This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഭിഗതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഭിഗതി

Tropism

പ്രേരകശക്തി(stimulus)കള്‍ക്ക് അനുസരണമായുള്ള സസ്യാഗ്രങ്ങളുടെ വളര്‍ച്ച. അഭിഗതിക്ക് ആസ്പദമായ പ്രേരകശക്തി ഏതെങ്കിലും ഒരു പ്രത്യേക വശത്തുനിന്നുമായിരിക്കും പ്രവര്‍ത്തിക്കുന്നത്. സാധാരണയായി പ്രകാശം, ഊഷ്മാവ്, ജലാംശം, രാസവസ്തുക്കള്‍ എന്നിവയായിരിക്കും പ്രേരകശക്തികളായി വര്‍ത്തിക്കുന്നത്. കാണ്ഡങ്ങളിലോ വേരുകളിലോ വളര്‍ന്നുകൊണ്ടിരിക്കുന്ന മുകുളങ്ങളിലോ അഭിഗതി ദൃശ്യമാകുന്നു.

പ്രേരകങ്ങളുടെ പ്രത്യേകതയനുസരിച്ച് പ്രകാശാഭിഗതി, ഊഷ്മാഭിഗതി, രാസാഭിഗതി, ആകര്‍ഷണാഭിഗതി എന്നിങ്ങനെ പലതരം അഭിഗതികള്‍ ഉണ്ട്. പ്രകാശത്തെ ആസ്പദമാക്കി വളര്‍ന്നു നീങ്ങുകയാണെങ്കില്‍ പ്രകാശാഭിഗതി എന്നാണ് സാധാരണ പറയാറുള്ളതെങ്കിലും സൂര്യപ്രകാശം മൂലമാണെങ്കില്‍ സൂര്യപ്രകാശാഭിഗതി എന്ന് പ്രത്യേകം പറയാവുന്നതാണ്. വളര്‍ന്നുകൊണ്ടിരിക്കുന്ന കാണ്ഡാഗ്രങ്ങള്‍ വെളിച്ചം എത്തുന്ന ഭാഗങ്ങളിലേക്ക് തിരിഞ്ഞു വളരുന്നത് സാധാരണമാണ്. അവയെ വെളിച്ചം എത്തുന്ന ഭാഗത്തേക്കു തിരിച്ചുകൊണ്ടുപോകാനുള്ള പ്രത്യേക കഴിവ് നീലനിറമുള്ള രശ്മികള്‍ക്കുണ്ട്. മണ്ണിനടിയിലുള്ള കാണ്ഡങ്ങളും വേരുകളും പ്രകാശത്തിന്റെ ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തോട് പ്രത്യേക പ്രതികരണങ്ങളൊന്നും കാണിക്കാറില്ല. എന്നാല്‍ കടുക് മുതലായ ചെടികളുടെ വേര് പ്രകാശത്തിനെതിരായി വളരുക സാധാരണമാണ്. ഇതിന് പ്രകാശാപ്രത്യഭിഗതി (negative phototropism) എന്നു പറയാം. സസ്യങ്ങളുടെ ശാഖകളില്‍ ഇലകള്‍ വിന്യസിച്ചിരിക്കുന്നത് ഒരില മറ്റൊന്നിന്റെ തണലിലാകാതെയാണ്. എല്ലാ ഇലകളിലും ഏറ്റവും കൂടുതല്‍ പ്രകാശം നേരെ വന്നുപതിക്കുന്നതിനനുയോജ്യമായ ഒരു ക്രമീകരണമാണിത്. പ്രകാശത്തിലേക്ക് കാണ്ഡാഗ്രങ്ങളും ഇലകളും തിരിഞ്ഞുവളരുന്നതുപോലെ ഭൂമിയുടെ ആകര്‍ഷണത്തിനെതിരായി കാണ്ഡാഗ്രങ്ങള്‍ വളരുന്നത് മറ്റൊരുതരം അഭിഗതിയാണ്. ഭൂമിയുടെ ആകര്‍ഷണത്തിന് അനുകൂലമായ വളര്‍ച്ചയ്ക്ക് ധനാത്മക ഗുരുത്വാനുവര്‍ത്തനം (positive geotropism) എന്നു പറയുന്നു. ഒരു ചെടിയുടെ തായ്‍വേര് ഏതെങ്കിലും ഒരു വശത്തേക്ക് ചരിച്ചോ ഭൂനിരപ്പിനു സമാന്തരമായോ വച്ചാല്‍ അതു വളഞ്ഞ് നേരെ താഴോട്ട് വളരുന്നത് ധനാത്മക ഗുരുത്വാനുവര്‍ത്തനത്തിന് ഉദാഹരണമാണ്. കോശങ്ങള്‍ വര്‍ധിച്ചു വളര്‍ന്നുവരുന്ന ഭാഗം ഏറ്റവും കൂടുതല്‍ വേഗത്തില്‍ വളഞ്ഞുവരുന്നത് കാണാന്‍ സാധിക്കും. വളര്‍ച്ച പൂര്‍ത്തിയായ ഭാഗം വളഞ്ഞുവരിക വളരെ ദുഷ്കരമാണ്. വേരു വളഞ്ഞ് നേരെ താഴോട്ടു വളരാന്‍ ശ്രമിക്കുന്നതുപോലെ കാണ്ഡഭാഗങ്ങള്‍, മറ്റു വശങ്ങളിലേക്കു ചരിച്ചുവച്ചാല്‍, ഭൂമിയുടെ ആകര്‍ഷണത്തിനെതിരായി നേരെ മേല്പോട്ട് വളര്‍ന്നുവരുന്നത് ഋണാത്മക ഗുരുത്വാനുവര്‍ത്തനമാണ്.

പ്രകാശം, ഭൂമിയുടെ ആകര്‍ഷണം എന്നിവയ്ക്കു പുറമേ മറ്റു പല പ്രേരകശക്തികള്‍ മൂലവും അഭിഗതി ഉണ്ടാകാറുണ്ട്. കാണ്ഡത്തിന്റെയോ വേരിന്റെയോ ഏതെങ്കിലും ഒരു വശത്തുമാത്രം ഉണ്ടാകുന്ന വളര്‍ച്ചയുടെ ഏറ്റക്കുറച്ചിലിന്റെ അടിസ്ഥാനത്തില്‍ ഓരോ ഭാഗവും വളയുന്നതായിട്ടാണ് അനുമാനിക്കപ്പെടുന്നത്. ഒരു ഭാഗത്ത് മറ്റൊരു ഭാഗത്തേക്കാള്‍ കൂടുതല്‍ വളര്‍ച്ചയുണ്ടാകുന്നത് വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന 'ഓക്സിനു'(Auxin)കളുടെ ഏറ്റക്കുറച്ചില്‍ കൊണ്ടാണെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പ്രകാശരശ്മികള്‍ പൊതുവേയും ഹ്രസ്വതരംഗരശ്മികള്‍ പ്രത്യേകിച്ചും ഓക്സിന്‍ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുകയോ നിര്‍വീര്യപ്പെടുത്തുകയോ ചെയ്യാന്‍ പര്യാപ്തങ്ങളാണ്. വളര്‍ന്നുകൊണ്ടിരിക്കുന്ന കാണ്ഡത്തിന്റെ ഒരു വശത്തുമാത്രം തുടര്‍ച്ചയായി പ്രകാശമേറ്റിരുന്നാല്‍ ആ വശത്ത് ഓക്സിന്‍ പ്രവര്‍ത്തനം കുറഞ്ഞുപോവുകയും അതേസമയം പ്രകാശമേല്‍ക്കാത്തതോ താരതമ്യേന കുറച്ചുമാത്രം പ്രകാശമേല്‍ക്കുന്നതോ ആയ മറുവശത്ത് ഓക്സിന്‍ പ്രവര്‍ത്തനം വര്‍ധിച്ച് ആ ഭാഗത്തെ കോശങ്ങള്‍ കൂടുതല്‍ ശക്തിയാര്‍ജിച്ചു വളര്‍ന്നു വലുതാവുകയും ചെയ്യുന്നു. അതിനാല്‍ പ്രകാശം വരുന്ന ദിക്കിലേക്ക് കാണ്ഡം വളയുന്നു. അതുപോലെതന്നെ നേരെ മേല്പോട്ടും വളര്‍ന്നു കൊണ്ടിരിക്കുന്ന കാണ്ഡഭാഗം ഭൂനിരപ്പിനു സമാന്തരമായി നിര്‍ത്തിയാല്‍ ഓക്സിന്‍ കാണ്ഡത്തിന്റെ കീഴ്ഭാഗത്ത് അടിഞ്ഞുകൂടുകയും തന്നിമിത്തം ആ ഭാഗത്ത് കൂടുതല്‍ വളര്‍ച്ച സംഭവിക്കുന്നതിനാല്‍ കാണ്ഡാഗ്രം വളഞ്ഞ് മേല്പോട്ടു വളരുകയും ചെയ്യുന്നത് സാധാരണമാണ്. വേരിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിന് കാണ്ഡവളര്‍ച്ചയ്ക്ക് ആവശ്യമായതിനേക്കാള്‍ ഓക്സിന്‍ കുറച്ചു മതിയാകും; അതായത് കൂടുതല്‍ ഓക്സിന്‍ വേരിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു.

ഇതുപോലെ ജലാംശം കൂടുതലുള്ള സ്ഥലങ്ങളിലേക്കും വേരുകള്‍ വളര്‍ന്നു ചലിക്കാറുണ്ട്.

(ഡോ. കെ. ജോര്‍ജ്)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AD%E0%B4%BF%E0%B4%97%E0%B4%A4%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍