This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഭിമന്യു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഭിമന്യു

മഹാഭാരതത്തിലെ നിസ്തുല പരാക്രമിയായ ഒരു യുവയോദ്ധാവ്. മധ്യമപാണ്ഡവനായ അര്‍ജുനന് കൃഷ്ണസഹോദരിയായ സുഭദ്രയില്‍ ജനിച്ച അഭിമന്യു സോമപുത്രനായ വര്‍ച്ചസിന്റെ അവതാരമാണ്. പാണ്ഡവന്‍മാരുടെ വനവാസാരംഭത്തില്‍ അഭിമന്യുവും മാതാവും ദ്വാരകയിലേക്ക് ആനയിക്കപ്പെട്ടു. ബലഭദ്രന്‍ അഭിമന്യുവിന് രക്ഷയും ശിക്ഷണവും നല്കി. വീണ്ടും അഭിമന്യു പാണ്ഡവന്‍മാരുടെ അടുത്തെത്തുന്നത് അവര്‍ വനവാസം കഴിഞ്ഞ് ഉപപ്ളാവ്യത്തില്‍ താമസിക്കുമ്പോഴാണ്. അവിടെവച്ച് വിരാടരാജപുത്രിയായ ഉത്തരയെ അഭിമന്യു വിവാഹം കഴിച്ചു. ഭാരതയുദ്ധത്തില്‍, 13-ാം ദിവസംവരെ, ഓരോ ദിവസവും വീരോചിതമായും ധിരോദാത്തമായും പോരാടി. ഒന്നാം ദിവസം യുധിഷ്ഠിരന്റെ പ്രഥമ സേനാവിഭാഗത്തിലും രണ്ടാംദിവസം ധൃഷ്ടദ്യുമ്നന്റെ ക്രൌഞ്ചവ്യൂഹത്തിലും, മൂന്നാംദിവസം അര്‍ജുനന്റെ അര്‍ധചന്ദ്രവ്യൂഹത്തിലും, എട്ടാം ദിവസം ധൃഷ്ടദ്യുമ്നന്റെ ശൃംഗാടക വ്യൂഹത്തിലും നിയുക്തനായിരുന്നു. ബൃഹദ്ബലന്‍, ഭഗദത്തന്‍, വികര്‍ണന്‍, സുദക്ഷിണന്‍, ചിത്രസേനന്‍, ദുര്‍മര്‍ഷണന്‍, ലക്ഷ്മണന്‍, അലംബുഷന്‍ തുടങ്ങിയ വീരന്‍മാരോടു മാത്രമല്ല ഭീഷ്മദ്രോണശല്യാദി മഹാരഥന്‍മാരോടും ഏറ്റുമുട്ടി തന്റെ അന്യാദൃശമായ സമരചാതുര്യം മേല്‍ക്കു മേല്‍ തെളിയിച്ചു. 13-ാം ദിവസത്തെ യുദ്ധത്തില്‍ ദ്രോണരുടെ ചക്രവ്യൂഹം ഭേദിക്കാന്‍ നിയുക്തനായ അഭിമന്യു സാഹസികമായി വ്യൂഹം ഭേദിച്ച് അകത്തു കടന്നു. പാണ്ഡവപക്ഷത്തെ ഭീമാദികളായ മഹായോദ്ധാക്കളില്‍ ആര്‍ക്കുംതന്നെ പിന്നാലെ വ്യൂഹത്തില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. അഭിമന്യുവിനു ചക്രവ്യൂഹത്തില്‍നിന്നും വെളിയില്‍ ചാടി രക്ഷപ്പെടാനുള്ള ഉപായം നിശ്ചയമുണ്ടായിരുന്നില്ല. യുദ്ധധര്‍മത്തിനു വിരുദ്ധമായി ദ്രോണര്‍, അശ്വത്ഥാമാവ്, കൃപര്‍, കര്‍ണന്‍, കൃതവര്‍മാവ്, ബൃഹദ്ബലന്‍ തുടങ്ങി നിരവധി പ്രൌഢയോദ്ധാക്കള്‍ യോജിച്ച് ആ വീരകുമാരനെ വളഞ്ഞ് യുദ്ധം ചെയ്തു. നഷ്ടായുധനായിത്തീര്‍ന്ന കുമാരന്‍ കൈയില്‍ക്കിട്ടിയതൊക്കെ എടുത്ത് ശത്രുക്കളുടെമേല്‍ പ്രയോഗിച്ചു. ഒടുവില്‍ ദൌശ്ശാസനിയോടു നേരിട്ടു നടത്തിയ മുഷ്ടിയുദ്ധത്തില്‍ ക്ഷീണിച്ചു നിലത്തുവീണു. ആ തക്കം നോക്കി ദൌശ്ശാസനി ഗദകൊണ്ടടിച്ച അടി തലയ്ക്കേറ്റ് നഷ്ടപ്രാണനായി. പുത്രന്റെ മരണവൃത്താന്തം കേട്ട് തപ്തനും ക്രുദ്ധനുമായിത്തീര്‍ന്ന അര്‍ജുനന്‍ അഭിമന്യുവിനെ ചതിച്ച് നിരായുധനാക്കിയതില്‍ പ്രധാന പങ്കുവഹിച്ച ജയദ്രഥനെ പിറ്റേന്നു സൂര്യന്‍ അസ്തമിക്കുന്നതിനുമുമ്പു വധിക്കുന്നുണ്ടെന്നു ചെയ്ത ശപഥവും അതിന്റെ സംഭ്രാമകമായ നിര്‍വഹണവും മഹാഭാരതത്തിലെ അത്യന്തം ഉദ്വേഗജനകങ്ങളായ സംഭവങ്ങളാണ്.

അഭിമന്യുവിനു ചക്രവ്യൂഹത്തില്‍നിന്നും പുറത്തുകടക്കാനാവാതെപോയതിന് ഒരു കാരണം പറഞ്ഞുകാണുന്നുണ്ട്: പ്രസവം അടുത്തിരിക്കെ ഒരുദിവസം സുഭദ്രയ്ക്ക് ചക്രവ്യൂഹഭേദനത്തിന്റെ ഉപായം ശ്രീകൃഷ്ണന്‍ ഉപദേശിക്കുകയായിരുന്നു. ഇടയ്ക്ക് സുഭദ്ര ഉറങ്ങിപ്പോയി; എങ്കിലും കൃഷ്ണന്റെ ഓരോ വാക്യത്തിന്റേയും അവസാനത്തില്‍ ശ്രോതാവിന്റെ 'ഉം' എന്ന മൂളല്‍ തുടര്‍ന്നു കേള്‍ക്കായി. അതിന്റെ കര്‍ത്താവ് ഗര്‍ഭസ്ഥശിശുവാണെന്ന് കൃഷ്ണനു മനസ്സിലായി. തുടര്‍ന്നു പറയേണ്ട ചക്രവ്യൂഹനിഷ്ക്രമണോപായം പറഞ്ഞില്ല. അതുകൊണ്ടാണ് ദ്രോണരുടെ ചക്രവ്യൂഹത്തില്‍നിന്ന് അഭിമന്യുവിനു രക്ഷപെടാന്‍ കഴിയാഞ്ഞത്. ഷോഡശവയസ്കനായ ഈ പാണ്ഡവകുമാരന്‍ മരിക്കുമ്പോള്‍, ഉത്തര ഗര്‍ഭിണിയായിരുന്നു. അവര്‍ പ്രസവിച്ച പരീക്ഷിത്താണ് പാണ്ഡവവംശം കുറ്റിയറ്റുപോകാതെ നിലനിര്‍ത്തിയത്. അര്‍ജുനീ, സൌഭദ്രന്‍, കാര്‍ഷ്ണി, ഫാല്‍ഗുനി എന്നീ പര്യായങ്ങള്‍ അഭിമന്യുവിന് ലഭിച്ചത് ഗുരുക്കളുടെ പേരുകളില്‍ നിന്നാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍