This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഭിധര്‍മപിടകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഭിധര്‍മപിടകം

ബൌദ്ധദര്‍ശനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ത്രിപിടകങ്ങളില്‍ അവസാനത്തേത്. മറ്റു രണ്ടെണ്ണം സൂത്രപിടകവും വിനയപിടകവും ആണ്. കാശ്യപന്‍ എന്ന ബൌദ്ധപണ്ഡിതനാണ് അഭിധര്‍മപിടകത്തിന്റെ സമാഹര്‍ത്താവ് എന്നു വിശ്വസിക്കപ്പെടുന്നു. സൂത്രപിടകം (സുത്തപിടകം) ആനന്ദനും വിനയപിടകം ഉപാലിനിയും അഭിധര്‍മപിടകം കാശ്യപനും രചിച്ചുവെന്ന് ഹ്യൂന്‍സാങ് എന്ന ചൈനീസ് ബുദ്ധമതപണ്ഡിതന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബുദ്ധന്റെ കാലശേഷം ഇദ്ദേഹത്തിന്റെ അനുയായികള്‍ ധര്‍മപദം, സുത്തനിപാദം എന്നീ ഗ്രന്ഥങ്ങളുടെ പ്രത്യേകം പ്രത്യേകം സമാഹാരം തയ്യാറാക്കുകയുണ്ടായി. ഇവയെ പാലിഭാഷയില്‍ 'അഭിധര്‍മം' എന്നു പറഞ്ഞുപോരുന്നു. അഭിധര്‍മത്തിന് പരമമായ ആധ്യാത്മിക ധര്‍മമെന്നും പിടകത്തിന് പേടകം (പെട്ടി) എന്നും അര്‍ഥം. ധര്‍മസംഗണി, തുടങ്ങിയ ബൌദ്ധസിദ്ധാന്തപരങ്ങളായ പല ഗ്രന്ഥങ്ങളും ഈ 'പിടകങ്ങ'ളില്‍ സമാഹൃതമായിട്ടുണ്ട്. ഇവയില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഏഴു ഗ്രന്ഥങ്ങള്‍ ധര്‍മസംഗണി, വിഭംഗം, ധാതുകഥ, പുഗ്ഗളപഞ്ചത്തി, കഥാവത്ഥു, യമകം, പത്ഥനി എന്നിവയാണ്. ഈ ഏഴു ഗ്രന്ഥങ്ങളുടെയും പ്രതിപാദ്യം മനോവൈജ്ഞാനിക സിദ്ധാന്തങ്ങളുടെ വിശകലനാത്മകമായ ചര്‍ച്ചയാണ്. സുത്തപിടകത്തില്‍ പ്രതിപാദിച്ചിട്ടുള്ള വിഷയങ്ങളുടെ പുനരവലോകനമാണ് അഭിധര്‍മപിടകത്തില്‍ കാണുന്നത്. അഭിധര്‍മങ്ങളുടെ മൂലഭൂതവും സമ്പൂര്‍ണവുമായ സിദ്ധാന്തങ്ങളുടെ ആകരമാണ് ധര്‍മസംഗണി. മറ്റ് ആറു ഗ്രന്ഥങ്ങളിലും വിഭിന്ന ശൈലികളുടെ മാധ്യമത്തിലൂടെ ഇതേ ആശയങ്ങളുടെതന്നെ സ്പഷ്ടീകരണമാണ് നടത്തിയിട്ടുള്ളത്. അഭിധര്‍മപിടകത്തില്‍ സുത്തപിടകത്തിലെ വിഷയങ്ങളെപ്പറ്റിയുള്ള വിചിന്തനം ഗംഭീരവും പണ്ഡിതോചിതവുമായ ശൈലിയില്‍ നടത്തിയിട്ടുണ്ട്.

അശോകചക്രവര്‍ത്തിയുടെ കാലത്താണ് അഭിധര്‍മപിടകം രചിക്കപ്പെട്ടതെന്ന് സാഹിത്യചരിത്രകാരന്മാര്‍ കരുതുന്നു. ബുദ്ധമതസാഹിത്യങ്ങളില്‍ ഈ ധര്‍മഗ്രന്ഥത്തിന് മഹത്തായ സ്ഥാനമാണുള്ളത്. എല്ലാ കാലഘട്ടത്തിലെയും ആചാര്യന്മാര്‍ ഈ ഗ്രന്ഥത്തിലെ ധാര്‍മികസിദ്ധാന്തങ്ങളെ സമാദരിച്ചുപോന്നിരുന്നു. തന്റെ ധാര്‍മികചിന്തകളുടെ പ്രചാരണാര്‍ഥം ഭഗവാന്‍ ബുദ്ധന്‍ സ്വര്‍ഗത്തിലേക്കു പോയെന്നും ആ അവസരത്തില്‍ അദ്ദേഹം അഭിധര്‍മപിടകം പാരായണം ചെയ്ത് ദേവസമൂഹത്തെ ഉദ്ബോധിപ്പിച്ചുവെന്നും ബുദ്ധമതാനുയായികള്‍ വിശ്വസിക്കുന്നു. അഭിധര്‍മസിദ്ധാന്തങ്ങള്‍ എട്ടധ്യായങ്ങളടങ്ങുന്ന അഭിധര്‍മകോശം എന്ന സംസ്കൃതഗ്രന്ഥത്തില്‍ പരാവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു. എ.ഡി. 5-ാം ശ.-ത്തില്‍ വസുബന്ധു രചിച്ച ഈ കൃതിയുടെ ചൈനീസ്-തിബറ്റന്‍ പരിഭാഷകള്‍ ലഭ്യമാണ്. ഹ്യൂന്‍സാങ്ങാണ് ചൈനീസ് പരിഭാഷ നിര്‍വഹിച്ചിട്ടുള്ളത്. ഇതിന്റെ ഒരു ഫ്രഞ്ചു വിവര്‍ത്തനത്തില്‍നിന്ന് ആചാര്യ നരേന്ദ്രദേവ് ഒരു ഹിന്ദിഭാഷാന്തരം തയ്യാറാക്കിയിട്ടുണ്ട്. നോ: അഭിധര്‍മസാഹിത്യം

(ഡോ. എ.പി. സുമന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍