്പടരുന്ന ഇതിന്റെ തണ്ട് ഉരുണ്ടതും ഇലകള്‍ മൂന്നു പത്രങ്ങള്‍ വീതം അടങ്ങിയതുമാണ്. പൂങ്കുലകള്‍ ഇലകളുടെ കക്ഷങ്ങളിലായാണ് കാണപ്പെടുന്നത്. പൂക്കള്‍ വെളുത്തതോ പാടലവര്‍ണത്തോടുകൂടിയതോ ആണ്. പരന്ന കായ്കള്‍ക്ക് 6-10 സെ.മീ. നീളം വരും. തോടിനുള്ളില്‍ 4-6 വിത്തുകള്‍ കാണാം. കായുടെ പാര്‍ശ്വഭാഗങ്ങളിലുള്ള നിരവധി ഗ്രന്ഥികളില്‍നിന്നും ദുര്‍ഗന്ധമുള്ള ഒരുതരം എണ്ണ ഊറിവരുന്നു. അമരയില്‍ സ്വയം പരാഗണമാണ് കാണുന്നത്.
സമുദ്രനിരപ്പില്‍നിന്നും 1,800 മീ. വരെ ഉയരമുള്ള സ്ഥലങ്ങളില്‍ അമരക്കൃഷി ചെയ്യാവുന്നതാണ്. അമരക്കായ് മാംസ്യ പ്രധാനമായ ഒരു ഭക്ഷ്യവസ്തുവാണ്. ഇലകളും ചില്ലകളും കാലിത്തീറ്റയായി ഉപയോഗിക്കാം. അമരപ്പരിപ്പില്‍ താഴെ പറയുന്ന ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു.
അമരയുടെ വേരുകള്‍ നല്ല വ്യാപ്തിയില്‍ വളരുന്നതും മൂലാര്‍ബുദങ്ങള്‍ (root nodules) നിറഞ്ഞതുമാണ്. മൂലാര്‍ബുദങ്ങളില്‍ കാണുന്ന റൈസോബിയം (rhizobium) ബാക്ടീരിയകള്‍ക്ക് അന്തരീക്ഷവായുവിലെ നൈട്രജന്‍ വലിച്ചെടുത്ത് സംഭരിക്കുവാന്‍ കഴിവുള്ളതിനാല്‍ അമരക്കൃഷി മണ്ണിനെ ഫലഭൂയിഷ്ഠമാക്കാന്‍ ഉപകരിക്കുന്നു.
ഉഷ്ണമേഖലാപ്രദേശങ്ങളിലെ ഒരു പ്രധാന പയറുവിളയായ അമരയുടെ ഉദ്ഭവം ഇന്ത്യയിലാണെന്നും ആഫ്രിക്കയിലാണെന്നും രണ്ട് അഭിപ്രായഗതികളുണ്ട്.
(ഡോ. കെ.എം. നാരായണന്‍ നമ്പൂതിരി)