This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഭയാര്‍ഥികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഭയാര്‍ഥികള്‍

Refugees

ആഭ്യന്തരമായ മത-രാഷ്ട്രീയ പീഡനങ്ങള്‍, യുദ്ധക്കെടുതികള്‍, ആഭ്യന്തരയുദ്ധം, ക്ഷാമം, തൊഴിലില്ലായ്മ എന്നിവമൂലം അന്യരാജ്യങ്ങളില്‍ അഭയം തേടുന്നവര്‍. അഭയാര്‍ഥികളെ 'സ്ഥാനഭ്രഷ്ടര്‍' (Displaced Person) എന്നും വിളിക്കാറുണ്ട്. രണ്ടു സംജ്ഞകളും പ്രായേണ പര്യായപദങ്ങളായി ഉപയോഗിക്കാമെങ്കിലും അവയ്ക്കുതമ്മില്‍ നേരിയ അര്‍ഥവ്യത്യാസമുണ്ട്. സ്ഥാനഭ്രഷ്ടര്‍ എന്ന പദം ഏതെങ്കിലും കാരണത്താല്‍ അഭയമന്വേഷിക്കുന്ന ജനങ്ങളെ പൊതുവായി വിവക്ഷിക്കുമ്പോള്‍, അവരില്‍ ഒരു സുനിശ്ചിത വിഭാഗത്തെക്കുറിക്കുന്ന പദമാണ് അഭയാര്‍ഥികള്‍ എന്നത്.

മധ്യകാലഘട്ടത്തിലും മതനവീകരണത്തിനു ശേഷവും മതവുമായി ബന്ധപ്പെട്ട അഭയാര്‍ഥികള്‍ യൂറോപ്പിലെ സാമൂഹിക-സാമ്പത്തിക ചരിത്രത്തില്‍ ഒരു വലിയ പ്രശ്നമായിരുന്നു. പശ്ചിമയൂറോപ്പില്‍നിന്ന് യഹൂദന്മാരും പ്രൊട്ടസ്റ്റന്റ് രാജ്യങ്ങളില്‍നിന്ന് കത്തോലിക്കരും കത്തോലിക്കാരാജ്യങ്ങളില്‍ നിന്ന് പ്രൊട്ടസ്റ്റന്റുകളും നിഷ്കാസിതരായി. രണ്ടാം ലോകയുദ്ധകാലത്ത് സ്വന്തം നാട് ഉപേക്ഷിച്ചുപോകാന്‍ നിര്‍ബന്ധിതരായ ദശലക്ഷക്കണക്കിനു ജനങ്ങള്‍ ചരിത്രത്തിലെ അഭയാര്‍ഥിപ്രവാഹത്തിന്റെ മറ്റൊരു ഭാഗമാണ്. ഇന്ത്യയുടെ വിഭജനത്തെത്തുടര്‍ന്ന് ഇന്ത്യയില്‍നിന്നും പാകിസ്താനിലേക്ക് ഓടിപ്പോയ മുസ്ലിങ്ങളും പാകിസ്താനില്‍നിന്നും ഇന്ത്യയിലേക്കു വന്ന ഹിന്ദുക്കളും അഭയാര്‍ഥികള്‍ തന്നെയായിരുന്നു. അതുപോലെ 1971 മാ.-ല്‍ ബംഗ്ളാദേശ് വിമോചനയുദ്ധത്തെത്തുടര്‍ന്ന് തുരത്തപ്പെട്ട ഹിന്ദു-മുസ്ലിം ജനസഹസ്രങ്ങള്‍ അഭയാര്‍ഥികളുടെ വേറൊരു ദൃശ്യം പ്രദര്‍ശിപ്പിക്കുന്നു.

രണ്ടാം ലോകയുദ്ധകാലത്ത് അഭയാര്‍ഥികളുടെ പ്രശ്നം ഏറ്റവും രൂക്ഷമായിരുന്നു. അവരില്‍ ബഹുഭൂരിപക്ഷവും 1968 ആയപ്പോഴേക്കും പുനരധിവസിക്കപ്പെട്ടു. എങ്കിലും ഒട്ടേറെപ്പേരുടെ പ്രശ്നം ബാക്കിനില്ക്കുന്നു. അഭയാര്‍ഥികളെപ്പറ്റിയുള്ള അമേരിക്കന്‍ സമിതിയുടെ കണക്കനുസരിച്ച് 16 ലക്ഷം ആളുകള്‍ 1968-നു ശേഷവും അഭയാര്‍ഥികളായുണ്ടായിരുന്നു. ഐക്യരാഷ്ട്രസഭയുടെ 1951-ലെ കണ്‍വന്‍ഷന്‍ അഭയാര്‍ഥിപ്രശ്നം സജീവപരിഗണനയ്ക്കു വിധേയമാക്കുകയുണ്ടായി. യുണൈറ്റഡ് നേഷന്‍സ് ഹൈക്കമ്മിഷണര്‍ ഫോര്‍ റെഫ്യൂജീസ് (UNHCR) എന്ന സംഘടന രൂപംകൊണ്ടത് ഈ പശ്ചാത്തലത്തിലാണ്. കണ്‍വന്‍ഷന്റെ നിര്‍വചനമനുസരിച്ച് താഴെപ്പറയുന്ന രണ്ടുകൂട്ടര്‍ അഭയാര്‍ഥിവിഭാഗത്തില്‍പ്പെടുന്നു: (1) വംശം, മതം, ദേശീയത, ഏതെങ്കിലും സാമൂഹികമോ രാഷ്ട്രീയമോ ആയ സംഘത്തിലെ അംഗത്വം എന്നിവ കാരണമായി പീഡിപ്പിക്കപ്പെട്ടേക്കുമെന്ന ഭീതിയാല്‍ സ്വന്തം രാജ്യത്തിനുവെളിയില്‍ താമസിക്കുന്നവരും അവിടെ സംരക്ഷണം ലഭിക്കണമെന്നാഗ്രഹിക്കുന്നവരും; (2) ദേശീയത അവകാശപ്പെടാന്‍ രാജ്യമില്ലാത്തവരായിരിക്കുകയും മുന്‍പു വസിച്ചിരുന്ന രാജ്യങ്ങളിലേക്ക് തിരിച്ചുപോകാന്‍ വിസമ്മതിക്കുകയും ചെയ്യുന്നവര്‍. എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ മറ്റു ഘടകങ്ങളില്‍നിന്നോ ഏജന്‍സികളില്‍നിന്നോ സഹായമോ സംരക്ഷണമോ ലഭിക്കുന്ന ആളുകള്‍ കണ്‍വന്‍ഷന്റെ പരിധിയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു.

അഭയാര്‍ഥികളെ ഒരു അന്താരാഷ്ട്ര പ്രശ്നം എന്ന നിലയ്ക്ക് ഗവണ്‍മെന്റുകള്‍ അംഗീകരിക്കാന്‍ തുടങ്ങിയത് 1921 മുതലാണ്. സംരക്ഷണയിലുള്ള അഭയാര്‍ഥികള്‍ക്ക് അതതു രാജ്യത്തെ സാധാരണ പൌരന്മാര്‍ക്കുള്ള സാമൂഹികവും രാഷ്ട്രീയവും മതപരവുമായി സ്ഥാനം നല്‍കപ്പെടുന്നു. പാസ്പോര്‍ട്ട് പോലെയുള്ള യാത്രാരേഖകളും അവര്‍ക്ക് അനുവദിക്കപ്പെടുന്നു. അവരെ വീണ്ടും നിഷ്കാസനം ചെയ്യാതിരിക്കാനും മാതൃരാജ്യത്തിലേക്ക് തിരിച്ച് പോകാന്‍ നിര്‍ബന്ധിതരാക്കാതിരിക്കാനും വ്യവസ്ഥ ചെയ്യുന്ന വകുപ്പുകള്‍ കണ്‍വെന്‍ഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സമീപകാല അഭയാര്‍ഥിപ്രവാഹങ്ങളുടെ പശ്ചാത്തലത്തില്‍ കണ്‍വെന്‍ഷന്റെ മാനദണ്ഡങ്ങള്‍ കാലഹരണപ്പെട്ടിരിക്കുന്നുവെന്ന് വിമര്‍ശനമുണ്ടായിട്ടുണ്ട്. അടുത്തകാലത്തായി നടന്നുകൊണ്ടിരിക്കുന്ന 'മിശ്രകുടിയേറ്റ'ത്തിന്റെ പ്രശ്നങ്ങള്‍ സംബോധന ചെയ്യുവാന്‍ ഇത് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രത്യേകിച്ചും 2001 സെപ്. 11-ന് അമേരിക്കയിലുണ്ടായ ഭീകരവാദാക്രമണവും തുടര്‍ന്ന് അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന 'ഭീകരവാദത്തിനെതിരായ ആഗോളയുദ്ധ'വും അഭയാര്‍ഥിപ്രശ്നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്. ഭീകരവാദത്തെ തുടച്ചുനീക്കാനെന്ന പേരില്‍ അമേരിക്കയും സഖ്യശക്തികളും നടത്തുന്ന സൈനികനടപടികള്‍ പുതിയ അഭയാര്‍ഥി പ്രവാഹങ്ങള്‍ക്കു കാരണമായിട്ടുണ്ട്. മാത്രമല്ല, ഭീകരവാദത്തിനെതിരായ സുരക്ഷാ നടപടികള്‍ കര്‍ശനമാക്കിയതിനാല്‍ മിക്ക രാജ്യങ്ങളിലും അഭയാര്‍ഥികള്‍ക്കു നല്‍കിവന്ന സംരക്ഷണം ദുര്‍ബലമാവുകയും ചെയ്തിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ അഭയാര്‍ഥികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളെ ഏകോപിപ്പിക്കാന്‍ യു.എന്‍.എച്ച്.സി.ആര്‍. ശ്രമിക്കുന്നു. അഭയാര്‍ഥികളുടെ അന്താരാഷ്ട്രസംരക്ഷണം ലക്ഷ്യമാക്കുന്ന ആഗോളചര്‍ച്ചകള്‍ക്ക് യു.എന്‍.എച്ച്.സി.ആര്‍. 2001-ല്‍ തുടക്കമിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ അജണ്ട ഫോര്‍ പ്രൊട്ടക്ഷന്‍ എന്നൊരു രേഖ തയ്യാറാക്കുകയുണ്ടായി.

1951-ലെ കണ്‍വെന്‍ഷന്‍ എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാണെന്ന് ഈ രേഖ പ്രഖ്യാപിച്ചു. അഭയാര്‍ഥി സംരക്ഷണത്തിന് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുവേണ്ടി യു.എന്‍.എച്ച്.സി.ആര്‍. 2005-ല്‍ 'ഇന്റര്‍ ഏജന്‍സി സ്റ്റാന്‍ഡിങ് കമ്മിറ്റി'ക്കു രൂപംനല്‍കി. സംരക്ഷണ നടപടികള്‍ക്കു പുറമേ, അഭയാര്‍ഥി ക്യാമ്പുകളുടെ ഏകോപനം, അടിയന്തിരസാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് മേല്നോട്ടം വഹിക്കുയെന്നതാണ് കമ്മിറ്റിയുടെ മുഖ്യധര്‍മം.

ഐക്യരാഷ്ട്രസഭ പ്രസിദ്ധീകരിച്ച 'ദ് സ്റ്റേറ്റ് ഒഫ് ദ് വേള്‍ഡ്സ് റെഫ്യൂജീസ്: ഹ്യൂമന്‍ ഡിസ്പ്ളെയ്സ്മെന്റ് ഇന്‍ ദ് ന്യൂ മിലെനിയം (The state of the world's refuges:Human displacement in the new millenium) എന്ന രേഖ ഈ രംഗത്തെ പുതിയ വെല്ലുവിളികളും ദൌത്യങ്ങളും വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. 2001 മുതല്‍ 2005 സെപ്. വരെയുള്ള കാലഘട്ടത്തില്‍ നടന്ന നിര്‍ബന്ധിത കുടിയൊഴിപ്പിക്കലിന്റെ വ്യക്തമായ ചിത്രം ഈ രേഖയിലുണ്ട്.

ആഫ്രിക്കന്‍ രാജ്യങ്ങളായ കോംഗോ, സുഡാന്‍ എന്നിവിടങ്ങളിലെ ആഭ്യന്തരയുദ്ധം 75 ലക്ഷം ആളുകളെയാണ് അഭയാര്‍ഥികളാക്കിയത്. 2005 ആദ്യം മൊത്തം 90 ലക്ഷം അഭയാര്‍ഥികളുണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.

അഭയാര്‍ഥികള്‍ ആഗോളതലത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍, പുനരധിവാസത്തിനും അടിയന്തിരസഹായത്തിനും സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ എന്നിവയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് പ്രധാനമായും രേഖയിലുള്ളത്. അഭയാര്‍ഥികളെ സംബന്ധിച്ചുള്ള അന്താരാഷ്ട്ര നിയമം പാലിക്കേണ്ടതിന്റെ ആവശ്യകത രേഖ അടിവരയിടുന്നു. യു.എന്‍.എച്ച്.സി.ആര്‍.ന്റെ നേതൃത്വപരമായ പങ്കിനെ എല്ലാ രാജ്യങ്ങളും മാനിക്കണമെന്നും രേഖ പ്രഖ്യാപിക്കുന്നു.

(എം.ആര്‍. അന്നപുരാണി, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍