This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഭ്യുത്ഥാനം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അഭ്യുത്ഥാനം
ഇരിപ്പിടത്തില്‍നിന്നും ആദരപൂര്‍വം എഴുന്നേല്ക്കല്‍. തന്നെക്കാള്‍ പ്രായം കൂടിയ ആള്‍ വരുമ്പോള്‍ ഒരുവന്റെ പ്രാണങ്ങള്‍ തന്നെ അഭ്യുത്ഥാനം ചെയ്യുന്നു എന്ന അര്‍ഥത്തില്‍ 'അഭ്യുത്തിഷ്ഠന്തി വൈപ്രാണായൂനഃ സ്ഥവിര ആഗതേ' എന്നിങ്ങനെ ഒരു ശ്രുതിവാക്യം തന്നെയുണ്ട്. ഗുരു, പിതാവ്, അതിഥി മുതലായ മാനനീയരായ വ്യക്തികള്‍ വരുമ്പോള്‍ അവരെ അഭിവീക്ഷിച്ചുകൊണ്ട് സ്വസ്ഥാനത്തുനിന്നും എഴുന്നേല്ക്കുക എന്നുള്ള ആചാരം ഇന്നും നടപ്പിലുള്ളതാണ്.
വിശ്വജിത്തുക്കള്‍ നടത്തിയിരുന്ന ഒരു യാഗത്തില്‍ ദക്ഷപ്രജാപതി വന്നപ്പോള്‍ ശിവനൊഴിച്ചു ബാക്കി എല്ലാവരും എഴുന്നേറ്റു എന്നും തന്റെ ശ്വശുരസ്ഥാനത്തെ അപമാനിച്ചതായി കരുതി, അപ്പോള്‍ ദക്ഷന്‍ ശിവനോടു കോപിച്ചു എന്നും പുരാണങ്ങളില്‍ പറയുന്നുണ്ട്. വാസ്തവത്തില്‍ ശിവന്‍ എഴുന്നേല്ക്കാത്തത്, സര്‍വേശ്വരനായ തന്നാല്‍ ദക്ഷന്‍ അനുഗ്രാഹ്യനാകയാല്‍ താന്‍ അഭ്യുത്ഥാനം ചെയ്യുന്നതു ദക്ഷനു ശ്രേയസ്കരമല്ലെന്നറിഞ്ഞുകൊണ്ടായിരുന്നു. ദക്ഷന് അക്കാര്യം മനസ്സിലായില്ലെന്നേയുള്ളു. കുറഞ്ഞവനെ കണ്ടു കൂടിയവന്‍ എഴുന്നേല്ക്കുന്നതു യുക്തമല്ല എന്നാണ് ഇതിന്റെ സാരം. പാണ്ഡവരുടെ ദൂതനായി ഹസ്തിനപുരത്തിലെത്തിയ കൃഷ്ണന്‍ സഭയില്‍ പ്രവേശിക്കുമ്പോള്‍ ആരും എഴുന്നേറ്റുപോകരുതെന്നുള്ള ദുര്യോധനന്റെ നിര്‍ദേശവും ശ്രീകൃഷ്ണന്‍ എത്തിയപ്പോള്‍ എല്ലാവരും അറിയാതെ തന്നെ ചെയ്തുപോയ അഭ്യുത്ഥാനവും മഹാഭാരതത്തില്‍ വര്‍ണിക്കപ്പെട്ടിട്ടുണ്ട്. ഇന്ദ്രദ്യുമ്നന്‍ എന്ന പാണ്ഡ്യരാജാവ് മലയപര്‍വതത്തില്‍ തപസ്സു ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഗുരുവായ അഗസ്ത്യന്‍ വന്നത് അറിയാഞ്ഞതുകൊണ്ട് എഴുന്നേറ്റില്ലെന്നും 'ഗജത്വം ഭവിക്കട്ടെ' എന്ന ശാപത്തിനു വിധേയനായി എന്നും ഗജേന്ദ്രമോക്ഷം കഥയില്‍ പ്രസ്താവിക്കപ്പെട്ടിരിക്കുന്നു.
(എം.എച്ച്. ശാസ്ത്രികള്‍)